വിട്ടുപോകേണ്ട ഇടമാണു വീടെന്നു പറഞ്ഞത് ഞാൻ തന്നെയാണോ??അതോ വായിച്ചതോ കേട്ടതോ ആണോ? ഓർമ്മയില്ല. ഏതായാലും ആ വാചകം അതിന്റെ ആഴത്തിലും പരപ്പിലും ജീവിത പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.
മനുഷ്യാനുഭവങ്ങളെല്ലാം അതിന്റെ സൂക്ഷ്മ സ്ഥൂല ബഹുലതകളിൽ അരങ്ങേറുന്ന ഇടമാണു വീട്..! പൊതുജീവിതത്തിന്റെ അണിയറയാണ് വീട്…! പറയാനിങ്ങനെ എന്തെല്ലാം. വീടിനെക്കുറിച്ചുള്ള ദാർശനികവും വൈകാരികവുമായ സമസ്യകളെ ഇപ്പോൾ തിടം വപ്പിച്ചത് മനുഷ്യർ വീട്ടിലേയ്ക്കൊതുങ്ങിയ ലോക്ക് ഡൗണും തുടർന്നുണ്ടായ പൊതുചർച്ചകളുമാണ്. വീട്ടിലിരിക്കുക എന്നാൽ ഒരു വലിയ മനക്ലേശമാണെന്നും അതു മറികടക്കാൻ എന്തു ചെയ്യണമെന്നുമായിരുന്നു ആദ്യ ദിവസങ്ങളിലെ വിചാരങ്ങൾ. എന്നാൽ അദ്ധ്യാപകരുടെ പ്രതിഷേധവും ഉത്തരവുകത്തിക്കലും കഴിഞ്ഞതോടെ വീടും വീടിന്റെ വാതിലും പൂമുഖവും വീടിന്റെ വലുപ്പവും വിലയും ചിലവുമൊക്കെ ചർച്ചകളുടെ ഭാഗമായി.. അദ്ധ്യാപകരെല്ലാം മനോഹരമായ സൗധങ്ങളിൽ വസിക്കുന്ന ഒരു വിഭാഗമാണെന്നും വിധിയെഴുതി.
കേരളത്തിലെ വീടുകളുടെ ചരിത്രത്തിലേയ്ക്കും വികാസത്തിലേയ്ക്കും മനസ്സു സഞ്ചരിച്ചത് സ്വന്തമായി വീടില്ലാത്ത ഒരു അദ്ധ്യാപിക എന്ന നിലയിലാണ്. വീടെന്ന മനോഹര നിർമ്മിതി എക്കാലവും ഒരു സ്റ്റാറ്റസ് സിംബലാണല്ലോ..!
വീടോർമ്മകൾ..
എന്റെ ഓർമ്മയിലെ ആദ്യത്തെ വീട് ഒരു വെട്ടിക്കെട്ടൻ പുരയാണ്. അക്കാലത്ത് മുക്കുളത്ത് മൂന്നു തരം വീടുകളാണ് ഉള്ളത്. ചെറ്റപ്പുര, വെട്ടിക്കെട്ടൻ പുര, പണിത പുര. ചെറ്റപ്പുര പൂർണ്ണമായും ഓലയോ പുല്ലോ കൊണ്ടു തീർത്ത പർണ്ണശാലയാണ്.. തറ പ്രത്യേകമായി കെട്ടി പൊക്കാറില്ല. തടി, കല്ല്, മണ്ണ്, ഇഷ്ടിക ഇതൊന്നും കൊണ്ടുള്ള ചുവര് ഇതിനില്ല. ചെത്തി നിരപ്പാക്കിയ മണ്ണിൽ കവുങ്ങിൻ പട്ടയോ മുളം കീറുകളോ കുത്തി നിർത്തി അവയ്ക്കിടയിൽ ഓലയോ പുല്ലോ കെട്ടി വരിഞ്ഞ് ഉണ്ടാക്കുന്ന ചുവരും മേൽക്കൂടും വാതിലുമൊക്കെയാണ്.. എഴുപതുകളിലെ സിനിമകളിൽ ഇത്തരം നിർമ്മിതികൾ ധാരാളമായി കാണാം.
വെട്ടിക്കെട്ടൻ പുര കുറച്ചു കൂടി ചിലവും സാങ്കേതിക മികവും ഉള്ളതാണ്. കാട്ടുകല്ലുകൊണ്ട് ഒരു തറ കെട്ടിയുയർത്തും. ഇതിനു മേസ്തിരിയുടെ സാങ്കേതിക സഹായമൊന്നും തേടാറില്ല. ഏതെങ്കിലും മരങ്ങൾ മുറിച്ച് ഉണ്ടാക്കുന്ന തൂണുകളും മൺകട്ട കെട്ടിയ ചുമരും മുളകൊണ്ടോ അലകു കൊണ്ടോ ഉണ്ടാക്കിയ മേൽക്കൂടും ഇതിനുണ്ടാവും.. ഈ മേൽക്കൂട് ഓലയോ പുല്ലോ മേഞ്ഞതാവും. ആണ്ടോടാണ്ട് ഈ മേച്ചിൽ പുതുക്കിക്കൊണ്ടിരിക്കണം. നന്നായി നോക്കിയാൽ പത്തു വർഷമൊക്കെ ഒരു വെട്ടിക്കെട്ടൻ പുരയ്ക്ക് ആയുസ്സുണ്ടാവും. പണിത പുര കൃത്യമായി കണക്കുകളൊക്കെ സഹിതം മേസ്തിരി, ആശാരി തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധരാൽ കല്ലും മരവും കൊണ്ടു നിർമ്മിതമായ ഓടിട്ട വീടുകളായിരുന്നു. അവ ദീർഘായുസ്സായിരിക്കാനുള്ള സന്തതികളാണ്.
എന്റെ ഓർമ്മയുടെ അങ്ങേയറ്റത്ത് നാലഞ്ചു വയസു വരെ ഞാൻ വളർന്ന വെട്ടിക്കെട്ടൻ പുരയുണ്ട്.. ആണ്ടോടാണ്ട് അരങ്ങേറിയിരുന്ന പുര കെട്ടൽ എന്ന ആഘോഷമുണ്ട്. വേനലിന്റെ തുടക്കം മുതൽ ഓല കുതിർത്ത് മെടഞ്ഞ് ഉണക്കി സംഭരിക്കും. അത് ആവശ്യത്തിനായിക്കഴിഞ്ഞാൽ മഴയ്ക്കു മുമ്പായി അയൽക്കാരുടെ സഹകരണത്തോടെ പുര കെട്ടി മേയും… അന്ന് വീടാകെ ആളും ബഹളവുമാണ്. നല്ല ആഹാരവുമുണ്ട്. ചെറുപ്പത്തിൽ അതൊരാഘോഷമായിരുന്നു… ആഹാരമല്ലാതെ വീടുമേയാൻ ആരും കൂലിയൊന്നും വാങ്ങിയിരുന്നില്ല. ഓലതികയാതെ വന്നാൽ ചെറിയ പൈസയ്ക്ക് മെടഞ്ഞ ഓലവാങ്ങിയിരുന്നു. അതിന്റെ അദ്ധ്വാനം കണക്കാക്കിയാവാം വില ഈടാക്കിയിരുന്നത്. അന്നു മിക്ക വീടുകളും ഇങ്ങനെ ഓല മേഞ്ഞവ ആയിരുന്നു. അയൽക്കാർ സഹകരിച്ച് എല്ലാ വീടുകളും യഥാസമയം കെട്ടി മേയും. പുരമേയൽ, കിണറുതേകൽ, ആണ്ടു കുമ്പസാരം എന്നിവയായിരുന്നു അപ്പന്മാരുടെ മഴക്കാലപൂർവ്വ ഉത്തരവാദിത്വങ്ങൾ. കൃഷിയും അനുബന്ധ ജോലികളും ജീവിതത്തിന്റെ സ്വാഭാവികതകളും.
എനിക്ക് ആറു വയസ്സൊക്കെ ആയപ്പോൾ ഞങ്ങളും പുര പണിതു. കരിങ്കല്ലിൽ കെട്ടിയ തറയും ചുടുകട്ട കൊണ്ടുള്ള തൂണും മരത്തിന്റെ മേൽക്കൂടിന്മേൽ ഓടും പാകിയ ആ വീടിനു അടച്ചുപൂട്ടാവുന്ന വാതിലുകളും ജനലുകളുമുണ്ടെങ്കിലും ചുമരുകളെല്ലാം മണ്ണിഷ്ടിക കൊണ്ടാണു കെട്ടിയത്. അതിന്റെ വാർദ്ധക്യം വിളിച്ചോതിക്കൊണ്ട് ആ വീട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കാലം പോകെ പണമുള്ളവർ സിമെന്റു വാർത്ത ടെറസ് വീടുകളും അതില്ലാത്തവർ ആസ്ബറ്റോസ് ഷീറ്റിട്ട വീടുകളും നിർമ്മിച്ചു… ഓലയും ഓടും പിൻ വാങ്ങിത്തുടങ്ങി… പോകെപ്പോകെ വീടെന്നാൽ കോൺക്രീറ്റ് കെട്ടിടമെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിപ്പെട്ടു…
29 വർഷമായി കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലായി ഏതാണ്ട് 15 ഓളം വീടുകളിൽ ഞാൻ വാടകയ്ക്കു താമസിച്ചു പോരുന്നു. അതിൽ ഓടിട്ടതും ഷീറ്റിട്ടതും വാർത്തതുമായ വീടുകളുണ്ട്. ഓരോ വീടിനോട് ചേർന്നും ഒരു പിടി ഓർമ്മകളുടെ തുടിപ്പുണ്ട്. അവയുടെ പരിസരങ്ങളിലൊക്കെ ഞാൻ നട്ടു വച്ച ചെടികളിൽ ചിലതെങ്കിലും അവശേഷിക്കുന്നുണ്ടാവും… ചില വീടുകൾക്കരുകിൽ ഞാൻ നട്ട മാവും പേരയും കായ്ച്ചു നിൽപ്പുണ്ടാവും… പരിസ്ഥിതി ദിനത്തിലൊക്കെ നട്ട തേക്കും ആഞ്ഞിലിയും വളർന്നു ചില്ലകൾ വീശിയിട്ടുണ്ടാവും..! എല്ലാ വീടുകളെയും ഞാൻ ഒരുപാടു സ്നേഹിച്ചിരുന്നു. തൂത്തും തുടച്ചും ചെടി നട്ടും ചെറിയ തോതിൽ കൃഷി ചെയ്തും ഭംഗിയാക്കിയിരുന്നു.. പക്വതയാർന്ന വിവാഹബാഹ്യ പ്രണയം പോലെ പോറലേൽപ്പിക്കാതെ വിട്ടു പോരികയും ചെയ്തു..!
കാലങ്ങളായുള്ള ഈ ശീലത്തിൽ നിന്നുമാവാം വിട്ടു പോകാനുള്ള ഇടമാണു വീടെന്ന ഫിലോസഫി എന്റെയുള്ളിൽ ഇടം പിടിച്ചത്. അല്ലെങ്കിൽ തന്നെ വിട്ടുപോകലുകളുടെ തുടർച്ചയല്ലേ ജീവിതം.. ആദ്യ വീടായ ഗർഭപാത്രത്തിൽ നിന്നും തുടങ്ങുന്ന വിട്ടു പോക്ക് ഭൂമിയെന്ന വീട്ടിൽ നിന്നുമുള്ള വിട്ടു പോക്കിൽ അവസാനിക്കുന്നു..!
ഇതിനിടയിൽ വീടൊരു ആവശ്യവും പലപ്പോഴും ഒരു പൊങ്ങച്ചവും പലർക്കും ഒരു സ്വപ്നവുമായി തുടരുന്നു…!
പോറലേൽപ്പിക്കാതെ വിട്ടു പോരുന്ന പക്വതയാർന്ന വിവാഹ ബാഹ്യ പ്രണയം പോലെ ….! എന്തൊരു ഉപമ ….!Beautiful
Beautiful words
നന്ദി.. സ്നേഹം..
നന്ദി.. സ്നേഹം..
സ്നേഹം.. പ്രിയനേ..
Well written and very informative one, as usual, from Betti teacher.
സ്നേഹം… ഡിയർ
പഴയ വീടുകളുടെ ഓർമ്മയിൽ ഒരു പ്രത്യേക മണവും തണുപ്പും ഉണ്ട്.. .. നല്ലെഴുത്ത് പ്രിയപ്പെട്ട ടീച്ചർ
അതെ… പ്രിയപ്പെട്ടവളേ..
അതെ അതിമനോഹരം!….. അത്തരം പക്വതയാർന്ന ചില മനോബന്ധനങ്ങളാവാം മിക്ക വിവാഹ ജീവിതങ്ങളെയും നിലനിർത്തിക്കൊണ്ടു പോകുന്ന പൽച്ചക്രമായി പ്രവർത്തിക്കുന്നത്.
അതെ.. വ്യഥിതദാമ്പത്യത്തിന്റെ മുറിവുകളിൽ ഇറ്റുന്ന എണ്ണ.
ആദ്യ വീടായ ഗർഭപാത്രത്തിൽ നിന്നും തുടങ്ങുന്ന വിട്ടു പോക്ക് ഭൂമിയെന്ന വീട്ടിൽ നിന്നുമുള്ള വിട്ടു പോക്കിൽ അവസാനിക്കുന്നു..! Absolutely… Wonderful read.
നന്ദി… സ്നേഹം..
സ്നേഹം പ്രിയപ്പെട്ടവളേ..
വിട്ടു പോകേണ്ട ഇടമാണ് വീട് എന്ന പ്രയോഗം ഞാനാദ്യമായി കാണുന്നത് ജോയ്സുകുട്ടി സാറിന്റെ ഗവേഷണപ്രബന്ധത്തിലാണ്.അതിന്റെ മുന്നുരയില്ത്തന്നെ ഡോ.ബെറ്റിമോള്ക്ക് നന്ദിയര്പ്പിച്ചിട്ടുമുണ്ട്.വീട് എന്ന വിശ്രമ ഇടത്തെ ചുറ്റിപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കാന് പ്രേരിപ്പിക്കുന്ന എഴുത്ത് .പ്രിയ സുഹൃത്തിന് വാഴ്ത്തുകള്!!!!!
ആൻസീ.. അതാണ്… ഇപ്പോ ഓർമ്മ വന്നു. ഒത്തിരി സ്നേഹം പ്രിയപ്പെട്ടവളേ..
ഹൃദയസ്പർശിയായ എഴുത്ത്….
എപ്പോളുമെന്നപോലെ, ഈ എഴുത്തും
മനോഹരം,,,ഹൃദ്യം….
ഭൂതകാലത്തിന്റെ കയങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട് ചെന്ന്,തേഞ്ഞ് തിളങ്ങുന്ന
ഓർമ്മയുടെ ,നക്ഷത്രക്കല്ലുകൾ പെറുക്കി
വായനക്കാരന്റെ മുന്നിലേക്ക് വെക്കുന്ന
ഒരനുഭവമാണ് ബെറ്റിയുടെ എഴുത്ത്….
അഭിനന്ദനങ്ങൾ,,,,,
സ്നേഹം..
വീട്,വിട്ടുപോകാനും
തിരികെയെത്താനുമുള്ള
ഇടമാണ്…. പക്ഷേ, ഒരിയ്ക്കൽ
വിട്ടുപോകൽ എന്നന്നേക്കുമുള്ള
ഒരു യാഥാർത്ഥ്യമായി മാറും,,,,
പതിനഞ്ചോളം വീടുകളിൽ മാറിമാറി
താമസിച്ചിട്ടുള്ള എഴുത്തുകാരിയോട്
ചോദിക്കട്ടെ.???
ആ വിടുകളിലേക്ക് ഒരു വട്ടം കൂടി
പോകണമെന്ന് തോന്നാറില്ലേ???
നട്ടുനനച്ച് വളർത്തിയ മാവും പേരയും
കായ്ച്ച് നിൽക്കുന്നതും, തേക്കും
ആഞ്ഞിലിയും ചില്ലകൾ വിരിച്ചു നിൽക്കു
ന്നതും കാണാൻ കൊതി തോന്നാറില്ലേ?
ചിലപ്പോഴൊക്കെ തോന്നാറുണ്ട്.. 90 കളിൽ താമസിച്ച പല വീടുകളും ഇപ്പോൾ ഉണ്ടാവില്ല. പിന്നീടു താമസിച്ചവയിൽപൊളിച്ചു പണിത വീടുകളുടെ പരിസരമാകെ മാറിപ്പോയി. നമ്മൾ നട്ടതും നനച്ചതുമൊക്കെ അപ്രത്യക്ഷമായി.. അവിടേയ്ക്ക് ഒക്കെയുള്ള തിരിച്ചു പോക്ക് വല്ലാത്ത നൊമ്പരമാണു നല്കുക.. എന്നാലും ഏറെ പ്രിയപ്പെട്ട, വാങ്ങാൻ കൊതിച്ച ചില വീടുകളിന്നും കാണാൻ തോന്നാറുണ്ട്.. അതിലുപരി ആ വീടുകളോടുള്ള പ്രണയസ്മൃതികൾ വറ്റാതെയുണ്ട്.
Congrats mam…
എന്തൊരു ഫീലാണ്… ഒന്നോർത്താൽ അത് വളരെ ശരിയാണ്…. വീട് എന്ന് പറയുന്നത് നാമൊരിയ്ക്കൽ വിട്ടു പോകേണ്ടുന്ന ഒന്നാണ്.. എനിക്കും ഇതുവരെ താമസിച്ച വീടുകൾ, ഹോസ്റ്റൽ തുടങ്ങിയവയെക്കുറിച്ച് എഴുതാൻ തോന്നുന്നു… നല്ല ഭാഷ… പിന്നെ ഇഷ്ടപ്പെട്ട വരികൾ…”പോറലേൽ പ്പിക്കാതെ വിട്ടു പോരുന്ന പക്വതയാർന്ന വിവാഹ ബാഹ്യ പ്രണയം പോലെ”
നന്ദി.. സ്നേഹം.. ഇനിയും ഇവിടെ ഞാനിങ്ങനെ ചാറ്റൽ മഴ പോലെ ഉണ്ടാവും.. കാണാം.
മനോഹരം ..