അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഏറ്റവും പൈശാചികമായി അടിച്ചമർത്തപ്പെട്ട കറുത്ത ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കുവാൻ 70 വർഷത്തിന്റെ കാലദൈർഘ്യമുണ്ട്. പക്ഷെ, ചില സമകാലിക സംഭവങ്ങൾ പരിശോധിക്കുമ്പോൾ ബ്രിട്ടീഷ് രാജിലുണ്ടായിരുന്ന അവസ്ഥയിലേക്കെത്തുവാൻ ഏറെ ദൂരമൊന്നും അവശേഷിക്കുന്നുണ്ടാവില്ല.

ജനിക്കും മുൻപേ വിവാദങ്ങൾകൊണ്ട് സമ്പന്നമായ ശ്രീ സഞ്‌ജയ്‌ ലീല ബൻസാലിയുടെ ചിന്താബോധമാണ് പദ്‌മാവതി എന്ന സിനിമ. ഇതിന്റെ ചിത്രീകരണ പൂർത്തീകരണത്തിന് മുൻപേ തന്നെ തുടങ്ങിയ ചോദ്യങ്ങളും സംഘർഷങ്ങളും കൊണ്ട് പൊടുന്നനെ സമൂഹം കലുഷിതമായി. ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ല് ആയി നിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും അതിനു ചുവടുപറ്റുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പുരോഗമന ചിന്തയുടെ മാത്രം അന്തഃസത്തയല്ല, അത് മികവുറ്റ വീക്ഷണവൈഭവത്തെകൂടി പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഉപാധികൂടിയാണ്. അതുകൊണ്ട് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപെടുമ്പോൾ മാത്രമാണ് വ്യക്‌തിസ്വാതന്ത്ര്യം പൂർണമാകുന്നത്. വിദേശ ആധിപത്യത്തിൽ തകിടം മറിഞ്ഞുപോയതും മുറിവേൽപ്പിക്കപെട്ടതുമായ വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണീ വ്യക്തികൾ ഉന്നയിക്കുന്ന ആശയങ്ങളും എന്ന തികഞ്ഞ ബോധം സമൂഹത്തെ കൂടുതൽ ചലനാത്മകമാക്കേണ്ട സ്ഥാനത്താണ് ഒരു വ്യക്‌തിയുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സൃഷ്‌ടികൾ ജനിക്കും മുൻപേ മരണപ്പെടുന്നത്. അടിസ്ഥാനമില്ലാത്ത സംഘർഷങ്ങളും, യുക്‌തിപരമായ ഇടപെടലുകളുടെ അഭാവവും ഇതിനു ഇന്ധനമായി തീരുകയും ചെയ്യുമ്പോൾ ജനാധിപത്യത്തിനു മുകളിലേക്കാണ് ഇതിന്റെ പുകച്ചുരുൾ നീറ്റൽ തീർക്കുന്നത്.

ശ്രീ രാജ്‌പുത് കർണിസേന എന്ന സംഘടന അഴിച്ചുവിട്ട അക്രമങ്ങൾ ഒരു പക്ഷെ വടക്കേ ഇന്ത്യയുടെ സ്വാഭാവികത തന്നെ നഷ്‌ടപ്പെടാൻ കാരണമായിട്ടുണ്ട്. ഇവയ്ക്കുനേരെ ഭരണകൂടവും കണ്ണടച്ചത് ഏറെ ദുഖകരമാണ്. വർഗീയത മൂലധനമാക്കി രാഷ്‌ട്രീയ അരാജകത്വം ഉടലെടുക്കുമ്പോൾ അതിവിശേഷമായ പ്രതികരണ സ്വാതന്ത്ര്യത്തിനു മങ്ങലേൽക്കപെടുകയും പകരം പ്രതികാര മനോഭാവം മറ നീക്കി പുറത്തുവരികയും ചെയ്യുന്നു.

എന്താണ്  ‘പദ്‌മാവതി’?

വിഖ്യാത സംവിധായകൻ സഞ്‌ജയ്‌ ലീല ബൻസാലി 190 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചരിത്രസിനിമയാണ് പദ്‌മാവതി. പദ്‌മാവതിയിൽ എന്തൊക്കെ ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അണിയറ പ്രവർത്തകർക്കു മാത്രം അറിയാവുന്ന ഒന്നാണ്. എന്തായാലും ഏറെ ക്ലേശകരമായ സന്ദർഭത്തിലൂടെ ആണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിംഗ് സെറ്റിൽ ഇടിച്ചുകയറി കർണിസേന പ്രവർത്തകർ ബൻസാലിയെ കൈയേറ്റം ചെയ്‌തു. ഈ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നതായിരുന്നു അവർ ഉന്നയിച്ച കാരണം . സിനിമയ്ക്കു CBFC (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ) യുടെ പ്രദർശനാനുമതി വൈകുന്നതും അന്തരീക്ഷം ഏറെ കലുഷിതമാക്കി.

വിമർശനങ്ങളും നിരോധനങ്ങളും ഇന്ത്യൻ മണ്ണിൽ പുതുമയല്ല. ബ്രിട്ടന്റെ ആധിപത്യം മുതൽ അധികാരത്തിന്റെ സ്വാർത്ഥതയെ എന്ന് മുതൽ സാധാരണക്കാരൻ ചോദ്യം ചെയ്‌തു തുടങ്ങിയോ അന്ന് മുതൽ നിരോധനപ്രക്രിയ ഇന്ത്യൻ മണ്ണിലുണ്ട്. ഒരു പക്ഷെ അതിനു മുൻപേയും കുറിക്കപ്പെടാത്തതും എഴുതിച്ചേർത്തതുമായ അടിച്ചമർത്തലുകൾ രാജവാഴ്ച്ചയുടെ തണലിൽ പരിപോഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആധുനിക കാലത്തെ നിരോധങ്ങൾക്കെല്ലാം ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. പലപ്പോഴും ഈ സൃഷ്‌ടികൾ പുറം ലോകം കണ്ടതിനുശേഷം സമൂഹത്തിന്റെ വികാരങ്ങള മാനിച്ചുകൊണ്ട് നിരോധിക്കപ്പെട്ടവയാണ്. എന്നാൽ പദ്‌മാവതി CBFCയ്ക്കു മുന്നിൽ പോലും പ്രദർശിക്കപ്പെട്ടില്ല.

സിനിമയിലെ അനാവശ്യ ഘടകങ്ങൾ നീക്കം ചെയ്യാൻ പൂർണ്ണമായി ഉത്തരവാദിത്തപ്പെട്ട, അതിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റി ആണ് CBFC . എന്നാൽ പ്രസ്‌തുത സിനിമ സെൻസർ സെർട്ടിഫിക്കറ്റിങ്ങിനു പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല . ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ യോഗ്യതപെട്ട CBFC നിലനിൽക്കുമ്പോൾ എന്തിനാണ് ഒരു സമാന്തര നിരോധന അധികാര ശ്രമം കൈയൂക്കിലൂടെയും ഭീഷണിയിലൂടെയും സൃഷ്‌ടിക്കുന്നത്. യാതൊരു മത വികാര ഖണ്ഡനവും ഇല്ലെന്നു സംവിധായകൻ ഉറപ്പിച്ചു പറയുന്നുമുണ്ട്. സിനിമയെ തികച്ചുമൊരു കലാ സൃഷ്‌ടിയായി കാണണമെന്ന ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കപ്പെടുന്നുമില്ല. അതുകൊണ്ടു തന്നെ ഈ അക്രമങ്ങളെ സാധൂകരിക്കുക തികച്ചും വിഡ്ഡിത്തമാണ്. ജീവിതത്തിൽ ഒരു സിനിമ മാത്രം കണ്ടിട്ടുള്ള ലോകേന്ദ്ര സിംഗ് കൾവി എന്ന കർണിസേന നേതാവിനു ഇത്തരം സിനിമകളുടെ മൂല്യത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാനാകും?

കർണിസേന പോലുള്ള സംഘടനകൾ രാജ്‌പുത് വികാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നു പറയുന്നു. ഇന്ത്യൻ ചരിത്രത്തിൽ രാജ്‌പുതർക്കു വലിയ പ്രാധാന്യമുണ്ടെന്നതിൽ സംശയമില്ല, അവരുടെ സാമ്രാജ്യം മധ്യകാല ഇന്ത്യയിൽ തിളങ്ങിനിന്ന ഒന്നാണ്. എന്നാൽ വെറുമൊരു കേട്ടുകേൾവിയുടെ മാത്രം പേരിൽ സംവിധായകന്റെ തല കൊയ്യുമെന്നും ദീപിക പദുക്കോണിന്റെ മൂക്കരിയും എന്നും പരസ്യമായി പ്രഖ്യാപിക്കുമ്പോൾ അവർതന്നെ ഊട്ടിയുറപ്പിക്കുന്ന വംശപാരമ്പര്യ മഹിമ തന്നെയാണ് നഷ്‌ടമാകുന്നത്.

ആരാണ് പദ്‌മാവതി?

രജപുത്ര സാമ്രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചുകൊണ്ട് ആത്മാഹുതി ചെയ്‌ത ധീരവനിത എന്ന രീതിയിലാണ് രജപുത്രർ പദ്‌മാവതിയെ ആരാധിക്കുന്നത്. രജപുത്ര തലസ്ഥാനമായിരുന്ന ചിറ്റോറിലെ രാജ്ഞി ആയിരുന്നു റാണി പദ്‌മിനി എന്ന പദ്‌മാവതി. ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത് മുഹമ്മദ് മാലിക് ജെയ്‌സി എന്ന പണ്ഡിതന്റെ പദ്‌മാവത് എന്ന കൃതിയിൽ നിന്ന് മാത്രമാണ്. പദ്‌മിനി ഏറെ സുന്ദരിയായതുകൊണ്ട് അവരെ സ്വന്തമാക്കാൻ ഏതൊരാളും ആഗ്രഹിച്ചിരുന്നു. സിംഹള രാജ്യത്തുനിന്നും (ഇന്നത്തെ ശ്രീലങ്ക) അവരെ ചിറ്റോർ രാജാവ് രഥൻ സിംഗ് വിവാഹം ചെയ്യുകയും പദ്‌മിനി ചിറ്റോർ രാജ്‌ഞി ആയി അവരോധിക്കപെടുകയും ചെയ്‌തു. രഥൻസിങ്ങിന്റെ രാജകൊട്ടാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ഒരു സംഗീതജ്ഞൻ വഴിയാണ് ക്രൂരനായ അലാവുദ്ധീൻ ഖിൽജി പദ്‌മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് പദ്‌മാവതിയെ സ്വന്തമാക്കാൻ ഖിൽജി ചിറ്റോർ ആക്രമിക്കുന്നു. എന്നാൽ ചിറ്റോർ കോട്ട ഭേദിച്ച് മുന്നോട്ടു പോകാൻ കഴിയാതിരുന്ന ഖിൽജി നയം മാറ്റി. പദ്‌മാവതിയെ ഒരു സഹോദരിയായി, ഒരു തവണയെങ്കിലും, നേരിൽ കാണാൻ അനുവദിക്കണമെന്ന് ഖിൽജി രഥൻസിങ്ങിനെ അറിയിച്ചു. പരപുരുഷന് മുന്നിൽ പോകുവാൻ വിസമ്മതിച്ച പദ്‌മാവതി അവസാനം രാജ്യരക്ഷ മാനിച്ച് ഒരു ദർപ്പണത്തിൽ തന്റെ പ്രതിബിംബം കാണിച്ചു കൊടുത്തു. ഖിൽജി അവരുടെ സൗന്ദര്യത്തിൽ ആസക്‌തനാകുകയും ചെയ്‌തു. കോട്ടവാതിൽ തുറന്നു പുറത്തുവന്ന രഥൻസിങ് ഖിൽജിയെ അതിഥിയായി കണ്ടു സൗഹൃദത്തോടെ അതിർത്തിവരെ അനുഗമിച്ചു. പക്ഷെ ഖിൽജി രഥൻസിങ്ങിനെ തന്ത്രത്തിൽ ബന്ധനസ്ഥനാക്കുകയും പദ്‌മാവതിയെ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് നടന്ന യുദ്ധത്തിൽ ചിറ്റോർ പരാജയപ്പെടുകയും അഭിമാനിയായ പദ്‌മാവതിയും മറ്റു സ്‌ത്രീകളും കൂട്ട സതി (ജോഹർ) അനുഷ്ഠിക്കുകയും ചെയ്‌തു.

പദ്‌മാവത് എന്ന കൃതിയിൽ അല്ലാതെ മറ്റൊന്നിലും പദ്‌മാവതി എന്ന യുവതിയെ കുറിച്ച് പരാമർശമില്ല. ഇത് ചരിത്രകാരന്മാർ ഊന്നിപ്പറയുന്നുമുണ്ട്. കൂടാതെ ശ്രീലങ്കൻ ചരിത്രത്തിലും ഇത്തരമൊരു വ്യക്‌തി ഇല്ല .അതുകൊണ്ട് ഇത് ജെയ്‌സിയുടെ ഒരു മിഥ്യാ സൃഷ്‌ടിയെന്നും സാങ്കൽപ്പിക കഥാപാത്രമെന്നും ചരിത്രകാരന്മാർ ഏക സ്വരത്തിൽ പറയുന്നു. പക്ഷെ അവർ അംഗീകരിക്കുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. ഖിൽജി ചിറ്റോർ ആക്രമിച്ചു എന്നതും ആ സമയം രഥൻസിങ് ചിറ്റോർ രാജാവ് ആയിരുന്നു എന്നതും. ഖിൽജിയുടെ ജീവിതകാലഘട്ടത്തിൽ രചിക്കപെട്ട കൃതികളിൽ ഈ രണ്ടു കാര്യങ്ങൾ മാത്രമേ പ്രദിപാദിക്കുന്നുള്ളൂ. 1316 ൽ ഖിൽജി മരണപ്പെടുകയും 1540 ൽ ഏതാണ്ട് 224 വർഷങ്ങൾക്കു ശേഷം പദ്‌മാവത് എന്ന കൃതി ജെയ്‌സി ചിറ്റോറിൽ നിന്ന് ഏറെ ദൂരത്തുള്ള അവധിൽ വെച്ച് രചിക്കപ്പെട്ടു എന്നതും പദ്‌മാവത് ഒരു സാങ്കൽപ്പികതയാണെന്നു പറയാൻ കാരണമാണ്.

ഈ കഥ സിനിമയായപ്പോൾ അതിൽ ഖിൽജി-പദ്‌മാവതി പ്രണയരംഗങ്ങൾ ചരിത്രത്തിനു വിരുദ്ധമായി ഉൾപ്പെടുത്തി എന്നതും അതുവഴി രാജ്‌പുത് വികാരങ്ങളെ വ്രണപ്പെടുത്തി എന്നതും ആണ് ആരോപണങ്ങളുടെ ഹേതു. പദ്‌മാവത്-ന്റെ സത്യാവസ്ഥ നമുക്ക് മാറ്റിവെക്കാം, എന്നാലും ആരോപണങ്ങൾക്ക് കഴമ്പുണ്ടോ എന്നത് സിനിമ പ്രദർശിപ്പിക്കാതെ ജനങ്ങൾക്ക് എങ്ങനെ പറയാനാകും?

ഭരണഘടനയും അഭിപ്രായ സ്വാതന്ത്ര്യവും

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഏറ്റവും സുപ്രധാനമായ ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യം (അനുച്ഛേദം 19 (1 )(എ)) എന്നാൽ അനുച്ഛേദം 19 (2 ) അതിനു ന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നുമുണ്ട്. അഭിപ്രായപ്രകടനങ്ങൾ രാജ്യത്തിൻറെ പരമാധികാരം, ഐക്യം, ധാർമ്മികത, സുരക്ഷിതത്വം എന്നിവയിൽ നിന്നും വ്യതിചലിക്കുന്ന രീതിയിലോ ഹിംസാത്മകമോ ആവുന്നത് അനുവദനീയമല്ല. വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ് മത-സംസ്‌ക്കാരിക വിശ്വാസങ്ങൾ മുന്നോട്ടു കൊണ്ട് പോകാനുള്ള ഒരു വ്യക്‌തിയുടെ അവകാശങ്ങളും. ഇവ രണ്ടും ഒന്നിന് മറ്റൊന്ന് വിഘാതമായി വരുന്നതായി നമുക്ക് കാണാം.

ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ ഉറവിടം, അഭിപ്രായ സ്വാതന്ത്ര്യ മെന്നിരിക്കെ മതപരമായ വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടാണ് അഭിപ്രായസ്വാതന്ത്ര്യം ചില നിബന്ധനകൾക്ക് വിധേയമാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യത്യസ്‌ത വിഭാഗക്കാരുടെ സമ്മിശ്ര സംസ്‌ക്കാരമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മതം വ്യക്‌തിപരമാകാതെ സംഘടിതമാകുകയും അവ രാഷ്‌ട്രീയവൽക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും സങ്കീർണ്ണമായ പ്രശ്‌നം.

ഭരണഘടനാ വ്യവസ്ഥിതിയുടെ യഥാർത്ഥ ലക്ഷ്യം ഉൾക്കൊള്ളുന്ന സോഷ്യൽ കോൺട്രാക്‌ട് എന്ന റൂസ്സോയുടെ കൃതിപ്രകാരം ഭരണഘടനാ വ്യവസ്ഥ ജനങ്ങൾക്കിടയി ലെ ഒരു ഉടമ്പടിയാണ്. ജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഗവൺമെന്റും ഭരണഘടനയും സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ മേൽപ്പറഞ്ഞ രണ്ടു അവകാശങ്ങളൂം നിഷേധിക്കപെടുന്നവർ ഒരേപോലെ അവകാശവാദവുമായി മുന്നോട്ടു വരുമ്പോൾ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും നീതിയുക്‌തമായ തീരുമാനം കൈക്കൊള്ളുക എന്നതും ഗവൺമെന്റിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കടമയാണ്.

പദ്‌മാവതി എന്നത് സാങ്കൽപ്പികമാണെന്ന അഭിപ്രായം മാറ്റിവെച്ചാലും കേട്ടുകേൾവിയുടെ മാത്രം പേരിൽ ഇത്തരം കലാസൃഷ്‌ടികൾ കുരിശിലേറ്റപ്പെടുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനേൽക്കുന്ന ആഴമേറിയ മുറിവാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് വിഖ്യാത ചിത്രകാരൻ എം ഫ് ഹുസൈന് രവിവർമ അവാർഡ് നിഷേധിക്കപ്പെട്ടു. അതിൽ കേരള ഹൈ കോർട്ട് ഇടപെട്ടത് നമുക്കറിയാം. അദ്ദേഹം ഹിന്ദു വികാരങ്ങൾക്ക് വിരുദ്ധമായി സരസ്വതിയെ ചിത്രീകരിച്ചു എന്ന ആക്ഷേപമുയർന്നതിനെ ചൊല്ലിയായിരുന്നു അത്. ഡാവിഞ്ചി കോഡിന്റെ നിരോധനവും സെക്‌സി ദുർഗ, S .ദുർഗ ആക്കിയതും എല്ലാം മത-സാമൂഹിക വികാരങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്ന കാര്യം മുൻ നിർത്തിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്‌ത ബന്ദിത് ക്വീൻ, ദീപ മേഹ്ത്തയുടെ ഫയർ, കാമ സൂത്ര – എ ടൈൽ ഓഫ് ലവ് തുടങ്ങിയ സിനിമകൾ CBFC തന്നെ നിരോധിച്ചിട്ടുണ്ട്.

പക്ഷെ ഈ സൃഷ്‌ടികളെല്ലാം സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനുശേഷം ഉണ്ടായ അഭിപ്രായങ്ങൾ മാനിച്ച്‌കൊണ്ട് നിരോധിക്കപ്പെട്ടവയാണ്. പക്ഷെ പദ്‌മാവതി എന്ന സിനിമ എങ്ങനെ എന്നറിയാത്തിടത്തോളം കാലം ആക്ഷേപങ്ങൾക്ക് എന്തർത്ഥമാണുള്ളത്?

ഇത്തരം പ്രശ്‌നങ്ങൾ സങ്കീർണമാകാതിരിക്കാൻ ഗവൺമെന്റും നീതിന്യായ വ്യവസ്ഥയും മുന്നോട്ടു വരണം. നാളെ പുറം ലോകം കാണാൻ ഇരിക്കുന്ന ഏതൊരു സിനിമയുടെയും പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ CBFC പുറത്തുവിടും വരെ ഒരു സംഘടനയോ, വ്യക്‌തിയോ, വിഭാഗങ്ങളോ പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കണം. നിക്ഷിപ്‌ത താൽപര്യങ്ങളുടെ ചുവടു പിടിക്കാതെ, സ്വതന്ത്രമായി തീരുമാനം എടുക്കാൻ കെൽപ്പുള്ള രീതിയിലേക്ക് CBFC – യുടെ ഘടനയും മാറേണ്ടതാണ്. ഇവിടെ ഗവൺമെന്റിന്റെ തുറന്ന ചർച്ചകൾ ഏറെ ഗുണം ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കപ്പെട്ട സമൂഹം അറവുശാലകളിലേക്കു പോവുന്ന മാടുകളെ പോലെയാണെന്ന് ജോർജ് വാഷിംഗ്‌ടൺ ഒരിക്കൽ പറയുകയുണ്ടായി. ജനാധിപത്യ ഭരണ വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഇത്തരം പ്രകടനങ്ങൾക്ക് പച്ചക്കൊടി കാണിക്കാതെ കലാകാരന്മാരെയും കലാമൂല്യത്തെയും പ്രോത്സാഹിപ്പിക്കുന്ന മികവുറ്റ സമൂഹമാവണം നമ്മുടേത്.

-അരുണ. ഇ

3 Comments
 1. Sudhakaran 2 years ago

  നന്നായി എഴുതി.
  കലയെ കലയായി കാണാൻ പഠിക്കട്ടെ!

 2. Chandradas 2 years ago

  ജനാധിപത്യ ഭരണ വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഇത്തരം പ്രകടനങ്ങൾക്ക് പച്ചക്കൊടി കാണിക്കാതെ കലാകാരന്മാരെയും കലാമൂല്യത്തെയും പ്രോത്സാഹിപ്പിക്കുന്ന മികവുറ്റ സമൂഹമാവണം നമ്മുടേത്. Well said….

 3. Haridasan 2 years ago

  Well said..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account