ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും, അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ! എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്‌ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്‌പർശനമാകാം, മുഖഭാവനകളാകാം.

മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.

ഒരാൾ ഇരിക്കുകയോ നിൽക്കുകയോ ആകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.

ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല, അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്‌താണ്‌ നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്‌മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.

ഒരാളുടെ ഹസ്‌തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്‌തദാനത്തിന്റെ ശക്‌തി, എടുക്കുന്ന സമയം, സ്‌പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിൽക്കുന്ന അകലം, ശബ്‌ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.

ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക്‌ പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നർത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

1 Comment
  1. Drmanshad Ismail 1 year ago

    ഹോമിയോപതി ചികിത്സയിലെ മരുന്ന് നിർണയത്തിന്ന് പ്രധാന ഘടകം ആയ constitution കണ്ടു പിടിക്കാൻ ശരീര ഭാഷക്ക് വളരെ വലിയ പ്രാധാന്യം ഉണ്ട്. ഉപകാരപ്രദം ആയ സൂചനകൾ ചുരുക്കിയിട്ട് ആണെങ്കിലും പ്രയോജനം ഉള്ളത് ആണ്. ശരീര ഭാഷയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഉതകുന്ന പുസ്തകങ്ങളുടെ സൂചന കൂടി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.
    Dr.Manshad Ismayil BHMS, AL-SHIFA SPECIALITY HOMEO CLINIC & COUNSELING CENTER, BEYPORE & AREEKAD, KOZHIKODE

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account