ഭൂമി ഞാൻ പണിയില്ല താജ് മഹൽ നിനക്കായി
ഞാൻ പണിയില്ല മഹാക്ഷേത്രങ്ങൾ നിനക്കായി
പകരം തരുമൊരു മഴമേഘത്തെ തൊട്ടു വളരും
അരയാലിൻ കുരുന്നു തൈ നീയത് വളർത്തൂ,
വാനത്തിന്റെ മതിൽക്കെട്ടുകൾ കണ്ടുവരുവാൻ
മണ്ണിൻ തേനും വയമ്പും കൊടുക്കുക.
തണലേകിടുമതു കുളിർന്ന പ്രഭാതങ്ങൾക്കുണരാൻ
കാറ്റിൽ നിന്നു ഗാനങ്ങൾ കടം വാങ്ങും
സൂര്യരോഷത്തിന്നുലത്തീയിലെ മദ്ധ്യാഹ്നത്തെ
സ്നേഹത്തിലൊളിപ്പിച്ചു സ്വയം വെന്തുരുകിടും
നൂതനവാഗ്ദാനങ്ങളതിൽ നിന്നൊഴുകുന്ന
താപവാതങ്ങൾ ശുദ്ധീകരിയ്ക്കും ലോകത്തിനായ്
അരികിൽ വേനൽപ്പകലുരുകിത്തിളയ്ക്കുമ്പോൾ
മഴപെയ്യുമ്പോൾ, ഇലപൊഴിയും കാലത്തിന്റെ
തിരിവിൽ മഞ്ഞായൊരു മകരം മയങ്ങുമ്പോൾ
തരും ഞാനൊരു മാമ്പൂവിരിയും തൈമാവിനെ
തണുപ്പിൻ പൂന്തോപ്പുകളുണർത്തും വൈശാഖത്തെ
കുളിർന്ന സുഗന്ധത്തിൻ ബദാം മരങ്ങൾ പിന്നെ
നിരന്നു നിന്നീടുന്ന പൊൻ തേക്കിൻ സ്വർണ്ണങ്ങളും.
ചാന്തിട്ടു ചിന്തേരിട്ട് പശ്ചിമഘട്ടത്തിനെ
പാഴ്വസ്തുവാക്കും മുൻപേ നീ കൈയിലൊരു
തളിർക്കൂടുമായ് പോകൂ മണ്ണിനുള്ളിലെ മരതക-
ക്കുന്നുകൾക്കുള്ളിൽ നിന്നും കടയൂ സ്വപ്നങ്ങളെ!
മണൽത്തീയെരിയുന്ന കാടുകൾക്കുള്ളിൽ ചെന്നു
പറയൂ കുളിർകാറ്റിന്നുറവിടത്തിൻ കഥ
കനവിൻ കൈനീട്ടങ്ങൾ പ്രകൃതിയൊരുക്കുമ്പോൾ
കൈകളിലൊരു മൺ വിളക്കേന്തി നടക്കുക
മരങ്ങൾ നടൂ, പാതയോരത്ത് നമുക്കായി
അമൃതുമായി പുതുയുഗങ്ങൾ കാവൽനിൽക്കും
അതിനാൽ നിനക്കായി തരുമീ പൊൻനാമ്പിനെ
പ്രണയിയ്ക്കുക ഭൂമി ഹൃദയത്തിലേറ്റുക…

3 Comments
  1. Peter 3 years ago

    കനവിൻ കൈനീട്ടങ്ങൾ പ്രകൃതിയൊരുക്കുമ്പോൾ കൈകളിലൊരു മൺ വിളക്കേന്തി നടക്കുക… beautiful lines…

  2. Haridasan 3 years ago

    പ്രണയിയ്ക്കുക, ഭൂമി ഹൃദയത്തിലേറ്റുക… thanks,

  3. Ravi Punnakkal. 3 years ago

    നന്നായി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account