അവർ മലകയറുക ആയിരുന്നു. അവൾ ഉത്സാഹത്തിലായിരുന്നു. അവൻ കിതപ്പോടെ പറഞ്ഞു, ” ആ പാറപ്പുറത്ത് ഒന്നിരിരുന്ന്, വിശ്രമിച്ചിട്ട് കയറ്റം തുടർന്നാൽ മതിയാവും അല്ലേ?”

അവൾ ചിരിച്ചു. ആ ചിരിയിൽ വസന്തത്തിലെ എല്ലാ പൂക്കളും വിരിയുന്നത് അവൻ കണ്ടു. നീലവാനത്തിലൂടെ വെൺ മേഘ തുണ്ടുകൾ പായുന്നത് നോക്കി അവൾ ഓടുകയായിരുന്നു.

അവർ കുതിപ്പോടെ മലകയറ്റം തുടർന്നു.

“ഉയരം കൂടുന്തോറും ചൂട്‌ കുറയുന്നത് കണ്ടോ?” – അവൻ ആർദ്രനായി.

“അതെ, പക്ഷേ ഉള്ളിലെ ചൂട് വല്ലാതെ കുടുകയാണ്. അല്ലേ?” – അവളിൽ വിരിയുന്ന മാരിവില്ലുകൾക്ക് വല്ലാത്ത ഭംഗിയാണെന്ന് അവന് തോന്നി.

മലമുകളിൽ വിജയക്കൊടി നാട്ടിയ ശേഷം അവൻ നെടുതായി നിശ്വസിച്ചു. അവൻ സന്തോഷത്തിലായിരുന്നു.

” നോക്കൂ, എന്ത് മനോഹരം അല്ലേ, ചിത്രപതംഗങ്ങളും പേരറിയാകിളികളും അനുപമദൃശ്യങ്ങളും…… അല്ലേ? – അവൻ മൊഴിഞ്ഞു.

“നാം മലമുകളിൽ എത്തിയെന്നോ…. ഇനി?” – അവളുടെ നോട്ടത്തിൽ അസ്വസ്ഥത പടരുന്നത് പോലെ!

” എന്തേ?….” – അവന്റെ മുൻകാഴ്ചകൾ ശൂന്യമാവുന്നുവോ?

“വെറുതെയായി…. വെറും വെറുതെ… ഞാൻ താഴോട്ടിറങ്ങാൻ പോവുകയാ”- അവളുടെ ശബ്ദത്തിൽ മൂർച്ചയേറി വരുന്ന പോലെ!

ഭ്രമം തേടുന്ന കയറ്റിറക്കങ്ങൾ…. ഭ്രമമായി കരുതുന്നവരുടെ തീഷ്ണപ്രയാണങ്ങൾ…. ഭ്രമമായിരുന്നുവെന്ന് പുച്ഛിക്കുന്നവരുടെ പ്രായോഗികതകൾ.

-പ്രബോധ് ഗംഗോത്രി-

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account