നിഖിൽ എസ്‌  പ്രവീൺ എന്ന ഛായാഗ്രാഹകനെയും അദ്ദേഹത്തിൻ്റെ കലയെ ഈ വിധം ഉപയോഗിച്ച സംവിധായകൻ ജയരാജിനെയും അനുമോദിച്ചുകൊണ്ടേ “ഭയാനകം” എന്ന സിനിമയെക്കുറിച്ച്  പറഞ്ഞു തുടങ്ങാനാവൂ. അത്രമേൽ ഗംഭീരമായ ദൃശ്യങ്ങളൊരുക്കിയാണ് നിഖിൽ കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ് സ്വന്തമാക്കിയത്.

ചിലപ്പോൾ ഏറെ സമയമെടുത്ത് കംപോസ് ചെയ്യുന്ന നിശ്ചല ദൃശ്യങ്ങളുടെ ചാരുതയോടെ, പലപ്പോഴും  അസാധാരണ നിലവാരമുള്ള പെയിന്റിങ്ങുകൾ പോലെ, മറ്റുചിലപ്പോൾ ഉള്ളിലേക്ക് തുളച്ചുകയറുന്ന ജീവിതാനുഭവങ്ങളായി, തിമിർത്തു പെയ്യുന്ന കർക്കടക മഴയായി – കാമറ കൊണ്ട്  മഹാകാവ്യമെഴുതുന്നു! കുട്ടനാടൻ ഭൂമികയുടെ  നഗ്നസൗന്ദര്യത്തോടൊപ്പം മണ്ണും ചേറും പുരണ്ട ജീവിതങ്ങളും ദുരിതം കൊയ്യുന്ന വയലോരങ്ങളിലെ മരണപ്പെയ്ത്തും എട്ടു പതിറ്റാണ്ടു മുൻപത്തെ കാലവും അനുഭവിപ്പിക്കുന്ന ഗംഭീരമായ ദൃശ്യ പരിചരണം!

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് ജീവനോടെ തിരിച്ചെത്തിയ പട്ടാളക്കാരൻ്റെ രണ്ടാം ലോകമഹായുദ്ധകാലത്തെ ജീവിതമാണ് പ്രമേയം. കാൽമുട്ടിൽ വെടിയുണ്ടയേറ്റ്‌ മുടന്തനായ അയാൾ പോസ്റ്റ്മാനായാണ്  കുട്ടനാട്ടിൽ എത്തുന്നത്. പട്ടാളത്തിൽ ചേർന്നവരുടെ  കത്തുകളും മണിയോർഡറുകളുമായി ആ മനുഷ്യൻ ക്രച്ചസ് ഊന്നി  നടന്നെത്തുന്ന വഴികളും വീടുകളും മനുഷ്യരേയുമാണ് സിനിമ കാണിച്ചു തരുന്നത്.  പണവും കത്തുകളുമായി വരുന്ന പോസ്റ്റ്മാൻ പലർക്കും പട്ടാളത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവൻ  തന്നെയാകുന്നു. സ്‌നേഹത്തിന്റെ ആ അസുലഭ മാധുര്യം അനുഭവിക്കുമ്പോഴും അയാളുടെയുള്ളിൽ താൻ നേരിട്ട യുദ്ധവും വരാനിരിക്കുന്ന യുദ്ധങ്ങളും  ഇരമ്പുന്നുണ്ട്. ക്രച്ചസ്സിലുള്ള ഓരോ ചുവടും അയാളെ ഭയാനകമായ യുദ്ധക്കളത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവാം. പട്ടാളത്തിൽ പോയ മക്കളെക്കുറിച്ചുള്ള അമ്മമാരുടെ അഭിമാനം തുളുമ്പുന്ന വാക്കുകൾ നിസ്സഹായതയോടെ കേട്ട് നിൽക്കേണ്ടി വരുന്നുണ്ടയാൾക്ക്. പട്ടിണിയില്ലാത്ത ജീവിതം മാത്രം സ്വപ്‌നം കാണുന്ന മനുഷ്യർക്ക്  മുൻപിൽ പുഞ്ചിരിക്കുമ്പോഴും അയാൾക്കുള്ളിൽ ഇടിമുഴങ്ങുന്നുണ്ട്.

അധികനാളുകൾ വേണ്ടി വന്നില്ല രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ വാർത്തയെത്താൻ. കത്തുകളുമായെത്തിയിരുന്ന, നാണയസഞ്ചിയുമായെത്തിയിരുന്ന പോസ്റ്റ്മാൻ മരണത്തിന്റെ സന്ദേശവാഹകൻ മാത്രമാകുന്നു. ദൂരെയെങ്ങോ ഉള്ള പോസ്റ്റോഫീസിൽ നിന്ന്  മരണത്തിന്റെ കമ്പി സന്ദേശങ്ങൾ കൊണ്ടുവരാൻ മാത്രമായി അയാൾ തോണി തുഴഞ്ഞു പോകുന്നു. ഏതോ അജ്ഞാത രാജ്യങ്ങളിൽ  നിന്ന് വരുന്ന  “മരിച്ചുപോയി” എന്ന ഒറ്റവാക്കുമായി അയാൾ ഓരോ മേൽവിലാസത്തിലേക്കും തിരിച്ചെത്തുന്നു. ലോക ജനസംഖ്യയുടെ മൂന്നു ശതമാനം പേർ കൊല്ലപ്പെട്ട ഒരു മഹായുദ്ധം മുഴുവൻ നെഞ്ചിനുള്ളിൽ ചുമന്നെത്തുന്ന ആ മനുഷ്യനെ  ആളുകൾ കാലനെക്കാൾ ഭയപ്പെടുന്നു.  ആട്ടിയും തല്ലിയുമോടിക്കുന്നു. പക്ഷേ, യുദ്ധത്തിന്റെയും  മരണത്തിൻ്റെയും ചുമടുമായി അയാൾക്ക്‌ പിന്നെയും പിന്നെയും അവരിലേക്ക്‌ തന്നെ വരേണ്ടി വരുന്നു. ചിങ്ങത്തിലും തോരാതെ പെയ്യുന്ന കർക്കടകപേമാരിയോടൊപ്പം മരണവും മത്സരിച്ചു പെയ്യുന്നു. (സിനിമയുടെ കഥ പറയുകയല്ല. “ഭയാനകം” കഥ പറഞ്ഞു തീർക്കാവുന്ന ഒന്നല്ല. മണ്ണും മനുഷ്യരും  മഴയും മരണവും കൂട്ടികുഴച്ചുള്ള ഭയാനകമായ അനുഭവം തിയേറ്ററിൽ നിന്ന് കിട്ടിയതിന്റെ ഒരംശം പോലും ഇവിടെ പങ്കുവെക്കാനാവുകയുമില്ല).

രൺജി പണിക്കർ എന്ന നടന്റെ അതിഗംഭീരമായ പ്രകടനമാണ് ഈ സിനിമയിലേത്! ഉള്ളിലെ കരുണയും ഭീതിയും യുദ്ധവും മറ്റൊരു നടനും അവതരിപ്പിക്കാത്ത വിധത്തിൽ, മറ്റൊരാൾക്കും പറ്റാത്ത തരത്തിൽ പ്രേക്ഷകനിലേക്കു പകരുന്നു. രൺജി പണിക്കരെ പരിസരത്തു പോലും അടുപ്പിക്കാതെ പോസ്റ്റ്മാനെ സൂക്ഷ്‌മതയോടെ കൊണ്ട് നടക്കുന്നുണ്ട്  നടനും സംവിധായകനും!

എൺപതു കൊല്ലം മുൻപുള്ള കുട്ടനാടിന്റെ ഭൂപ്രകൃതിയും ജീവിതവും ലോകോത്തര മികവോടെ സിനിമയിലാവിഷ്ക്കരിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്കുള്ളിൽ അറുന്നൂറ്റിയൻപതോളം  യുവാക്കൾ കൊല്ലപ്പെട്ട ഗ്രാമത്തിൽ നിന്ന് പിന്നെയും പട്ടാളത്തിൽ  ചേരാൻ അധികാരികളുടെ കാലുപിടിക്കുന്ന ചെറുപ്പക്കാരുണ്ടായിരുന്നു! മക്കളെ പറഞ്ഞയക്കുന്ന അമ്മമാരുണ്ടായിരുന്നു! രാജ്യസ്‌നേഹത്തിൻ്റെ ആഴം കൊണ്ടോ പോരാട്ട വീര്യം കൊണ്ടോ അല്ല. പട്ടിണികൊണ്ട് മാത്രം! അടിയാളർ  അദ്ധ്വാനിച്ചുണ്ടാക്കുന്നതു മുഴുവൻ (വൃദ്ധന്മാർ മുതൽ കുഞ്ഞുകുട്ടികൾ വരെയുള്ള മുഴുവൻ കുടുംബവും ചേറിൽ പൂണ്ട് വിളയിച്ചെടുത്തത്)  പത്തായത്തിൽ പൂട്ടിവെച്ചു കിട്ടാനില്ലാത്ത റേഷനരി വാങ്ങിത്തിന്നോളാൻ കൽപ്പിക്കുന്ന ജന്മിമാരുടെ കാലത്ത് പട്ടിണിയേക്കാൾ ഭയാനകമായിരുന്നില്ല മരണം! ജാതിയും ജന്മിത്തവും വാഴുന്ന, ബഹുഭൂരിഭാഗം മനുഷ്യർക്കും  അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്തെ യുവാക്കൾക്ക്  ജീവിതത്തേക്കാൾ ഭയാനകമായിരുന്നില്ല മരണം! ആ സത്യം എത്ര ലളിതമായാണ് ജയരാജ്  രണ്ടായിരത്തിപ്പതിനെട്ടിലെ പ്രേക്ഷകന്റെയുള്ളിൽ കൊത്തി വെക്കുന്നത്!!

ചെറിയ അനേകം കഥാപത്രങ്ങളിലൂടെയാണ്, പോസ്റ്റ്മാനും അവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചകളിലൂടെയാണ് സിനിമ നീങ്ങുന്നത്. ഓരോ കഥാപാത്രത്തിനും സ്വന്തം ജീവിതവും കഥയുമുണ്ട്. ജാതീയവും മതപരവുമായ വ്യത്യസ്‌തകൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പരിചിത മുഖങ്ങളും (മോളി കണ്ണമാലി, സബിത ജയരാജ്, വാവച്ചൻ..) പുതുമുഖങ്ങളും ഒരേ പ്രാധാന്യത്തോടെ സ്‌ക്രീൻ പങ്കിടുന്നു. ചില ഗംഭീര അഭിനേതാക്കൾ ജയരാജ് സിനിമകളിൽ മാത്രം ഒതുങ്ങിപ്പോകുന്നത് സങ്കടകരമാണ്. കുട്ടികളുമായുള്ള സംഭാഷണത്തിലാണ് പോസ്റ്റുമാൻ യുദ്ധത്തെക്കുറിച്ചുള്ള ചിന്തകൾ പലപ്പോഴും പങ്കുവെക്കുന്നത്. അങ്ങനെയുള്ള ചില സീനുകളിൽ കുട്ടികളെ നാടകത്തിലെ കോറസ്  പോലെ ഉപയോഗിച്ചിരിക്കുന്നത് പോരായ്‌മയായി തോന്നി. (മൊത്തത്തിൽ ഗംഭീരമായ ഒരു സിനിമയിൽ അത് അവഗണിക്കാവുന്നതേയുള്ളു നമുക്ക്. വളരെ നിസ്സാരം).

എം.കെ അർജുനൻ-ശ്രീകുമാരൻ തമ്പി ടീമിന്റെ  ഗാനങ്ങളുണ്ട്. (അർജുനൻ മാസ്റ്റർക്ക് സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു) “ഏനുണ്ടോടീ…” യെ ഓർമ്മിപ്പിക്കുന്ന “നിന്നെ തൊടും പൂനിലാവ്..” എന്ന മനോഹരമായ പാട്ട്   സിനിമയിലെ ഭയാനകമായ സന്ദർഭത്തിൽ പ്രണയ നൊമ്പരം പടർത്തുന്നു.  സിനിമ തീരുമ്പോൾ ക്രെഡിറ്റുകൾക്കൊപ്പമുള്ള “കുട്ടനാടൻ കാറ്റ്  ചോദിക്കുന്നു..” എന്ന ഗാനം സിനിമയുടെ  മുഴുവൻ  ഫീലോടു കൂടി അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്നു.  ഓരോ വിഭാഗവും ആരാണ് കൈകാര്യം ചെയ്‌തതെന്നറിയാൻ നല്ല ആകാംഷയുണ്ടായിരുന്നു. ജിനു ശോഭയും അഫ്‌സലുമാണ് നിഖിൽ എസ് പ്രവീണിൻ്റെ ദൃശ്യങ്ങൾ കോർത്തെടുത്ത എഡിറ്റർമാർ. കളറിസ്റ്റ് മുത്തുരാജിന് എന്നും അഭിമാനിക്കാവുന്ന സിനിമയാണിത്. അംബി, ബിന്ദു സുബ്രമണ്യൻ, വൈശാഖ് സോമനാഥ് എന്നിവർ ചേർന്നാണ് അതുല്യമായ, അതിമനോഹരമായ പശ്ചാത്തല സംഗീതം കൊണ്ട് ദൃശ്യങ്ങളെ ശക്‌തമായി പിന്തുണക്കുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും  ബോണി എം ജോയി സൗണ്ട് മിക്‌സിങ്ങും സൂക്ഷ്‌മതയോടെ നിർവഹിച്ചിരിക്കുന്നു. (അവരെ  പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിൽ ക്രൂരതയായിപ്പോകും). പാളിപ്പോകാത്ത വിധം കലാസംവിധാനം ആർട്ടിസ്ററ്  നമ്പൂതിരിയുടെ നേതൃത്വത്തിൽ.  ഒരു നൂറ്റാണ്ടോളം പഴയ കാലത്തെ വസ്‌ത്രങ്ങൾ ഒരുക്കുകയെന്ന റിസ്‌ക് ഏറ്റെടുത്തു വിജയിപ്പിച്ചത് സൂര്യ രവീന്ദ്രൻ.  ചമയക്കാരൻ  അരുൺപിള്ള രൺജി പണിക്കരെ കൃത്യമായി മാറ്റിയെടുത്തിരിക്കുന്നു. ആശ ശരത്തിന്റെ കാര്യത്തിൽ തൃപ്‌തികരമായി തോന്നിയില്ല. ഇടവേളയ്ക്കു മുൻപൊരു  ഷോട്ടിൽ പുരികം വടിച്ച്, ലിപ്സ്റ്റിക് തേച്ചപോലെ അവരെ കണ്ടത് നേർത്തൊരു കല്ലുകടിയായി.

സ്‌കൂൾ കാലത്ത് വായിച്ച തകഴിയുടെ രചനകൾ വീണ്ടും വായിക്കാൻ തീവ്രമായി പ്രേരിപ്പിക്കുന്നു “ഭയാനകം”. (തകഴിയുടെ “കയറി”ൽ നിന്നാണിതിന്റെ പിറവി). എങ്ങോ പോയി, ആർക്കോ വേണ്ടി പൊരുതി മരിച്ചുപോയ നമ്മുടെ ചെറുപ്പക്കാർക്കുള്ള സ്‌മാരകം കൂടിയാണീ സിനിമ. യുദ്ധം കേട്ടുകേൾവി മാത്രമായ ഒരു ഗ്രാമത്തിലെ, ഒരു പോസ്റ്റ്മാനിലൂടെ എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ നടന്ന, കോടിക്കണക്കിനു മനുഷ്യർ കൊല്ലപ്പെട്ട ഒരു യുദ്ധത്തിന്റെ ഭീകരത പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു “ഭയാനകം”! കോടികൾ പൊടിക്കാതെ! യുദ്ധമോ രക്‌തമോ കാണിക്കാതെ! തോക്കോ വെടിയുണ്ടയോ ഇല്ലാതെ! സംവിധായകൻ ജയരാജിന് വീര വണക്കം.

ലോകത്തിനു മുൻപിൽ അഭിമാനത്തോടെ മലയാളത്തിന് കാഴ്ച്ചവെക്കാൻ പറ്റുന്ന ഗംഭീര സിനിമയാണെന്നതോ, നേടിയ  ദേശീയ/അന്തർ ദേശീയ  അവാർഡുകളോ, അഭിനേതാക്കളുടെ അസാധാരണ പ്രകടനങ്ങളോ ബോക്‌സ്     ഓഫിസിൽ ഒരനക്കവും സൃഷ്‌ടിക്കില്ല എന്നതാണ് സത്യം. അതറിയാവുന്നതിനാൽ  സാമ്പത്തിക ലാഭം പ്രതീക്ഷിച്ചായിരിക്കില്ല ഈ സിനിമയുടെ നിർമ്മാണവും തിയേറ്റർ റിലീസും. അതുകൊണ്ടു തന്നെ  “ഭയാനക” ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച  നിർമാതാവ് സുരേഷ്‌കുമാർ മുട്ടത്തിന് പ്രത്യേക അഭിനന്ദനങ്ങൾ! അഭിവാദ്യങ്ങൾ!!

– ഉമേഷ് വള്ളിക്കുന്ന്

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account