ഡോക്റ്റർ പ്രണയം ഒരു ബാധ പോലെ കേരളീയ സമൂഹത്തെ പിന്തുടരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസിനു പോകാത്ത സയൻസ് വിദ്യാർത്ഥികൾ വിരളമാണ്. ഒരു താത്‌പര്യവുമില്ലാതെ ഇത് ചെയ്യുന്നവരോട് എന്തിനാണിത്ര കഷ്‌ടപ്പെടുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടി പലപ്പോഴും ഡോക്റ്റർക്കും എഞ്ചിനീയർക്കും സമൂഹത്തിൽ നിന്ന് കിട്ടുന്ന സ്റ്റാറ്റസിൽ മാത്രം ഒതുങ്ങി നിൽക്കും. സ്വന്തം ഇഷ്‌ടത്തിനും താത്‌പര്യത്തിനും അനുസരിച്ച് അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കേണ്ടതിന് പകരം സമൂഹത്തിൽ നിന്ന് കിട്ടാനുള്ള സ്റ്റാറ്റസ് മാത്രം നോക്കി പഠിക്കാനുള്ള വിഷയം തിരഞ്ഞെടുത്താൽ സംതൃപ്‌തി   എന്താണെന്ന് ജോലിയുടെ കാര്യത്തിൽ നിങ്ങൾ അറിയാൻ സാധ്യതയില്ല എന്ന കാര്യം ആദ്യമേ ഓർമിപ്പിക്കട്ടെ. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടി സയൻസ് തന്നെ എടുത്തു പഠിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുന്നത് പോലെയാണ് ചുറ്റുമുള്ളവരുടെ പെരുമാറ്റം. ഹ്യൂമാനിടീസ് എടുത്ത് പഠിച്ചിട്ട് ഒരു കാര്യവുമില്ല, സയൻസ് എടുത്താൽ നല്ല ഒരു ജോലിയെങ്കിലും കിട്ടും എന്ന ഉപദേശം കേട്ടുമടുത്തപ്പോൾ പറയുന്നവരുടെ വായ അടപ്പിക്കാൻ വേണ്ടി മാത്രം സയൻസ് എടുത്ത്, അതേ സയൻസ് കൊണ്ട് നട്ടം തിരിയുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്.

ഇനി നമുക്ക് സയൻസിന്റെ സാധ്യതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷത്തെ കോച്ചിങ്ങോടെ തന്നെ എൻട്രൻസ് കിട്ടി എന്നിരിക്കട്ടെ. പിന്നെ നാലര വർഷത്തെ എം.ബി.ബി.എസ്. അതുകഴിഞ്ഞ് ഒരു വർഷം ഹൗസ് സർജൻസി. പ്ലസ് ടു കഴിഞ്ഞ് ആറര വർഷം പഠിച്ചാലും ജൂനിയർ ഡോക്റ്റർ എന്ന പേര് മാത്രം ബാക്കി. ഇതേ സമയംകൊണ്ട് ഒരു ഹ്യൂമാനിടീസുകാരന് ഡിഗ്രിയും പിജിയും കഴിഞ്ഞ് കോളേജ് ലെക്ച്ചർ  പോലുള്ള മികച്ച ജോലി നേടിയെടുക്കാനാകും. എന്തിന്, ഇത്രയും സമയം കൊണ്ട് തന്നെ മികച്ച ഒരു വക്കീലിനെ വർത്തെടുക്കാനാവും. അപ്പോളും ജൂനിയർ ഡോക്റ്റർ പിജി എൻട്രൻസിനുളള തയ്യാറെടുപ്പിൽ മാത്രമായിരിക്കും…

ഹ്യൂമാനിടീസ് പോലുള്ള വിഷയങ്ങളുടെ അനന്ത സാധ്യതകളെ മനസിലാക്കാതെ സയൻസ് എന്ന ചട്ടക്കൂടിനുള്ളിൽ തന്നെ ഒതുങ്ങി നിൽക്കുകയാണ് നമ്മൾ ഇപ്പോളും. JNU പോലുള്ള മികച്ച സർവ്വകലാശാലകളിൽ  ഹ്യൂമാനിടീസ് വിഷയങ്ങളിൽ മാത്രമായി എത്രയതികം കോഴ്‌സുകൾ ഉണ്ടെന്ന് നമ്മൾ മനസിലാക്കണം. ഇതിനെ കുറിച്ചൊന്നും ചിന്തിക്കുക പോലും ചെയ്യാതെ എം.ബി.ബി.എസ്  അഡ്‌മിഷൻ കിട്ടിയില്ലെങ്കിൽ പിന്നെ ബി.ഫാമോ ബി.ടെക്കോ എടുക്കണം എന്ന് മാത്രം ചിന്തിക്കുന്നവർ എത്ര വലിയ മണ്ടത്തരം ആണ് കാണിക്കുന്നത് എന്നോർത്ത് നോക്കൂ. സയൻസിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടിയെങ്ങാനും എൻട്രൻസിനു പോകുന്നില്ല എന്ന് പറഞ്ഞാൽ തന്നെ എന്തോ മഹാപരാധം പോലെയാണ് സമൂഹം കാണുന്നത്.

ഡോക്റ്ററും എഞ്ചിനീയറും മാത്രമല്ല ലോകം. പുറമെ നിന്ന് കാണുന്ന പകിട്ടൊന്നും ഈ ജോലിയുടെ ഉള്ളിലേക്ക് ഇറങ്ങുമ്പോൾ ഇല്ലതാനും. എത്രയോ മികച്ച തൊഴിൽ സാധ്യതകൾ ഉള്ള കോഴ്‌സുകൾ നമുക്കുണ്ട്. എന്നിട്ടും എൻട്രൻസിൽ ഒരു താത്‌പര്യവും ഇല്ലാത്ത കുട്ടികളെ എന്തിനാണ് അതിലേക്ക് മാത്രമായി കെട്ടിയിടുന്നത്. നന്നായി വായിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടിയെ എൻട്രൻസിലേക്ക് മാത്രമായി ചുരുക്കുമ്പോൾ ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതോന്നും ആകില്ല.

ഹ്യൂമാനിടീസ് വിഷയത്തെ, അതെടുത്ത്‌ പഠിക്കുന്നവരെ രണ്ടാം തരക്കാരായിട്ടാണ് നമ്മുടെ സമൂഹം കണക്കാക്കുന്നത് എന്ന് പറയാതെ വയ്യ. എന്നാൽ ഇതേ ഹ്യൂമാനിടീസ് വിഷയങ്ങളിലൂടെ എത്രയെത്ര ആളുകൾ ഉന്നതനിലകളിൽ എത്തിയിട്ടുണ്ടെന്ന് ഓർക്കണം. ഫുൾ എ പ്ലസ് വാങ്ങിയ കുറച്ച്  കുട്ടികൾ സിവിൽ സർവീസ് എന്ന സ്വപ്‌നവും പേറി ഹ്യൂമാനിടീസിലേക്ക് കടന്നുവരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എന്നാലും നൂറിൽ ഒന്നോ രണ്ടോ പേര് മാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നതും സങ്കടകരമാണ്.

പാരമെഡിക്കൽ കോഴ്‌സുകൾ ചെയ്യുന്ന പലരും ഒട്ടും താത്‌പര്യമില്ലാതെയാണ് ചെയ്യുന്നത് എന്ന കാര്യം പകൽ വെളിച്ചം പോലെ സത്യമാണ്. എൻട്രൻസ് കിട്ടിയില്ലെങ്കിൽ പിന്നെ സമൂഹത്തിൽ സ്റ്റാറ്റസ് ഉള്ള കോഴ്‌സ് നോക്കി ബി.ഫാം അല്ലെങ്കിൽ ബി.ടെക് എടുക്കും. കോഴ്‌സ് കഴിഞ്ഞാലോ വെറും നാലക്ക ശമ്പളതിന് പോലും പണിയെടുക്കേണ്ടി വരും. ലക്ഷങ്ങൾ ചിലവാക്കി പഠിച്ചത് മാത്രം മിച്ചം.

ഓരോരുത്തരുടെയും കഴിവും താത്‌പര്യവും ആകണം കോഴ്‌സിന്റെ മാനദണ്ഡം. ഡോക്റ്റർ ആവാൻ ഒട്ടും താത്‌പര്യമില്ലാത്ത ഒരാളെ എം.ബി.ബി.എസിന് കൊണ്ട് പോയി ചേർത്താൽ കോഴ്‌സ് കഴിയുന്നതിനും മുൻപ് രോഗിയായി തിരിച്ചു പോരാനുള്ള സാധ്യത കൂടുതലാണ്. ചിത്രം വരയ്ക്കാൻ അതിയായ താത്‌പര്യം ഉള്ള കുട്ടിയെ അതിനു വിടാതെ പാട്ട് പാടാൻ വിട്ടാൽ വിപരീത ഫലം ആണെന്ന് ഊഹിക്കാമല്ലോ. ഇഷ്‌ടമില്ലാത്ത കോഴ്‌സ്ഴ്സ് തിരഞ്ഞെടുത്താലും ഇത് തന്നെയാണ് സംഭവിക്കുക. അടുത്തവീട്ടിലെ പയ്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി അമേരിക്കയിൽ സുഖജീവിതം നയിക്കുന്നത് കണ്ട് തനിക്കും സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകണം എന്ന് ആഗ്രഹിക്കുന്നത് വിഡ്ഢിത്തമാണ്.

MULTIPLE INTELLIGENCE THEORY യുടെ അടിസ്ഥാനത്തിൽ ഒരാളിൽ ഒൻപത് കഴിവുകൾ ഉൾകൊള്ളുന്നുണ്ട് . ഈ ഒൻപത് കഴിവുകളുടെ മിശ്രിതത്തിൽ നിന്ന് ഒരു കഴിവ് ഏതൊരാളിലും മികച്ചു നിൽക്കുന്നുണ്ട്. അതാണ് ആ വ്യക്‌തിയുടെ അഭിരുചി അഥവാ TALENT. ഇതിൽ താളാത്‌മകമായ, ദൃശ്യാത്‌മകമായ കഴിവ് മുന്നിട്ടു നിൽക്കുന്ന കുട്ടി ഡോക്റ്റർ ആയാലുള്ള വൻപരാജയം എടുത്ത് പറയേണ്ടതില്ലല്ലോ.

രക്‌തം കണ്ടാൽ തലകറങ്ങുന്ന കുട്ടിയാണെങ്കിലും മെഡിസിൻ വിട്ട് ഒരു കളിയുമില്ല. കുട്ടികൾ ജനിക്കുമ്പോളേ ഡോക്റ്റർ ആകണം എന്ന മോഹം രക്ഷിതാക്കൾ കുത്തിവെക്കുകയാണ്.  എന്താണ് അതിനപ്പുറത്തേക്കുള്ള സ്വപ്‌നങ്ങൾ നമ്മൾ അവർക്ക് പകർന്നു നൽകാത്തത്? പി. ടി. ഉഷയെ പോലെ ലോകമറിയുന്ന ഒരു കായിക താരമാകേണ്ട, മികച്ച ഒരു പ്രാസംഗികനോ ഗായകനോ ആകേണ്ട. ആളെ കേവലം ഒരു ഡോക്റ്റർ എന്ന പദവിയിലേക്ക് ഒതുക്കുന്നതിലൂടെ ആർക്കാണ് നേട്ടം?

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മലയാളികൾ ഉണ്ട്. കോമേഴ്‌സ് എടുത്ത് എം.ബി.എ കഴിഞ്ഞ മികച്ച ബിസിനസുകാർ  നമുക്കിടയിലുണ്ട്. ഇതൊന്നും കാണാതെ, സ്വയം കണ്ണടച്ച് ഇരുട്ടാക്കിയിട്ട് മക്കളുടെ ലോകം ഡോക്റ്ററിലേക്കും എഞ്ചിനീയറിലേക്കും മാത്രം ഒതുക്കരുത്. ഇനി ഡോക്റ്റർ ആകാൻ അടങ്ങാത്ത ആഗ്രഹമുള്ള, അഭിരുചിയുള്ള കുട്ടികൾ ആ മേഖല തന്നെ തിരഞ്ഞെടുക്കട്ടെ. മികച്ച ഒരു ഡോക്റ്റർ അവരിൽ രൂപം കൊള്ളാതിരിക്കില്ല.

– ആഷിഖ ഖാനം

1 Comment
  1. Riyas 1 year ago

    Well said

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account