പ്രവേശനോത്‌സവങ്ങൾക്കും സ്‌കൂൾ യൂണിഫോമുകൾക്കും സ്‌കൂബീ ഡേ ബാഗുകൾക്കും ജോൺസ് കുടകൾക്കും മുമ്പുള്ള ഒരു കാലത്തും ജൂൺ ഒന്നാം തീയതി അദ്ധ്യയന വർഷം ആരംഭിക്കുകയും മാർച്ച് 31 നു അവസാനിക്കുകയും ചെയ്‌തിരുന്നു.

പള്ളിക്കൂടങ്ങളുടെ എണ്ണം പരിമിതമായിരുന്ന അക്കാലത്ത് സ്‌കൂൾ ബസ് എന്ന ആശയം സ്വപ്‌നങ്ങളിൽ പോലും ഇടം പിടിച്ചിരുന്നില്ല. പിഞ്ഞിയതും പഴകിയതും പുതിയതുമൊക്കെയായി പല നിറങ്ങളിൽ ഉള്ള ഉടുപ്പിട്ട കുട്ടികൾ പൊട്ടുന്ന സ്ലേറ്റും കല്ലു പെൻസിലും കീറിയ പുസ്‌തകങ്ങളും ചോറുമായി കിലോമീറ്ററുകൾ നടന്നു വന്ന് പഠിച്ചിരുന്ന കാലം.

മുണ്ടക്കയത്തിനു വടക്കു ഭാഗത്ത് കൂട്ടിക്കൽ, മുക്കുളം, കുറ്റിപ്ലാങ്ങാട് എന്നിവിടങ്ങളിലാണ് അന്നു  ഹൈസ്‌കൂളുകൾ ഉള്ളത്. അതിൽ മുക്കുളവും കുറ്റിപ്ലാങ്ങാടും രണ്ടു വലിയ മലകളാണ്. കൂട്ടിക്കലാണ് ഒരു വിധം യാത്രാസൗകര്യമുള്ള സ്ഥലം. ഇതിനിടയിൽ ഒലയനാട് ഒരു യു.പി.സ്‌കൂൾ ഉണ്ട്. കൂട്ടിക്കലും മുക്കുളത്തും സ്‌കൂളുകൾ സെന്റ് ജോർജ് പള്ളികളോടു ചേർന്നുള്ളവയുംഅതേ നാമത്തിലുള്ളവയുമാണ്. പഴക്കം കൊണ്ടും മികവു കൊണ്ടും കൂട്ടിക്കൽ സ്‌കൂളിന് ഒന്നാം സ്ഥാനവും മുക്കുളം സ്‌കൂളിനു രണ്ടാം സ്ഥാനവുമാണ്. ഒലയനാട് സ്‌കൂളിൽ നിന്നും ഏഴാം ക്ളാസ് കഴിയുന്ന കുട്ടികളിൽ ഏറ്റവും മികച്ചവർ കൂട്ടിക്കലേയ്ക്കും ബാക്കി വരുന്നവർ മുക്കുളത്തേയ്ക്കും ഉപരിപഠനത്തിനു പോകുന്ന കാലം.

കുറ്റിപ്ലാങ്ങാട് മല ചവിട്ടാൻ വിധിക്കപ്പെടുന്നവർ കുറവായിരുന്നു. അതുകൊണ്ട് ഏന്തയാർ, ഇളങ്കാട്, ഞർക്കാട്, കൊടുങ്ങ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ പറ്റം പറ്റമായി വിജ്ഞാന ദാഹം തീർക്കാൻ മുക്കുളം മല കയറി വന്നിരുന്നു.. ! വീടുകളിൽ നിന്നു കാലത്തെ മലയിറങ്ങുന്ന കുട്ടികൾ മുക്കുളം മലകയറി പത്തു മണിയോടെ സ്‌കൂളിലെത്തും. നാലുമണി വിട്ടു കഴിഞ്ഞാൽ മലയിറക്കം. റബ്ബർ ബാന്റിട്ട മുഷിഞ്ഞ പുസ്‌തകക്കെട്ട് മാറത്തടുക്കിപ്പിടിച്ച പെൺകുട്ടികൾ  തടിക്കാലുള്ള ശീലക്കുടകൾക്കുള്ളിൽ രണ്ടു പേർ വീതം കയറി നനഞ്ഞൊലിച്ചാണ് ഊർച്ചാൺ വഴികൾ താണ്ടി വരുന്നത്. മുണ്ടുമടക്കിയുടുത്ത ആൺകുട്ടികളിൽ ഏറെപ്പേർക്ക്  കുട ഉണ്ടാവില്ല. ചേമ്പില, വാഴയില, പിന്നെ ഉള്ള കുടകളിൽ അഞ്ചാറു പേർ ഒക്കെയായി മിക്കവാറും പ്രകൃതിയോടിണങ്ങിയാണു വരവും പോക്കും. മലയുടെ പല വശങ്ങളിലൂടെ ഊർന്നിറങ്ങുന്ന നടപ്പുവഴികൾ കാലത്തും വൈകിട്ടും നിറങ്ങളും കലപിലയും കൊണ്ടു സജീവമാകും. മുതിർന്ന കുട്ടികളുടെ കൈ പിടിച്ചും വിടുവിച്ചും കരഞ്ഞും പിണങ്ങിയുമൊക്കെയാണ്  കുഞ്ഞനുറുമ്പുകളെപ്പോലെ കൊച്ചു കുട്ടികൾ നീങ്ങുന്നത്. ഇളങ്കാട്, ഇളങ്കാട് ടോപ്പ് ഭാഗത്തെ എല്ലാ കുട്ടികളും ഒന്നാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെ മുക്കുളം സ്‌കൂളിൽപഠിക്കാൻ വിധിക്കപ്പെട്ടവരാണ്. സ്‌കൂളിൽ ചേർക്കാനല്ലാതെ വീട്ടിൽ നിന്നാരും വരുന്ന രീതി ഇല്ല. മൂത്തവരോടൊപ്പമോ അടുത്ത വീട്ടിലെ ചേച്ചിമാർക്കോ ചേട്ടന്മാർക്കോ ഒപ്പമോ ഒക്കെയാണ് ഒന്നാം ക്ളാസിലേയ്ക്ക് സ്ലേറ്റും കല്ലു പെൻസിലുമായി ഒന്നാം ദിവസം മുതൽ ഓരോ കുട്ടിയും എത്തുന്നത്. തിരിച്ചിറക്കവും അങ്ങനെ തന്നെ.

ഇങ്ങനെ വിപുലമായൊരു ഭൂപ്രദേശത്തെ ഒരേയൊരു വിദ്യാകേന്ദ്രമായി പരിലസിച്ചിരുന്ന മുക്കുളം സെന്റ് ജോർജ്ജ് സ്‌കൂളിലാണ് 1975 ൽ എന്റെ വിദ്യാഭ്യാസം ആരംഭിച്ചത്.

1974 ൽ തന്നെ കന്യാസ്‌ത്രീകൾ ഒരു നഴ്‌സറി ക്ളാസ് തുടങ്ങുകയും എന്നെ അവിടെ വിടുകയും ചെയ്‌തു. അങ്ങനെ ആദ്യാക്ഷരം നേടിക്കഴിഞ്ഞാണ് സ്‌കൂളിൽ എത്തുന്നത്.  രൂപതാ മാനേജ്‌മെന്റിന്റെ സ്‌കൂളാകയാൽ സ്ഥലവാസികളായ കുറെ അദ്ധ്യാപകരും പുറം നാട്ടുകാരായ കുറച്ചു പേരും ഉണ്ടായിരുന്നു. ഈ വിദേശികളായ അദ്ധ്യാപകർ തിങ്കളാഴ്‌ചകളിൽ ഇളങ്കാട്ടിലോ ഏന്തയാറ്റിലോ ബസ്സിറങ്ങി മുക്കുളത്തേയ്ക്ക് നടന്നു വന്നിരുന്നു. വെള്ളിയാഴ്‌ച അതേ പോലെ മലയിറങ്ങി കൂടണയും. ഇങ്ങനെ നടത്തത്തിന്റെ അനേകം ഇതിഹാസങ്ങളാണ് ഓരോ ദിവസവും രചിക്കപ്പെട്ടിരുന്നത്…!

ഒന്നാം ക്ലാസിലെ ആദ്യ ദിവസം മൂത്തവർക്കൊപ്പം ഞാൻ പോയത് ആവേശത്തോടെയാണ്. വലിയ നിറമൊന്നും ഇല്ലെങ്കിലും സ്‌കൂളിൽ പോക്ക് എന്റെ സ്വപ്‌നങ്ങളിൽ ഇടം പിടിച്ചിരുന്നു. പുതിയ സ്ലേറ്റും കല്ലു പെൻസിലും മാത്രമായിരുന്നു എന്റെ ആസ്‌തി. അത് ഷേർലി ചേച്ചി വാങ്ങിപ്പിടിച്ചു. അപ്പോ കൈവീശി കൂടെ നടന്നാൽ മതി. അയൽപക്കത്തെ ഒന്നാം ക്ളാസുകാരെല്ലാം മുട്ടൻ കരച്ചിലാണ്. എന്റെ മൂത്തവർ രണ്ടാളും അവരോട് എന്നെ ചൂണ്ടി കണ്ടു പഠിക്കാൻ പറഞ്ഞു. “കണ്ടോ… ഞങ്ങടെ കൊച്ചിനു സ്‌കൂളിൽ പോകാൻ ഒരു മടിയുമില്ല.” വഴിക്ക് സ്ലേറ്റ് തുടക്കാനുള്ള മഷിത്തണ്ടും ഒടിച്ചു തന്നു. ക്ളാസിൽ  രണ്ടു നിര ബഞ്ചുകൾ ഉണ്ട് . ബി ഡിവിഷനിൽ ഒന്നാമത്തെ ബഞ്ചിൽ ഒന്നാമതായി എന്നെ പ്രതിഷ്ഠിച്ച് അവർ സ്വന്തം ക്ളാസുകളിലേയ്ക്ക് പോയി. പഴയ ക്ളാസിൽ ചെന്ന് ജയിച്ചവരെ പേരു വിളിച്ച് അടുത്ത ക്ളാസിലേയ്ക്ക് പറഞ്ഞു വിടുന്ന മനോഹരമായ ആചാരമാണ് അവരുടെ മനം നിറയെ. റിസൾട്ട് നേരത്തെ അറിഞ്ഞതാണെങ്കിലും തോറ്റവരുടെ കുണ്ഠിതം കാണാനും തോറ്റവരാരൊക്കെ പഠിത്തം നിർത്തിയെന്നറിയാനുമുള്ള സുവർണ്ണാവസരമാണല്ലോ! അത് പാഴാക്കാൻ പാടില്ല.

പ്രബലരായ വേറെ ചേച്ചിമാരുടെ അനിയത്തിമാർ എത്തിയപ്പോൾ എന്റെ ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം രണ്ടും മൂന്നുമൊക്കെയായി മാറി. സ്‌കൂൾ ആകെപ്പാടെ നീണ്ടുനിവർന്നു കിടക്കുന്ന കുറെ ഹാളുകളാണ്. ഓഫീസും സ്റ്റാഫ് റൂമും മാത്രമേ ഭിത്തികെട്ടിത്തിരിച്ചിട്ടുള്ളൂ. ക്ലാസ് മുറികളെല്ലാം തടി സ്‌ക്രീനുകളാൽ മാത്രം വേർതിരിയുന്നു. ഒരറ്റത്തു നിന്നു നോക്കിയാൽ അങ്ങേയറ്റം വരെയുള്ള സാറന്മാരെ കാണാം. ബോർഡും മേശയും കസേരയും കാണാം. ഒന്നാം ക്ലാസ് ഇരുന്ന ഹാളിൽ ഒന്നും നാലും ക്ളാസുകളുടെ നാലു ഡിവിഷൻ പ്രവർത്തിക്കുന്നു. രണ്ടും മൂന്നും തൊട്ടടുത്തു തന്നെ മറ്റൊരു കെട്ടിടത്തിലാണ്. വരാന്തകൾ പരസ്‌പരം ബന്ധിതവുമാണ്.

ഗ്രേസി ടീച്ചറായിരുന്നു ഒന്നു ബി യുടെ അധികാരി. ചൂരൽ സാറമ്മാരുടെ അംശവടിയായി ശോഭിക്കുന്ന കാലമാണ്. പക്ഷേ ഗ്രേസി ടീച്ചർ ചൂരലില്ലാതെ പുസ്‌തകവും പുഞ്ചിരിയുമായി വന്നു. അക്ഷരവും സ്‌നേഹവും തന്നു . ടീച്ചർ അന്നൊരു നവവധു കൂടിയാണ്. ആ ജൂൺ മാസം 25-ാം തീയതിയാണ് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആ വലിയ വാക്ക് മുതിർന്നവർക്കിടയിൽ അതീവ ഗൗരവത്തോടെ കറങ്ങി നടന്നു. ഏതായാലും ജൂലൈ മാസം തുടക്കം മുതലേ കടുത്ത തലവേദന മൂലം എന്റെ സ്‌കൂളിൽ പോക്ക് മുടങ്ങി. കൊച്ചു പിള്ളേർക്ക് വരാൻ പാടില്ലാത്ത അസുഖമായിരുന്നു അന്നു തലവേദന! പള്ളിക്കൂടത്തിൽ പോകാനുള്ള മടി മുതൽ പല ഊഹാപോഹങ്ങളും അതെപ്പറ്റി ഉണ്ടായി!! എന്റെ വേദന ദിനംപ്രതി കൂടി വന്നു. സമീപ പ്രദേശത്തെ ഡിസ്‌പെൻസറികളിലുള്ളവരും സ്ഥലവാസിയായ ഹോമിയോ ഡോക്‌ടറും ഒക്കെ പല പരീക്ഷണങ്ങൾ നടത്തി ഒരു മാസം പിന്നിട്ടു. രോഗം മൂർച്ഛിച്ചു മയങ്ങിപ്പോകുന്ന സ്ഥിതിയായി. ഒടുക്കം മുണ്ടക്കയം ഗവൺമെന്റാശുപത്രിയിലെ എംബിബിഎസ് കാരനായ ദിവാകരൻ ഡോക്‌ടറെ തന്നെ കാണിക്കാൻ തീരുമാനമായി. “അടിയന്തിരാവസ്ഥയായതു കൊണ്ട് കാശൊന്നും വാങ്ങില്ല” എന്ന ആശ്വാസവും പലരും പങ്കുവച്ചു.

ദിവാകരൻ ഡോക്‌ടർ വിശദമായി പരിശോധിച്ചു. ഞാൻ പറഞ്ഞെല്ലാം ശ്രദ്ധിച്ചു കേട്ടു. രോഗം ഇന്നതാണെന്ന് എന്തോ ഒരു പേരു പറഞ്ഞു. അത് എനിക്കു പിടി തന്നില്ല. വീട്ടിൽ വച്ചു നടന്ന പ്രസവത്തിൽ കുട്ടിയെ വലിച്ചെടുത്തപ്പോൾ കഴുത്തു ഭാഗത്തുണ്ടായ ഏതോ ക്ഷതത്തിന്റെ ഫലമാെണെന്നു വിശദീകരിച്ചു. പിന്നെ രണ്ടു വർഷത്തെ മുടങ്ങാത്ത ചികിൽസ വിധിച്ചു. മധുരം പഥ്യമെന്നു പറഞ്ഞു. അനാരോഗ്യം മാറാൻ വിറ്റാമിൻ സിറപ്പുകൾ നിർബ്ബന്ധമാക്കി. അങ്ങനെ മിഠായി കഴിക്കാനാവാത്ത ശാപ ഗ്രസ്‌തമായ ബാല്യമായി ആഗസ്റ്റ് 15 നു ശേഷം ഞാൻ സ്‌കൂളിലേയ്ക്ക് മടങ്ങിയെത്തി.

ഞാൻ വീണ്ടും കാണുമ്പോൾ ഗ്രേസി ടീച്ചറിനു വയറ് കുറച്ചു വലുതായിട്ടുണ്ട്. മറ്റു കുട്ടികളെപ്പോലെ ഓടിക്കളിക്കാൻ പോലും ശേഷിയില്ലാത്ത, മധുരം കഴിക്കാനാവാത്ത സാധുവായ എന്നോട് ടീച്ചർ കാരുണ്യത്തോടെ ഇടപെട്ടു. പഞ്ചാരക്കുഞ്ചുവിന്റെ പാട്ടൊക്കെ  ക്ളാസിലിരുന്നു തന്നെ കാണാപ്പാഠം പഠിച്ചു ചൊല്ലി ഞാൻ ടീച്ചറിനു മുന്നിൽ ആളായി. ഏതാണ്ടൊരു ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലാണ് അന്ന് എന്റെ കണ്ണും മനസ്സും. ഒരു കാര്യവും മറക്കില്ല. എല്ലാറ്റിന്റെയും മൈന്യൂട്ട് ഡീറ്റെയിൽസ് വരെ പിടിച്ചെടുക്കും.

അന്ന് ഒക്‌ടോബർ രണ്ടാം തീയതി മുതൽ ഒരാഴ്‌ച സേവന വാരമാണ്. ഉച്ചവരെ പരിസര ശുചീകരണം. ഉച്ച കഴിഞ്ഞു കലാപരിപാടികൾ.  അങ്ങനെയാണ് എനിക്ക് ആദ്യത്തെ സ്റ്റേജ് പെർഫോമൻസിനുള്ള അവസരം കിട്ടുന്നത്. എന്റെ ടീച്ചർ അന്നു ലീവാണ്. അതുകൊണ്ട് ആരോടും ചോദിക്കാതെയാണ് ഞാൻ സ്റ്റേജിലേയ്ക്ക്  ചെന്നത്. ഒന്നാം ക്ലാസിലെ കുട്ടി അതും പെൺകുട്ടി സ്വയം ചെന്നു പാടണമെന്നു പറഞ്ഞ് സ്റ്റേജിൽ കയറുന്നത് ഒരു കൊള്ളാത്ത ഏർപ്പാടാണെന്ന് എനിക്കറിയില്ലായിരുന്നു. ബാലരമയിൽ നിന്നും പഠിച്ച ഒരു കുട്ടിക്കവിതയാണ് ഞാൻ ചൊല്ലിയത്. സിപ്പി പള്ളിപ്പുറത്തിന്റേതായിരുന്നു എന്നാണോർമ്മ. അതിലെ അവസാന വരികൾ ഇതാണ്

“ചെവി പൊന്നാക്കും ചെറിയാൻ സാറേ ജോണി വരുന്നില്ല
കവിത പഠിക്കാൻ കൊച്ചാശാനെ ജോണി വരുന്നില്ല…”!

ഹൈസ്‌കൂളിൽ ഒരു ചെറിയാൻ സാർ ഉണ്ടെന്നോ ചെവിക്കു പിടുത്തം അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട ശിക്ഷാ രീതി ആയിരുന്നെന്നോ എനിക്കറിയുമായിരുന്നില്ല. പക്ഷേ സ്റ്റേജിൽ നിന്നും താഴെയിറങ്ങി ആരവങ്ങൾക്കിടയിലൂടെ നീങ്ങിയ എന്നെ കന്യാസ്‌ത്രീമാർ വട്ടമിട്ടു പിടികൂടി.

എന്റെ സ്വന്തം ആന്റി, അതായത് ചാച്ചയുടെ പെങ്ങൾ ഉൾപ്പെടെ വന്നാണ് എന്നെ കസ്റ്റഡിയിലെടുത്തത്. “നീയിങ്ങു വന്നേ ചോദിക്കട്ടെ” എന്ന ഡയലോഗുമായി വന്നവരെ പേടി കൂടാതെയാണു ഞാൻ നോക്കിയത്. സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വച്ച് സംസ്‌കൃതം ടീച്ചർ എലിസബത്ത് പറഞ്ഞു… “എന്നാലും പാവം ചെറിയാൻ സാറിനെ ഇങ്ങനെ കളിയാക്കിയതു ശരിയായില്ല ..”! ഞാൻ വാ പൊളിച്ചു നിന്നു… സിസ്റ്റർമാർ ഊഴം വച്ച് ചോദ്യം ചെയ്യൽ തുടങ്ങി.

“ഈ പാട്ടു പഠിപ്പിച്ചതാര്…? സ്റ്റേജിൽ കയറി പാടാൻ പറഞ്ഞതാര്? ചെറിയാൻ സാർ പരാമർശം മൂലത്തിലുള്ളതാണോ, അതോ കൈയീന്ന് ഇട്ടതാണോ?”

ചൂരൽ പലതു മേശപ്പുറത്ത് ഉണ്ട്. കള്ളം പറഞ്ഞാൽ അടി ഉറപ്പ്. ഹെഡ് മാസ്റ്റർ സീനിലേയ്ക്ക് വരാനിരിക്കുന്നതേ ഉള്ളൂ..

തനിയെ വായിച്ചു പഠിച്ചു എന്നത് അസംഭവ്യം!

“വേറെ എന്തൊക്കെ ഇങ്ങനെ കാണാപ്പാഠം അറിയാം? സർവ്വേശാ നീ പരിശുദ്ധൻ അറിയാമോ ..?”

ഞാൻ ഏതാണ്ട് ഒരു കുർബ്ബാന മുഴുവനും കാണാപ്പാഠം പറഞ്ഞു കേൾപ്പിക്കുന്നു…

കന്യാസ്‌ത്രീ മുഖങ്ങളിൽ വണ്ടർ. എന്നാലും കുറ്റം തെളിയിക്കണം.

അനിയത്തിയെ തിരക്കി വന്ന മൂത്തവരെ മാറ്റി നിർത്തി ആന്റിയുടെ ഉപദേശം…

“ഈ പെണ്ണ് ഒരു പൊട്ടിക്കൊച്ചാണെന്നാ തോന്നുന്നത്. എന്തായാലും ഞാനിനി ചെറിയാൻ സാറിന്റെ മുഖത്ത് എങ്ങനെ നോക്കും… എന്റെ ആങ്ങളേടെ മോളാണെന്ന് എല്ലാർക്കുമറിയാം. ഇതിനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കല്ല്. സുഖമില്ലാത്തതല്ലേന്നു കരുതി തല്ലാതെ വിടുന്നതാ, പക്ഷേ വീട്ടിൽ ചെന്നിട്ട് കുഞ്ഞാങ്ങളയോടു പറയണം, നല്ല തല്ലു കൊടുക്കാൻ…”

ഞങ്ങൾ മൂവരും നിശ്ശബ്‌ദരായി വീട്ടിലേയ്ക്കു നടന്നു. കൂടെപ്പിറപ്പുകൾ രണ്ടിന്റെയും മുഖം അപമാനത്താൽ കനത്തിരിക്കുന്നു… അദ്ധ്യാപകരൊക്കെ ഇത്ര വലിയ സംഭവങ്ങളാണെന്ന് ഞാനാദ്യമായി അറിഞ്ഞു. എന്റെ ഭാഗം കേൾക്കാൻ ആരുമില്ല…

അദ്ധ്യാപകർ എങ്ങനെ ആവരുത് എന്നതിന്റെ അനേകം പാഠങ്ങൾ എന്നിൽ നിറച്ച, പ്രൈമറി വിദ്യാഭ്യാസം ദുരനുഭവങ്ങളാൽ സമ്പന്നമാക്കിയ ഒരു പറ്റം മനുഷ്യരേക്കുറിച്ചുള്ള ഒന്നാം പാഠമായിരുന്നു അത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account