“Make things easy for people and not difficult. Give people good news and bring them joy, and do not turn them away” – Prophet Muhammad

അതുല്യനായ  ദൈവത്തെ വാഴ്ത്തിക്കൊണ്ട് പള്ളിയിൽനിന്ന് തക്ബീർ ധ്വനികളുയരുന്ന സുദിനം. പുതുവസ്‌ത്രങ്ങളണിഞ്ഞ്, സുഗന്ധ ദ്രവ്യങ്ങൾ പൂശി വിശ്വാസികൾ പള്ളിയിലേക്ക് പെരുന്നാൾ നിസ്‌കാരത്തിന് പോകും. ഒപ്പം ഏറെ ആനന്ദത്തോടെ, ആഹ്ലാദത്തോടെ കുട്ടികളുമുണ്ടാകും. മുതിർന്നവർ ആദ്യമായി പള്ളിയിലേക്ക്  ചെറിയ കുട്ടികളെ മിക്കവാറും കൊണ്ടുപോവുക പെരുന്നാൾ ദിവസമാണ്. എല്ലാ ഹൃദ്യമായ അനുഭവങ്ങളും കുട്ടിക്കാലത്താണെന്ന് പറയുന്നപോലെ പെരുന്നാൾ അനുഭവവും കുട്ടിക്കാലത്ത് തന്നെയാണ് ഏറ്റവും രസകരം. കുട്ടികൾക്ക്  അത് പുതിയ വസ്‌ത്രങ്ങൾ ലഭിക്കുന്ന ദിവസമാണ്. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന ദിവസമാണ്.

മലബാറിൽ ഇന്നത്തെ  പോലെ ആർഭാടം ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ  രുചിയറിഞ്ഞ ഒരു കാലം.  പഴയകാലത്ത് നെയ്‌ച്ചോറും ബിരിയാണിയും കിട്ടുന്ന അപൂർവ്വം ദിവസങ്ങളിൽ ഒന്നാണ് പെരുന്നാൾ ദിവസം. കുട്ടികൾക്ക് മുതിർന്നവർ പെരുന്നാളിന് ചില്ലറ പൈസ കൊടുക്കും. കുട്ടികൾക്ക് സമ്പാദ്യത്തിന്റെ ദിനം കൂടിയാണ് ചെറിയ പെരുന്നാൾ.

എന്റെ ഓർമ്മയിലും ഈദുൽഫിത്തർ  ദിവസങ്ങൾ ഇതുപോലെയാണ്.  ഒരു കുട്ടിയെ സംബന്ധിച്ച് വിശ്വാസത്തെ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങുന്നതിനുമുമ്പ്, കുട്ടി സമൂഹത്തിന്റെ ഭാഗമായിത്തീരുന്ന ആഘോഷമാണ് ചെറിയപെരുന്നാൾ. പെരുന്നാൾ ദിവസം അടുത്ത കുടുംബങ്ങളിൽ ഉള്ളവർ വീടുകൾ സന്ദർശിക്കാൻ വരും. സഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നിറമുള്ള ദിവസം. അയൽപക്കത്തുള്ള കുട്ടികളുമൊത്ത് രാവിലെ പുതിയ വസ്‌ത്രങ്ങളണിഞ്ഞ്, വസ്‌ത്രത്തിന്റെ മഹിമകൾ പങ്കുവെച്ച് സന്തോഷകരമായി പോയിരുന്ന യാത്രകൾ… വിവിധതരം പായസ രുചികൾ നാവിൽ ഊറുന്ന ദിവസം…

ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് ഈ ആനന്ദമാണ് പെരുന്നാൾ പകർന്നു നൽകുന്നത്. മുതിരുമ്പോൾ ആത്‌മീയതയുടെയും ആചാരത്തിന്റെയും മറ്റൊരു തലത്തിലേക്ക്  വിശ്വാസി പ്രവേശിക്കുന്നു. ആഘോഷത്തിലുപരി അവന് അനുഷ്ഠാനമായിത്തീരുന്നു പെരുന്നാളുകൾ. മാസപ്പിറവി കാണുന്നതോടെ 30 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്‌തി അതിരു കവിയാതെ വിശ്വാസി കൊണ്ടാടുന്ന ഒരുദിവസമാണത് .

നോമ്പുകാരനെ അനാവശ്യകാര്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും തടഞ്ഞ് ഹൃദയ ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ്  ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കി, വിശ്വാസി കഴിക്കുന്ന ഭക്ഷണം കൃത്യമായ അളവ് അനുസരിച്ച് പാവപ്പെട്ടവനും ദാനം ചെയ്യുന്നു. എല്ലാവരും ഒരേ പോലെ ഭക്ഷണപാനീയങ്ങൾ കഴിക്കാൻ വിഭാവനം ചെയ്‌തിരിക്കുന്ന ഒരു ദിവസം.

പണക്കാരന്റെ സമ്പാദ്യത്തിലെ ഒരു ഓഹരി ർബന്ധമായും പാവങ്ങളുടെ കൈയിൽ എത്തിച്ചേരുന്ന ദിവസം മാത്രമല്ല, സാമൂഹികമായ അസമത്വത്തെ ഇല്ലായ്‌മ ചെയ്യാനുള്ള വഴി തുറന്നു തരുന്ന സന്ദർഭം കൂടിയാണ് ചെറിയ പെരുന്നാൾ.

പെട്ടെന്നാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്.  നൂറ്റാണ്ടുകളായി ഒരു തടസ്സവുമില്ലാതെ നടന്നുവന്ന, മനുഷ്യന്റെ സംസ്‌കാരികവും സാമൂഹികവുമായ കാര്യങ്ങളിൽ ഒരു സൂക്ഷ്‌മജീവി ഇടപെടുന്നു. ആഘോഷങ്ങളിലെ സാമൂഹ്യമായ അവസരങ്ങളും ആനന്ദങ്ങളും ആ സൂക്ഷ്‌മജീവി അപഹരിച്ചു കഴിഞ്ഞു. രാജ്യങ്ങളെയും  മത സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും  രാഷ്‌ട്രീയകൂടിച്ചേരലുകളെയും കോവിഡ്-19 എന്ന വൈറസ് മുമ്പെങ്ങുമില്ലാത്തവിധം നിശ്ചലമാക്കിക്കഴിഞ്ഞു.

വിശ്വാസികൾ ഇല്ലാതെയാണ് ഈസ്റ്റർ കഴിഞ്ഞു പോയത്. ആളും ആരവവും ഇല്ലാതെ ആണ് തൃശ്ശൂർ പൂരം കഴിഞ്ഞു പോയത് . അതുപോലെ ഇതാ ഒരു ചെറിയപെരുന്നാൾ. ഇത്തവണ പെരുന്നാൾ പ്രാർത്ഥനയായ ഈദ് ഗാഹിലെ ഒത്തുചേരൽ സാധ്യമല്ല . സംശയമില്ലാതെ മതപണ്ഡിതന്മാരും ഭരണാധികാരികളും കാര്യം വ്യക്‌തമാക്കി കഴിഞ്ഞു.  സാഹോദര്യം പങ്കുവെക്കുന്ന  അഭിവാദ്യങ്ങൾ സാധ്യമല്ല.

കോഴിക്കോട് കുറ്റിച്ചിറ മിസ്‌കാൽ പള്ളിയിൽ തമ്പേർ മുട്ടൽ എന്ന ഒരു പരിപാടി ഉണ്ട്. പതിനാലാം നൂറ്റാണ്ടു മുതൽ തുടർന്നു വരുന്ന ഒരു ശീലമാണ് തമ്പേറ് മുട്ടൽ. മൃഗത്തോൽ കൂറ്റൻ ചെമ്പ് ഡ്രമ്മിൽ കെട്ടിയുണ്ടാക്കിയ  ഒരു ഉപകരണമാണ് തമ്പേർ. ചെറിയ പെരുന്നാളിന് മാസപ്പിറവി കണ്ടാൽ  തമ്പേർ മുട്ടും. അതുപോലെ പെരുന്നാൾ നിസ്‌കാരം കഴിഞ്ഞാലും. ഇത്തവണ, പതിനാലാം നൂറ്റാണ്ടിൽ തുടങ്ങി തുടർന്നു വരുന്ന ഈ പരിപാടി ഉണ്ടാവില്ല എന്നറിയുന്നു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളു കൂടുന്ന ഇത്തരത്തിലുള്ള ഒരു പരിപാടി ഉപേക്ഷിച്ചിരിക്കുന്നു. പാരമ്പര്യമായി തുടർന്നുവരുന്ന എത്രയോ പരിപാടികൾ ഇതുപോലെ നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ലോകമെമ്പാടുമുള്ള മനുഷ്യർ.

കോവിഡ്-19 ആചാരങ്ങളുടെ, അനുഷ്ഠാനങ്ങളുടെ സാമൂഹികമായ ഇടപെടലുകളെ തികച്ചും വ്യക്‌തിപരവും ആത്‌മീയവും ആക്കി ചുരുക്കിക്കളയുകയാണ് സത്യത്തിൽ ചെയ്യുന്നത്. എന്നാൽ മനുഷ്യൻ അതിനെ മറികടക്കുന്നുണ്ട്. ഓൺലൈൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് വർച്ച്വൽ കൂടിച്ചേരലുകൾ നടത്തുന്നു, സംഗമം നടത്തുന്നു, സന്ദേശങ്ങൾ കൈമാറുന്നു…

നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിക്കാലത്തെ മനോഹരമാക്കുന്ന ആനന്ദത്തിന്റെ അനുഭവതലമാണ്  കോവിഡ്-19  അപഹരിച്ചു കൊണ്ടു പോകുന്നത്.  കൂടിച്ചേരലിന്റെ, കൂട്ടായ്‌മയുടെ, സന്തോഷത്തിന്റെ നിമിഷങ്ങളാണ് നഷ്‌ടപ്പെട്ടു പോകുന്നത്. വിശ്വാസിയെ സംബന്ധിച്ച്  വ്യക്‌തിപരമായി സ്വന്തം വീട്ടിലിരുന്ന്  ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും നിർവ്വഹിക്കാം. ലോകം അടച്ചു പൂട്ടിയ നാളുകളിൽ നമ്മുടെ വീടിനകത്ത് കുടുങ്ങിപ്പോയ കുട്ടികളുടെ സാമൂഹികാനുഭവം നഷ്‌ടപ്പെട്ടു പോകുമല്ലോ എന്ന ആശങ്കയാണ് എനിക്ക്.

ശാന്തിയുടെയും ദീനാനുകമ്പയുടെയും സമാധാനത്തിന്റെയും സഹിഷ്‌ണുതയുടെയും സമസൃഷ്‌ടി സ്‌നേഹത്തിന്‍റെയും വിശ്വമാനവസൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശമാണ്‌  ഈദുല്‍ഫിത്‌ര്‍ നല്‍കുന്നത്. ഈ സന്ദേശം ലഭിക്കുന്ന സാമൂഹികമായ വഴികളാണ് മഹാമാരികളും പകർച്ചവ്യാധികളും വന്നു ചേരുമ്പോൾ അടഞ്ഞു പോകുന്നത്. അടഞ്ഞു പോകുന്ന എല്ലാ നന്മയുടെ ആഘോഷങ്ങളെയും  ലോക്ക്‌ ഡൗൺ കാലത്ത് സ്വന്തം വീട്ടിലിരുന്ന് സാങ്കേതികവിദ്യയുടെ മികവുകൊണ്ട് നമുക്ക് തുറക്കാൻ ശ്രമിക്കാം.

രണ്ടു നബിവചനങ്ങൾ ഈ അവസരത്തിൽ ഓർമ്മിക്കാം…

“വല്ല സ്ഥലത്തും പ്ലേഗുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ടു പ്രവേശിക്കരുത്. നിങ്ങൾ താമസിക്കുന്നിടത്ത് രോഗം വന്നാൽ നിങ്ങൾ അവിടെ നിന്ന് പോവുകയും ചെയ്യരുത് (സ്വഹീഹ് മുസ്‌ലിം 2218).

“ആരോഗ്യമുള്ള മൃഗങ്ങളുടെ ഉടമ തന്റെ മൃഗങ്ങളെ വെള്ളം കുടിപ്പിക്കുന്ന ജലാശയത്തിലേക്ക് രോഗമുള്ള മൃഗങ്ങളുടെ ഉടമ തന്റെ മൃഗങ്ങളെ കൊണ്ടു വരരുത്” (സ്വഹീഹുൽ ബുഖാരി :5771).

വാസ്‌തവത്തിൽ മനുഷ്യരുടെ സുരക്ഷയാണ്  ഏതു മതത്തിന്റെയും കാതലായ വശം. അതുകൊണ്ട്  വിഷുവും ഈസ്റ്ററും തൃശൂർ പൂരവും കടന്നു പോയ പോലെ ഈ ചെറിയ പെരുന്നാളും നമ്മെ കടന്നു പോകും. ഇനി വരാനുള്ള തലമുറയ്ക്ക്  ഏറ്റവും സുഖപ്രദമായ  ആഘോഷ അനുഭവങ്ങൾ നൽകാൻ വേണ്ടി, മാനവരാശിയുടെ നന്മയ്ക്കുവേണ്ടി  ജീവന് അപായം ഉണ്ടാകുന്ന തരത്തിലുള്ള ഒരു സംഘടിത പ്രവർത്തനവും ചെയ്യാതെ കോടികളിൽ ഒരുവനായി ജാഗ്രതയോടെ ഞാനും ഇരിക്കുന്നു. കഴിഞ്ഞുപോയ പെരുന്നാളുകളുടെ പ്രത്യേകിച്ച് കുട്ടിക്കാലത്തെ പെരുന്നാളുകളുടെ മധുരമൂറുന്ന ഓർമ്മകളുമായി…

1 Comment
  1. Hasna Yahya 4 months ago

    ഹൃദ്യമായ ഓർമ്മകളും നൊമ്പരമുള്ള ഇന്നിലെ അനുഭവങ്ങളും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account