ഒരു കാലത്ത് തമിഴ് സിനിമാ വ്യവസായത്തിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായിരുന്നു മണിരത്‌നം. മലയാളികളുൾപ്പെടെയുള്ള പ്രേക്ഷകരും സിനിമാക്കാരും ആകാംക്ഷയോടെ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കായി കാത്തിരുന്നു. അദ്ദേഹത്തിൻ്റെ ഫ്രെയിമുകൾ വാഴ്ത്തപ്പെട്ടതുപോലെ വാണിജ്യ സിനിമാലോകത്ത് മറ്റാരുടേതും കൊണ്ടാടപ്പെട്ടിട്ടില്ല. ക്യാമറക്കു പിന്നിൽ സന്തോഷ് ശിവനെപ്പോലെയുള്ള വിഖ്യാത ഛായാഗ്രാഹകരായിരുന്നിട്ടുപോലും മണിരത്‌നം സിനിമകളിലെ കാഴ്ച്ചകളുടെ ക്രെഡിറ്റ്  മണിരത്‌നത്തിനു തന്നെ കൊടുക്കാൻ പ്രേക്ഷകർ മടി കാണിച്ചില്ല. ശബ്‌ദവും സംഗീതവും ഉപയോഗിക്കുന്നതിലും അന്നോളമുണ്ടായിരുന്ന തമിഴ് സിനിമയെ മണിരത്‌നം തിരുത്തിയെഴുതി.

തുടർന്നങ്ങോട്ട് തൻ്റെ ശൈലി കൈമോശം വരാതിരിക്കാൻ അദ്ദേഹം ഓരോ സിനിമയിലും ശ്രദ്ധിച്ചു. അത് പുതുക്കിപ്പണിയാൻ ഒരിക്കലും ശ്രമിക്കാതിരുന്നു. അങ്ങനെ ആ  സിനിമകളോരോന്നും പേരുകേട്ട ആ   ‘മണിരത്‌നം മേക്കിങ്ങി’ന് ഉദാഹരണങ്ങളായി. അതേ സമയം മണിരത്‌നം  സിനിമകളെ ആരാധിച്ച അടുത്ത തലമുറ അദ്ദേഹത്തെ മറികടന്നുള്ള ചിന്തകളുമായി മുന്നോട്ടു പോയി. പുതുവഴികൾ വെട്ടി ഓരോരുത്തരും തൊട്ടുമുമ്പിലോടുന്ന സമകാലികരെ മറികടന്നു. അപ്പോഴും മണിരത്‌നം പഴയ പ്രതാപകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അതേ ശൈലിയിലുള്ള സിനിമകളുമായി വന്നു. ഗൃഹാതുരതയോടെ പ്രേക്ഷകർ അവയെ സ്വീകരിച്ചു പോന്നു. പലപ്പോഴും മോശം തിരക്കഥയിലുള്ള അഭ്യാസം പാഴായിപ്പോകുന്നതും കണ്ടു.

‘സെക്ക സെവന്ത വാനം’ കാണാൻ കയറുമ്പോൾ അതുകൊണ്ടുതന്നെ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. തുടക്കത്തിൽ തന്നെ പ്രകാശ് രാജിലൂടെ അധോലോകകാഴ്ച്ചകളിലേക്ക് സിനിമ നേരിട്ടിറങ്ങിച്ചെന്നപ്പോൾ, പതിവ് ‘അടി-വെടി-കൊല’ തന്നെയാണെന്നും പിടി കിട്ടി. അതങ്ങനെത്തന്നെയായിരുന്നു. ഒരു സസ്‌പെൻസ് ത്രില്ലർ ആക്ഷൻ പടം. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അടിവരയിട്ടു പറഞ്ഞു: ‘ഒന്നാന്തരം ആക്ഷൻ പടം!’.

അതെ ഒന്നാന്തരം ആക്ഷൻ പടം തന്നെ! കിടിലൻ തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. സംവിധായകനും ശിവ ആനന്ദും ചേർന്നെഴുതിയ തിരക്കഥയിൽ അവസാന സീൻ വരെ വില്ലന്മാരേയുള്ളു. അരവിന്ദസ്വാമി, ചിമ്പു, അരുൺ വിജയ്, വിജയ് സേതുപതി എന്നിങ്ങനെ തമിഴ് സിനിമയിലെ നാലു മുന്തിയ താരങ്ങൾക്ക് ഒന്നിനൊന്നു മത്‌സരിച്ചു തകർക്കാനുള്ള  അവസരമുള്ള സിനിമയിൽ പക്ഷേ, എല്ലാവരും വില്ലന്മാർ! വില്ലത്തരമില്ലാത്തത് പെണ്ണുങ്ങൾക്ക് മാത്രം. (ആണുങ്ങൾക്ക് തകർപ്പൻ അവസരം  കിട്ടിയപ്പോൾ  ജ്യോതികയും ഐശ്വര്യ രാജേഷുമുൾപ്പെടെയുള്ള അഭിനേത്രികൾക്ക് സാധാരണ തമിഴ് സിനിമകളിലെ ക്ളീഷേ വേഷങ്ങൾ തന്നെ ഇവിടെയും).

പ്രകാശ്  രാജിന്റെ സേനാപതിയുൾപ്പെടെയുള്ള വില്ലന്മാരൊന്നും വെറും വില്ലന്മാരല്ല. റൊമാൻസും കുടുംബസ്‌നേഹവും വാശിയും അഹങ്കാരവും ഭയവും ധൈര്യവുമൊക്കെയുള്ള സാധാരണ മനുഷ്യർ കൂടിയാണവർ. അവർക്ക് തുല്യ പ്രാധാന്യം നൽകി, പ്രേക്ഷകന്റെ ആകാംക്ഷയെ അവസാന സീൻ വരെ പിടിച്ചുകൊണ്ടുപോയി അപ്രതീക്ഷിതമായ ക്ലൈമാക്‌സിലൂടെ വിസ്‌മയപ്പെടുത്തുന്ന തിരക്കഥയുടെ മേലുള്ള ചിരപരിചിതമായ മണിരത്‌നം മേക്കിങ്ങാണ് ‘സെക്ക സെവന്ത വാനം.’

മൂന്നു രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകളുടെ കഥ, കളർഫുള്ളായി അവതരിപ്പിക്കുന്ന സിനിമ പക്ഷേ, ആദ്യാവസാനം ഇരുട്ടിനെയാണ് കാണിച്ചുതരുന്നത്! ഭീതിയുടെ മുകളിൽ ധൈര്യത്തിന്റെ ആവരണമിട്ട മനുഷ്യർ മാത്രമുള്ള കുടുംബം. സ്വന്തം മനഃസാക്ഷിയിൽ നിന്ന് രക്ഷപ്പെടാനുള്ള പാലായനങ്ങൾ!

പരിധിയില്ലാത്ത സമ്പത്തും, സ്റ്റേറ്റിനെ തന്നെ സ്വാധീനിക്കാനുള്ള ശേഷിയുമുണ്ടെങ്കിലും എത്ര നിസ്സാരന്മാരാണ് ആ കഥാപാത്രങ്ങൾ! ഭരണകൂടപിന്തുണയോടെ നമ്മുടെ ചോരയൂറ്റിച്ചീർക്കുന്ന കോർപറേറ്റ് അധോലോകമുതലാളിമാരുടേതിനേക്കാൾ എത്ര വലുതാണ്   നമ്മളനുഭവിക്കുന്ന സ്വസ്ഥ ജീവിതമെന്ന്  ഈ സിനിമ മനസ്സിൽ കോറിയിടുന്നുണ്ട്. ജനപ്രിയ താരങ്ങൾ നിറഞ്ഞ, അവരെ കൃത്യമായി ഉപയോഗിച്ച, കിടിലൻ തിരക്കഥയിൽ ഒരുക്കിയ ഒരു പെർഫെക്‌ട് കൊമേഴ്‌സ്യൽ ആക്ഷൻ പടമെന്ന്, ഒരു മണിരത്‌നം പടമെന്ന് തന്നെ പറയാൻ തോന്നുന്നു ‘സെക്ക സെവന്ത വാന’ത്തെക്കുറിച്ച്.

– ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account