ഉറപ്പുള്ള ഒരനിശ്ചിതത്വത്തിനെ പിൻതുടരുകയെന്നാൽ ജീവിതത്തെ ആത്രമേൽ ആസ്വദിക്കുകയെന്നാണ്. ഭാവിയെകുറിച്ച് പദ്ധതികളിട്ട് ദൈവത്തെ ചിരിപ്പിക്കുന്നത് പോലെ. പിരിയേണ്ടിവരും എന്നുറപ്പുള്ള പ്രണയത്തിന്റെ പിന്നാലെ പോവുകയെന്നതും അതുപോലെ തന്നെയാണ്.

ട്രോയ് യുദ്ധത്തിനു ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന ഒഡീസിയസിനെ ഏഴു വർഷമാണ് കാലിപ്‌സോ പ്രണയ പാശത്താൽ ഒപ്പം ചേർത്തത്. സ്വന്തമെന്ന് കരുതുമ്പോഴും സ്വന്തമല്ലായിരുന്ന പ്രണയം ഒരുനാൾ കടൽകടന്നു പോകുക തന്നെ ചെയ്‌തു. പെനലോപ്പിലേക്കും ഇത്താക്കയിലേക്കും മടങ്ങാതിരിക്കുവാനാകുമായിരുന്നില്ല ഒഡീസിയസിന്. കാലിപ്‌സോയാകട്ടെ സ്വന്തം ദ്വീപിൽ നിന്നു മോക്ഷമില്ലാത്തവളും. കൂടെ കൂട്ടാനാവാത്തവരുടെ പ്രണയവും വിരഹവുമായിരുന്നു അവൾക്ക് വിധി നൽകിയ ശാപം.

ഒഡീസിയസിനെ കാലിപ്‌സോയുടെ അഭൗമ ഗാനങ്ങളാണ് ആകർഷിച്ചത്. എന്നാൽ റഷ്യൻ കവി അലക്‌സാണ്ടർ പുഷ്‌കിന്റെ ഹൃദയം കവർന്നത് മറ്റൊരു കാലിപ്‌സോയുടെ ആലാപനമാണ്. കാലിപ്‌സോ പോളിക്രോണി പ്രണയത്തിലൂടെയുള്ള പാലായനത്തിന്റേയും പരാജയത്തിന്റേയും പ്രതീകമാണ്. ഭാഷാന്തരങ്ങൾക്കും തടയാനാകാഞ്ഞ പ്രണയം. പട്ടാള ആക്രമണത്തെത്തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് റഷ്യയിലെത്തിയ വിപ്ലവകാരിലൊരാളായിരുന്നു കാലിപ്‌സോ. അവൾക്ക് റഷ്യയിലേക്കുള്ള യാത്ര പലായനത്തേക്കാളേറെ താനാരാധിക്കുന്ന കവിയായ പുഷ്‌കിനിലേക്ക് എത്താനുള്ള പ്രണയ തീർത്ഥാടനമായിരുന്നു. പക്ഷേ അവിടെയവൾക്ക് വേണ്ടവിധം പുഷ്‌കിനിലേക്കെത്താനായില്ല, അല്ലെങ്കിൽ അദ്ദേഹമവളെ വേണ്ടവിധം കണ്ടില്ല, പരിഗണിച്ചില്ല.

എട്ടുവർഷങ്ങളായി റഷ്യയിലെ മോണാസ്‌ട്രിയിൽ കഴിഞ്ഞിരുന്ന ഒരു യുവസന്യാസി വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു. മരിക്കും മുൻപെഴുതി തലയിണക്കീഴിൽ ഭദ്രമായി വച്ചിരുന്ന കത്ത് ചുരുളഴിച്ച രഹസ്യങ്ങളനുസരിച്ച് ആൺവേഷത്തിൽ കഴിഞ്ഞിരുന്ന കാലിപ്‌സോയായിരുന്നു അത്. പ്രാർത്ഥനാ മന്ത്രങ്ങളെന്നപോൽ അവളവിടെയെന്നും ഉരുക്കഴിച്ചത് പുഷ്‌കിൻ കവിതകൾ എന്ന പ്രണയാഅക്ഷരങ്ങളും. പുഷ്‌കിന്റെ മരണശേഷം മൂന്നു വർഷം കഴിഞ്ഞാണ് കാലിപ്‌സോ ജീവിതം മതിയാക്കിയത്.  ലോകവും കാലവും അവളുടെ പ്രണയത്തിൽ നടത്തിയ ഗൂഢാലോചനകൾ അവളെ റഷ്യയിലെത്തിച്ചതാവാം. എങ്കിലും കവിയുടെ മനസ്സിലും തനിക്കായൊരിടമുണ്ടെന്ന് തിരിച്ചറിയാനുള്ള അവസരമുണ്ടായില്ല താനും. ഭാഷയും അതിനൊരു തടസമായി.

എത്രയെത്ര കാമിനിമാർ പുഷ്‌കിനുണ്ടായിരുന്നു! എങ്കിലും കാലിപ്‌സോയ്ക്കായി ഒരിക്കലും മായാത്തൊരു പ്രണയമുദ്ര പുഷ്‌കിനൊരുക്കിയിരുന്നു. കൈമാറ്റം ചെയ്യപ്പെടാത്ത, അല്ലെങ്കിലൊരുപക്ഷേ കാലിപ്‌സോ അറിഞ്ഞിട്ടേയില്ലാത്ത ഒരു കവിത, ‘ദ ഗ്രീക്ക് ഗേൾ’. പുഷ്‌കിൻ ഏറ്റവുമാരാധിച്ചിരുന്ന കവിയാണ് ലോർഡ് ബൈറൺ. ബൈറണ് കാലിപ്‌സോയിലുണ്ടായിരുന്ന താൽപര്യവും പുഷ്‌കിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അത്ര സൗന്ദര്യബോധമുള്ള കവിക്ക് ആകർഷണീയയായവൾ എന്നത് പുഷ്‌കിന്റെ കൗതുകം കൂട്ടിയിരുന്നു.  ഇത് ഈ കവിതയിൽ വളരെ വ്യക്‌തമായി പറഞ്ഞിട്ടുമുണ്ട്. ബുദ്ധിയും സൗന്ദര്യവും നല്ല സ്വരമാധുരിയുമുള്ള കാലിപ്‌സോയെ പുഷ്‌കിനേപ്പോലൊരു കവിയും കാമുകനുമായ കാൽപ്പനികൻ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ.

അത്രയും പ്രണയമുണ്ടായിരുന്നപ്പോഴും ഹൃദയവേദനയും വിരഹവുമായിരുന്നു കാലിപ്‌സോ പോളിക്രോണിയുടേയും വിധി. എന്നത്തേക്കും സ്വന്തമാക്കാനാകാത്ത ഒഡീസിയസിനെ പ്രണയിച്ച കാലിപ്‌സോയുടെ വിധി തന്നെ. എങ്കിലും പുഷ്‌കിന്റെ കവിതയ്ക്കും ചിത്രരചനയ്ക്കും കാരണമാകാനവൾക്ക് കഴിഞ്ഞു. ഒരാളിലെ സൃഷ്‌ടിപരതയെ ഉണർത്താനൊരു പ്രണയത്തിനാകുമ്പോൾത്തന്നെ അതിന്റെ പരസ്‌പരപൂരകത്വം എന്ന ധർമ്മം നിറവേറിത്തുടങ്ങുകയായില്ലേ?

പ്രണയത്തിന് ഒരാളിലെ കലയെ മാത്രമല്ല ഉണർത്താനാവുക. കാലിപ്‌സോയിലെ പ്രണയിനി എത്ര സാഹസികമായാണ് റഷ്യയിലെത്തുന്നതും അവിടെ ജീവിക്കുന്നതും. പ്രണയമവളെ ധീരയുമാക്കി.

റുമേനിയയിലൊരു പള്ളിയിൽ കാലിപ്‌സോയുടെ തലയോട്ടി സൂക്ഷിച്ചിട്ടുണ്ട്. സന്യാസിയായി കാലിപ്‌സോ താമസിച്ചിരുന്ന പള്ളിയാണത്. അവിടം സന്ദർശിച്ചതിനെക്കുറിച്ച് അമൃതാ പ്രീതം റവന്യൂ സ്റ്റാംപ് എന്ന പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ‘കവിയ്ക്കു കടലാസില്ലാത്ത കവിതയായിരുന്നു കാലിപ്‌സോ എന്ന പെൺകൊടി’ എന്നാണ് അമൃത പ്രീതം പറയുന്നത്. ‘ഞാൻ ആ കല്ലറയിലേക്ക് പതുക്കെ ഇറങ്ങിച്ചെന്നു. മരങ്ങൾക്കിടയിലൂടെ തുളച്ചെത്തുന്ന ശിശിരകാല കാറ്റാണോ സമയത്തിന്റെ കെട്ടഴിച്ച് കാലിപ്‌സോയുടെ കത്തിലെ പ്രണയമാണോ എന്റെ ചെവികളിൽ ചൂളംകുത്തിയത് എന്ന് മനസ്സിലായില്ല’ എന്ന് തുടരുന്നു പ്രീതം. ആ തലയോട്ടിയിൽ വിധിയുടെ കൈപ്പടയിലെഴുതിയിരുന്നത് അവർക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കുമോ? ഒരുപക്ഷേ കഴിഞ്ഞെങ്കിൽത്തന്നെ അതിലും തന്റേതിലും ചില വരികൾ ഒന്നാണെന്നവർ തിരിച്ചറിഞ്ഞിരിക്കുമോ?

കവിയെ സ്‌നേഹിച്ച പെൺകുട്ടിയേയും അവളുടെ നഷ്‌ടപ്രണയത്തേയും അമതാ പ്രീതത്തേക്കാളേറെ ആർക്കു മനസിലാകാൻ? മറ്റൊരു പ്രണയകഥയിലെ പുഷ്‌കിനും കാലിപ്‌സോയുമായിരുന്നു സഹീർ ലുധിയാൻവിയും അമൃതാ പ്രീതവും. അമൃത അതേ പുസ്‌തകത്തിൽത്തന്നെ സഹീറിനോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുമെഴുതിയിട്ടുണ്ട്. സഹീറിന് ട്രങ്ക് കോൾ ബുക്കുചെയ്യാൻ നീട്ടിയ കൈയിൽ തടഞ്ഞ പത്രത്തിൽ അമൃത കണ്ടത് കവി പുതിയ കാമുകിക്കൊപ്പം നിൽക്കുന്ന ചിത്രമാണ്. ഫോൺ ഡയലിലേക്കു നീങ്ങിയ വിരലുകൾ ഫോണിനു മീതെ വിറങ്ങലിച്ചു നിന്നു. ആത്‌മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചുവെങ്കിലും വായനക്കാരുടെ ഭാഗ്യം കൊണ്ടാവാം ആ ചിന്ത വിട്ടകന്നു. ഒക്കെ മറക്കാൻ പലരുമുപദേശിച്ചതിനെപ്പറ്റി അവർ പറയുന്നത്, മറക്കുന്നതോടെ അവർ ജീവിതത്തിൽ അനുഭവിച്ച സൗന്ദര്യാനുഭവങ്ങൾ അവർക്കന്യമായേനെ എന്നാണ്. ‘ഒരാൾക്ക് അനുഭവങ്ങളെ നിഷേധിക്കുന്നത് ജീവിതത്തെക്കുറിച്ച് നുണ പറയിക്കുന്നതിന് തുല്യമാണ്. ആത്‌മാവിനെ നിഷേധിക്കുന്നതിനേക്കാൾ കുറഞ്ഞ പ്രവൃത്തിയല്ല അത്’.

കാലിപ്‌സോയുടേയും അമൃതാ പ്രീതത്തിന്റെയും പ്രണയമറിഞ്ഞ് പിന്നീടുള്ള കാലം ഒന്നിച്ചായിരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എഴുതപ്പെടാനിടയുണ്ടായിരുന്നവയായിരിക്കും ഒരു പക്ഷേ പുസ്‌കിന്റെയും സഹീറിന്റെയും ഏറ്റവും നല്ല പ്രണയകവിതകൾ.

– വിനീത പ്രഭാകർ പാട്ടീൽ

3 Comments
 1. Sunil 2 years ago

  Beautiful article!

  • Vinitha 2 years ago

   Thank you

 2. John 2 years ago

  Lovely!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account