സംഘടിത മതങ്ങളുടെ അധികാരഘടന വളരെ വിചിത്രവും സങ്കീർണവുമാണ്. അത് സ്വന്തം അണികളെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യും. മത നേതൃത്വം ചോദ്യം ചെയ്യപ്പെടരുതാത്തതും അമാനുഷികവുമാണ് എന്ന് ശാഠ്യം പിടിക്കും. ഭൗതികതയുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുകയും ലൗകികത പാപമാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യും.  സംഘടിത മതങ്ങൾ അധികാര കേന്ദ്രങ്ങളായും സാമ്പത്തിക ശക്‌തികളായും പ്രവർത്തിക്കാൻ കൂടുതൽ താൽപര്യപ്പെടുമ്പോൾ തന്നെ അധികാരത്തിന്റെ അന്ത:സാര ശൂന്യതയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യും.

ആഗോള ക്രിസ്‌തീയ സഭകളൊക്കെ തന്നെ അവയുടെ ഉത്‌ഭവം മുതൽ കേന്ദ്രീകൃത അധികാരത്തിന്റെ പ്രയോക്‌താക്കളാണ്. ഭരണകൂടങ്ങളെ നിർമിക്കുന്നതും നിയന്ത്രിക്കുന്നതും സഭകളാണ് എന്നതിന് ഇപ്പോഴും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. ദേവാലയങ്ങളിൽ നിന്ന് ചമ്മട്ടി കൊണ്ട് അടിച്ചോടിക്കണമെന്ന് ക്രിസ്‌തു ആവശ്യപ്പെട്ട കാലത്തെ അവസ്ഥയിൽ നിന്ന് ഒട്ടും മാറിയിട്ടില്ല സഭയും പൗരോഹിത്യവും.  അവരിപ്പോഴും മനുഷ്യസ്‌നേഹത്തെക്കുറിച്ചും ത്യാഗത്തിന്റെയും സഹനത്തിന്റേയും പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിക്കുകയും മനുഷ്യത്വരഹിതമായും സ്‌നേഹ ശൂന്യമായും പ്രവർത്തിക്കുകയും ചെയ്യുന്നു. സേവനം എന്ന പേരിൽ സമ്പത്ത് കുന്നു കൂട്ടുന്നു. ലോകത്തെ വൻ സാമ്പത്തിക ശക്‌തികളിൽ പ്രധാനികൾ സഭകൾ തന്നെയാണല്ലോ.

പൊൻകുന്നം വർക്കി അന്തരിച്ച സമയത്തെ ഒരു വലിയ തമാശയുണ്ട്. ദൈവരാജ്യത്തിനു വേണ്ടിയുള്ള ശിക്ഷയാണല്ലേ അച്ചോ പള്ളി എന്നു പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ് വർക്കി . ജീവിച്ചിരുന്ന അത്രയും കാലം പള്ളിയേയും പൗരോഹിത്യത്തേയും പടിക്കു പുറത്തു നിർത്തിയ മനുഷ്യൻ. അദ്ദേഹത്തിന്റെ മൃതദേഹം എവിടെ സംസ്‌കരിക്കും എന്നത് കൗതുകകരമായ ഒരാകാംക്ഷയായിരുന്നു. പൊൻകുന്നം വർക്കിയുടെ ശരീരം അദ്ദേഹത്തിന്റെ സ്വന്തം വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്ന ബോധ്യത്തിൽ പള്ളി വിഷയത്തിൽ ഇടപെടുകയും വർക്കിയുടെ എല്ലാ കുറ്റങ്ങളും ക്ഷമിച്ച് അദ്ദേഹത്തിന് അവശ്യം എന്ന് അവർ നിശ്ചയിച്ച ശുശ്രൂഷകളോടെ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്‌തു. പള്ളിക്കറിയാമായിരുന്നു, പള്ളിക്കു പുറത്ത് ഒരു ശവം അടക്കം ചെയ്യപ്പെട്ടാൽ അതോടെ പള്ളിയുടെ മേധാവിത്വം അസ്‌തമിക്കുമെന്ന്. അത്രമേൽ ദുർബലമാണ് അതിന്റെ അണികൾക്ക് അതിലുള്ള വിശ്വാസമെന്ന്.  കല്യാണം, മരണം എന്നിങ്ങനെയുള്ള ദൗർബല്യങ്ങളെ ചൂഷണം ചെയ്‌താണ് സംഘടിത മതങ്ങൾ നിലനിൽക്കുന്നത് എന്നത് ഒരു പരിധി വരെ സത്യവുമാണ്. ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും വചന പ്രഘോഷണങ്ങൾ നടത്തുന്ന മത നേതൃത്വങ്ങൾ ഒരിക്കലും തങ്ങൾക്കിടയിൽ അങ്ങനെയൊരു ജനാധിപത്യത്തെ പ്രോത്‌സാഹിപ്പിക്കുന്നതേയില്ല.

ഫ്രാങ്കോ മുളക്കൽ എന്ന ഉന്നത പുരോഹിതനെതിരെ ഒരു ആക്ഷേപമുന്നയിക്കാനും ശക്‌തമായ സമ്മർദ്ദങ്ങളെയും സ്ഥിരം പീഡാ ഭീഷണികളേയും അതിജീവിച്ച് അതിലുറച്ചു നിൽക്കാനും തയ്യാറായ  സ്‌ത്രീയുടെ നിലപാടുകളുടെ പ്രാധാന്യം അവിടെയാണ്. ദൈവം. മതം, മരണാനന്തര ശിക്ഷകൾ തുടങ്ങിയ ഉമ്മാക്കികളെയൊക്കെ നിരാകരിക്കുകയും മനുഷ്യാവകാശം എന്ന പരമപ്രധാനമായ ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുക എന്നത് വലിയ പ്രതീക്ഷകളാണ് നമുക്ക് നൽകുന്നത്. അവരോടൊപ്പം നിൽക്കാനും ആ സമരത്തെ തെരുവിലേക്കെത്തിക്കാനും പുരോഹിതർക്കും കന്യാസ്‌ത്രീകൾക്കുമിടയിൽ തന്നെ ആളുണ്ടായി എന്നതും പ്രസക്‌തമാണ്. ഏറ്റവുമൊടുവിൽ സമരക്കാർക്ക് പിന്തുണയുമായി എത്തുന്നവരിൽ വലിയൊരു വിഭാഗം മറ്റൊരു സംഘടിത മതത്തിലെ അംഗങ്ങളാണ് എന്നതും സെമിറ്റിക് മതങ്ങളുടെ അപ്രമാദിത്വത്തിൽ വിള്ളൽ വീണു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കന്യാസ്‌ത്രീ സമരത്തിൽ മുസ്ലീം മത നേതൃത്വം പാലിക്കുന്ന തന്ത്രപരമായ നിശ്ശബ്‌ദത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് ഒരു മതത്തിന്റെ ആഭ്യന്തര കാര്യമാണ് എന്ന വ്യാജേന ഇതേ പ്രശ്‌നം തങ്ങൾക്കിടയിലും നാളെ ഉയർന്നു വന്നേക്കാം എന്ന ആശങ്കയെ മറച്ചു പിടിക്കാൻ അവർ ശ്രമിക്കുകയാണ്. സെമിറ്റിക് മതങ്ങൾ തങ്ങളുടെ അണികളെ ചൊൽപടിക്കു നിർത്തുന്നതും അനുസരണയുള്ള ആട്ടിൻ പറ്റങ്ങളെ ഉപയോഗിച്ച് രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കുന്നതും കണ്ട് അതുപോലെ ഹിന്ദുമതം എന്ന ഏകശിലാ പദ്ധതി രൂപീകരിക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള അഭിനവ ഹൈന്ദവ നേതൃത്വവും ഇക്കാര്യത്തിൽ ഒരു കർശന നിലപാടും സ്വീകരിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, എല്ലാ മതങ്ങളും ചോദ്യങ്ങളെ ഭയപ്പെടുന്നു. സ്വാതന്ത്ര്യത്തേയും സമത്വത്തേയും നിരാകരിക്കുന്നു.

വേശ്യകളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് പുരോഹിതൻമാർ തമ്മിൽ തർക്കങ്ങളും പോരാട്ടങ്ങളും പകയും പകപോക്കലുമെല്ലാം അടങ്ങിയിട്ടുളളതാണ് സഭയുടെ ചരിത്രം. ബാല ലൈംഗിക പീഡനത്തിന്റെ പേരിൽ പുരോഹിതൻമാർക്ക് വേണ്ടി മാപ്പ് പറയേണ്ടി വന്ന പോപ്പുള്ള സഭയാണിത്. വിവാഹവും സന്താനോൽപാദനവും ദൈവികമാണെന്ന് കരുതുകയും അച്ചൻമാർക്കും സഹോദരിമാർക്കും അതിനുള്ള അവകാശം നിഷേധിച്ച് ദൈവ നിന്ദ നിയമമാക്കുകയും ചെയ്‌തിട്ടുള്ള ഒരു ആൾക്കൂട്ടം മാത്രമായ സഭയോട് എതിർപ്പുകളുടെ സ്വരമുയരുന്നത് മനുഷ്യരാശിയുടെ ബൗദ്ധിക ഉന്നമനത്തിന്റെ സൂചനയായി വേണം വായിക്കാൻ.

1 Comment
  1. Sunil 2 years ago

    നല്ല കുറിപ്പ്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account