ഭാഗം 1

ശത്രുപത്രത്തിന്റെ ആസ്ഥാനത്ത് പുതുതായി തുടങ്ങിയ യൂണിറ്റിൽ ചാർജ്‌ജ എടുക്കുമ്പോഴേ ന്യൂസ്‌ എഡിറ്റര്‍ പറഞ്ഞിട്ടുണ്ട് “നമുക്കിത് വലിയൊരു ഉത്തരവാദിത്വം ആണ്. അവർക്കു മേൽക്കൈ ഉള്ള മേഖലയിലൊക്കെ നമ്മള്‍ ഇടിച്ചു കയറണം.” എന്നും അതിരാവിലെ തുടങ്ങുന്ന ഈ ഇടിച്ചു കയറ്റം അവസാനിക്കുമ്പോഴേക്കും പാതിരാത്രി എങ്കിലും ആവും. എന്നാലും സ്വസ്ഥത ഉണ്ടാവില്ല .ഫോണ്‍ റിംഗ് ചെയ്യുമ്പോഴേ അറിയാം ഏതെങ്കിലും ഒരു അമ്പലത്തില്‍ കൊടിയേറ്റ്, ഇല്ലെങ്കില്‍ വാഹനാപകടം, അതുമല്ലെങ്കില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍, അങ്ങിനെ എന്തെങ്കിലുമായി പല രാത്രികളും കടന്നു പോകും.

അന്ന് വളരെയധികം ക്ഷീണിച്ചാണ്‌ ഫ്ലാറ്റിൽ വന്നു കയറിയത്. ഒന്ന് ഫ്രഷ്‌ ആയി ക്ഷീണം മാറ്റാന്‍ ഒരു മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു .

ഇന്നത്തെ ദിവസവും പോയത് തന്നെ, ശപിച്ചു കൊണ്ട് വാതില്‍ തുറന്നു .. ബാലന്‍, സമാധാനമായി.

ബാലന്‍ മറ്റൊരു പത്രത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകനാണ്. എന്നേക്കാള്‍ സുന്ദരന്‍. അതിന് എനിക്കവനോട് ചെറിയൊരു അസൂയയും മനസ്സില്‍ സുക്ഷിക്കുന്നുണ്ട് . “സര്‍വഗുണസമ്പന്നന്‍” എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ ബാലനെ കണ്ടിട്ടായിരിക്കാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കള്ള് കുടിക്കില്ല …പുകവലിയില്ല .. പെണ്ണ്പിടി ഇല്ല……..പൊതുവേ പത്രക്കാര്‍ക്കുണ്ടായിരിക്കേണ്ട ഇത്തരം ഗുണങ്ങളൊന്നും ബാലനില്ല.

ഒന്ന് മാത്രമേ സഹിക്കാന്‍ പറ്റാതെയുള്ളൂ ….”ഉപദേശം “. ഉപദേശിച്ച്‌ ഒരാളെ കൊല്ലണമെങ്കില്‍ അയാളെ ബാലന് ഏല്‍പ്പിച്ചു കൊടുത്താല്‍ മതി. മദ്യക്കുപ്പി കണ്ടപാടെ ബാലന്‍ ഉപദേശം തുടങ്ങി.

“നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും?” ഈ ചോദ്യം ബാലന്‍ എന്നോട് ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് ഇതടക്കം പതിനായിരത്തിലേറെ തവണ ആയിട്ടുണ്ടാകും… എന്നാല്‍ ആ ചിന്ത ഒട്ടും ഇല്ലാത്തവനാണ് ഞാന്‍. ബാലന്‍ ഉപദേശിച്ചു കൊണ്ടേയിരുന്നു… ഞാന്‍ കുടിച്ചു കൊണ്ടേയിരുന്നു……

എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ബാലന്‍ പോയിരുന്നു. അത് തന്നെയാണ് പതിവും ..

ഞാന്‍ നേരെ കിച്ചണിലേക്ക് നടന്നു. ഒരു കാപ്പി ഇടാനായി വെള്ളം സ്ററൗവിൽ വച്ചു. ബാച്ചിലര്‍ ലൈഫിൽ ഇങ്ങിനെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള എല്ലാ അവശിഷ്ടങ്ങളും കിച്ചണില്‍ കിടപ്പുണ്ട്.

ആവിപറക്കുന്ന കാപ്പിയുമെടുത്ത് വാതില്‍ തുറക്കുമ്പോള്‍ പതിവ് പോലെ ചിതറികിടക്കുന്ന പത്രങ്ങള്‍. ശത്രുപത്രത്തിലെ സഹപ്രവര്‍ത്തകര്‍ ഇന്ന് എനിക്ക് എന്താണ് പണിതന്നതെന്നറിയാൻ ആദ്യം കൈയ്യില്‍ എടുക്കുന്നത് ആ പത്രം തന്നെ.

ഒന്നാം പേജിൽ നല്ല പരിചയമുള്ള ഒരു ചിത്രം …കണ്ണ് ഒന്നുകൂടി തിരുമ്മി ഫോട്ടോയിലേക്ക് നോക്കി. മന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത‍ കെട്ടിച്ചമയ്ക്കാന്‍ അതെ പാര്‍ട്ടിയിലെ നേതാവില്‍ നിന്നും പണം കൈപ്പറ്റിയ കേസിലെ പ്രതികളുടെ ചിത്രങ്ങൾ…കൂട്ടത്തിൽ ബാലനും ….

ബാലന്റെ എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തയായിരുന്നു അത് …. കേരളത്തെ ഞെട്ടിച്ച വാര്‍ത്ത‍ …അതിന്റെ പേരില്‍ മുള്‍ മുനയില്‍ നിന്നിരുന്ന അന്നത്തെ മന്ത്രിസഭ താഴെപ്പോയിരുന്നു …
അഞ്ചു വർഷം കഴിഞ്ഞു അതെ കഷികള്‍ തന്നെ ഭരണത്തിലെത്തിയപ്പോള്‍ കേസ് അന്വേഷണത്തിന് ഉത്തരവിട്ടതായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല…

തലേ ദിവസം പാതിരാത്രിയോളം എന്നെ ഉപദേശിച്ച്‌ എന്റെ അടുത്തുണ്ടായിരുന്ന ബാലനോ? ഞാന്‍ മൊബൈല്‍ എടുത്ത് ബാലന്റെ നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചു. റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ ഫോണ്‍ എടുക്കുന്നില്ല. വിളിച്ചു കൊണ്ടേ ഇരുന്നു. പിന്നീട് ആ റിങ്ങും നിലച്ചു ………

ഭാഗം 2

വര്‍ഷങ്ങള്‍ക്ക് ശേഷം…….. മുംബൈ നഗരം. തിരക്കേറിയ ച്ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷനിൽ വണ്ടി ഇറങ്ങി പുറത്തേക്ക് ജനങ്ങൾക്കൊപ്പം ഒഴുകുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് ആ മുഖം എന്റെ ശ്രദ്ധയില്‍ പെട്ടത്. മുഖത്തിന്റെ ഉടമയെ തിരിച്ചറിയുമ്പോഴേക്കും എന്നില്‍ നിന്നും മറഞ്ഞിരുന്നു…

ബാലന്‍ ! …..അതെ…. അയാൾ തന്നെ…

അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ എന്നെ ഏറെ അതിശയിപ്പിച്ചു. രണ്ടു ദിവസം തുടര്‍ച്ചയായി ഞാന്‍ ആ സ്റ്റേഷനിൽ ചെന്ന് ആൾക്കൂട്ടത്തിനിടയിൽ ബാലന്റെ മുഖം തിരഞ്ഞു. ഒരു ദിവസം ഞാന്‍ കണ്ടെത്തി. ബാലനും എന്നെ തിരിച്ചറിഞ്ഞു എന്ന് എനിക്ക് ഉറപ്പായി. അറിയാത്തത് പോലെ എന്നില്‍ നിന്നും ഒഴിഞ്ഞുമാറാനായി ബാലന്‍ ഒരു ശ്രമം നടത്തി. പിന്നെ കെട്ടിപ്പിടിച്ച് ഒരു കരച്ചില്‍ …

ഞാന്‍ ഒന്നും ചോദിച്ചില്ല … ബാലന്‍ ഒന്നും പറഞ്ഞതുമില്ല …

ബാലന്‍ ഒരു ടാക്സിക്ക് കൈ നീട്ടി നിര്‍ത്തി . ടാക്സി ചെന്ന് നിന്നത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു തെരുവിലയിരുന്നു. പഴഞ്ചന്‍ കെട്ടിടങ്ങളുടെ ഇടവഴികളിലുടെ നടന്ന്‌ ഒരു കുടുസു മുറിയില്‍ ഞങ്ങള്‍ എത്തി. എന്നെ ഇരുത്തി, എനിക്ക് മുന്‍പില്‍ കുറെ മദ്യക്കുപ്പികള്‍ നിരത്തി വച്ചു.
സമയം ഇഴഞ്ഞു നീങ്ങി. ഞങ്ങള്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല.

രണ്ട് ഗ്ലാസുകള്‍ എടുത്ത് ബാലന്‍ മദ്യം നിറച്ചു. “കഴിക്കാറില്ല ” …ഞാന്‍ പറഞ്ഞു. ബാലന്‍ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ, ഒറ്റ വലിയ്ക്ക്‌ ആ രണ്ട് ഗ്ലാസും കാലിയാക്കി.

പഴയ ബാലനില്‍ നിന്നും ഒരുപാട് മാറിയിരിക്കുന്നു, രൂപത്തിലും ഭാവത്തിലും. അവന്‍ നിറയുന്ന ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ടേയിരുന്നു.

ഒടുവിൽ മൂകതയ്ക്ക് വിരാമമിട്ട്, വിതുമ്പിക്കൊണ്ട് അവന്‍ പറഞ്ഞു. “എന്നെ ചതിച്ചതാ ….എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ ….അവരുടെ ചതിയില്‍ ഞാൻ…………”

വാക്കുകള്‍ മുറിഞ്ഞു. ഞാന്‍ ഒന്നും ചോദിച്ചില്ല. ചോദിക്കാൻ തോന്നിയില്ല..

അന്ന് ബാലനോഴികെ മറ്റെല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു…. ബാലന് വേണ്ടിയുള്ള തിരച്ചിലും നടന്നിരുന്നു …. വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങിനെ ഈ രൂപത്തില്‍ …. വേണ്ട ….ബാലനെ കാണ്മാനില്ല… അത് അങ്ങിനെതന്നെ നില്‍ക്കട്ടെ …

ആ മുറിയില്‍ നിന്നും ഞാൻ ഇറങ്ങിപ്പോയത് ബാലന്‍ അറിഞ്ഞിട്ടുണ്ടാവില്ല…

3 Comments
  1. Retnakaran 5 years ago

    “വേണ്ട ….ബാലനെ കാണ്മാനില്ല… അത് അങ്ങിനെതന്നെ നില്‍ക്കട്ടെ…” ലളിതമായ ഈ വാക്കുകളിൽ ഒരുപാട് വികാരങ്ങൾ പ്രതിഫലിക്കുന്നു.. ഇനിയും എഴുതുക

  2. SAJADIL MUJEEB 5 years ago

    നല്ല അവതരണം
    നല്ല ഭാഷ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account