ഇന്ത്യ ഭരിക്കുന്നവർക്ക് ഈയിടെ പറ്റിയ ഏറ്റവും വലിയ അബദ്ധം ഇന്ത്യൻ സൈന്യം അവരുടെ ചോറ്റു പട്ടാളമാണെന്ന്  തെറ്റിദ്ധരിച്ചതാണ്. സർക്കാർ പറയുന്ന എന്തും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു കൂട്ടമാണ് ഇന്ത്യൻ സായുധസേന എന്നവർ കരുതി. പക്ഷേ തങ്ങളങ്ങനെയല്ലെന്നും യുദ്ധവും അനാവശ്യ ഏറ്റുമുട്ടലുകളും സൃഷ്‌ടിച്ചേക്കാവുന്ന ആൾനാശവും സാമ്പത്തിക വസ്‌തു നാശങ്ങളും തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും ഇന്ത്യൻ സൈന്യം അസന്നിഗ്ദ്ധമായി വ്യക്‌തമാക്കിക്കഴിഞ്ഞു. ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഇത്യാ പാകിസ്ഥാൻ സംഘർഷം മൂർഛിക്കാതിരുന്നതിന്റെ പ്രധാന ഉത്തരവാദി ഇന്ത്യൻ സൈന്യമാണ്. റാഫേൽ വിമാനങ്ങളുണ്ടായിരുന്നെങ്കിൽ പാക്കിസ്ഥാനെ കൂടുതൽ വലിയ പാഠങ്ങൾ പഠിപ്പിക്കാമായിരുന്നു എന്ന് പ്രഖ്യാപിച്ച ഒരു ഭരണാധികാരി തീർച്ചയായും യുദ്ധം വേണ്ട എന്നായിരിക്കില്ലല്ലോ സൈന്യത്തോട് പറഞ്ഞിട്ടുണ്ടാവുക..

ഇന്ത്യയുടെ ബലാക്കോട്ട് പൈൻമരക്കാട് ബോംബിംഗ് കൊണ്ട് രാഷ്‌ട്രീയമായ നേട്ടമുണ്ടായ ഒരേ ഒരു കക്ഷി ഇമ്രാൻ ഖാനാണ്. പാക്കിസ്ഥാനിൽ ഭരണം നിയന്ത്രിക്കുന്നത് പട്ടാളമാണ് എന്ന ആരോപണത്തെ അദ്ദേഹം തന്ത്രപരമായി മറികടന്നു. എന്നു മാത്രമല്ല, അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കാനുള്ള തീരുമാനം പാർലമെന്റിനെക്കൊണ്ട് എടുപ്പിച്ചതിലൂടെ സ്വന്തം രാജ്യത്തെ സൈനിക നേതൃത്വത്തിന് രാഷ്‌ട്രീയത്തിലിടപെടേണ്ടതില്ല എന്ന സൂചന നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു. കാശ്‌മീർ പ്രശ്‌നം അന്താരാഷ്‌ട്ര പ്രശ്‌നമാണ് എന്ന പാക് സൈന്യത്തിന്റേതുൾപ്പെടെയുള്ള ദീർഘകാല നിലപാട് ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ചതിലൂടെ ഇമ്രാൻ മൂന്നു പക്ഷികളേയാണ് നേടിയത്.

പ്രത്യേകിച്ച് മുന്നൊരുക്കമെന്തെങ്കിലും നടത്തുകയോ കൃത്യമായ ലക്ഷ്യം നിർണയിക്കുകയോ ചെയ്യാതെ നടത്തിയതാണ് ബലാക്കോട്ട് ആക്രമണം എന്ന് കരുതാനുള്ള നിരവധി കാരണങ്ങളുണ്ട്. അതിലൊന്നാണ്  ഗ്രൗണ്ട് ചെയ്യാൻ പാകമായ മിഗ് 21 വിമാനങ്ങൾ കൊണ്ട് പാകിസ്ഥാന്റെ F16 നെ നേരിടേണ്ടി വന്ന വ്യോമസേനയുടെ ഗതികേട്. രാജ്യത്തിന്റെ മറ്റു ക്യാമ്പുകളിലുള്ള മിറാഷ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ പോർമുഖത്തെത്തിക്കാൻ സേനക്ക് സമയവും സാവകാശവും കിട്ടിയില്ല. ഇതിനിടെ ഏറ്റുമുട്ടലിൽ പങ്കെടുക്കാതെ തന്നെ ചോപ്പർ തകർന്ന് വീണ് 5 സൈനികരെ നഷ്‌ടപ്പെടുകയുമുണ്ടായി. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടു, എത്ര പേർക്ക് പരിക്കേറ്റു തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ബാധ്യതയല്ല എന്ന വ്യോമസേനയുടെ പ്രസ്‌താവനയും അവരുടെ പ്രതിഷേധമായി വേണം വായിക്കാൻ. ഇതിനു മുമ്പ് നടന്ന എല്ലാ ഏറ്റുമുട്ടലുകളിലും അതിന്റെ ഫലം സേന കൃത്യമായി നിരീക്ഷിക്കാറും വെളിപ്പെടുത്താറുമുണ്ട്.

എത്രപേർ കൊല്ലപ്പെട്ടു എന്ന് അറിയില്ല എന്നു തന്നെയാണ് ഗവർമെൻറും പറയുന്നത്. ശത്രുവിനെ നേരിടുന്ന ഒരു ആക്രമണത്തിൽ ശത്രുവിന് എന്ത് ആഘാതമുണ്ടാക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്താൻ നമുക്കു കഴിയുന്നില്ല എന്നതിനർഥം, വേണ്ടത്ര ഗൃഹപാഠത്തോടെയല്ല യുദ്ധമുഖത്തിറങ്ങിയത് എന്നു തന്നെയാണ്. ഏറ്റവും വിചിത്രമായ സംഗതി പക്ഷേ മറ്റൊന്നാണ്. ആക്രമിക്കപ്പെട്ടു എന്ന് നമ്മൾ പറയുന്നവർ ആരും ഞങ്ങളെ ആക്രമിച്ചിട്ടില്ല എന്നു പറയുന്ന ലോകത്തെ രണ്ടാമത്തെ സംഭവമാണിത്. തങ്ങളുടെ ആകാശാതിർത്തി കടന്ന് ജനവാസ മേഖലയിൽ ഇന്ത്യ ആക്രമണം നടത്തി എന്ന് പാക്കിസ്ഥാൻ ആരോപിച്ചാൽ ലോകരാജ്യങ്ങളിൽ ചിലരെങ്കിലും അവരോടാപ്പവും നിൽക്കുമെന്നിരിക്കേ ഇവിടെ ആരാണ് കള്ളം പറയുന്നത് എന്ന് ഉറക്കെ ചിന്തിക്കേണ്ടി വരും.

റാഫേൽ ഇടപാടിലെ പുനപരിശോധനാ ഹർജി സുപ്രീം കോടതിയുടെ പരിഗണനക്കു വരുന്ന അതേ ദിവസമാണ് ബലാക്കോട്ട് ആക്രമണം നടന്നത് എന്നത് യാദൃഛികമാവാൻ വഴിയില്ല. അന്നു തന്നെ അതു നടക്കണം എന്ന സർക്കാറിന്റെ നിർബന്ധ ബുദ്ധിക്ക് സൈന്യത്തിന് വഴങ്ങേണ്ടി വന്നതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മറിച്ച് യുദ്ധ താൽപര്യം സൈന്യത്തിനുണ്ടായിരുന്നു എങ്കിൽ തീർച്ചയായും ഏറ്റുമുട്ടൽ യുദ്ധമാക്കി വളർത്താനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുമുണ്ടാവുമായിരുന്നു. ഇവിടെ അങ്ങിനെ ഉണ്ടായില്ലെന്നു മാത്രമല്ല, യുദ്ധസാധ്യത ഇല്ലാതാക്കാൻ ശ്രമിച്ചത് ഗവർമെൻറല്ല സൈന്യമായിരുന്നു താനും. റാഫേൽ കേസിൽ സുപ്രീം കോടതിയിൽ സർക്കാർ കളിക്കുന്ന നാടകങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള വലിയ ശ്രമങ്ങളിലെ ഒരധ്യായമായിരുന്നു ബലാക്കോട്ട് എന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account