പരസ്‌പര വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്‌ഠിതമായ നന്മ നിറഞ്ഞ ഒരു പഴയ ഭാരതീയ  സംസ്ക്കാരം നമുക്കുണ്ടായിരുന്നു എന്ന് നെടുവീർപ്പോടെ ഒട്ടും താമസിക്കാതെ ചിന്തിക്കേണ്ടി വരും.

നവ സാമൂഹ്യ മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒട്ടേറെ നല്ല  കാര്യങ്ങൾ ലോകത്തിനു സംഭാവന ചെയ്‌തിട്ടുണ്ടെങ്കിലും ഇവയുടെ ദുരുപയോഗം മനുഷ്യന്റെ പരസ്‌പര സ്‌നേഹത്തിലും വിശ്വാസത്തിലും ഒരു വലിയ വിള്ളൽ വരുത്തിയിട്ടുണ്ടെന്നുള്ളത്‌ ചിന്തവ്യമാണ്‌ .

യാത്രാമദ്ധ്യേ പരസഹായത്തിനു കൈ കാണിക്കുന്ന വഴിപോക്കനെ, അപകടത്തിൽ പെട്ട്‌ രക്‌തം വാർന്നു മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെ, ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന ഭിക്ഷക്കാരനെ ഒന്നു സഹായിക്കാൻ നമ്മുടെ  ഉള്ളിന്റെ ഉള്ളിലെ ദൈവം പറയുമ്പോൾ, സ്വാനുഭവങ്ങളും മാധ്യമങ്ങളിലെ വാർത്തകളും നമ്മെ അതിൽനിന്നും പിന്തിരിപ്പിച്ചേക്കാം.

പത്ത്‌ മാസം ചുമന്ന് പേറ്റുനോവറിഞ്ഞ്‌ പെറ്റ അമ്മയേയും, തന്നെ താനാക്കി മാറ്റാൻ ചോര നീരാക്കിയ അച്ഛനേയും വൃദ്ധസദനങ്ങളിലെങ്കിലും പോയി കാണുവാൻ സമയമില്ലാത്ത പൊന്നുമക്കൾക്ക്‌  അമ്പലങ്ങളിലും പള്ളികളിലും മണിക്കൂറുകൾ വരിനിന്ന് കപട മതപുരോഹിതരുടെ പീഠനങ്ങൾക്കു വശംവദരാകേണ്ടി വരുന്നു. തന്നിലുള്ള നന്മ വേർതിരിച്ചറിയുവാൻ  ശ്രമിക്കാതെ ദൈവത്തിന്റെ പേരിൽ നന്മ തേടി അലഞ്ഞ്‌ തിന്മയിൽ എത്തി നിൽക്കുന്നു. ഇന്നുകണ്ട ആരാലോ വഞ്ചിക്കപ്പെട്ടു വലയുമ്പോൾ തന്റെ നന്മ ആഗ്രഹിച്ചവർ ഒപ്പമുണ്ടെങ്കിൽ നമ്മൾ ഭാഗ്യവാന്മാർ.

മാതാ പിതാ ഗുരുർ ദൈവം എന്ന ആപ്‌തവാക്യത്തിൽ അധിഷ്‌ഠിതമായ ആർഷഭാരത സംസ്ക്കാരത്തിൽ ഇന്ന് കാണാനാകുന്നത്‌ മുലയൂട്ടി വളർത്തിയ അമ്മയാൽ കൊല്ലപ്പെടുന്ന, നെഞ്ചിലെ ചെറു ചൂടിൽ താലോലം പാടി ഉറക്കിയ അച്ഛനാൽ, കൈപിടിച്ച്‌ ആദ്യാക്ഷരം എഴുതിപ്പിച്ച അദ്ധ്യാപകരാൽ പീഢിപ്പിക്കപ്പെടുന്ന പിഞ്ച്‌ ബാല്യങ്ങളെയാണ്‌. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആദ്യാക്ഷരങ്ങൾ പകർന്നു നൽകേണ്ടവർ വിശ്വാസവഞ്ചന കാട്ടുമ്പോൾ നശിക്കുന്നത് ഒരു വ്യക്‌തിയുടെ ജീവിതമല്ല; മറിച്ച് ഒരു സംസ്ക്കാരം  തന്നെയാണ്.

അഴിമതി, പെൺവാണിഭ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന മന്ത്രിമാരും മന്ത്രിപുങ്കവന്മാരും അഗ്‌നിശുദ്ധി നടത്തി സ്ഥാനാരോഹിതരാകുന്നു. ഇവിടെ ആരാണു കുറ്റക്കാർ? കുറ്റാരോപിതരോ ആരോപിച്ചവരോ?

രാവന്തിയോളം പണിയെടുത്തു കിട്ടുന്ന കാശിന്റെ ഏറിയ പങ്കും നികുതി കൊടുക്കാൻ വിധിക്കപ്പെട്ട ജനങ്ങളുടെ കണ്ണിൽ മണ്ണ് വാരിയിട്ട് നമ്മുടെ ഭരണകർത്താക്കൾ ലക്ഷങ്ങൾ സുഖവാസത്തിനും സുഖചികിത്‌സക്കും ചെലവിടുന്നു.

കായൽ നികത്തി ഹോട്ടൽ കെട്ടിയവർ, ഭൂമി കയ്യേറി ഭൂക്രയം നടത്തിയവർ, ജയിലിൽ കള്ളൻമാരെ സംരക്ഷിക്കുന്ന വിദ്യാവിവേക ശൂന്യർ, കൊള്ളയും കൊലയും നടത്തി രാഷ്‌ട്ര നിർമ്മാണം നടത്തുന്നവർ ഇവിടെ അജയ്യർ. കഷ്‌ടപ്പെട്ട്‌ പഠിച്ച്‌ ഉന്നത പദവികളിലെത്തി സത്യത്തിനു വേണ്ടി  സ്വന്തം ജീവിതം ത്യജിച്ചവർ പടിക്ക്‌ പുറത്ത്‌.

തീവണ്ടിയിൽ ക്രൂര ബലാത്‌സംഗ ത്തിനു വിധേയയായ പെൺകുട്ടി തീവണ്ടിയിൽ നിന്നും ചാടി മരിച്ചെങ്കിൽ അത്‌ ആത്മഹത്യയ്ക്കു തുല്യമായി ചിത്രീകരിക്കാവുന്ന വിചിത്രമായ വിധിന്യായം ഏത്‌ കാട്ടാള ഹൃദയത്തെ പ്രീതിപ്പെടുത്താൻ?

കഷ്‌ടപ്പെടുന്ന ജനവിഭാഗത്തിന്റെ, പട്ടിണി പാവങ്ങൾക്ക് വേണ്ടി രൂപംകൊണ്ട രാഷ്‌ട്രീയ കക്ഷിയുടെ തലവന്റെ മകൻ ഉൾപ്പെട്ട, കോടികളുടെ  തട്ടിപ്പ് കേസിലെ വാദിയായ അറബി, പത്ര സമ്മേളനം വിളിച്ച് സത്യങ്ങൾ വിളിച്ചോതുമെന്നായപ്പോൾ, ഒരു കേസില്ലാ കേസിലൂടെ പ്രതികൾ പത്രസമ്മേളനത്തിനു വിലക്ക് നേടിയെടുക്കുന്നു.

രാഷ്‌ട്രത്തിനു നീതി നടപ്പാക്കേണ്ട നമ്മുടെ  പരമോന്നത നീതിപീഠത്തിൽ വടംവലിയും പഴിചാരലും വർണ്ണ വിവേചനവും.

ഭാരതം ഇന്ന് നേരിട്ട്‌ കൊണ്ടിരിക്കുന്ന എറ്റവും വലിയ ഒരു ചോദ്യചിഹ്നമാണു ഇന്നത്തെ ഭരണ സംബ്രതായം. നമ്മുടെ സമ്പത്ത്‌വ്യവസ്ഥ ഏറ്റവും മോശം നിലയിൽ എന്നു ചിലർ വിശേഷിപ്പിക്കുമ്പോൾ, ഏറ്റവും മെച്ചപ്പെട്ട നിലയിൽ എന്നു മറ്റു ചിലർ പുകഴ്ത്തുന്നു. ഒരു സാധാരണ പൗരൻ ഇതിൽ എന്ത്‌ വിശ്വസിക്കും, എന്ത്‌ അവിശ്വസിക്കും? ഒരു നേരത്തെ അന്നത്തിനു രാപകൽ അദ്ധ്വാനിച്ചു തളർന്നു വരുന്ന അവനു കണക്കുകൾ വിലയിരുത്തി വിശകലനം ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അവന്റെ ഏക ആശ്രയം പത്ര-ദൃശ്യ മാദ്ധ്യമങ്ങളൊ, നവ സാമൂഹ്യ മാദ്ധ്യമങ്ങളോ ഒക്കെ തന്നെ ആയിരിക്കും.

വേലി തന്നെ വിളവു തിന്നുമ്പോൾ സത്യം ഉച്ചത്തിൽ വിളിച്ച്‌ പറയേണ്ട പത്രമാദ്ധ്യമങ്ങൾ ആർക്കോ വേണ്ടി സത്യം മൂടി വച്ച്‌ നപുംസകങ്ങൾ ആകുന്നു.

കാര്യകാരണങ്ങൾ നല്ലത്‌പോലെ വിശകലനം ചെയ്‌ത്‌ , മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകൾ കൂടി പരിഗണിച്ച്‌, ഞാൻ മാത്രം എന്ന വിചാരം വെടിഞ്ഞ്‌, പിന്നിട്ട വഴികൾ മറക്കാതെ സത്യവും മിഥ്യയും വേർതിരിച്ചറിയുവാനും അറിഞ്ഞ സത്യങ്ങൾ ഉറക്കെ പറയുവാനും ഇനിയെങ്കിലും നമ്മൾ ശ്രമിച്ചില്ലെങ്കിൽ, തന്നിലേക്കു ചൂണ്ടുന്ന മൂന്ന് വിരലുകൾ ഗൗനിക്കാതെ പറയേണ്ടിവരും ഈ നാടിന്റെ ധർമ്മച്യുതിക്ക്‌, അല്ലെങ്കിൽ ലോകനാശത്തിനു കാരണക്കാരൻ നീ എന്ന്. അതു തന്നെ ആയിരിക്കും നാം തേടുന്ന സത്യവും. അന്ന് ധർമ്മം പുനസ്ഥപിക്കാൻ നീയോ, ഞാനോ, ശ്രീകൃഷ്‌ണനോ, യേശുവോ, നബിയോ ഉണ്ടാവുകയില്ലെന്ന സത്യം.

മേൽ പരാമർശിച്ച ഉദാഹരണങ്ങളിൽ എല്ലാംതന്നെ സത്യം പ്രചരിപ്പിക്കുവാനും അങ്ങനെ  സമൂഹത്തെ ഉദ്ധരിക്കുവാനും നവ സാമൂഹ്യ മാധ്യമങ്ങൾക്കും കൂട്ടായ്‌മകൾക്കും നല്ലൊരു പങ്ക് വഹിക്കുവാൻ കഴിയും. അവയുടെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഉപയോഗിക്കുവാൻ നമുക്ക് കഴിയട്ടെ…

-മനോജ് മുരളി 

10 Comments
 1. Romis P Mathew 3 years ago

  super

 2. Anil 3 years ago

  Adipoli Manoj..!

 3. Babu Raj 3 years ago

  വളരെ പ്രസക്തമായ അവലോകനം. നമ്മൾ മാറേണ്ടിയിരിക്കുന്നു…ഓർമപ്പെടുത്തലിനു നന്ദി.

  • Author
   Manoj M 3 years ago

   അണ്ണാൻ കുഞ്ഞും തന്നാൽ ആയത്‌.. നമ്മളാൽ ആകുന്നത്‌ നമുക്ക്‌ ശ്രമിക്കാം..

 4. Vijay 3 years ago

  An wake-up call… all need to hear….

 5. Harirajan 3 years ago

  അളിയാ.. സൂപ്പർ
  ഇനിയും പ്രതീക്ഷിക്കുന്നു.
  Good luck

 6. Adarsh G 3 years ago

  Veendum.. Very good one

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account