നമ്മുടെ വിനോദയാത്രകൾക്കു പൊതുവെ ഒരു പ്രശ്‌നമുണ്ട്. നമുക്ക് യാത്രചെയ്യാൻ കുറേ സ്ഥിരം സഞ്ചാരകേന്ദ്രങ്ങളുണ്ട്. അതിൽനിന്നും മാറി യാത്ര ചെയ്യാൻ കൂടുതലാളുകളും തയാറാകുന്നില്ല. നമ്മൾ കാണേണ്ടതായ ധാരാളം സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിൽ വിനോദസഞ്ചാര മേഖല ദൃഢമാണ് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ബ്രിട്ടീഷുകാർ ഉണ്ടാക്കിയെടുത്ത കുറേ ഉല്ലാസകേന്ദ്രങ്ങൾ. വിദേശികൾ സ്വയം കണ്ടെത്തി വളർത്തിയെടുത്ത ചില കേന്ദ്രങ്ങൾ. ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടം അത്രയും മാത്രം. വിനോദസഞ്ചാരം ഒരു വ്യവസായമാക്കി മാറ്റിയെടുക്കുന്നതിൽ നമ്മുടെ രാജ്യം പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. മറ്റു രാജ്യങ്ങൾ സന്ദർശ്ശിക്കുമ്പോൾ നമുക്കതു ബോധ്യമാകും.

വളരെയധികം പ്രാധാന്യം നൽകേണ്ടതായ, എന്നാൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത ഒരു സ്ഥലം പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ കുർണൂൽ ജില്ലയിൽ ബേലം എന്ന ഗ്രാമത്തിൽ ഒരു ഗുഹയുണ്ട്. പ്രകൃതി സ്വയം സൃഷ്‌ടിച്ചെടുത്ത ഒരു ഗുഹ. ബേലം ഗുഹാലു എന്ന് തെലുങ്കിൽ വിളിക്കുന്ന ഈ ഗുഹ ഇന്ത്യയിലെ പ്രകൃതിദത്ത ഗുഹകളിൽ രണ്ടാം സ്ഥാനത്താണ്. ഏറ്റവും വലിയ ഗുഹ മേഘാലയയിലാണുള്ളത്. ക്രെം ലിയാത് പ്രാ എന്ന ഗുഹയാണത്. ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ നീളമുണ്ടാകും അതിന്‌.

ബേലം ഗുഹകളെക്കുറിച്ചറിയുന്നതു തന്നെ 1884 ൽ മാത്രമാണ്. റോബർട്ട് ബ്രൂസ് എന്ന ബ്രിട്ടീഷ് പുരാവസ്‌തു പരിവേഷകനാണ് ഇത് കണ്ടെത്തിയത്. ഏതോ പുരാതന യുഗത്തിൽ ഭൂമിക്കടിയിൽ ഒഴുകിക്കൊണ്ടിരുന്ന ഒരു നദിയാകാം ഈ ഗുഹയെന്നും ഒരഭിപ്രായമുണ്ട്. ചുണ്ണാമ്പു കല്ലുകളിലാണ് ഈ ഗുഹ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്നത് ഇതിനെ സ്വാധൂകരിക്കുന്നു. ഇതുവരെ മൂന്നര കിലോമീറ്റർ ഗുഹ തെളിച്ചെടുക്കാനായി എങ്കിലും ഒന്നര കിലോമീറ്റർ ഉള്ളിലേക്കു കടക്കാൻ മാത്രമേ സന്ദർശകർക്ക് അനുവാദമുള്ളൂ.

ബി. സി. 4500 കാലഘട്ടങ്ങളിലെ പാത്രങ്ങൾ ഇതിൽനിന്നും കണ്ടെടുത്തിട്ടുണ്ടെന്നു പറയുമ്പോൾ ഇതിന്റെ പഴക്കവും ചരിത്ര ഗവേഷണത്തിൽ ഇതിനുള്ള പ്രാധാന്യവും എടുത്തു പറയേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കു മുൻപുതന്നെ ജൈന, ബുദ്ധ സന്യാസിമാർ ഈ ഗുഹകളിൽ ആവാസിച്ചിരുന്നിരിക്കാം എന്നും ചരിത്രം പറയുന്നു. അവർ ഉപയോഗിച്ചിരുന്ന വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

ഭൂമി നിരപ്പിൽ നിന്ന് 150 അടി ആഴമുണ്ട് ഇപ്പോൾ കണ്ടെത്തിയ ഏറ്റവും ആഴമേറിയ ഭാഗത്തിന്. സഞ്ചാരികളുടെ സൗകര്യത്തിനായി മിക്കയിടത്തും വെളിച്ചക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് ആന്ധ്ര ടൂറിസം വികസന കോർപറേഷൻ. എന്നിരിക്കിലും അവർ അനുവദിക്കുന്ന ഗൈഡുകളുടെ കൂടെ മാത്രമേ സഞ്ചാരികൾക്കു ഗുഹയിലേക്കിറങ്ങാൻ കഴിയു. ആനന്ദവും ആശ്ചര്യവും നിർവൃതിയും നൽകിയ ഒന്നായിരുന്നു ഞങ്ങൾക്കീ ഗുഹാ സന്ദർശനം.

കുറച്ചധികം പേർക്ക് ഒരുമിച്ചു നടക്കാവുന്നത്ര വീതിയുള്ള ഇടങ്ങൾ, നാൽപ്പതോ അമ്പതോ പേർക്ക് നിൽക്കാവന്ന മുറികൾ, നുഴഞ്ഞു കയറേണ്ട മാതിരിയുള്ള ഇടുങ്ങിയ ഇടങ്ങൾ എല്ലാം ഈ ഗുഹായാത്രയെ അവിസ്‌മരണീയമാക്കുന്നു. സന്യാസിമാർ ശയിച്ചിരുന്നതായി സംശയിക്കുന്ന കൽകട്ടിലുകൾ, ധ്യാനമുറികൾവരെ ഇവിടെയുണ്ട്. പലഭാഗത്തേക്കും ചെറിയ ഗുഹകൾ ഇതിനോടനുബന്ധിച്ചു കാണുവാൻ കഴിയും. സപ്‌തസ്വര ഗുഹകൾ ഇതിലൊന്നാണ്. ഒരു മരവടികൊണ്ട് ഇവിടെ തട്ടിയാൽ ഏഴു സ്വരങ്ങളും പ്രതിധ്വനിക്കും. വെള്ളമൊഴുകി അലിയിപ്പിക്കുകയും തന്മൂലം രൂപഭംഗി വന്നതുമായ കൽ രൂപങ്ങൾ ഇതിൽ ധാരാളം. മേൽ ഭിത്തിയിൽ ഫണമുയർത്തിനിൽക്കുന്ന ആയിരക്കണക്കിന് സർപ്പങ്ങൾ, വേരുകൾ പടർത്തി നിൽക്കുന്ന കൂറ്റൻ ആൽമരം,  ശിവലിംഗങ്ങൾ, ആയിരക്കണക്കിന് തൂണുകൾ, പാതാള ഗംഗയെന്ന ഭൂമിക്കടിയിലേക്ക്അപ്രത്യക്ഷമാകുന്ന ഒരു കൊച്ചരുവി എന്നിവയെല്ലാം ചുണ്ണാമ്പുകല്ലിൽ പ്രകൃതി തീർത്ത വിസ്‌മയങ്ങളിൽ ചിലതു മാത്രം.

ബംഗളൂരുവിൽ നിന്ന് അനന്തപ്പൂർ വഴി 320 കിലോമീറ്റർ ദൂരം യാത്ര ചെയ്‌താൽ ഇവിടെയെത്താം. യാത്രകൾ ഇഷ്‌ടപ്പെടുന്നവർക്ക് ലപാക്ഷി ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. തടിപത്രി ആണ് ഏറ്റവും അടുത്ത റയിൽവേസ്റ്റേഷൻ. മുപ്പതു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ സ്റ്റേഷനലേക്ക് ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ നിന്നും ട്രെയിൻ സൗകര്യമുണ്ട്.

1 Comment
  1. Jose 3 years ago

    A great historical place, not known to many…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account