ചിലപ്പോൾ ചിന്തകളെ, ആശങ്കകളെ, വികാരങ്ങളെ ഒക്കെ ഒഴുക്കിക്കളഞ്ഞ് മനസ്സ്  ഒന്ന് ശുദ്ധീകരിക്കണം എന്നു തോന്നാത്തവരുണ്ടാകില്ല. വികാരങ്ങളുടെ ശുദ്ധീകരണം വിചാര വികാരങ്ങളെത്തന്നെ ഉണർത്തിക്കൊണ്ടാണെങ്കിലോ, അതും കലയിലൂടെയോ സാഹിത്യത്തിലൂടെയോ?

ഇതിനെയാണ് കതാർസിസ് എന്ന് പറയുന്നത്. അരിസ്റ്റോട്ടിലെഴുതിയ കാവ്യ ലക്ഷണ സംഹിതയായ പോയറ്റിക്‌സിലാണ് കതാർസിസിനെ കുറിച്ച് പറയുന്നത്.

കലാസ്വാദനത്തിന് ഇടയിൽ വികാരങ്ങളുടെ ഒരു നിറഞ്ഞു കവിയൽ ഉണ്ടാകുമ്പോൾ ആസ്വാദക മനസ്സ് ഒന്ന് ശുദ്ധീകരിക്കപ്പെടുന്നുണ്ട്. അതാണ് കതാർസിസ്. കലാസൃഷ്‌ടി, അല്ലെങ്കിൽ സാഹിത്യ സൃഷ്‌ടി ഉദാത്തമാകുമ്പോഴാണത് സാധ്യമാകുന്നത്.

ഗ്രീക്ക് ട്രാജഡികളും പിന്നീടിങ്ങോട്ടുള്ള ഇംഗ്ലീഷ് ഉൾപ്പടെയുള്ള ട്രാജഡികളും സൃഷ്‌ടിപരമായ ഔന്നത്യം പുലർത്തുന്നു എന്ന് പറയപ്പെട്ടിരുന്നത് ഇത്തരം കതാർസിസ് ആസ്വാദകരിലുണ്ടാകുന്നുണ്ടോ എന്നതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു.

പൂർണമായും പോയറ്റിക്‌സിൽ പറയുന്ന അർത്ഥത്തിൽ അല്ലായിരിക്കാം എങ്കിലും ,ഇത്തരമൊരു വികാര ശുദ്ധീകരണം നല്ല സൃഷ്‌ടികൾക്ക് നടത്താനാവും. കടലാഴമുള്ള ദുഃഖങ്ങൾ ഉള്ളിൽ ഉള്ളപ്പോഴും ചിലപ്പോൾ ഒരു വായന അല്ലെങ്കിൽ ഒരു നാടകം കാണൽ മനസിനെ മറ്റൊരു ലോകത്തെത്തിക്കുന്നു. അതിലൂടെ സംവേദനം ചെയ്യപ്പെടുന്ന വികാരങ്ങൾ അത്രയേറെ ഉള്ളിലേക്കിറങ്ങി ചെല്ലുകയും ആ നിമിഷങ്ങളിൽ മനസ് അവയിൽ അലിയുകയും ചെയ്യുന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യസിദ്ധാന്തം ജനപ്രിയ കലകൾക്കുള്ള ഏറ്റവും വലിയ വക്കാലത്ത് കൂടിയാകുന്നത് അങ്ങനെയാണ്.

ചിലപ്പോഴെങ്കിലും ഉള്ളിലുള്ളതിലേറെ കനമുള്ള ജീവിതാനുഭവങ്ങൾ ആവിഷ്‌കരിച്ചു കാണുന്നത് ഒരു തിരിച്ചറിവുമാകാം തരുന്നത്. ജീവിതം എന്താണെന്നും സ്വാനുഭവങ്ങൾ എത്ര നിസാരമെന്നുമുള്ള തിരിച്ചറിവ്.

ഇയാഗോ മനസിൽ കുത്തിവച്ച സംശയത്തിൻ്റെ വിഷവിത്ത് വളർന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ ഡെസ്‌ഡിമോണയെ വധിച്ച ഒഥല്ലോ പശ്ചാത്താപ വിവശനായി ആത്‌മഹത്യ ചെയ്യുന്നു. ഒഥല്ലോയുടെ മനോവ്യഥകളും ഡെസ്‌ഡിമോണയുടെ ദൗർഭാഗ്യവും വായനക്കാരിൽ കതാർസിസ് ഉണ്ടാക്കുന്നു.

റോമിയോ ആൻഡ് ജൂലിയറ്റിലെ, ഒന്നിക്കാമായിരുന്നിട്ടും ഭാഗ്യദോഷത്താൽ മരിക്കേണ്ടി വന്ന പ്രണയികളും ആന്തരിക സംഘർഷങ്ങളിൽ വലയുന്ന ഹാംലറ്റും ഒക്കെത്തന്നെ ആസ്വാദകരെ വികാരഭരിതരാക്കിയിട്ടുണ്ട്. ഷേക്‌സ്‌പിയറുടെ മറ്റു ട്രാജഡികളിലും ഇതു കാണാവുന്നതാണ്.

ഇന്നുള്ളതിൽ നല്ല രചനകൾ വായിക്കുമ്പോഴും നല്ല ചലച്ചിത്രങ്ങൾ കാണുമ്പോഴും ഇത്തരത്തിൽ വികാരങ്ങളുടെ സ്വാംശീകരണവും മനസിലടിഞ്ഞവയുടെ ശുദ്ധീകരണവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കടന്നുപോയ കാലത്തെ കലാസ്വാദനത്തിൻ്റെ അളവുകോലായി മാത്രം കതാർസിസിനെ കാണേണ്ടതില്ല.

ഹിപ്‌നോസിസിലൂടെയും മറ്റ് മനശാസ്‌ത്ര മാർഗ്ഗങ്ങളിലൂടെയും മനസിനുള്ളിൽ അടിഞ്ഞുകിടക്കുന്ന ചിന്തകളേയും, ഓർമ്മകളേയും, ആധികളേയും പുറത്തു കൊണ്ടുവരാൻ ആകുമെന്ന് ആദ്യമായി പറഞ്ഞു വച്ചത് സിഗ്മണ്ട് ഫ്രോയ്‌ഡ്‌ ആണ്. കതാർസിസ് എന്നു തന്നെയാണ് ഇതിനെ ഫ്രോയ്‌ഡും പറഞ്ഞത്. ഉള്ളിലുള്ളതത്രയും പുറത്തു കൊണ്ടുവരുന്നതും മനസിനെ ശുദ്ധീകരിക്കുന്നതും എന്ന അർത്ഥത്തിൽ അത് കതാർസിസ് തന്നെയാണല്ലോ!

സംഗീതത്തിലൂടെയും കതാർസിസ് സംഭാവ്യമാണ്. അതിന് കാര്യമായ സംഗീത അവബോധം വേണമെന്നു പോലുമില്ല. ‘കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി’ക്കടന്നു പോയ പാട്ടിനും ‘മരണമെത്തുന്ന നേരത്തി’നും അതു സാധാരണ മനസുകളിൽ സാധ്യമാകാനായി.

വികാര വിചാരങ്ങളുടെ ഇത്തരം ശുദ്ധീകരണം സാധ്യമാകുന്നത് കലാ സാഹിത്യ ആസ്വാദനങ്ങളിലൂടെ മാത്രമല്ല, ആവിഷ്‌കാരങ്ങളിലൂടെയും ആകാം. ഏകാഗ്രമായി മനസ് അർപ്പിച്ച് ഏതൊരു കലാ ആവിഷ്‌കാരത്തിൽ ഏർപ്പെടുമ്പോഴും ആസ്വാദകനെപ്പോലെ അതിലേർപ്പെടുന്നയാളും ശുദ്ധീകരിക്കപ്പെടുന്നുണ്ട്. മനസിലെ ഏക വിചാരം താൻ മുഴുകിയിരിക്കുന്ന ആ സൃഷ്‌ടിയെക്കുറിച്ച് മാത്രമാകുന്ന അവസ്ഥയിൽ ആണ് ആ ശുദ്ധീകരണം അയാളറിയാതെ നടക്കുന്നത്.

കലാ സാഹിത്യ സൃഷ്‌ടികൾക്ക് മാത്രവുമല്ല മനസും വികാരങ്ങളും ശുദ്ധിയാക്കാൻ പ്രാപ്‌തിയുള്ളത്. പ്രകൃതിക്കും അതിനു കഴിയും. ചില പ്രകൃതി ദൃശ്യങ്ങളുടെ ചാരുത മറ്റെല്ലാ ഭാരവുമിറക്കി വയ്ക്കാൻ സഹായിക്കാറുണ്ട്.

പുരാതന ഗ്രീക്ക് നാടകങ്ങളുടെ വിജയത്തിൻ്റെ അളവുകോൽ എന്നതിൽ നിന്ന് കതാർസിസ് എന്ന വാക്കിൻ്റെ വ്യാപ്‌തി ഒരുപാട് പരന്നു കഴിഞ്ഞു.  കാലഭേദമന്യേ വിശദീകരിക്കുവാനും മനസിലാക്കാനും കഴിയുന്നതാകുമ്പോൾ ആശയത്തിൻ്റെ മഹിമ കൂടുകയാണല്ലോ. കരഞ്ഞുറങ്ങുന്ന കുഞ്ഞിന്റെ കണ്ണിമയിലോളം ശാന്തത മറ്റെങ്ങുമില്ലെന്നു തോന്നുന്നതും അപ്പോഴാണ്.

– Vinitha Vellimana

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account