ഏതാണ്ട് 130 വർഷം മുമ്പേ കേരളത്തിൽ വനിതകൾക്കുവേണ്ടി ഒരു മാസിക പ്രസിദ്ധീകരണമാരംഭിച്ചിരുന്നു. സ്‌ത്രീകളുടെ വിനോദത്തിനും അറിവുവർദ്ധിപ്പിക്കുന്നതിനും  വേണ്ടി ആധുനിക വിദ്യാഭ്യാസം നേടിയ പുരുഷൻമാർ പ്രസിദ്ധീകരിച്ച ആ മാസികയുടെ പേര് കേരളീയ സുഗുണബോധിനിയെന്നാണ്. തുടർന്ന് 1930 വരെയുള്ള കാലഘട്ടത്തിൽ പതിനഞ്ചോളം വനിതാമാസികകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.  ഇവയിൽ ചിലതിന്റെ  രക്ഷാധികാരികൾ, പത്രാധിപമാർ, പ്രസാധകർ ഒക്കെ പൂർണമായും സ്‌ത്രീകൾ തന്നെയായിരുന്നുതാനും. സ്‌ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ഇവയെക്കുറിച്ചുള്ള ചിന്തകളും സ്‌ത്രീവിമോചനോന്മുഖമായ ഉള്ളടക്കവും കൊണ്ട് ആ മാസികകൾ കേരളീയസ്‌ത്രീകളെ ആശയപരമായി നവീകരിച്ചു, നവീകരിക്കാനുള്ള ശ്രമമെങ്കിലും നടത്തി.

ഈ ചരിത്രത്തിന്റെ സ്‌മരണയോടെ വേണം പുതിയ കാലത്തെ വനിതാ മാസികകളെക്കുറിച്ചും അവയുടെ വിപ്ലവകരമായ നൂതനാശയങ്ങളെക്കുറിച്ചും ആലോചിക്കേണ്ടത്.

‘പുരുഷൻമാർക്ക് കൺകുളിർപ്പിക്കാൻ ഉണ്ടാക്കിത്തീർത്ത ഒരാകൃതി, വെറും കൃത്രിമം, എന്നാൽ നമ്മൾ ആരാധിക്കുന്ന ഒരു സുന്ദരസമ്പ്രദായം. അതെ, സ്‌ത്രീത്വം എന്നാൽ അസ്വാതന്ത്ര്യത്തെ ആത്‌മാഭിമാനത്തോടെ ആരാധിക്കുന്ന  ഒരു സത്വം’

പാർവ്വതി നെന്മിനിമംഗലമെന്ന സ്‌ത്രീ 1933ൽ ‘സ്‌ത്രീ” എന്ന വനിതാമാസികയിൽ എഴുതിയതാണീ വാക്കുകൾ. അന്നു വിമർശിക്കപ്പെട്ടെങ്കിൽ 2018 ലെത്തുമ്പോഴാകട്ടെ വനിതാമാസികകൾ, പുരുഷനു കൺകുളിർപ്പിക്കാൻ ഉണ്ടാക്കിത്തീർത്ത ഒരാകൃതി എന്ന സ്‌ത്രീയവസ്ഥയെ ആഘോഷിക്കുകയാണ്. ആദ്യകാല സ്‌ത്രീ മാസികകൾ ഇല്ലാതാക്കാൻ ശ്രമിച്ചതെന്തോ അതിനെയൊക്കെ ആവേശത്തോടെ അവർ പുനസ്ഥാപിക്കുന്നു. വനിതകൾക്കു മാത്രമായുള്ള ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ, സംശയ നിവാരണങ്ങൾ എല്ലാത്തിലും പുരുഷന്റെ കാഴ്ച്ചയിൽ, നോട്ടത്തിൽ അഭിമതയാവാനുള്ള കൗശലങ്ങളും സൂത്രവാക്യങ്ങളും  തന്ത്രപൂർവ്വം കുത്തിത്തിരുകിയിരിക്കുന്നു. സുന്ദരിയാവാനുള്ള ഉപായങ്ങൾ, പാചകക്കുറിപ്പുകൾ, ഉദ്യോഗവും കുടുംബവേലകളും സമരസപ്പെടുത്താനുള്ള ടെക്‌നിക്കുകൾ (രാത്രി പച്ചക്കറി അരിഞ്ഞു വെയ്ക്കുക, മീൻ മുറിച്ചു വെയ്ക്കുക, ഞായറാഴ്ച്ച  ഒരാഴ്ച്ചത്തേക്കുള്ള തേങ്ങ ചിരവുക, അരിയരയ്ക്കുക, തേക്കുക, അലക്കുക…), ശിശു പരിചരണം, ഗർഭകാല ലൈംഗിക ബന്ധം, പ്രസവ ശുശ്രൂഷ, സമ്പാദ്യശീലം, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദാമ്പത്യബന്ധം പുതുമയുള്ളതാക്കൽ ഇങ്ങനെ എത്രയെത്ര സ്‌ത്രീപ്രശ്‌നങ്ങളെയാണവ അഭിസംബോധന ചെയ്യുന്നത്! സമൂഹമനസിൽ  രൂഢമായ അതേ സാമ്പ്രദായിക സ്‌ത്രീബിംബത്തെ ഇവരിങ്ങനെ ഓരോ ലക്കത്തിലും മിനുക്കിയെടുത്ത് പ്രതിഷ്ഠിച്ചു കൊണ്ടിരിക്കും. അതിൽ നിന്നു കുതറാനോ  രക്ഷപെടാനോ സ്‌ത്രീകൾക്ക്  സാധ്യമാവാത്ത വിധം.  സ്‌ത്രീകളെ ലിംഗവിവേചനത്തിന്റെ ശക്‌തരായ വക്‌താക്കളും പിന്തുണക്കാരും ആക്കി മാറ്റുകയാണ് ഇന്നത്തെ വനിതാമാസികകളുടെ ധർമ്മം. പുരുഷന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന, ലിംഗ പദവിയലധിഷ്ഠിതവും ശ്രേണീബദ്ധവുമായ അധികാര വ്യവസ്ഥയെ സംരക്ഷിക്കുന്ന, അതു തന്നെയാണ് തങ്ങൾ ചെയ്യുന്നതെന്ന് പറയാനും മടിയില്ലാത്ത  ഇത്തരം മാസികകൾ കൃത്യമായും കണിശമായും അധീശത്വത്തെ ആഘോഷിക്കുന്നു. മിക്കപ്പോഴും ഏറ്റവും സ്‌ത്രീവിരുദ്ധമായതിനെയാണ് നമ്മൾ വനിതകളുടെ സുഹൃത്തെന്നും വഴികാട്ടിയെന്നുമൊക്കെ വിളിച്ച് ചേർത്തു പിടിക്കുന്നതെന്നത് വിചിത്രമായിത്തോന്നാം.

ഈ പശ്‌ചാത്തലത്തിലാണ് കേരളത്തിലെ മുഖ്യധാരാ വനിതാ പ്രസിദ്ധീകരണങ്ങളിലൊന്നായ ഗൃഹലക്ഷ്‌മി തുറിച്ചു നോക്കരുത്, ഞങ്ങൾക്ക് മുലയൂട്ടണം എന്ന കാമ്പയിനിങുമായി പ്രസിദ്ധീകരിച്ച അർദ്ധനഗ്‌നയായ അമ്മയുടേയും പാലുകുടിക്കുന്ന കുഞ്ഞിന്റെയും ചിത്രം പ്രസക്‌തമാവുന്നത്. വിപ്ലവകരവും സാഹസികവുമായ ചുവടുവെയ്പ്പൊന്നൊക്കെ വിശേഷിപ്പിക്കാവുന്നത്. പൊതു സ്ഥലത്തെ നഗ്‌നതാപ്രദർശനം കുറ്റകരമായ ഒരു രാജ്യത്ത് ഒരു  മാഗസിന്റെ കവറായി അർദ്ധനഗ്‌ന ചിത്രം പ്രസിദ്ധീകരിക്കുന്നതിനെ ന്യായീകരിക്കാൻ നന്നായി ഉതകുന്നുണ്ട് മുലയൂട്ടലിനെക്കുറിച്ചുള്ള പരാമർശം. ഇത് മാതൃത്വത്തിന്റെ ദിവ്യമായ, അഭൗമമായ ചിത്രമാണ്. മുലകൾ എപ്പോഴും ലൈംഗികോദ്ദീപകങ്ങളുമല്ല.

ഏറ്റവും ശക്‌തമായ പ്രതിരോധത്തിന്റെ ചിഹ്നങ്ങളായി മുലകൾ മാറിയതിന്റെ ഉദാഹരണങ്ങൾക്ക് ചരിത്രത്തിലേക്ക് കുറച്ചൊന്നു തിരിഞ്ഞു നോക്കിയാൽ മതി. മുലമാറാപ്പുവഴക്ക് എന്ന പേരിൽ വർഷങ്ങൾ നീണ്ട ആ പെൺ സമരത്തിൽ സവർണ പുരുഷൻമാർ മുല മറച്ചു പൊതുസ്ഥലത്തു വരുന്ന സ്‌ത്രീകളുടെ മേൽവസ്‌ത്രം വലിച്ചു കീറിയാണവരെ അപമാനിച്ചിരുന്നത്. മുലക്കരത്തിനെതിരെ പ്രതിഷേധിക്കാൻ  സ്വന്തം മുലകളറുത്തു കളഞ്ഞ നങ്ങേലിയെന്ന ഈഴവസ്‌ത്രീയുടെ സ്ഥലമാണത്രേ ആലപ്പുഴയിലെ മുലച്ചിപ്പറമ്പ്. മാറുമറച്ച് രാജസദസിൽ വന്ന സ്‌ത്രീയുടെ മുല ഛേദിച്ചുകളഞ്ഞ സംഭവത്തെപ്പറ്റി എഴുതിയ വിദേശസഞ്ചാരിയുണ്ട്. ജീവൻ പോയാലും മാറുമറയ്ക്കില്ല എന്നു ടിപ്പു സുൽത്താന്റെ നിർദ്ദേശത്തോട്  പ്രതിരോധിച്ച നാട്ടു സ്‌ത്രീകളുണ്ട്. തൊലി ഉരിച്ചെടുത്താലും ദേഹത്തിട്ട ബ്ലൗസൂരില്ല എന്നു പ്രഖ്യാപിച്ച നാടക കഥാപാത്രമുണ്ട് (ഋതുമതി).  പല രീതിയിൽ  പ്രതികരിക്കുന്ന പലതരം മുലകളുടെ ദീർഘമായ ചരിത്രം. ക്ഷോഭിക്കുന്ന മുലകളെന്ന് സാറാജോസഫിന്റെ ഒരു കഥയിൽ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരി വെയ്ക്കുന്ന എത്രയോ മുലകൾ.

അപ്പോൾ  തീർത്തും അശാസ്‌ത്രീയമായ രീതിയിൽ കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുടെ ആ ചിത്രത്തിന് അതവകാശപ്പെടുന്ന, അല്ലെങ്കിൽ അതിനു മേൽ ആരോപിക്കുന്ന പുതുമയോ ധ്വംസനസ്വഭാവമോ ഇല്ല എന്നതു ചരിത്രം.  മുലയൂട്ടൽ രംഗങ്ങൾ അതിമനോഹരമായി പകർത്തിയ ലോകപ്രശസ്‌ത  പെയിന്റിങ്ങുകൾ കൂടിയൊന്ന് ഈ ചിത്രത്തോട് ചേർത്തു നോക്കുമ്പോഴറിയാം, ഇത് എത്രയ്ക്കു കൃത്രിമവും വിരസവുമായ മുലയൂട്ടൽ ചിത്രമാണെന്ന്. കുഞ്ഞ് ഉറങ്ങുന്നതും അതിന്റെ വായിൽ കുത്തിത്തിത്തിരുകിയിരിക്കുന്നത് പാലുറന്നു വരാത്ത മുലയാണെന്നതും, മുലയുടെ ഉടമസ്ഥ പ്രസവിക്കാത്തവളാണെന്നതു മൊക്കെ അപ്രസക്‌തമാണ്, ചർച്ച ചെയ്യേണ്ടതുമല്ല. ആ ഫോട്ടോ മുലയൂട്ടുന്ന അമ്മയേയും കുഞ്ഞിനേയും മാത്രം നിഷ്‌കളങ്കമായി പകർത്തുകയല്ല എന്നു വ്യക്‌തമാവാൻ അതിന്റെയൊന്നും ആവശ്യവുമില്ല.

എന്തും വിവാദമാവുന്ന കേരളീയാന്തരീക്ഷത്തിൽ ഈ ചിത്രം ഇത്രയും കോലാഹലമാവുന്നതിലത്‌ഭുപ്പെടേണ്ടതില്ല. അമേരിക്കയിൽ പോലും അതു സംഭവിച്ചിട്ടുണ്ട്. ബേബി ടോക് (Baby Talk) എന്ന അമേരിക്കയിലെ ഏറ്റവും  പഴയ പേരന്റിങ് മാഗസിൻ 2006 ൽ മുലകുടിക്കുന്ന കുഞ്ഞിന്റെ, (കുഞ്ഞിനാണാ ചിത്രത്തിൽ പ്രാമുഖ്യം, അമ്മയുടെ മുഖം പോലുമില്ല.  എങ്ങനെയാണ് മുലയൂട്ടൽച്ചിത്രം അതിന്റെ മുഴുവൻ അനുഭവപ്രതീതിയോടെ അശ്ലീലമാവാതെ പകർത്തുന്നതെന്നറിയാൻ ആ ചിത്രം കണ്ടാൽ മാത്രം മതി) ചിത്രം കവർ പേജായി കൊടുത്തതിനെത്തുടർന്നുണ്ടായ വിവാദചർച്ചകൾ കുറച്ചൊന്നുമായിരുന്നില്ല. ആ ചിത്രം തങ്ങളെ ഞെട്ടിച്ചതിനെക്കുറിച്ച്, പ്രകോപിതരാക്കിയതിനെക്കുറിച്ച്, അതൊരു അറപ്പുളവാക്കുന്ന ചിത്രമെന്ന് എത്രയോ പേർ കുപിതരായി. പക്ഷേ യഥാർത്ഥത്തിൽ എത്രയോ മനോജ്ഞമായൊരു ചിത്രമായിരുന്നു അത്. മഡോണ ആൻഡ് ചൈൽഡ് പോലെ കാവ്യാത്‌മകമായൊരു ഫോട്ടോ. കാഴ്ച്ചപ്പണ്ടമാവുന്ന മുലകളായിരുന്നില്ല അതിലുണ്ടായിരുന്നത്. മുലയൂട്ടൽ എന്ന അനുഭൂതിയായിരുന്നു. നമ്മുടെ മാധ്യമപ്രവർത്തകർ ഇനിയും പഠിക്കേണ്ടത്,  ഏറ്റവും കുറഞ്ഞത് ഗൃഹലക്ഷ്‌മിയുടെ ഫോട്ടോഗ്രാഫറെങ്കിലും .

മുലയൂട്ടൽ ഒരു സാധാരണ ജൈവിക പ്രക്രിയയായി കാണാനുള്ള വിമുഖത എല്ലായിടത്തുമുണ്ട്. പബ്ലിക് റോഡിൽ, പൊതുവാഹനത്തിൽ, ജോലിസ്ഥലത്ത്, ഷോപ്പിംഗ് മാളിൽ ഒക്കെ മുലയൂട്ടാൻ അവകാശം നിഷേധിക്കപ്പെട്ട സ്‌ത്രീകൾ ലോകത്ത് പലേടങ്ങളിലായി ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്, നടത്തുന്നുമുണ്ട്. ഒരു കൈയ്യിൽ പ്ലക്കാർഡു പിടിച്ച്  മറ്റേക്കയ്യിൽ കുഞ്ഞിനെ ചേർത്തു പിടിച്ച് മുലയൂട്ടിക്കൊണ്ട് സ്‌ത്രീകൾ നടത്തിയ സമരങ്ങൾ.  അതൊന്നും പക്ഷേ ഞങ്ങളെ തുറിച്ചു നോക്കല്ലേ എന്ന അഭ്യർത്ഥനയോടെയല്ല  സ്റ്റുഡിയോ റൂമിൽ ക്യാമറയ്ക്കു മുന്നിൽ പാലില്ലാത്ത മുലയൂട്ടുന്ന മോഡലിന്റെ പ്രതീകാത്‌മക മുലയൂട്ടലുമല്ല അത്. പൊതുസ്ഥലത്ത് കുഞ്ഞിനെ മുലയൂട്ടാനവകാശം നിഷേധിക്കപ്പെട്ട സ്‌ത്രീകൾ പാലുകെട്ടിനിന്നാലുണ്ടാവുന്ന മുലക്കടച്ചിലോടെ നടത്തിയ  തീവ്രമായ പ്രതിഷേധമാണത്. അമാന്യമോ ലൈംഗികപരമോ ആയ യാതൊന്നും മുലയൂട്ടലില്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നും പൊതുവിടങ്ങളിൽ കുഞ്ഞിനു വിശക്കുമ്പോഴെല്ലാം ആത്‌മവിശ്വാസത്തോടെ അപമാന ഭീതിയില്ലാതെ മുലയൂട്ടാൻ സാധിക്കണമെന്നുമാവശ്യപ്പെട്ടുള്ള സ്‌ത്രീകളുടെ ചെറുത്തുനിൽപ്പ്.

അർജന്റീനയിൽ, ലോസ് ഏഞ്ചൽസിൽ, ആസ്‌ട്രേലിയയിൽ, തുടങ്ങിഎത്രയോ ഇടങ്ങളിലാണ് Mass Breast Feeding protest കൾ നടന്നത്. ‘No Repression, Nursing is not up for discussion’ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. എന്റെ മുലകൾ, എന്റെ അവകാശം, നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞാൻ വില കൽപ്പിക്കുന്നില്ല എന്നവർ ഒറ്റ ശബ്‌ദത്തിൽ പ്രതിഷേധിക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്ക് പുറകിലാണ് നമ്മളെന്ന പ്രതീതിയുണ്ടാക്കിക്കൊണ്ട്  ഒരു വനിതാമാസിക തുറിച്ചു നോക്കല്ലേ, പാലു കൊടുത്തോട്ടെ എന്നു യാചിക്കുന്നത്. അതാരോട് എന്നതിനും വലിയ പ്രസക്‌തിയുണ്ട്. കേരളത്തിലെ പുരുഷൻമാരെല്ലാം ഞരമ്പുരോഗികളാണെന്നല്ല ഒരിക്കലുമതിന്റെ അർത്ഥം. കേരളത്തിലെ സ്‌ത്രീകൾ ഇന്നും ആത്‌മാഭിമാനമില്ലാത്ത, കർത്തൃത്വബോധമില്ലാത്ത പാവകളാണെന്നു മാത്രമാണ്. സ്‌ത്രീകൾ ഏതു രീതിയിൽ പ്രതിഷേധിക്കണമെന്നു പോലും അവരല്ല, അവരെ ഭരിക്കുന്നവരാണു നിർണയിക്കുക. സ്വാഭാവികമായും എല്ലാ പ്രതിരോധങ്ങളും വ്യവസ്ഥാനുകൂലമായിരിക്കുകയും ചെയ്യും.

വനിതാമാസികകളുടെ രാഷ്‌ട്രീയം ഏറ്റവും സ്‌ത്രീവിരുദ്ധവും പ്രതിലോമകരവുമാകുന്നതിന് ചിത്രത്തിലെ ഗൃഹലക്ഷ്‌മിയായ അമ്മയുടെ നെറ്റിയിലെ സിന്ദൂരം മറ്റൊരു ദൃഷ്‌ടാന്തമാണ്. അതത്ര നിസാരമല്ല. അവർ നിർദ്ദേശിച്ചതു പോലെ, അവർക്കാവശ്യമുള്ളതുപോലെ താൻ ചെയ്‌തുവെന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള മോഡലിന്റെ പ്രതികരണം. സ്‌ത്രീയുടെ ഉൽപ്പാദനവും പ്രത്യുൽപ്പാദനവുമടക്കം അവളുടെ ഭൗതികസ്വത്വത്തെയൊട്ടാകെ പുരുഷൻ സ്വന്തമാക്കുന്ന കരാറാണു വിവാഹമെന്നു ഫെമിനിസ്റ്റ് ചിന്തകർ എത്രയോ മുമ്പ് വ്യക്‌തമാക്കിയിട്ടുണ്ട്. വിവാഹം, കുടുംബം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കുള്ളിലൊതുങ്ങിയ കുലീനകളെയേ വനിതാമാസികകൾക്ക് അമ്മയായി സങ്കൽപ്പിക്കാനാവൂ. അതിന്റെ പ്രകടചിഹ്നമാണവളുടെ സിന്ദൂരം.

മുലയൂട്ടൽ ഒരു സ്വാഭാവിക ജൈവിക പ്രക്രിയയാണെന്നതു മറന്ന് അതിനു മേൽ അതികാൽപ്പനികമായ ലോല ഭാവങ്ങൾ അടിച്ചേൽപ്പിക്കുന്നത്  മാതൃത്വത്തെ ആദർശവൽക്കരിക്കാനുള്ള മറ്റൊരു കൗശലം. ഇതൊക്കെയാണ് സ്‌ത്രീകളുടെ ഉദാത്തമായ അവസ്ഥകളെന്ന പൊതുജനാഭിപ്രായം രൂപീകരിക്കുകയും അതിന് സാമൂഹ്യ പ്രയോഗസാധ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ശരീരത്തിന്റെ ഭാഷ/ശരീരബിംബങ്ങൾ  ലിംഗപദവീബദ്ധമായ (gendered)  സാമൂഹിക ബോധ്യങ്ങളെ തകർക്കാനായും ഉപയോഗിക്കാം. പക്ഷേ ഇതങ്ങനെയാവരുതെന്ന് ഗൃഹലക്ഷ്‌മിക്കു ശാഠ്യമുണ്ട്. പുരുഷ സൃഷ്ടമായ അതേ സ്‌ത്രീബിംബം, ലൈംഗികതയുടെ നിക്ഷേപമായ അതേ ശരീരം. പാലു ചുരത്താത്ത  മുലയുടെയറ്റത്ത് കുഞ്ഞിനെ കൂടി പ്രതിഷ്ഠിച്ചതോടെ ഒരേ സമയം പുരുഷൻ ആഗ്രഹിക്കുന്ന രതിബിംബവും മാതൃത്വത്തിന്റെ ദിവ്യ മാതൃകയുമാവാൻ ആ ഫോട്ടോയിലെ മോഡലിനു കഴിയുന്നു. ലിംഗ രാഷ്‌ട്രീയത്തിന്റെ യാഥാസ്ഥിതിക ആൺകേന്ദ്രിത പരിഗണനകളെയെല്ലാം സഫലമാക്കുന്നതു കൊണ്ടു തന്നെ അശ്ലീലമായിത്തീർന്ന ഒരു  മുലയൂട്ടൽ ചിത്രം. ഈ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട മോഡലിന്റേത് ധീരമായ നിലപാടെന്നു പ്രശംസിക്കപ്പെടുന്നതാണ് മറ്റൊരു ഫലിതം. സ്വന്തം കരിയർ ഭദ്രമാക്കാനുള്ള ഒരുപാധി മാത്രമാണവർക്കീ ഫോട്ടോ .  ശരീരത്തിന്റെ വിപണിസാധ്യതകളെക്കുറിച്ചു പൂർണ ബോധ്യമുള്ള സ്‌ത്രീ.

മാറിടം തുറന്നു കാട്ടുന്നതോ അടച്ചു വെയ്ക്കുന്നതോ അല്ല യഥാർത്ഥത്തിൽ പ്രധാനം. എന്തു വേണമെന്നു സ്വയം തെരഞ്ഞെടുക്കാൻ കഴിയുന്നതാണ്.  നമ്മുടെ ശരീരങ്ങൾ ശരിക്കു നമ്മുടേതല്ല, നമ്മുടെ മുലകൾ ഒട്ടും നമ്മുടേതല്ല. അത് എങ്ങനെ ഉപയോഗിക്കപ്പെടണമെന്ന്, ഏതൊക്കെ രീതിയിൽ വിപണിവൽക്കരിക്കണമെന്ന് തീരുമാനിക്കുന്നത് മറ്റാളുകളാണ്. തുരുമ്പുപിടിച്ച ചില മുദ്രാവാക്യങ്ങളുടെ മറവു പിടിച്ച്  അത് സ്‌ത്രീകളുടെ ശരീരത്തെ സമർത്ഥമായി ചൂഷണം ചെയ്യും. ഗൃഹലക്ഷ്‌മിമാരാവാൻ എല്ലാവരേയും പരിശീലിപ്പിക്കും. ആൺതുറിച്ചുനോട്ടങ്ങളെ  ഭയപ്പെടണമെന്നും ചൂളി നിൽക്കണമെന്നും പറയാതെ പറയും. സ്‌ത്രീയൊരു ശരീരം മാത്രമാണെന്നടിച്ചുറപ്പിക്കുന്ന ഇത്തരം കാമ്പയിനുകൾക്കെതിരെ, ഫോട്ടോകൾക്കെതിരെയാണ് പ്രതിഷേധമുയരേണ്ടത്.

13 Comments
 1. V Thomas 3 years ago

  മാഡം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ഇത് വേര് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. കാശുവാങ്ങി മോഡലാകുന്നവർക്ക് മറ്റെന്തുദ്ദേശം? കിട്ടിയ കാശ് സാമൂഹ്യപ്രവർത്തനത്തിനു ഉപയോഗിക്കുമോ? ഒരിക്കലുമില്ല.

  പിന്നെ, ഇത്തരം ഫോട്ടോകൾകൊണ്ടുള്ള ഉദ്ദേശം ലാഭം തന്നെ യാണ്. മുലകൾ
  ലൈംഗികോദ്ദീപകങ്ങളുമല്ല എന്ന് പറഞ്ഞത് ശരിയെന്നഭിപ്രായമില്ല. അങ്ങനെയെങ്കിൽ ഈ ഫോട്ടോ തന്നെ വെറുതെയാകില്ലേ?

  • Author
   Jisa Jose 3 years ago

   മുലകൾ എല്ലായ്പ്പോഴും ലൈംഗികോദ്ദീപകങ്ങളല്ല എന്നാണു പറഞ്ഞത്.

 2. Anil 3 years ago

  Correctly said. It’s all for publicity and fame, and for money in the name of social cause.

  • Author
   Jisa Jose 3 years ago

   tku

 3. PRADEEP.V 3 years ago

  വനിത, വനിതാരത്നം, ഗ്യഹലക്ഷ്മി ഈ മൂന്നു വല്ലപ്പോഴും മറിച്ചു നോക്കാറുണ്ട്. അപ്പോഴോക്കെ എനിക്ക് തോന്നിയ ഒരു കാര്യം അതിൽ വനിതകക്ക് ആവശൃമായ ഒന്നും തന്നെ ഇല്ല എന്നതാണ്. ഈ ലേഖനത്തിൽ പറഞ്ഞതുപോലെ സ്ത്രീകളുടെ ജോലി എന്താണ് എന്നു പറഞ്ഞുറപ്പിക്കുന്നു. ഒപ്പം സാധാരണ ജനങ്ങൾക്ക്‌ ആവശൃമില്ലത്ത പാചക കുറിപ്പുകൾ, ഒപ്പം നടി നടന്മാരുടെ വീട് പണി പ്രസവം വേർപിരിയിൽ ഇവയോക്കെ ഇമ്പമുള്ള തലകെട്ടിൽ കാണാം, വേണമെങ്കിൽ ഒരു ചിത്രവും മറ്റോന്നുണ്ട്, ഡോക്ടറോടു ചോദിക്കൽ.അതിൽ ചോദൃം ചോദിക്കുന്നവർക്കെല്ലാം ഒരു പ്രത്യേക അസുഖം മാത്രമായിരിക്കും. ഏതായാലും ഇതോക്കെ വായനക്കാർ തിരിച്ചറിഞ്ഞു തുടങ്ങി എന്നത് ആശ്വാസം.

  • Author
   Jisa Jose 3 years ago

   അതെ.

 4. Chandran 3 years ago

  Beautiful article… Such campaigns are only for publicity, nothing else. Yes, protest should be against such pictures.

  • Author
   Jisa Jose 3 years ago

   tku

 5. Vijay 3 years ago

  Well written. Totally agree and appreciate your findings and thoughts. Yes, one should be protesting against such pictures, which are absolutely for fame..

 6. Manoj M 3 years ago

  ചരിത്രത്തിലൂടെ തെളിവുകൾ നിരത്തി അതി സമൃദ്ധമായി കാര്യകാരണങ്ങൾ വിശകലനം ചെയ്ത് എഴുതിയ കൃതി. അനഭിനന്ദനങ്ങൾ

  • Author
   Jisa Jose 3 years ago

   നന്ദി

 7. Joseph 3 years ago

  Very good note. Appreciate your thoughts.

 8. Nasar N 3 years ago

  മികച്ച ഒരു ലേഖനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account