സാമൂഹ്യപ്രസക്‌തിയുള്ള ഒന്നിലധികം വിഷയങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന സിനിമയാണ് വിനോദ്‌കുമാർ കുട്ടമത്തിന്റെ  രചനയിൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്‌ത ചന്ദ്രഗിരി.

കാസർകോടൻ അതിർത്തി ഗ്രാമമായ ചന്ദ്രഗിരിയിൽ  നല്ലരീതിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന എയ്‌ഡഡ്‌ സ്‌കൂൾ നൂറാം വാർഷികം ഘോഷിക്കാനൊരുങ്ങുകയാണ്. ഹെഡ് മാസ്റ്ററും PTA പ്രസിഡണ്ടുമാണ് സ്‌കൂളിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എന്നാൽ മാനേജർ പട്ടേലർ  കൂടുതൽ ലാഭകരമായ ഡിസ്റ്റിലറി ആരംഭിക്കുന്നതിനായി സ്‌കൂൾ അടച്ചു പൂട്ടാനും തീരുമാനിക്കുന്നു. ഇതോടെ യക്ഷഗാന കലാകാരൻ കൂടിയായ ഹെഡ് മാസ്റ്റർ രാഘവൻ മാഷും (ലാൽ) ഹരീഷ് പേരടിയുടെ പട്ടേലരും തമ്മിലുണ്ടാവുന്ന പോരാട്ടത്തിന്റെ കഥയാണ് ചന്ദ്രഗിരി. ഒരു വൻമുതലാളിക്കെതിരെ ഒരു സ്‌കൂൾ മാഷ് തുടങ്ങിവെച്ച് ജനങ്ങൾ ഏറ്റെടുക്കുന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണ സമരത്തിന്റെ കഥയെന്നു ലളിതമായി പറയാം. അതിനപ്പുറം  എൻഡോസൾഫാൻ ദുരന്തമുൾപ്പെടെ ചന്ദ്രഗിരി നേരിടുന്ന ദുരിതങ്ങളും ഗ്രാമത്തിന്റെ സാംസ്‌കാരിക സമ്പത്തായ തെയ്യവും യക്ഷഗാനവുമൊക്കെ വരുമ്പോൾ ചന്ദ്രഗിരി ഗ്രാമത്തിന്റെ ജീവിതം പൂർണതയോടെ പകർത്താനുള്ള ശ്രമമാണീ സിനിമ. രാഷ്‌ട്രീയ ബോധ്യത്തോടെയുള്ള  ജനകീയ സമരങ്ങളുടെ പ്രസക്‌തിയും സാധ്യതയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ചന്ദ്രഗിരി.

ഹരീഷ് പേരടി വില്ലനായി നിറഞ്ഞാടിയ സിനിമയാണ് ചന്ദ്രഗിരി. ക്‌ളീഷേയാണ് പട്ടേലരെങ്കിലും ഹരീഷ്  പുഞ്ചിരിയും ക്രൗര്യവും  മാറിമാറിയിട്ട് പട്ടേലരെ ഗംഭീരമാക്കി. നായകനായ ലാൽ  പൊതുവേ പക്വവും ഇടയ്ക്കു ചിലപ്പോൾ പൈങ്കിളിയുമായി. ക്ലൈമാക്‌സിലെ ഗംഭീരം എന്ന് പറഞ്ഞുകേട്ട പെർഫോമൻസ് അത്ര സ്വാഭാവികമായി തോന്നിയില്ല. (യക്ഷഗാനത്തെക്കുറിച്ചു എനിക്ക് വല്യ പിടിയില്ലാത്തോണ്ടാവും). എങ്കിലും യക്ഷഗാനം പഠിച്ചു പ്രയോഗിച്ചത് അഭിനന്ദനാർഹമാണ്.

ജയചന്ദ്രൻ എ  എന്ന നടനാണ് മലയാള സിനിമയ്ക്ക് ഈ സിനിമയുടെ ഏറ്റവും വലിയ സംഭാവന. തെയ്യം കലാകാരനും സാമൂഹ്യപ്രവർത്തകനുമായ പി.ടി.എ പ്രസിഡന്റിന്റെ വേഷം അതിമനോഹരമായി, അതീവ പാടവത്തോടെ അദ്ദേഹം അവതരിപ്പിച്ചു. നിസ്വാർത്ഥമായ പൊതുപ്രവർത്തങ്ങളും   കലോപാസനയും ജീവിതമായി മാറിയ ആ മനുഷ്യനും അയാളുടെ ഭാര്യയുമാണ് ഈ സിനിമയിലെ ഏറ്റവും ജീവസ്സുറ്റ കഥാപാത്രങ്ങൾ.  അങ്ങനെയൊരാളുടെ ഭാര്യയായി ജീവിക്കുക എന്നത് മറ്റൊരു സമരമാണ്. ലളിതമായി ബിന്ദു കൃഷ്‌ണ ആ വേഷം അവതരിപ്പിച്ചു. തനി വടക്കൻ സ്ലാങ്ങുമായി സുനിൽ സുഖദ  കലക്കി. മാഷിന്റെ മകളായി ഷോൺ റോമിയുടെ നല്ല പെർഫോർമൻസ്.

സജിത മഠത്തിൽ തികച്ചും വ്യത്യസ്തയായ അദ്ധ്യാപികയെ അവതരിപ്പിച്ചു. വളരെ സ്വാഭാവികമായി സെലിൻ ടീച്ചർ അസ്വാഭാവികമായി പെരുമാറുന്ന കഥാപാത്രമായി. (ആ കഥാപത്രത്തെ മുൻനിർത്തി അവതരിപ്പിക്കുന്ന വിഷയത്തിലെ പൊളിറ്റിക്‌സും ഗ്രാമീണനന്മ പൊളിറ്റിക്‌സും യോജിക്കാനാവുന്നതല്ല). കോഴിക്കോട്ടെ പ്രിയപ്പെട്ട സ്‌കൂളായ നടക്കാവ് GHSS ലെ നിളാ നൗഷാദാണ് കുട്ടികളിൽ പ്രധാനപെട്ട വേഷം ചെയ്‌തതെന്നത് പ്രത്യേക സന്തോഷം.

തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായാണ് തൻ്റെ  ഒൻപതാമത്തെ സിനിമ സംവിധായകൻ ഒരുക്കിയിരിക്കുന്നത്.  ആദ്യപകുതിയിൽ   കച്ചവട- ആർട്- ഡ്രാമ-റിയലിസ്റ്റിക് -സിംബോളിക് രീതികൾ ഇടക്കിടെ മാറിയും മറിഞ്ഞും വരുന്നു! എങ്ങനെയെടുത്താലാണ്  പ്രേക്ഷകർ സ്വീകരിക്കുക എന്ന കൺഫ്യുഷനിൽ സംവിധായകൻ പെട്ടുപോയത്  പോലെ.

പ്രേക്ഷകനും കൺഫ്യൂഷനിലാകുന്നു. പലപ്പോഴും ബോറടിക്കുന്നു. രണ്ടാം പകുതിയിൽ ചടുലതയോടെ സിനിമ നീങ്ങുന്നു. അതിജീവനപോരാട്ടത്തെ സന്താനഗോപാലം യക്ഷഗാനവുമായി സമന്വയിപ്പിച്ചു അവതരിപ്പിക്കാനുള്ള വലിയ ശ്രമം ഏതാണ്ട് വിജയിക്കുന്നു. വ്യത്യസ്‌തമായി ആവിഷ്‌കരിച്ച ക്ലൈമാക്‌സ്  എടുത്തുപറയേണ്ടതാണ്.

ഏറ്റവും അഭിനന്ദനം അർഹിക്കുന്നത് നിർമ്മാതാവ് എൻ. സുചിത്രയാണ്. ഒരു ഗ്രാമത്തിലെ കഥ കച്ചവട മസാലകളില്ലാതെ സിനിമയാക്കുമ്പോൾ നിർമ്മാതാവിന് വലിയ റിസ്‌ക്കുണ്ട്. താരമൂല്യമുള്ള സംവിധായകനോ സാറ്റലൈറ്റ് വിലയുള്ള താരങ്ങളോ ഇല്ലാത്ത ഒരു സിനിമ സാമാന്യം വലിയ ബജറ്റിൽ പൂർത്തിയാക്കുക അത്ര എളുപ്പമല്ല. ഷാജികുമാറിന്റെ ഛായാഗ്രഹണവും ശ്രീവൽസൻ ജെ മേനോൻ – ബിജിബാൽ ടീമിന്റെ സംഗീതവും യക്ഷഗാനം/തെയ്യം ടീമുകളുടെ സംഭാവനയും സിനിമയെ സമ്പന്നമാക്കുന്നു.

മാർക്കറ്റിങ്ങിലെ പോരായ്‌മകൾ  തിയേറ്ററിൽ ഭേദപ്പെട്ട സിനിമകളെ  തോൽപ്പിക്കുന്നത് വീണ്ടും വിഷമത്തോടെ   കാണുന്നു.

– ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account