സ്‌കൂളിൽനിന്നു വന്ന് കുപ്പായം മാറുന്നതിനിടയിൽ എന്നത്തേയും പോലെ അന്നും ചൊദിക്കും, “ഇനി എത്ര ദിവസം കൂടിയുണ്ട് ചെറിയ പെരുന്നാളിന്?”  ആ ചൊദ്യത്തിൽ അൽപ്പം കുസൃതിയും കലർന്നിരിക്കും. എന്നും കാണാത്തത്രയ്ക്കും ആഹ്ലാദവും.

നോമ്പുതുറയ്ക്കുള്ള പ്രത്യേക വിഭവങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കാനുള്ള വ്യഗ്രതയൊന്നും കാണില്ല. കാരണം, അന്നത്തോടെ വിശുദ്ധമാസം വിടപറയുമെന്നും ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനകൾക്കും നിറവിൽ ഷവ്വാൽ മാസം പിറക്കുകയാണെന്നും ആർക്കാണറിയാത്തത്?

വ്രതസമാപ്‌തിയുടെ ആത്‌മീയാഘോഷമാണ് ചെറിയ പെരുന്നാളെന്ന് കുഞ്ഞുനാളുമുതൽതന്നെ മനസ്സുകൊണ്ട് അറിഞ്ഞും പറഞ്ഞും പഠിച്ചുകഴിഞ്ഞിരിക്കുന്നു. പാപങ്ങൾ വിടപറഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് വിശുദ്ധിയുടെ ദിനങ്ങളെന്ന് കരളുറപ്പിക്കുന്ന നാളുകൾക്കായുള്ള വരവേൽ‌പ്പ്. അതാണ് ഷവ്വാൽ പിറയ്ക്ക് മുന്നെയുള്ള ദൃഢ പ്രതിജ്ഞ.

എന്റെ ഉപ്പൂപ്പ ഇങ്ങനെ പറയുമായിരുന്നു, “നമ്മൾ സ്വപ്‌നം കാണുന്ന സ്വർഗ്ഗം പടച്ചവൻ സൃഷ്‌ടിച്ചിരിക്കുന്നത്‌ മറ്റുള്ളവരുടെ ഹൃദയത്തിലാണ്. സ്വർഗ്ഗവാസികളായി ഒരുവൻ നിയോഗിക്കപ്പെടുന്നത് ഇല്ലാത്തവന്റെ ആവശ്യങ്ങൾക്കുവേണ്ടി അവൻ പ്രാർത്ഥിക്കുമ്പോഴാണ്. അവനു നൽകുമ്പോഴാണ്. ‘ഞാൻ’ എന്നതിനപ്പുറം സമൂഹത്തോടുള്ള ധർമ്മബോധം മനസ്സിൽ ഉണരുമ്പോഴായിരിക്കും.”

ഇരുപത്തിയേഴാം രാവ് അഥവാ ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ദിനമായി ആചരിക്കുന്ന ഓരൊ മുസൽമാനും പാപമോചനമെന്നോണം പ്രാർഥനകളിൽ ഏർപ്പെടുന്നു, ദാനധർമ്മങ്ങൾ ചെയ്യുന്നു.

ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനങ്ങൾ ആത്‌മീയത മാത്രമല്ല; ഓരൊ മുസൽമാന്റെയും ആന്തരീക ശരീരാവയങ്ങൾക്ക് അയവും, ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കുവാനും ക്ഷമാശീലം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ശാരീരിക മാനസിക നിയന്ത്രണങ്ങളിൽ ഏർപ്പെടുന്ന മനുഷ്യൻ അഞ്ചു നേരമുള്ള നിർബന്ധ നിസ്‌കാരങ്ങളിലൂടെയും ഖുർആൻ പാരായണങ്ങളിലൂടെയും പരിശുദ്ധിയുടെ ആർജ്ജം വീണ്ടെടുക്കുന്നു.

റംസാൻ മാസത്തിലെ അവസാന നോമ്പുതുറ വിഭവങ്ങൾ മേശപ്പുറം നിരന്നാലും ഒരു കുമ്പിൾ വെള്ളവും ഒരു കാരക്കയും കൊണ്ട് വയർ നിറയുന്ന മഹാത്ഭുതം മുപ്പതാം നാൾ നോമ്പിനു മാത്രം അവകാശപ്പെട്ടതായിരിക്കും. ആ കാരക്ക കൊണ്ട് തിടുക്കത്തിൽ ബിസ്മി ചൊല്ലി നോമ്പ് തുറക്കുമ്പോൾ ചിലപ്പോൾ കാരക്കാകുരു വിഴുങ്ങിയിരിക്കും. മുതിർന്നവരപ്പോൾ കണ്ണുരുട്ടി ശാസിക്കുമ്പോൾ കുഞ്ഞു പെൺ മനങ്ങൾ തൊട്ടപ്പുറത്തുള്ള കമലചേച്ചിയുടെ വളപീടികയിലായിരിക്കും. ഇരുകൈകളിലും പുതു ഡിസൈനുകളിലുള്ള കുപ്പിവളകൾ നിറയെയിട്ടു കിലുക്കി ഇത്താത്തയുടെ മുന്നിൽ ഓടി പോയി ചമ്രം പിണഞ്ഞിരിക്കും. അപ്പോഴേക്കും തൊടിയിൽനിന്ന് പറിച്ച മൈലാഞ്ചി അമ്മിയിലരച്ച് വാഴയിൽ പൊതിഞ്ഞു വെച്ച് കാത്തിരിക്കുന്നുണ്ടായിരിക്കും ഇത്താത്ത. പത്തു വിരലുകൾക്കും തൊപ്പിയണിഞ്ഞ് കൈവെള്ളയ്ക്കു നടുക്ക് വട്ടവും ചുറ്റിനും കുത്തുമിട്ടാൽ പെരുത്ത് സന്തോഷമായി.

“അതാ, തക്ബീർ വിളികൾ കേൾക്കുന്നുണ്ടെന്ന്” മുതിർന്നവർ ആരെങ്കിലും ചെവിയോർക്കുമ്പോഴേക്കും പിന്നെ അവർക്ക് ഏറ്റു പറയുകയായി.

എങ്ങും സന്തോഷങ്ങളും ആർപ്പുവിളികളും. പലഹാരങ്ങളുടെ എണ്ണ മണം. ഒരു മുറം നിറയെ ഇഞ്ചിയും വെളുത്തുള്ളിയുമായി പെൺകൂട്ടങ്ങൾ. അവരെ സഹായിക്കുന്ന മറ്റൊരു മുറം നിറയെ സവോളയുമായി ആൺകൂട്ടങ്ങൾ. അതിനിടെ മൈലാഞ്ചികൈകളുമായി ഇരുന്നിടത്തു നിന്ന് ഉറങ്ങി പോകുന്ന പെൺകുട്ടികൾ. അവരെ കുസൃതി കാണിച്ചുണർത്തുന്ന ആൺകുട്ടികൾ. പെരുന്നാൾ രാവ് എത്രയെത്ര പറഞ്ഞാലും തീരാത്ത ആഹ്ലാദനുഭവങ്ങൾ തന്നെ.

നേരം വെളുക്കാറായൊ? ഇടയ്ക്കിടെ പാതിയുറക്കത്തിൽ ഞെട്ടിയുണരുന്ന കുരുന്നുകൾ. നേരം പുലരുന്തോറും കൈവെള്ളയിലെ ചുവപ്പിനു കടുപ്പമേറുമല്ലൊ! ഉണങ്ങിയ മൈലാഞ്ചിക്കു മുകളിൽ പുരട്ടുന്ന വെളിച്ചെണ്ണയുടെയും മൈലാഞ്ചിയുടെയും മണമായിരിക്കും ഒട്ടുമിക്ക പെണ്ണുങ്ങൾക്കും പെരുന്നാൾ എത്തിയെന്നറിയിക്കുന്ന ചുണ്ടുകളിലെ മന്ദഹാസചോപ്പ്.

ചെറിയ പെരുന്നാൾ പിറന്നു. തക്ബീർ ധ്വനികളും പെരുന്നാൾ നിസ്‌കാരവും വ്രതമനുഷ്ഠിച്ചവർക്ക് ആവേശമേകുന്ന വിശേഷാൽദിനം. പുത്തൻ വസ്‌ത്രങ്ങളും, അത്തറുകളും പ്രാർഥനയും. ഇനിയുള്ള കാത്തിരിപ്പ് പെരുന്നാൾ പൈസയ്ക്കു വേണ്ടി. അതും സമ്മാനങ്ങളും മനസ്സും കൈകളും നിറയെ കിട്ടി കഴിഞ്ഞാൽ ഇനി താമസമില്ല. പെരുന്നാൾ സദ്യയ്ക്ക്.

മനം നിറഞ്ഞു. ഹൃദയപൂർവ്വം പെരുന്നാൾ ആശംസകൾ അറിയിച്ചവർക്കും അതിഥികൾക്കും സ്‌നേഹങ്ങൾ വിളമ്പി കഴിഞ്ഞിരിക്കുന്നു. ഇനി അതിഥികൾ ആവാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. ബന്ധുമിത്രാതികളെ സന്ദർശിച്ചും ഉല്ലാസവേളകൾ സൃഷ്‌ടിച്ചും ചെറിയപെരുന്നാളിനെ രണ്ടാം പെരുന്നാളിലേക്ക് നയിക്കുമ്പോഴേക്കും ചെറിയ പെരുന്നാളെന്ന വിശേഷപ്പെട്ട ദിനം പറഞ്ഞറിയിക്കാൻ ആവുന്നതിലേറെ ഓർമ്മകളും സന്തോഷങ്ങളും സ്‌നേഹങ്ങളും സമ്മാനിച്ചിരിക്കും.

ഒരൊ മുസൽമാന്റെ വീട്ടിലും ചെറിയ പെരുന്നാൾ എന്നത് ഈ പറഞ്ഞു തീർത്ത അത്രയ്ക്കും കുഞ്ഞു വിശേഷങ്ങൾ മാത്രമായിരിക്കും. ഇനിയും പറഞ്ഞു തീർക്കാനാവാത്ത എത്ര റംസാൻദിന വിശേഷങ്ങളാണെന്നൊ!

15 Comments
 1. Haridasan 1 year ago

  Eid Mubarak!

 2. Anil 1 year ago

  Eid Mubarak

 3. Retnakaran 1 year ago

  ഹൃദയപൂർവ്വം പെരുന്നാൾ ആശംസകൾ…

 4. C GANESH 1 year ago

  നല്ല കുറിപ്പ്.
  ആശംസ
  സി ഗണേഷ്

 5. fasil Shajahan 1 year ago

  നന്നായി എഴുതി….. മധുരിക്കും ഓർമ്മകൾ…

 6. Babu Raj 1 year ago

  പെരുന്നാൾ ഓർമ്മകൾ ഭംഗിയായി. ഈദ് ആശംസകൾ..

 7. Pramod 1 year ago

  പെരുന്നാൾ ഓർമ്മകൾ പെരുത്ത് ഇഷ്ടായി…

 8. Nasar 6 months ago

  ആശംസകൾ. എല്ലാവർക്കും മനം നിറയെ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account