വിദ്ധ്യാലയങ്ങൾ എല്ലായ്പ്പോഴും നല്ലൊരാലയമായിരിക്കണം. അവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ ഭാവിയിലെ വാഗ്ദാനങ്ങളായി മാറണം. ഇന്നത് വെറും സങ്കൽപ്പം മാത്രമായി ഒതുങ്ങുന്നോ എന്നതാണ് സംശയം.

അൻപതു കുട്ടികളുള്ള ക്ലാസ്സിൽ എത്ര പേരായിരിക്കും സ്വന്തം ഇഷ്‌ടപ്രകാരം പഠനത്തെ കാണുന്നത്? പലരും മാതാപിതാക്കൾക്കുവേണ്ടി മാത്രമായിരിക്കും ക്ലാസ്സിൽ കയറുന്നതുതന്നെ. കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന ഭാരം അവർക്കു താങ്ങാനാവുമോ എന്ന ഒരു സംശയം മാതാപിതാക്കൾക്കും ഉണ്ടാവണം. ഏ-പ്ലസ്കളുടെ പിന്നാലെ പായുന്ന മാതാപിതാക്കൾ കുട്ടിയുടെ അഭിരുചി എന്തെന്നു തിരക്കുന്നില്ല.

അദ്ധ്യാപകർ അവരുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിന്നൊപ്പം ഏതെങ്കിലും കുട്ടി പഠിച്ചുതീർത്തോ എന്നുകൂടി അന്വേഷിക്കണ്ടിയിരിക്കുന്നു. കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ ടെൻഷനടിക്കുന്ന ഈ കാലത്തിൽ ഇന്നത്തെ കുട്ടികളുടെ ഒരു ദിവസത്തെക്കുറിച്ചു നമ്മുക്കൊന്നു ചിന്തിക്കാം. അപ്പോൾ അതിന്റെ ഭീകരാവസ്ഥയെന്തെന്നു മനസ്സിലാക്കാനാവും.

മഞ്ഞുകാലാവസ്ഥയാണിപ്പോഴുള്ളത്. കാലത്തെ അതിശൈത്യത്തിൽ കുട്ടികളെ (ഏകദേശം വെളുപ്പിനെ അഞ്ചുമണിയെന്നു കരുതുക) വിളിച്ചെണീൽപ്പിക്കുമ്പോൾ ഒരാൾ പോലും അത് സ്വന്തം ആവശ്യത്തിനെന്നു കരുതില്ല. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ച്, കുളിച്ച്, യൂണിഫോമിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചെന്നു വരുത്തി (വിശപ്പിനു സമയമായില്ല) ആറു മുപ്പതാവുമ്പോഴേക്കും ട്യൂഷൻ സെന്ററിലെത്തണം. അവിടെ താമസിച്ചു ചെന്നാൽ അടിക്കാനായി മാത്രം ഒരു ജോലിക്കാരനെ വച്ചിട്ടുണ്ടാകും . അവിടത്തെ ക്ലാസ്സു കഴിഞ്ഞ് നേരെ സ്കൂളിലേക്ക്, ഒൻപതു മണി മുതൽ നാലു മണി വരെ സ്കൂളിൽ.

വെളുപ്പാൻരാവിലെ അമ്മ പൊതികെട്ടി കൊടുത്തുവിട്ട ആഹാരം ഉച്ചയാവുമ്പോഴേക്കും തണുത്തിട്ടുണ്ടാകും. എങ്ങനെയെങ്കിലും അതു കഴിച്ചെന്നു വരുത്തും, ശരിയായ രീതിയിലുള്ള ഭക്ഷണക്രമമോ ജലപാനമോ കുട്ടികളിലുണ്ടാകുന്നില്ല. അതവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ഇതൊന്നും ആരും അന്വേഷിക്കുന്നില്ല. എങ്ങനേയും എന്റെ കുട്ടി പഠിച്ചാൽ മാത്രം മതി. അതിനവരനുഭവിക്കുന്ന ബുദ്ധിമുട്ട് ആരും മുഖവിലയ്ക്കെടുക്കുന്നില്ല.

നാലു മണിക്ക് സ്കൂൾ വിട്ട് വീണ്ടും ട്യുഷൻ സെന്ററിലേക്ക്, അവിടെ നിന്നും ആറു മണി വരെ പഠിത്തം കഴിഞ്ഞ് വീട്ടിലേക്ക്. ഒന്നു ഫ്രഷായി എന്തെങ്കിലും കഴിച്ചെന്നു വരുത്തി അടുത്ത സ്പെഷ്യൽ ട്യൂഷൻ ക്ലാസ്സിലേക്ക്, പത്തു മണിയോടെ വീടെത്തുന്ന കുട്ടി ഇനി എപ്പോഴാണ് ഇന്നിതുവരെ എല്ലാവരും പഠിപ്പിച്ച പാഠങ്ങൾ പഠിച്ചു തീർക്കുന്നത്?

ഒരു ദിവസം രാവിലെ അഞ്ചു മണി മുതൽ രാത്രി പത്തുവരെ നീണ്ടിട്ടും (ഏതാണ്ട് പതിനാറു മുതൽ പതിനേഴു വരെ മണിക്കൂർ) കുട്ടികളുടെ പഠന ഭാരവും അദ്വാന ഭാരവും തീരുന്നില്ല. ആരാണിവിടെ തെറ്റുകാർ മാതാപിതാക്കളോ, അദ്ധ്യാപകരോ? സ്കൂളിലെ പoനം കുറ്റമറ്റതാണെങ്കിൽ ട്യൂഷന്റേയും സ്പെഷ്യൽ ട്യൂഷന്റേയും ആവശ്യം കുട്ടികൾക്കുണ്ടോ? ഇതിനുത്തരം ആരാണ് നൽകുക?

ഇന്നീ ചോദ്യം ഇവിടെ ചോദിച്ച് തൽക്കാലം നമ്മുക്കിവിടെ നിർത്താം, ആരെങ്കിലും ഉത്തരം തരുമെന്ന വിശ്വാസത്തിൽ. തുടർവായനയ്ക്കായി അടുത്ത ആഴ്ച്ചകളിലേയ്ക്ക്.

-രശ്മി സജയൻ

2 Comments
  1. Sunil 3 years ago

    സ്കൂളിലെ പoനം കുറ്റമറ്റതാണെങ്കിൽ ട്യൂഷന്റേയും സ്പെഷ്യൽ ട്യൂഷന്റേയും ആവശ്യം കുട്ടികൾക്കുണ്ടോ?
    ഇല്ല എന്നുതന്നെ പറയാം. പക്ഷെ, രാഷ്ട്രീയത്തിന്റെയും സമരത്തിന്റെയും പിറകെ പോകാതെ നന്നായി പഠിപ്പിക്കുകതന്നെ ചെയ്യണം..സ്പെഷ്യൽ ട്യൂഷൻ കൊടുക്കുന്നതും ഈ ടീച്ചർമാർ തന്നെ അല്ലെ? വ്യവസാവൽക്കരണം അല്ലെ അതും?

  2. Sreeraj 3 years ago

    സ്പെഷ്യൽ ട്യൂഷനൊക്കെ ഒരു ബിസിനസ് അല്ലേ? ക്ലാസ്സിൽ പഠിപ്പിക്കാതെ ട്യൂഷനിൽ പഠിപ്പിക്കുന്ന എത്രയോ മാഷന്മാരെ അറിയാം.. അത് നിർത്തേണ്ടത് തന്നെയാണ്. മക്കളെ എങ്ങിനെയെങ്കിലും എഞ്ചിനീറും ഡോക്ടറും ആക്കാൻ നടക്കുന്ന രക്ഷാകർത്താക്കൾക്കു ഇതൊക്കെ മനസ്സിലാകുമോ ആവോ!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account