ഇക്കഴിഞ്ഞ ജൂണിൽ ഞാൻ ഒരു ചിന്നയാത്ര നടത്തി. മിനി ചെന്നൈ എന്ന വിശേഷണമുള്ള ട്രിച്ചിയിലേക്ക്. രാത്രി 12.00 മണിയായി ഞങ്ങളെത്തുമ്പോൾ. അപ്പോഴും ബസുകൾ ഓടുന്നു. കടകൾ തുറന്നിരിക്കുന്നു. ആളുകൾ ധാരാളം. അർദ്ധരാത്രിയും സജീവമായ നഗരം .
ഈ തമിഴ് അണ്ണന്മാർ വലിയ ഭാഷാ സ്നേഹികളാണ്. എന്ത് ബോർഡും തമിഴിലെ എഴുതൂ. തമിഴിൽത്തന്നെ എല്ലാ ബോർഡും എഴുതണമെന്ന് പറഞ്ഞ് അണ്ണന്മാർ സമരങ്ങൾ വരെ നടത്തുമത്രെ. തമിഴ് ഒരു വികാരം ആണവർക്ക്. എന്നാൽ നമ്മുടെ മലയാളി ചേട്ടന്മാർക്ക് മാതൃഭാഷ മലയാളം ഒരു ലോ ക്ലാസ്സ് laungauge ആണ്. നമ്മുടെ നഗരങ്ങളിലെ ബോർഡുകൾ ശ്രദ്ധിച്ചാൽ മതി. കൂടുതലും ഇംഗ്ലീഷായിരിക്കും. എന്നാൽ തമിഴന്മാർ വളരെ ശ്രേഷ്ഠമായി സ്വന്തം ഭാഷയെ വിലമതിക്കുന്നു.
തമിഴ്നാട്ടിലെ കാലാവസ്ഥ ഒട്ടും നല്ലതല്ല. മഴ കുറവാണ്. ചൂടു ഭയങ്കരം. പക്ഷേ എല്ലായിടത്തും അവർ കൃഷി ചെയ്യുന്നു. നമ്മളെപ്പോലെ സ്ഥലങ്ങൾ സെന്റുകളായി മുറിച്ച് വലിയ വലിയ വീടുകളുണ്ടാക്കുന്നില്ല. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ. വീടുകളൊന്നും വലിയ ഭംഗിയില്ല ,വലുപ്പവുമില്ല. എല്ലാം ഒന്നിച്ചാണ് താനും.
ട്രിച്ചിയിൽ നിന്ന് തഞ്ചാവൂരിൽ പോയതായിരുന്നു രസകരം. ജൂണിൽ നാടു മുഴുവൻ മഴയിൽ കുളിച്ച് കുളിരുകൊണ്ട് നിൽക്കുമ്പോൾ തഞ്ചാവൂരാകെ കത്തുന്ന വെയിലായിരുന്നു. വെയിലിന്റെ കാഠിന്യം ഒന്ന് വേറെ തന്നെയായിരുന്നു. അമ്പലത്തിനുള്ളിലൂടെ നടക്കുമ്പോൾ പാദങ്ങൾ തീക്കുനയിൽ വെച്ചപോലെയാണെനിക്കനുഭവപ്പെട്ടത്.
തഞ്ചാവൂർ ബൃഹദ്ദേശ്വര ക്ഷേത്രത്തെക്കുറിച്ചും പറയണമല്ലോ! അവിടാകെ പല കൊത്തുപണികളും ഉണ്ടായിരുന്നു. വലിയതോതിലുള്ള മനുഷ്യാധ്വാനം തന്നെ വേണ്ടി വന്നിട്ടുണ്ട് ഈ ക്ഷേത്ര നിർമ്മാണത്തിന്. നീണ്ട വർഷങ്ങളെടുത്താണിത് നിർമ്മിച്ചത് പോലും. അന്നത്തെ കലാ വൈദഗ്ദ്ധ്യത്തിന്റെയും എഞ്ചിനീയറിങ്ങിന്റെയും ഒരു സുപ്രധാന ഏടും കൂടിയാണ് തഞ്ചാവൂർ ക്ഷേത്രം. BC 985 മുതൽ 10 13 വരെ തഞ്ചാവൂർ ഭരിച്ചിരുന്ന രാജരാജ ചോളനാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ചരിത്രം. ക്ഷേത്ര ചുവരുകളിലെ കൊത്തു പണികളിൽ ചോള രാജാക്കന്മാർ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസിക കൃത്യങ്ങളും അവരുടെ കുടുംബചരിത്രവും വിഷയമാകുന്നുണ്ട്.
പിന്നീട് ഞങ്ങൾ പോയത് ട്രിച്ചിയിൽ നിന്ന് അധികം അകലെയല്ലാത്ത ശ്രീരംഗത്താണ്. ശ്രീരംഗം ദ്വീപിൽ കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന രംഗനാഥസ്വാമി ക്ഷേത്രവും വലുപ്പവും നിർമാണ സവിശേഷതയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും.
ട്രിച്ചിയിൽ ഞങ്ങളുടെ യാത്രകൾ മുഴുവൻ ബസ്സിലായിരുന്നു. നമ്മുടെ നാട്ടിലൊക്കെ ബസ്സുകളുടെ മത്സര ഓട്ടം പല അപകടങ്ങൾക്കും കാരണമാകാറുണ്ടല്ലോ? എന്നാൽ തമിഴ്നാട്ടിൽ ബസ്സുകൾ മത്സരയോട്ടം നടത്താറില്ലെന്നാണ് യാത്രയ്ക്കിടയിൽ എനിക്ക് മനസ്സിലായത്. ചൂടുകാറ്റ് മുഖത്തടിച്ച് ഇടയ്ക്ക് ഞാനൊന്നു മയങ്ങിയെങ്കിലും കാഴ്ചകൾ കാണാനുള്ള ആഗ്രഹം എന്നെ ഉണർത്തി.
തമിഴ്നാട്ടിൽ കേരളത്തിലേതു പോലെ വലിയ ആശുപത്രികളില്ലെന്നതും ഞാൻ ശ്രദ്ധിച്ചു.
ഈ യാത്ര തമിഴ്നാടിനോടും തമിഴ് ജനതയോടുമുള്ള എന്റെ സ്നേഹം വർദ്ധിപ്പിച്ചുവെന്നു പറയാതെ വയ്യ.
ട്രിച്ചിയെക്കുറിച്ചു എഴുതുമ്പോൾ കൗശിക്കിനെയും കൗശിയയെയും അരുൾമൊഴി മാമിയെക്കുറിച്ചും എങ്ങനെ പറയാതിരിക്കും? ട്രിച്ചിയിൽ നിന്നും വന്ന് എന്റെ സകൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളാണ് കൗശിക്കും കൗശിയയും. കൗശിയയ്ക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തലശ്ശേരി കേന്ദ്രത്തിൽ സെലക്ഷൻ കിട്ടി. അങ്ങനെയാണവർ തലശ്ശേരിക്ക് വന്നത്. അരുൾമൊഴി മാമി അവരുടെ അമ്മയാണ്. പലപ്പോഴും കൗശിക്കുമായും അരുൾമൊഴി മാമിയുമായും ഞാൻ സംസാരിക്കാറുണ്ട്. ഇംഗ്ലീഷിലാണ് കമ്മ്യൂണിക്കേഷൻ. ചിലപ്പോൾ ഞാൻ അൽപ്പസ്വൽപ്പം തമിഴും ഉപയോഗിക്കും. നാടും വീടും വിട്ടകന്നതിന്റെ ഒരു സങ്കടം അവർക്കുണ്ട്. എങ്കിലും നമ്മുടെ നാടും അവർക്കിഷ്ടമായി വരുന്നു.