കഥ കേൾക്കാൻ എനിക്ക്  വളരെ ഇഷ്‌ടമാണ്. എനിക്കെന്നല്ല എല്ലാവർക്കും കഥ കേൾക്കാൻ ഇഷ്‌ടമായിരിക്കും. കുഞ്ഞായിരുന്നപ്പോൾ കഥ കേട്ടുറങ്ങാൻ എത്ര രസമായിരുന്നു. അന്നൊക്കെ അമ്മ  എനിക്ക് ഒരുപാട് കഥകൾ പറഞ്ഞ് തന്നിരുന്നു. മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ ഉള്ള കഥകൾ, പിന്നെ അമ്മയുണ്ടാക്കിപ്പറയുന്ന കഥകൾ. അമ്മ പറഞ്ഞിരുന്ന കഥകളിലെ കഥാപാത്രങ്ങളുടെ സ്ഥാനത്ത് ഞാൻ എന്റെ  മനസിലുള്ള മനുഷ്യരെയാണ് കണ്ടിരുന്നത്. ദുര്യോധനനെക്കുറിച്ചു പറയുമ്പോൾ ഒറ്റക്കൈകൊണ്ട് മംഗലശ്ശേരി നീലകണ്ഠനേയും മകൻ കാർത്തികേയനേയും പൂട്ടാൻ ശ്രമിക്കുന്ന മുണ്ടക്കൽ ശേഖരനെയാണ് ഞാൻ സങ്കൽപ്പിക്കുക. ഉണ്ടാക്കിയ കഥകളിലെ കഥാപാത്രങ്ങൾ നമ്മുടെയെല്ലാം ജീവിത പരിസരത്തുള്ളവരായിരുന്നു. ഒരു ചായക്കടക്കാരനുണ്ടെങ്കിൽ അത് മുകളിൽ ചായക്കട നടത്തുന്ന ശ്രീധരേട്ടനാണ്, ഒരു ഐസ്‌ക്രീം കടയുണ്ടെങ്കിൽ അത് വിജയകൂൾബാറാകും. വലുതായതോടെ അമ്മ കഥ പറഞ്ഞു തരാതായി. ആവശ്യപ്പെട്ടാൽ തനിയെ വായിച്ചോളൂ എന്നു പറയും. ആരെങ്കിലും പറഞ്ഞു തരുന്ന കഥകൾ കേൾക്കാനാണ് എനിക്കിപ്പോഴും ഇഷ്‌ടം.

ജ്യോതിർമയി എഡിറ്റു ചെയ്‌ത ‘അമ്മക്കഥക്കൂട്’ എന്ന പുസ്‌തകം വായിച്ച് നോക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ പുസ്‌തകത്തിലെ 24 കഥകളും ഇരുപത്തിനാല് അമ്മമാർ എഴുതിയതാണെന്നുള്ളതാണ്. 24 അമ്മമാരും ഇരുപത്തിനാല് വ്യത്യസ്‌തങ്ങളായ കഥകളാണ് പറയുന്നത്. ശരിക്കും അമ്മ പറഞ്ഞു തരുന്നതുപോലെ മധുരം നിറയുന്ന  കഥകളാണ് പലതും.

പ്രിയ എ.എസ്. എഴുതിയ ‘കളിപ്പാട്ടക്കടയിലെ താരീക്’ എന്ന കഥ താരീക് എന്ന കുട്ടിയെക്കുറിച്ചാണ് പറയുന്നത്. താരീകിന് അച്ഛനില്ല. അമ്മയുടെ കൂടെയാണ് അവൻ വളരുന്നത്. വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ നടക്കുന്ന ഉത്‌സവത്തിന് താരീക് സുഹൃത്തുക്കളോടൊപ്പം പോകുന്നു. പോകുന്നതിനു മുൻപ് ഒരുപാട് നിർദ്ദേശങ്ങൾ അമ്മ താരീകിന് സ്‌നേഹപൂർവ്വം നൽകുന്നുണ്ട്. ഒപ്പം ഇഷ്‌ടമുള്ള എന്തെങ്കിലും വാങ്ങാനുള്ള പൈസയും കൊടുക്കുന്നു. അമ്മയെ താരീക് അവഗണിക്കും തോറും അമ്മക്ക് താരീകിനോടുള്ള പരിഗണന/സ്‌നേഹം വർധിച്ചുവരുന്നു. താരീക്കിന്റെ ചെറുപ്പകാലത്ത് തന്നെ അവന് അവന്റെ അച്ഛനെ നഷ്‌ടപ്പെട്ടു. തുടർന്ന് അവനെ കഷ്‌ടപ്പെട്ട് വളർത്തുന്നത്  അമ്മയാണ്. അന്ന് താരീക്കിന്റെ ഒരുപാട് ആഗ്രഹങ്ങളൊന്നും അമ്മക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. എങ്കിലും അമ്മയുടെ സ്‌നേഹം അമൂല്യമാണെന്ന് താരീക് തിരിച്ചറിയുന്നു. അമ്മമാരുടെ ഓരോ വാക്കുളും അനുസരിക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. പക്ഷേ അവയെല്ലാം നമ്മുടെ ജീവിതവഴികളിലെ പാഥേയങ്ങളാണ്.

വി.കെ. ഉമ്മുകുൽസു എഴുതിയ ‘മൊഡ്യൂൾ – 1’ ഇന്നത്തെ വിദ്യാഭ്യാസസമൂഹത്തിൽ അനിവാര്യമായ സുശക്‌തമായ അധ്യാപക-വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. മാലതി എന്ന അധ്യാപിക താൻ മുൻപു പഠിപ്പിച്ച ഒരു വിദ്യാർത്ഥിയെ കാണാൻ പോകുന്നതാണ് ഈ കഥയുടെ പ്രമേയം. പ്രളയത്തിൽ കൈമെയ് മറന്ന് പരസ്‌പരം സഹായിച്ച മനുഷ്യരിൽ ഒരാളായിരുന്നു മാലതി ടീച്ചർ പഠിപ്പിച്ച ‘നീഹാൽ രാജ്’ എന്ന വിദ്യാർത്ഥി. ടീച്ചറുടെ വീടും വെള്ളത്തിനടിയിലായപ്പോൾ അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചതും നിഹാലാണ്. പക്ഷേ നിഹാലിനെ തേടിയെത്തുന്ന അനിത ടീച്ചർ അപ്രതീക്ഷിതമായ ചില കാര്യങ്ങൾക്ക് ദൃക്‌സാക്ഷിയാകുകയാണ്. ഒരു ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുമൊന്നും പഠിത്തത്തിൽ മുൻപിലാവണമെന്നില്ല. പക്ഷേ അവരിൽ ചിലരെങ്കിലും കാര്യമായ എന്തെങ്കിലുമൊക്കെ അവശേഷിപ്പിച്ചിട്ടാണ് സ്‌കൂൾ വിട്ടു പോവുക . അത്തരം വിദ്യാർത്ഥികളെ അധ്യാപകർ ഒരിക്കലും മറക്കില്ല.  അങ്ങനെയൊരു അനുഭവത്തിലേക്കാണ് ഈ കഥ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്.

അധ്യാപകർ കേവലം അധ്യാപനം മാത്രം നടത്തിയാൽ പോര. വിദ്യാർത്ഥികളുടെ മനസുകൂടി മനസിലാക്കണം. ഒക്ലഹോമയുടെ മുൻ ഗവർണറായിരുന്ന ബ്രാഡ് ഹെൻറി ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘A good teacher can inspire hope, ignite the imagination, and instill a love of learning’. ഒരു നല്ല അധ്യാപികക്ക് / അധ്യാപകന് തന്റെ വിദ്യാർത്ഥിയിൽ പ്രതീക്ഷയും പ്രചോദനവും, ഭാവനയും വളർത്താൻ  കഴിയും. അത്തരത്തിലുള്ളതാകണം അധ്യാപനം. ആ അധ്യാപകരെ വിദ്യാർത്ഥികളും  എന്നും ഓർത്തിരിക്കും.

തനൂജ ഭട്ടതിരി എഴുതിയ ‘ഒരേ പെൺകുട്ടി’ എന്ന കഥയിൽ അനു എന്ന പെൺകുട്ടി അമ്മയിൽ നിന്നു മെല്ലെ വഴിമാറി പോകുന്നതാണ് കാണാൻ സാധിക്കുന്നത്. അമ്മയുടെ കൂടെ എപ്പോഴും നടന്ന് അമ്മയെ അനുസരിച്ച അനുപമ വലുതാകുമ്പോൾ  അമ്മയെ അനുസരിക്കാതെ അമ്മയുടെ സ്‌നേഹലാളനകളിൽ നിന്നും അകന്നുപോകുന്നു. ഒരു പരിധിക്കപ്പുറം അമ്മമാരെ  മക്കൾ അനുസരിക്കില്ല. പിന്നീട് അവർ അവഗണിക്കപ്പെടുന്ന മാതൃത്വത്തിന്റെ പ്രതീകങ്ങളാകുന്നു. ആ ഒരു അവസ്ഥയെക്കൂടി കഥ അനാവരണം ചെയ്യുന്നു.

കെ.പി. സുധിര എഴുതിയ ‘ഗുരു പറഞ്ഞ കഥ’ ഗുരു നിത്യചൈതന്യയതിയുടെ അനുഭവകഥയാണ്. നമുക്ക് ചുറ്റും ആശ്വാസവും സന്തോഷവും പകരാൻ ഏത് ചെറിയ വസ്‌തുവിനും ജീവജാലങ്ങൾക്കും സാധിക്കും. നാം ഭയക്കുന്നവരും വെറുക്കുന്നവരും പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് ആശ്വാസം പകരും. ഗുരു നിത്യചൈതന്യയതി ഒരു രാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുമ്പോൾ അസഹനീയമായ തണുപ്പ് നേരിടേണ്ടി വന്നു. അപ്പോൾ അപ്രതീക്ഷിതമായ എന്തോ ഒന്ന് ഗുരുവിനെ ചേർത്തുപിടിച്ചു. ആ രാത്രിമുഴുവൻ ഗുരു സുഖമായ്‌ ഉറങ്ങി. ഉണർന്നെണീറ്റപ്പോൾ തനിക്ക് കാവൽ കിടന്നയാളെ ഗുരു ഞെട്ടിപ്പോയി. ചില അപരിചിതർ നമുക്ക് താങ്ങും തണലുമായ് വളരുമ്പോൾ ആരായാലും ഒന്ന് അത്‌ഭുതപ്പെടും. തികച്ചും രസകരമായ ഒരു അനുഭവകഥയാണ് ‘ഗുരു പറഞ്ഞ കഥ’.

എന്റെ സ്വന്തം അമ്മയുടെ ഒരു കഥയും ഈ സമാഹാരത്തിലുണ്ട്. അതെഴുതിയിട്ട് അമ്മ എനിക്കാണ് ആദ്യം വായിക്കാൻ തന്നത്. എനിക്കിഷ്‌ടമായെന്നു പറഞ്ഞതു കൊണ്ടാണ് പ്രസിദ്ധീകരിച്ചതും.

അമ്മമാരുടെ വാക്കുകൾ മധുരമയമാണ്. അമ്മക്കഥക്കൂട്ടിലെ ഓരോ കഥകളും അത്തരത്തിൽ മധുരമൂറുന്നതാണ്. അമ്മയും മക്കളും എപ്പോഴും സ്‌നേഹിച്ച്  ജീവിക്കേണ്ടവരാണ്. ഇവിടെ ഓരോ അമ്മമാർക്കും ഓരോ കാര്യങ്ങൾ പറയാനുണ്ട്.  പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും കൂട്ട് നിൽക്കുന്ന സ്‌നേഹം എന്ന ഒറ്റ മരുന്ന്/മന്ത്രം കൊണ്ട് കുട്ടികളെ എപ്പോഴും കൂടെ ചേർക്കുന്ന അമ്മമാരെയാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account