കേരളത്തിന്റെ ജാതിവേരുകൾക്ക് എത്ര ആഴമുണ്ടാവും..? വിവേകാനന്ദൻ നൽകിയ ഭ്രാന്താലയമുദ്രയിൽ നിന്ന് ഒട്ടൊന്നും വളർന്നിട്ടില്ല നമ്മൾ. നവോത്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവുമൊക്കെ കേവലം ഉപരിപ്ളവമായിരുന്നു എന്ന് ഓരോ ദിവസം കഴിയുമ്പോഴും നമുക്കു ബോധ്യമായിക്കൊണ്ടിരിക്കുന്നു.

അതിസങ്കീർണമാണ് മലയാളിയുടെ ജാതിബോധം. കഴിഞ്ഞ കാലത്ത് അത് കേവല ജാതിയെ മാത്രം ആശ്രയിച്ച് നില കൊണ്ടപ്പോൾ പുതിയ കാലത്ത് ക്ലാസ് കാസ്റ്റ് സങ്കര വ്യവസ്ഥയാണ് നിലനിൽക്കുന്നത് എന്നു കാണാം. ക്രൈസ്‌തവതയോ ഇസ്ലാമോ പൂർണ അർഥത്തിൽ കേരളത്തിൽ നിലവിലില്ല. സവർണാവർണ വിവേചനം ശീലിച്ച പരമ്പരാഗത ജാതി വ്യവസ്ഥയുടെ പുതിയ രൂപാന്തരങ്ങൾ മാത്രമാണ് ഇവിടെ പ്രചാരത്തിലുള്ള സെമിറ്റിക് മതങ്ങൾ. അതു കൊണ്ടാണല്ലോ ദളിത് കത്തോലിക്കാ സഭ നിലനിൽക്കുന്നത്. പ്രധാന സഭകളുടെ പള്ളികളിലോ മറ്റു കേന്ദ്രങ്ങളിലോ ദളിത് കൃസ്ത്യാനികൾക്കു പ്രവേശനമില്ലാത്തത്. പണ്ട് പണ്ട് സെയിന്റ് തോമസ് നേരിട്ടു വന്ന് ജ്ഞാനസ്‌നാനം ചെയ്യിച്ച നമ്പൂതിരിമാരായിരുന്നു ഞങ്ങളുടെ പൂർവികർ എന്നഭിമാനം കൊള്ളുന്ന സവർണ ക്രൈസ്‌തവതയും നമ്പൂതിരി മാർഗ്ഗം കൂടിയവരുടെ പിൻമുറക്കാരാണ് തങ്ങളെന്ന് ഊറ്റം കൊള്ളുന്ന സവർണ ഇസ്ലാമും യാഥാർഥ്യങ്ങളാണ്. അഥവാ അതു മാത്രമാണ് യാഥാർഥ്യം. ആ ആഢ്യത്വം നിലനിർത്തുക എന്നതാണ് ഓരോരുത്തരുടേയും ദൗത്യം എന്നൊരു അബോധ പാഠം നമ്മുടെയൊക്കെ ഉള്ളിലുണ്ട്. അതിനെയാണ് തറവാടിത്തം എന്നു നാം ചുരുക്കിപ്പറയുന്നത്.

വിവാഹമാണ് ജാതീയതയുടെ ഏറ്റവും തീവ്ര സ്വാധീനമുള്ള സാമൂഹ്യ ഘടകം. ജാതിയും മതവും അപ്രധാനമാണ് എന്ന് പൊതുവേദികളിൽ പ്രസംഗിക്കുന്നവരിൽ എത്ര പേർ സ്വന്തം ഇണയേയോ മക്കളുടെ ഇണകളേയോ മറ്റൊരു ജാതിയിൽ നിന്ന് സ്വീകരിക്കാൻ തയ്യാറാവും എന്നത് ഒരു ചോദ്യം മാത്രമായി അവശേഷിക്കുന്നു. അത്ര ആഴത്തിൽ എത്തുമ്പോൾ ജാതി ഒരു യാഥാർഥ്യമാണ് എന്ന് പുരോഗമിച്ചവർ എന്നു പറയുന്നവർ തന്നെ സമ്മതിക്കുന്നതു കാണാം. സത്യത്തിൽ വിവാഹം മലയാളിയെ സംബന്ധിച്ച് സമ്പത്തിന്റെ കൈമാറ്റത്തിനുള്ള എളുപ്പവഴിയാണ്. പരമ്പരാഗതമായി ആർജ്ജിച്ചു വച്ചിട്ടുള്ള സ്വത്തു വകകൾ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള ഒരു ഉപാധിയാണ് വിവാഹം. അതിനാലാണ് നാലു തലമുറ മുമ്പേ വരെയുള്ള പെഡിഗ്രിയും തറവാടിത്തവും ഉറപ്പുവരുത്തണമെന്ന് പല തറവാടികളും നിർബന്ധം പിടിക്കുന്നത്. ഇത്തരം നിബന്ധനകളിൽ സവർണ ഹിന്ദുവിനേക്കാൾ ഒട്ടും പിന്നിലല്ല സവർണ കൃസ്ത്യാനിയും  സവർണ മുസ്ലീമും. വിവാഹം  പ്രധാന ജീവിത ലക്ഷ്യമായി കണക്കാക്കപ്പെടുന്ന ഒരു സമൂഹത്തിൽ അതു കൊണ്ടു തന്നെ ജാതിയുടെ സ്ഥാനവും സ്വാധീനവും അവഗണിക്കാനേ സാധ്യമല്ല.  വർത്തമാനകാലത്ത് ഈ ജാതി വ്യവസ്ഥ കൂടുതൽ രൂക്ഷമാകാനുള്ള കാരണം ഒരു പക്ഷേ മതം മാറ്റങ്ങൾ നടക്കുന്നത് പ്രഖ്യാപിത അവർണ ജാതികളിൽ നിന്നായതാവാം. മലയാളിയുടെ ഉപബോധമനസിൽ ആഴത്തിൽ നിൽക്കുന്ന ജാതിവേരുകളെ പറിച്ചു മാറ്റുക എളുപ്പമല്ല എന്നു തന്നെയാണ് ചുരുക്കം.

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account