വൈകുന്നേരത്തിനെ കവർന്നെടുത്ത കോൺ-കോളുകൾക്ക് ശേഷം കോഫി മഗ്ഗുമായി ബാൽക്കണിയിൽ എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു. ഒട്ടുമിക്ക വീടുകളിലും കർട്ടനുകൾക്കു അപ്പുറത്തു ജീവിതങ്ങൾ TV യുമായി സല്ലപിക്കുന്ന നേരം. അതുകൊണ്ട് തന്നെ ബാൽക്കണികൾ എല്ലാം തന്നെ ആക്റ്റീവ് അല്ല.
ടവർ 1 ഏഴാം നിലയിലെ മുകുന്ദൻ സാർ സോഷ്യൽ ഡിസ്റ്റൻസിങ് പോലെ പത്രം ദൂരെ പിടിച്ചു വായിക്കാൻ ശ്രമിക്കുന്നു. ഏതാണ്ട് ഒരു മാസം മുൻപേ പത്രം എല്ലാം നിർത്തിച്ച അപ്പാർട്ട്മെന്റ് അസ്സോസിയേഷനോടുള്ള പ്രതിഷേധം ആണെന്ന് തോന്നുന്നു, സാർ ഇപ്പോഴും ദിവസവും മണിക്കൂറുകളോളം പത്രം വായിച്ചു തീർക്കുന്നു.
പതിനൊന്നാം നിലയിൽ രണ്ട് കൈകൾ തുണികൾ വിരിക്കുന്നുണ്ട്. ലോക്ക് ഡൗൺ ആണെങ്കിലും സീരിയലുകളിലെ പോലെ പട്ടുസാരി ഇട്ടു ഉറങ്ങുന്നവരാണെന്നു തോന്നുന്നു… ഒരുപാട് സാരികൾ തുവരയിടുന്നു, വീണ്ടും വീണ്ടും .
ടവർ 2 ആറാം നിലയിലെ ജിമ്മൻ സൈക്കിൾ ചവുട്ടി തകർക്കുകയാണ്. ക്ലബ്ഹൗസ് ജിം കൊറോണപ്പേടിയിൽ പൂട്ടിയതിൽ പിന്നെ ഇവൻ ദേഷ്യം തീർക്കുന്നത് ഈ എക്സർസൈക്കിളിൽ ആണ്. ഒരു പക്ഷെ ഇതെല്ലം റോഡിൽ ആയിരുന്നെങ്കിൽ ‘എറൌണ്ട് ദി വേൾഡ് ഇൻ 21 ഡേയ്സ്’ ആയേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
രണ്ടാം നിലയിൽ മേജർ അങ്കിൾ ഇരിപ്പുണ്ട്. കയ്യിൽ ഗ്ലാസും. ഭാഗ്യവാൻ – എക്സ് ആയതു കൊണ്ട് രണ്ടെണ്ണം ഡെയിലി എന്നത് ഒരു അവകാശവും, നോമ്പ് എന്ന റസ്ട്രിക്ഷൻ ഇല്ലാത്തതും! അങ്കിളിനു കോഫീ കപ്പ് കൊണ്ട് ഒരു ചിയേർസ് കൊടുത്തു. ‘മോനെ ഏതാ നിന്റെ നാട്’ എന്ന ഒരു ചോദ്യം റിട്ടേൺ കിട്ടിയ ആ ചിരിയിൽ ഉണ്ടായിരുന്നു എന്ന് വെറുതെ തോന്നിയതാകാം!
ശബ്ദം വരുന്നത് ഇടതു വശത്തു എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും ആണ്. ഗിറ്റാർ ആണ്. സുന്ദർ കൗശിക്കിന്റെ മകൻ സിനിമ സ്റ്റെയിലിൽ ഹൈ സ്റ്റൂളിൽ ഇരുന്ന് വായിക്കാൻ ശ്രമിക്കുന്നു. പ്ലസ് ടു ആണെന്നാണ് അറിവ്. ഷാറൂഖ് ഖാനെ പോലെ തോളിൽ കൂടി ഒരു പുൾഓവർ അലസമായി മുൻപിലേക്ക് കെട്ടിയിട്ടിരിക്കുന്നു. ഷോർട്സും ടീഷർട്ടും പുൾഓവറും ഇട്ട മെലിഞ്ഞുണങ്ങിയ ഷാരൂഖ് എന്തൊക്കെയോ പാടുന്നു. കണ്ണുകൾ പായുന്നത് നോക്കിയപ്പോഴാണ് പാട്ടിന്റെ ഡെഡിക്കേഷൻ കണ്ടെത്തിയത് – ടവർ 1 രണ്ടാം നിലയിൽ E സീരീസ് ബാൽക്കണി ആണ് പാട്ടിന്റെ ലക്ഷ്യം!
കഴിഞ്ഞ കുറച്ചു ആഴ്ചകളിലെ ഗവേഷണത്തിന്റെ രത്നചുരുക്കം – ഓരോ ബാൽക്കണിയും, ആ വീടിനെ പറ്റിയും അവിടുത്തെ വീട്ടുകാരെ പറ്റിയും ഒരുപാട് പറയുന്നു എന്നാണ്.
മനോഹരമായി സെറ്റ് ചെയ്ത ഒരു സിറ്റിംഗ് സ്പേസ് ആയിരുന്നു ആ ബാൽക്കണി. ഇടതു വശത്തായി വോവൺ ഫിനിഷ് ഉള്ള ബ്രൗൺ കളർ ചെയറും, ഗ്ലാസ് ടോപ് കോഫി ടേബിളും, അതിലേക്കു ഡ്രാഗ് ചെയ്യാവുന്ന വാഴക്കൂമ്പിന്റെ ഷേപ്പുള്ള ഒരു റീഡിങ് ലാംപും; അത്യാവശ്യം വാം ആയ മൂഡ് ലൈറ്റിംഗ്. മേശപ്പുറത്തിരിക്കുന്ന ഗൂഗിൾ ഹോം പല നിറങ്ങളിൽ നിർത്താതെ സംസാരിക്കുന്നു. ദൂരേക്ക് നോക്കി ചെയറിൽ വെള്ളയും വെള്ളയും ധരിച്ച് അവളിരിപ്പുണ്ട്. ഇരിപ്പു കണ്ടിട്ട്, ഗൂഗിൾ ഹോം കിന്നാരം പറയുകയല്ല, പാട്ടുപാടുകയായിരിക്കാം എന്ന് തോന്നുന്നു. അലസമായി അഴിച്ചിട്ട മുടിയും നീണ്ട മുഖവും – പഞ്ചാബി ആയിരിക്കും! അത്ര ചെറുപ്പം അല്ല. പുറകിൽ ഒരു നവജോത് സിങ് സിദ്ദു ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കി… ഇല്ല, ആരെയും കാണാനില്ല.
പാവം നിക്കറിട്ട ഷാരൂഖ്… ആർക്കോ വേണ്ടി അലറിത്തീർക്കുന്ന ഗാനം! അപ്പൻ സുന്ദർ കൗശിക്കിനെ കാണാനില്ലല്ലോ എന്നാണ് ഞാൻ കരുതിയത്. രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് എതിർ വശത്തുള്ള ബാൽക്കണിയിൽ ഏതോ കപ്പിൾ നിന്ന് സിഗരറ്റ് വലിച്ചതിനു വലിയ വിഷയമുണ്ടാക്കിയ പാർട്ടി ആണ്. തന്റെ കൗമാരക്കാരനായ മകന് ബാൽക്കണിയിൽ നിൽക്കാൻ പോലും പറ്റുന്നില്ല, അവന്റെ സ്വഭാവത്തിനെ ദുഷിപ്പിക്കുന്ന ഇത്തരം അയൽവാസികളെ ഒഴിവാക്കണം എന്ന് കംപ്ലൈന്റ്റ് ചെയ്ത ആൾ! ഇന്ന് ഷാരൂഖ് സ്കൂൾ പ്രായത്തിൽ നിന്നും വളർന്നപ്പോൾ, അപ്പൻ ഭയങ്കരനായ അംരീഷ് പുരിയിൽ നിന്നും കോമഡി ഖാദർ ഖാൻ ആയി വീട്ടിനുള്ളിലേക്ക് ഒതുങ്ങിയോ എന്ന് സംശയം!
പഞ്ചാബി ഗുഡി എണീറ്റു; അകത്തേക്ക് പോകുന്നതിനു മുൻപ്… എന്റെ സാറേ… ഇടത് കയ്യിലെ നാല് വിരലുകൾ പതിയെ താഴ്ത്തി ഒരു ചെറു പുഞ്ചിരിയോടെ ഒരു ആംഗ്യം, ‘ഹായ് ‘ ആണോ ‘ബൈ’ ആണോ എന്ന് ആലോചിച്ചുകൊണ്ടു, അത് ആർക്കുവേണ്ടി ആയിരിക്കും എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പറ്റം ‘ബൈ’കൾ അലയടിക്കുന്നു! ഷാരൂഖ് ഖാനും ജിമ്മനും മാത്രമല്ല, മേജർ അങ്കിളും… എല്ലാ മുഖങ്ങളും പുഞ്ചിരിക്കുന്നു… എല്ലാവരും കൈ വീശുന്നു… അല്ലെങ്കിലും പെണ്ണുങ്ങൾ പണ്ടുമുതലേ അങ്ങിനെയാണ് ഒരു ഇൻവെസ്റ്റ്മന്റ് സ്കോപ്പ് ഉണ്ടെങ്കിൽ വെറുതെ അൽപ്പം തവിട് ഇട്ട് കൊടുക്കും. ആണുങ്ങളാകട്ടെ പ്രായഭേദമന്യേ യുഗയുഗാന്തരങ്ങളായി ‘ഇൻവെസ്റ്റ്മന്റ് സബ്ജക്ട് മാറ്റർ ഓഫ് സോളിസിറ്റേഷൻ ആൻഡ് ലിങ്ക്ഡ് ടു മാർക്കറ്റ് റിസ്ക്സ്’ എന്നതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടുമില്ല! അഥവാ മനസ്സിലാക്കിയവർ അത് ഭാവിക്കാറുമില്ല!
ഒരു മഴ പെയ്തു തോർന്ന ഫീലിംഗ്. പഞ്ചാബി ഗുഡി അകത്തുപോയി പറാഠയും അടിച്ചു ഉറക്കമായി കാണണം. പക്ഷെ ആ സന്തോഷം അങ്ങിനെ നിൽക്കുന്നു… ഒരു തരത്തിൽ പറഞ്ഞാൽ അവളല്ലേ ഒരു സ്റ്റാന്റിംഗ് ഒവേഷനിന് അർഹ? ഇനിയും ഒരുപാട് നാൾ അടുത്തിരിക്കാൻ ഇപ്പോൾ ഒരൽപം അകന്നിരിക്കുന്ന കൂട്ടിലടക്കപ്പെട്ട ദിനങ്ങളുടെ ഈ കൊറോണക്കാലത്ത് വെറും രണ്ട് സെക്കന്റിന്റെ ഒരു കൈ വീശലുകൊണ്ടു ഒരു പറ്റം പേരുടെ വൈകുന്നേരങ്ങളിൽ സന്തോഷം നിറക്കാൻ സാധിച്ചതല്ലേ വലിയ കാര്യം? ഒരു പക്ഷെ അതിന്റെ യഥാർത്ഥ അവകാശി മറ്റേതോ ബാൽക്കണിയിൽ നറുപുഞ്ചിരിയുമായി ഇരിക്കുന്നുമുണ്ടാകാം!
കാപ്പി ഒരുപാട് തണുത്തു പോകുന്നതിനു മുൻപ് ഞാൻ ശ്രദ്ധ കൈയ്യിലുള്ള കപ്പിലേക്ക് തിരിച്ചു…!