അറിയില്ലേ അവളെ…?

ഇറുകിയ കണ്ണകളും, നീണ്ട് ചുരുണ്ട എണ്ണകറുപ്പ് മുടിയും, ഒരു തുള്ളി വിയർപ്പ് എപ്പഴും പൊടിഞ്ഞ് നിക്കണ വീതി കുറഞ്ഞ പാലമുള്ള മൂക്കും. മാംസ പേശികൾ ഇളക്കാതെ നനഞ്ഞ ചുണ്ടുകളോടെ മാത്രം ചിരിയ്ക്കുന്ന, പെട്ടെന്ന് ആരേയും ആകർഷിയ്ക്കാൻ കെൽപ്പില്ലാത്ത കൊലുന്നനെയുള്ള പെണ്ണ്.

“പെണ്ണിനെ ഒരുത്തന്റെ കൂടെ വിടാറായി” എന്ന് വീട്ടുകാരും നാട്ടുകാരും മുറവിളി കൂട്ടിയപ്പോൾ അവൾ നയം വ്യക്തമാക്കി..

“നിയ്ക്ക് അന്യന്റെ കൂടെ പൊറുക്കണ്ട.. ചായപ്പീട്യേലും, സിനിമാ ടാക്കീസിലും ഒറ്റയ്ക്ക് സമയം കൊല്ലാൻ  ന്നെ കൊണ്ടാകും, പിന്നെ ബസ്സിൽ ഒറ്റയ്ക്ക് സഞ്ചരിയ്ക്കാനും നിയ്ക്ക് പേട്യൊന്നും ഇല്ല്യാ.. പിന്നെ എന്തിനാപ്പൊ അങ്ങനെയൊര് ആണൊരുത്തൻ. പുര നിറഞ്ഞു എന്ന കാര്യത്താല് നിങ്ങക്ക് ന്നെ ഇവിടെ പാർപ്പിയ്ക്കാൻ വയ്യേയ്ച്ചാല്, ഞാനൊരു ഒറ്റമുറി തരാക്കി അങ്ങ്ട്ട് മാറിക്കൊള്ളാം.. “

അവിടെ അയ്യപ്പന്റെ അമ്മേടെ ചേച്ചി ചാടി വീണു.. “അതേപ്പൊ, പെണ്ണിന്റെ ഓരോ പൂത്യോള്.. ഒരു കൊട്ട അഹങ്കാരവും ഒരു ചാക്ക് തന്റേടവും ഉള്ള പെണ്ണ്ങ്ങള് ശരിയല്ലാ. അവര് അപകടം വരുത്തും. പുറത്തെ ഇരുട്ടിനെ അകം നിറയ്ക്കാൻ  കൊട്ടിയടച്ചിരിയ്ക്കണ ജനവാതിലികള് തൊറക്കാനുള്ള തൊര വരുത്തും. ഉറക്കച്ചടവോടെ നിന്നെ ഉമ്മറ മുറ്റം തൂക്കാൻ വിടാൻ  ഞങ്ങക്ക് മനസ്സില്ലാ, അതോണ്ട് നീ ഒരുങ്ങിയ്ക്കോ ഒരുത്തന്റെ കൂടെ പടിയിറങ്ങാന്..“

അങ്ങനെ അവളും ഏതോ ഒരു അപരിചിതന്റെ കരവലയങ്ങളിൽ കുരുങ്ങി. ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാൻ  ഇടയാക്കിയ ദിനങ്ങൾ അവൾക്ക് നൽകി, ‘അയ്യപ്പനെ’.

അയ്യപ്പൻ മുട്ടിൽ ഇഴഞ്ഞു. അകത്തളത്തിൽ പിച്ചവെച്ച് നടന്നു. ഉമ്മറമുറ്റത്ത് ഓടിക്കളിച്ചു. ക്രമേണ അയ്യപ്പന്റെ അമ്മയുടെ ഇരുട്ടിന്റെ അറയ്ക്ക് വീതി കൂടി, വിസ്താരം വെച്ചു.

ആ കറുത്ത മുറിയെ അവൾ  പ്രണയിച്ചു. ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാൻ  ഇടയാക്കിയ ദിനങ്ങൾ അവൾക്കിപ്പോൾ സമ്മാനിച്ചത് മഷി പുരണ്ട വിരൽത്തുമ്പുകളെ..!

അയ്യപ്പൻ അപ്പോഴും ഇപ്പോഴും അലമുറയിട്ടു…“നിയ്ക്ക് നെയ്യപ്പം വേണമ്മേ'” ഇടയ്ക്കവൻ വാവിട്ട് കരഞ്ഞു, “നിയ്ക്ക് കരിയാത്ത നെയ്യം മതിയമ്മേ..”

അയ്യപ്പന്റെ അമ്മ എന്നും നെയ്യപ്പം ചുട്ടു. ഓരോ തവി കുഴിയിൽവീഴുമ്പോഴും അവളുടെ നെഞ്ചിൽ പുതൃ വാത്സല്ല്യം അണപ്പൊട്ടിയൊഴുകി.

പിന്നെ പിന്നെ അയ്യപ്പൻ കാണാതെ അവൾ ഒരു കുഴി മാറ്റി ഒഴിച്ചു. തെളിഞ്ഞ എണ്ണയിൽ നിന്ന് പൊങ്ങി വരുന്ന മയമുള്ള നെയ്യപ്പം അവളുടെ നെഞ്ചിൽ ജിജ്നാസ ഉയർത്തിയില്ല.. കണ്ണുകളിൽ ലജ്ജ ഉണർത്തിയില്ല.

രൂപമില്ലാത്ത, പ്രായമില്ലാത്ത, ഒരു ആത്മാവിനു വേണ്ടി അവളത് കൂടുതൽ മൊരിയിച്ചെടുത്തു.

ഒരു നാൾ അവൾ ചുറ്റിനും നോക്കി, അയ്യപ്പൻ വളർന്നിരിയ്ക്കുന്നു. അവനിപ്പോൾ നെയ്യപ്പത്തിനോട് പണ്ടത്തെ കമ്പം ഇല്ലാണ്ടായിരിയ്ക്കുന്നൂ.

“അമ്മേടെ നെയ്യപ്പത്തിന് പണ്ടത്തെ പോലെ ചൊവ്വില്ലാണ്ടായിരിയ്ക്കുന്നൂ..” അവൻ നെയ്യപ്പത്തിനെ പഴിയ്ക്കാൻ തുടങ്ങി.

“ഇതെന്തിന് കൊള്ളാം… നിങ്ങളിത് ആർക്കായ്ച്ചാല് കൊണ്ടുപോയി കൊടുത്തോ” എന്ന് അവൻ തന്റേടം പറഞ്ഞ നാൾ..

ഒരച്ച് ശർക്കര കൂടുതൽ കലക്കിയൊഴിച്ച്  ചേർത്തെടുത്ത ഒരു നെയ്യപ്പം അവൾ കൂടുതൽ മൊരിയിച്ചെടുത്തു, പൊതിഞ്ഞെടുത്തു.

മഴത്തുള്ളികൾ വീഴാൻ തുടങ്ങിയിരിയ്ക്കുന്നൂ. പുത്തൻ ജാക്കറ്റും  നേര്യേതും ഉടുത്ത് തന്റെ നരച്ച  ശീലക്കുടയുമെടുത്ത്  അവൾ പടിയിറങ്ങി..

പിന്നീടവൾ ഒരിയ്ക്കലും  നെയ്യപ്പം ചുട്ടില്ല…!

6 Comments
  1. Krishna 2 years ago

    അയ്യപ്പൻറെ അമ്മയുടെ കഥ നന്നായിട്ടുണ്ട്..

  2. Pramod 2 years ago

    നല്ല വായന, നന്ദി

  3. Saleel 2 years ago

    അയ്യപ്പന്‍റെ അമ്മയും അമ്മയുടെ വിരല്‍തുമ്പുകളിലെ കരിമഷിയും വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്‌.. അവര്‍ ചുട്ടെടുത്ത നെയ്യപ്പങ്ങള്‍ അയ്യപ്പന്‍റെ തന്റേടം ആയി മാറിയപ്പോള്‍ കറിവേപ്പില ആയി മാറിയ ആ അമ്മ.. നെയ്യപ്പം ചുട്ടെടുത്തപ്പോള്‍ ഉണ്ടായ കനലുകള്‍ നമ്മുടെയും നെഞ്ചകം പൊള്ളിക്കുന്നു.. വളരെ നല്ല എഴുത്ത്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account