ഈയാഴ്‌ച എന്തെഴുതുമെന്ന് ചിന്തിച്ച് കൊണ്ടിരുന്നപ്പോൾ പെട്ടന്നൊരു വെളിപാടുണ്ടാകുന്നു, ബ്രണ്ണനെക്കുറിച്ച് തന്നെ എഴുതാം. പെട്ടെന്ന് വെച്ച് പിടിച്ചു ഗൂഗിളമ്മാവന്റെയടുത്തേക്ക്. EDWARD BRENNEN എന്ന് Search ചെയ്‌തു.

ബോംബെയിൽ ചെന്ന് പുതിയ  ജോലിയിൽ ചേരാൻ വേണ്ടിയുള്ള  യാത്രയിലായിരുന്നു ബ്രണ്ണൻ സായിപ്പ്. നിർഭാഗ്യവശാൽ (നമ്മുടെ ഭാഗ്യവശാലും) തലശ്ശേരിയ്ക്കടുത്തു വെച്ച്  അദ്ദേഹത്തിന്റെ   കപ്പൽ തകർന്നു പോവുകയും അദ്ദേഹം എങ്ങനൊക്കെയോ നീന്തി തീരത്തെത്തി രക്ഷപെടുകയും ചെയ്‌തു. പിന്നീടദ്ദേഹം  തലശ്ശേരി വിട്ടു പോയില്ല. ദീർഘകാലം ഇവിടെ ഉദ്യോഗം വഹിച്ചു.

തലശ്ശേരിയുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി എഡ്വർഡ് ബ്രണ്ണൻ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഒരു സ്‌കൂൾ സ്ഥാപിക്കാനായി മാറ്റിവെച്ചു. 1869 സെപ്റ്റംബർ 1 നാണ് ബ്രണ്ണൻ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. എല്ലാ ജാതി മത വിഭാഗത്തിലും പെട്ട ആൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള അവസരം കിട്ടുകയെന്നതായിരുന്നു ബ്രണ്ണന്റെ സ്വപ്‌നം. ഈ സ്‌കൂളാണ് പിന്നീട് കോളേജായ് വികസിച്ചത്.

ഇനി ബ്രണ്ണൻ സകൂളിനെക്കുറിച്ച് തന്നെ പറയാം. തലശ്ശേരി എന്ന തുറമുഖ നഗരത്തിലെ ഏറെ പഴക്കവും പാരമ്പര്യവുമുള്ള വിദ്യാലയമാണ് ബ്രണ്ണൻ. ഏകദേശം 1400 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. സ്ഥലപരിമിതി എന്ന ഒരു പ്രശ്‌നം സ്‌കൂൾ നേരിട്ടിരുന്നുവെങ്കിലും ഇപ്പോൾ അതിനെ അതിജീവിക്കാൻ സ്‌കൂളിന് ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്.

ഇന്ന് വളരെ പ്രസിദ്ധമായ വിദ്യാലയമാണെങ്കിലും ബ്രണ്ണന്റെ ചരിത്രത്തിന് തുന്നൽ വിട്ടു പോയതും, കീറിയതുമായ നിരവധി ഏടുകൾ ഉണ്ടായിരുന്നു. ഒരു കാലത്ത് പൊതുസമൂഹത്തിനു മുന്നിൽ ബ്രണ്ണൻ തല കുനിച്ച് നിൽക്കേണ്ടി വന്നട്ടുണ്ട്. SSLC പരീക്ഷയിൽ ഒരു കുട്ടിപോലും വിജയിക്കാതെ പൂജ്യം വിജയശതമാനവുമായി അപമാന ഭാരത്തോടെ ഈ സ്‌കൂൾ ഒറ്റപ്പെട്ടു  നിന്നിട്ടുണ്ട്. അന്ന് പ്രിൻസിപ്പളായിരുന്ന സുഗുണൻ  മാഷിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്നു നടത്തിയ  കഠിനവും, നിരന്തരവുമായ പ്രവർത്തനങ്ങളുടെ ഫലമായി പിറ്റേവർഷം സ്‌കൂളിന് ആ  അപമാനത്തിൽ നിന്നു രക്ഷപ്പെടാനായി. പിന്നുണ്ടായത് ചരിത്രം. സ്‌കൂളിന്റെ വിജയശതമാനം നൂറായി. കുട്ടികളില്ലാതിരുന്ന സ്‌കൂളിൽ എട്ടാം ക്ലാസിൽ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുക്കേണ്ടിവന്നു. ഇപ്പോൾ പ്രവേശന പരീക്ഷ ഗവണ്മെന്റ് നിരോധിച്ചു. പക്ഷേ അപേക്ഷകരിൽ വലിയൊരു പങ്കും  ഇവിടെ അഡ്‌മിഷൻ കിട്ടാതെ മറ്റു സ്‌കൂളുകളിലേക്ക് നിരാശയോടെ പോകുന്നു.

സുഗുണൻ മാഷിന്റെ ജീവിതത്തെ, അദ്ദേഹം നേടിയെടുത്ത വിജയത്തെ അടിസ്ഥാനമാക്കിയാണ് ‘മാണിക്യക്കല്ല്‌’ എന്ന സിനിമ ഉണ്ടായത്.

എഡ്വർഡ് ബ്രണ്ണൻ കൂടുതൽ പ്രാധാന്യം നൽകിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായിരുന്നു. പാശ്ചാത്യ ഭാഷയിൽ പ്രാവീണ്യം കൂട്ടുന്നതിനായിരുന്നു ഇത്. ആദ്യകാലത്ത് അൺകുട്ടികൾക്കു വേണ്ടി മാത്രമായിരുന്നു വിദ്യാലയം.

തലശ്ശേരിക്ക് എഡ്വർഡ് ബ്രണ്ണനും, ബ്രണ്ണനിലൂടെ ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയും വിസ്‌മരിക്കാൻ കഴിയാത്ത ഒന്നാണ്.  ഇക്കാലയളവിൽ ബ്രണ്ണൻ സ്‌കൂളിനും, കോളേജിനും മികച്ചത് എന്ന ഖ്യാതിയുണ്ട്. അതിന്നും മങ്ങലേൽക്കാതെ നിലകൊള്ളുന്നു. ബ്രണ്ണൻ സകൂളിലെ വിദ്യാർത്ഥി ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു.

MED സെൻററും ബ്രണ്ണൻ ക്യാമ്പസിലുണ്ട്. നാഷണൽ കേഡറ്റ് കോർപ്പ്സ്, ജൂനിയർ റെഡ് ക്രോസ്സ് എന്നിവ ഇന്ന് സ്‌കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ബ്രണ്ണന്റെ അന്തരീക്ഷം പോലും അറിവിന്റെ വിശാലമായ വാതായനങ്ങളാണ്. ലോകത്തിൽ തന്നെ ഏറ്റവും അപൂർവ്വമായ് കാണപ്പെടുന്ന ബാഓ ബാബ് മരം ബ്രണ്ണൻ സ്‌കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്. സസ്യലതാദികൾ നിറഞ്ഞതാണ് ബ്രണ്ണൻ സ്‌കൂളിന്റെ അന്തരീക്ഷവും.

ഉത്തര കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ വലിയൊരേടാണ് ബ്രണ്ണൻ സ്‌കൂൾ. വിദ്യാഭ്യാസ പുരോഗതിയുടെ സാക്ഷ്യപത്രം. ഒരു തലശ്ശേരിക്കാരൻ തീർച്ചയായും ബ്രണ്ണനെക്കുറിച്ചറിഞ്ഞിരിക്കണം – കുറച്ചപ്പുറത്ത് ഇംഗ്ലീഷ് പള്ളി സെമിത്തേരിയിൽ ബ്രണ്ണൻ സായിപ്പ് കടൽക്കാറ്റേറ്റ് ഉറങ്ങുന്നുണ്ട്. വഴിമാറി നീന്തിക്കയറി വന്ന കടൽത്തീരം വിട്ടു പോവാതെ അവിടെത്തന്നെ ജീവിച്ച് തന്റെ സമ്പാദ്യത്തിലധികവും ഉപയോഗിച്ച് നാട്ടുകാർക്കു ഇംഗ്ലീഷ് പഠിക്കാൻ സ്‌കൂൾ സ്ഥാപിച്ച മഹാനെ ഓർമ്മിക്കാതെ തലശ്ശേരിക്ക് എന്തു ജീവിതം, എന്തു വിദ്യാഭ്യാസം!

– സ്വരൺദീപ്

2 Comments
 1. Haripriya Surendran 1 year ago

  ജ്വലനം വായിക്കാറുണ്ട്…
  ഇന്ന് ബ്രണ്ണൻ സ്കൂൾ ഡെസ്ക്ടോപ്പ് – ൽ വായിച്ചപ്പോൾ ഫോണ്ട് സൈസ് വളരെ കുറവുള്ളതായി തോന്നി. കുറച്ചു കൂടെ കൂട്ടിയാൽ നന്നായിരുന്നു.
  മൊബൈൽ – ൽ കുഴപ്പമില്ല 🙂

  • Jwalanam 1 year ago

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account