ആശുപത്രിയിൽ ബാപ്പക്ക് കൂട്ടിരിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി. വീട്ടിൽ ആളില്ലാത്തതു കൊണ്ട്  പെങ്ങൾ റുഖിയയാണ് ചോറ്  കൊടുത്തയച്ചത്. മുരിങ്ങക്കാകറി, പയർ. കൂട്ടുമോ എന്നുറപ്പില്ലാത്തതുകൊണ്ടാവണം കരുതലോടെ വെച്ച ഒരു കുഞ്ഞ് ഉണക്കമീൻ പൊരിച്ചത്.

കുറേ കാലം ഓർമ്മയിൽ വാട കെട്ടിനിന്ന വാക്കായിരുന്നു ഉണക്കമീൻ. കാലമേറെ ചെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഏത് വാടയും സുഗന്ധമായി തീരുമെന്ന തിരിച്ചറിവുണ്ടാക്കിയ വാക്കുകളിലൊന്ന്.

ബിരുദാനന്തര ബിരുദത്തിനായി ഗുരുവായൂരപ്പൻ കോളേജിൽ ചേർന്ന്‌ അധികം വൈകുന്നതിന് മുമ്പുതന്നെ വീട്ടിൽ സ്വതവേയുള്ള പ്രതിസന്ധികൾ മൂർഛിച്ചു. കാലിക്കച്ചവടം മൂലം ബാപ്പക്ക് കടം കൂടി. കച്ചവടം നിരന്തരം നിരവധി പാഠങ്ങൾ പഠിപ്പിച്ചിട്ടും തനിക്കത് ചേരുന്നതല്ലെന്ന തിരിച്ചറിവ് ബാപ്പക്ക് ഉണ്ടാകാതെ പോയി. കടത്തിന്റെ ഗ്രാഫ് ഉയരുമ്പോൾ ഉള്ളത് വിറ്റ് കടം തീർക്കും. കുറച്ച് കാലമേ ബാപ്പക്ക് കച്ചവടമുക്‌തനായി ഇരിക്കാനാവൂ. ഇരിക്കപ്പൊറുതിയില്ലാതെ വീണ്ടും തുടങ്ങും. ലഹരി പോലെ തന്നെ. ഒരേ ആളുകൾ തന്നെ നിരവധി തവണ പറ്റിക്കുന്നതൊന്നും ഉൾക്കൊള്ളില്ല. മാക്ബെത്തിന്റെയും ഹാംലെറ്റ് കുമാരന്റെയുമൊക്കെ indecisiveness എന്ന ഹമാത്യെ (Hamartia) ആസ്വദിച്ച് വിരേചന നിർവൃതിയനുഭവിച്ച ഞാനെങ്ങനെ ബാപ്പയെ കുറ്റപ്പെടുത്തും…? ബാപ്പയുടെ ജീവിതനാടകത്തിലെ ഹമാതിയയായിരുന്നു കാലിക്കച്ചവടം.

കടത്തിൽ നീന്തുന്ന ആ സമയത്ത് കോളേജിൽ പോകുന്നത് വലിയൊരു അപരാധമായി തോന്നിത്തുടങ്ങി. “ബേ-ദർ-ഒ-ദീവാർ സാ എക്  ഘർ ബനാനാ ചാഹിയേ….” (ചുമരകളില്ലാത്ത വീടുപണിയാൻ ആഗ്രഹിക്കുന്നു) മീർസാ ഗാലിബിന്റെ ഈ  വരികൾ കാൽപ്പനികമായിരുന്നെങ്കിൽ എനിക്കത് യാഥാർഥ്യമായിരുന്നു. ചുമരുകളില്ലാത്ത സുതാര്യമായ വീട്ടിലേക്കായിരുന്നു കടം ഞങ്ങളെ കൊണ്ടെത്തിച്ചത്. രാധേട്ടൻ വീണ്ടും കനിഞ്ഞുതന്ന, മണ്ണ് തരിമ്പുപോലുമില്ലാത്ത പാറപ്പുറത്ത് നാട്ടിയ പൊടുവണ്ണിക്കാലുകളിൽ ചിതലുകളുടെ ഭീഷണി. ഉമ്മവീട്ടിൽ നിന്ന് വെട്ടിക്കൊണ്ടു വരുന്ന കുടപ്പനയോലകൾ. ഓലക്കീറുകൾ ചുമരുകളായ വീട്ടിനുള്ളിൽ ചെമ്പരത്തിയില ചതച്ചു ചേർത്ത് കരിമെഴുകിയ നിലം.  മലർന്നു കിടക്കുമ്പോൾ ഓലപ്പഴുതിലൂടെ ടോർച്ചടിക്കുന്ന സൂര്യനും ചന്ദ്രനും. മഴത്തുള്ളിയുടെ തീവ്രതയനുസരിച്ച് നിലത്ത് മാറി മാറി വെയ്‌ക്കേണ്ട പാത്രങ്ങൾ.

ബിരുദ കാലത്തു തന്നെ മണ്ണ് ലോഡിംഗിനും മറ്റും പോയി ആകും വിധം വീടിന്റെ അരിഷ്‌ടിപ്പിന് ആശ്വാസമേകാൻ ശ്രമിക്കുമായിരുന്നു. എത്ര കഠിനമായ ശാരീരികാധ്വാനവും എന്നെ മടുപ്പിച്ചിരുന്നില്ല. ഖൊ ഖൊ കോർട്ടിൽ ഓടി നിൽക്കാൻ സ്റ്റാമിന കൂട്ടാനുള്ള പരിശീലനമായി അധ്വാനത്തെ കാണാൻ ശീലിച്ചിരുന്നു.

പക്ഷേ, ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നപ്പോൾ ഉച്ചവരെയോ അവധി ദിവസങ്ങളിലൊ ഒക്കെയുള്ള അധ്വാനം കൊണ്ടു മാത്രം എവിടെയുമെത്താത്ത സ്ഥിതി വന്നു. കടങ്ങൾ വലിയ സംഘർഷം ഉണ്ടാക്കാൻ തുടങ്ങിയതോടെ വേണ്ടപ്പെട്ടവരുൾപ്പെടെ ചിലരൊക്കെ ചോദിക്കാനും തുടങ്ങി, “ഇനിയും ജോലിയൊന്നും ആയില്ലേ? എത്ര കാലമായി പഠിക്കാൻ തുടങ്ങിയിട്ട്. ഇനിയും പഠിക്കണോ? എന്തെങ്കിലും പണിക്ക് പോയിക്കൂടേ?” ഇവയായിരുന്നു നേരിട്ടും വ്യംഗ്യമായുമുള്ള ആ ചോദ്യങ്ങളുടെ ആകെത്തുക. ചിലത് സ്വാഭാവികം. ചിലതൊക്കെ പരിഹാസമുള്ളുകൾ പറ്റിച്ചുവെച്ചവ.

പിടിച്ചു നിൽക്കാനാവില്ലെന്ന തോന്നൽ വന്നു തുടങ്ങിയപ്പോൾ കോളേജിൽ ഞാൻ വാൽനക്ഷത്രമായി.  സഹപാഠികളുടെയും അധ്യാപകരുടെയുമൊന്നും ഓർമ്മയിൽ പറ്റിപ്പിടിക്കാത്ത വിധം ഞാൻ പിൻവാങ്ങി. ക്ലാസിൽ മഹേഷ് മാത്രമേ എന്നെ ഓർക്കുന്നുണ്ടാകൂ. പൊറുതികേടിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായതോടെ അതിനുള്ള വഴികൾ ആരായാൻ തുടങ്ങി.

അങ്ങനെയാണ് തമിഴ്‌നാട്ടിലെ  തിരുച്ചിറപ്പള്ളിയിൽ (തൃച്ചി) എത്തിപ്പെടുന്നത്. ഗാന്ധി മാർക്കറ്റിനോടടുത്തുള്ള കരുവാട് മണ്ടിയിൽ (ഉണക്കമീൻ മാർക്കറ്റ്). നിരനിരയായി നിൽക്കുന്ന ഉണക്കമീൻ ഗോഡൌണുകൾ. ഉണക്കമീൻ മൊത്തവ്യാപാരികളായ സക്കറിയ & ഹനീഫ കമ്പനിയിൽ ഉണക്കമീൻ ചാക്കുകൾക്കൊപ്പം ഞാനും. ഷട്ടർ തുറക്കുമ്പോൾ തന്നെ മുതലാളി ഒന്നു രണ്ട് അത്തർക്കുപ്പികൾ തരും. വസ്‌ത്രത്തിലുടനീളം പുരട്ടിയാലും ഉണക്കമീൻ ചൂര് തന്നെയാണ് മുറ്റി നിൽക്കുക. രാവിലെ മുതൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോറികളിൽ ഉണക്കമീനുകൾ എത്തും. ഇനം തിരിച്ച് മൂട്ട (ചാക്ക്) എണ്ണലാണ് പ്രധാന ജോലി. അവയുടെ വരവ് ചെലവ് കണക്കുകളെഴുതണം. ബാങ്കിൽ പണമടക്കാൻ പോണം.  തിരക്കിനിടയിൽ സന്ധ്യയാകുന്നതറിയില്ല. മുതലാളിമാർ സൻമനസുള്ളവരായിരുന്നു. എന്റെ നിസ്സാരമായ ബിരുദം ലക്ഷങ്ങളുടെ കച്ചവടം നടത്തുന്ന അവർക്ക് ഗൗനിക്കേണ്ട കാര്യമേ ആയിരുന്നില്ല. എന്നിട്ടും ഏറെ ബഹുമാനത്തോടെയല്ലാതെ അവരെന്നോട് പെരുമാറിയില്ല.  പഠിപ്പ് നിർത്തി വന്നവൻ എന്നോർക്കാതെ പഠിച്ചവൻ എന്ന പരിഗണനയാണ് എപ്പോഴും അവർ നൽകിയത്. കടയുടമകളായ അവർ രണ്ട് പേരും താമസിച്ച വീട്ടിൽ തന്നെയായിരുന്നു ഞാനും. പാചകത്തിന് എന്റെ സമപ്രായക്കാരനായ ഒരു  പെരുംപിലാവുകാരനുമുണ്ടായിരുന്നു. രസികൻ, പാട്ടുകാരൻ. ജീവിക്കാനുള്ള തത്രപ്പാടോർത്തോത്ത്  മതാനുഷ്ഠാനങ്ങളിൽ കഴിയാവുന്നിടത്തോളം അയയുന്നവൻ. പലതിലും ഞങ്ങൾ തമ്മിൽ സമാനതയുണ്ടായിരുന്നു. ഞങ്ങൾ പെട്ടെന്ന് കൂട്ടായി.

പക്ഷേ, വീടോർമ്മ തോണ്ടി നോവിക്കാൻ  അധിക ദിവസം കഴിയേണ്ടിവന്നില്ല. ബാങ്കിൽ പോയി വരുന്ന വഴി ഒരു സ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾ ഖൊ ഖൊ കളിക്കുന്നത് കൂടി കണ്ടപ്പോൾ തൊണ്ടയും നെഞ്ചും വിങ്ങാൻ തുടങ്ങി.

ഗുരുവായൂരപ്പൻ കോളേജിൽ പോയതിനു ശേഷവും വൈകുന്നേരം ഫാറുഖ് കോളേജ് ഗ്രൗണ്ടിലെ ഖൊ ഖൊ പരിശീലനം മുടക്കിയിരുന്നില്ല. അന്നൊക്കെ സർവ്വവും മറക്കാനുള്ള  മണിക്കൂറുകൾ സമ്മാനിച്ചത് വൈകുന്നേരങ്ങളിലെ ഓട്ടവും ഖൊ ഖൊ യുമായിരുന്നു. പ്രാക്റ്റീസിനു മുമ്പ് എല്ലാവരും 15 x 400 ഓടുമ്പോൾ 20 x 400 ഓടിയാലേ എനിക്ക് തൃപ്‌തിയാകുമായിരുന്നുള്ളൂ. പ്രാക്റ്റീസിന് വൈകിയെത്തുന്നവരും നേരത്തെ പോകാൻ തുനിയുന്നവരും എന്റെ കണക്കറ്റ പ്രാകൽ കേൾക്കേണ്ടി വന്നു.

ബാങ്കിലേക്കും പോസ്റ്റോഫീസിലേക്കുമുള്ള യാത്ര ഗ്രൗണ്ട് കാണാനുള്ള യാത്ര കൂടിയായി മാറിത്തുടങ്ങി. രണ്ട് മരക്കുറ്റികൾക്കിടയിലെ തലങ്ങും വിലങ്ങുമുള്ള കുമ്മായ വരകൾ എന്നെ അത്രയേറെ  കീഴ്‌പ്പെടുത്തിയിരുന്നു. നാട്ടിൽ പോയി യൂണിവേഴ്‌സിറ്റി ഖൊ ഖൊ ടീം സെലക്ഷനിൽ പങ്കെടുത്ത് തിരിച്ചു വരണമെന്ന് മാത്രമായി ചിന്ത. ടി.സി വാങ്ങാത്തതിനാൽ ഞാനപ്പോഴും ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർഥിയായിരുന്നല്ലോ. യൂണിവേഴ്‌സിറ്റി മത്‌സരങ്ങളിൽ പങ്കെടുക്കാൻ ഹാജർ കുറവ് തടസമായിരുന്നില്ല.

പക്ഷേ, തിരുച്ചിറപ്പള്ളി വിടാൻ മുതലാളിമാരോട് എന്ത് കാരണം പറയും? ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ അവരെന്നിൽ അത്രയേറെ വിശ്വാസമർപ്പിച്ചിരുന്നു. പരമസാത്വികരായ അവർ ആയത്തുൽ കുർസി (ഖുർആനിലെ പ്രധാന സൂക്‌തങ്ങളിലൊന്ന്) ഓതിയാണ് കട തുറക്കുന്നത് തന്നെ.  തുടങ്ങിയപ്പോൾ തന്നെ മദ്രസ നിറുത്തേണ്ടി വന്ന എനിക്ക് അന്നത് മന:പാഠമായിരുന്നില്ല. പക്ഷേ, ആയത്തുൽ കുർസി അറിയാത്ത മാപ്പിളക്കുട്ടി അവർക്കൊരു ആഘാതമാകാതിരിക്കാനുള്ള  ഔചിത്യ ബോധം കൊണ്ട് ആദ്യ ദിനങ്ങളിലൊക്ക ഞാൻ ചുണ്ടനക്കി നിന്നു. മൂന്നാല് ദിവസമെടുത്തു അത് കേട്ട് കേട്ട് ഹൃദിസ്ഥമാക്കാൻ. പിന്നീട്  വർഷങ്ങൾക്ക് ശേഷമാണ് ആ പ്രാർഥന അർഥം ചികഞ്ഞ് ഗ്രഹിക്കാനായത്. വൈകീട്ട് പണമെണ്ണുന്നതാകട്ടെ യാസീനോതിക്കൊണ്ടും. ഉമ്മയും വല്ല്യുമ്മച്ചിയുമൊക്കെ ഉറക്കെ ചൊല്ലുന്നത് കേട്ട് കൂട്ടത്തിൽ ചേർന്ന് ചൊല്ലാവുന്ന വിധത്തിൽ അതെന്റെ  ഉള്ളിലുണ്ടായിരുന്നു. അതിനാൽ യാസീന്റെ കാര്യത്തിൽ എനിക്ക് പണിപ്പെട്ട് ചുണ്ടനക്കേണ്ടി വന്നില്ല.

അവിടെയെത്തി അധികനാൾ കഴിയുന്നതിന് മുമ്പ് റംളാൻ തുടങ്ങി. അപ്പോഴേക്കും പെരുമ്പിലാവുകാരൻ മടങ്ങി. നോമ്പുതുറ സമീപത്തെ പള്ളിയിലായിരുന്നു. അതുകഴിഞ്ഞ്  വീട്ടിലെത്തുമ്പോഴേക്കും അടുത്ത വീട്ടിലെ സ്‌ത്രീ ഭക്ഷണം ഒരുക്കി എത്തിച്ചിട്ടുണ്ടാകും. സത്യം പറയാലോ, നോമ്പ് ശീലമായിരുന്നെങ്കിലും എന്റെ വീട് പള്ളിയുടെയും മഹല്ലിന്റെയും പരിധിയുടെ പ്രാന്തത്തിലായിരുന്നതിനാൽ തറാവീഹ് ഒട്ടും ശീലമുണ്ടായിരുന്നില്ല. ദീർഘനേര നമസ്‌കാരത്തിനിടെ ഉറക്കം പിടിച്ചു നിർത്താൻ ഞാൻ പാടുപെട്ടു. മുതലാളിമാരുടെ കാപട്യമില്ലാത്ത ഭക്‌തിയും വിശ്വാസദാർഢ്യവും കാണുന്ന എനിക്ക് അതിൽ നിന്ന് പിൻവാങ്ങാനുള്ള ഒരു കാരണവും കിട്ടിയതുമില്ല.
ഗാലിബ് പാടിയ പോലെ “ഈമാൻ മുഝേ രോകേ ഹെ, ഖീംഞ്ചേ ഹെ മുജേ കുഫ്റ്” എന്ന മട്ടിൽ കറകളഞ്ഞ വിശ്വാസത്തിനും കാമനകൾക്കും ഇടയിൽ പെട്ട് ഞെരുങ്ങുന്ന പോലെ തോന്നിത്തുടങ്ങി. പലപ്പോഴും ബാത്ത്‌റൂമിൽ കയറി കണ്ണുകൾ പെയ്യിച്ചു തീർത്തു.

എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നും യൂണിവേഴ്‌സിറ്റി ടീം സെലക്ഷണിൽ പങ്കെടുക്കണമെന്നും മാത്രമായി ചിന്ത. മറ്റെല്ലാം അപ്രധാനമായി. പക്ഷേ, മുതലാളിമാരോട് എന്ത് പറയും? ഇതിനിടയിൽ  മേൽവിലാസവും ഫോൺ നമ്പറുമൊക്കെ കൂട്ടുകാർക്ക് കത്തെഴുതിയറിയി ച്ചിരുന്നു. അങ്ങനെയിരിക്കെ, വിഷമം കുടിച്ചു വറ്റിച്ച ഒരു ഞായറാഴ്‌ചയുണ്ട് വാസു വിളിക്കുന്നു.

വടക്കാഞ്ചേരി വ്യാസാ കോളേജിലാണ് അക്കൊല്ലത്തെ ഇന്റർ കോളേജിയേറ്റ് മത്‌സരവും യൂണിവേഴ്‌സിറ്റി ടീം സെലക്ഷൻ ട്രയൽസുമെന്ന് അറിയിച്ചാണ് അവൻ ഫോൺ വെച്ചത്. അതു കേട്ടയുടനെ ഞാൻ തിരിച്ചുപോരാനുറച്ചു. പത്രം വായിച്ചു കൊണ്ടിരുന്ന മുതലാളി ഞാൻ ഫോൺ അറ്റന്റ് ചെയ്യുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബി.എഡിന് കിട്ടിയിട്ടുണ്ടെന്നറിയിക്കാൻ സുഹൃത്താണ് ഫോൺ ചെയ്‌തതെന്ന പൊളള് പറഞ്ഞൊപ്പിച്ചു. എനിക്ക് ഉടനെ  പോണമെന്നും. ഇവിടെ ജമാൽ മുഹമ്മദ് കോളേജിൽ ഈവനിംഗ്‌ കോഴ്‌സുകൾ ഉണ്ടെന്നാണ് തോന്നുന്നതെന്നും പഠിക്കണമെങ്കിൽ വേണ്ട സൗകര്യം ചെയ്‌തു തരാമെന്നുമൊക്കെ  അദ്ദേഹം സ്‌നേഹപൂർവ്വം പൂർവം പറഞ്ഞെങ്കിലും ഞാൻ ഉറച്ച് നിന്നു. കളിയായിരുന്നു മനസ് നിറയെ.

വണ്ടി പാലക്കാടെത്തിയപ്പോൾ ഞാനനുഭവിച്ച ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. അക്കൊല്ലവും എനിക്ക് യൂണിവേഴ്‌സിറ്റി ടീമിൽ സെലക്ഷൻ കിട്ടി. രണ്ടുമാസത്തിന് ശേഷം സ്‌പോർട്‌സ് ക്വാട്ടയിൽ ബി.എഡിനും. കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറത്തെ സെഷനൽ ബി.എഡ് സെന്ററിൽ വളരെക്കുറച്ച് സീറ്റുള്ള സോഷ്യൽ സയൻസിന് മെറിറ്റിൽ പ്രവേശനം നേടിയിരുന്നവരെല്ലാം ഇസ്ലാമിക് ഹിസ്റ്ററിക്കാരായിരുന്നു. അവർക്ക് 70% ന് മുകളിൽ മാർക്ക് കിട്ടാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സോഷ്യോളജിയിലെ മൂന്നാം റാങ്കിന് 12 മാർക്ക് മാത്രം കുറവുള്ള ഞാൻ (64.87%) റാങ്ക് പട്ടികയിൽ ഏറെ പിന്നിലായിരുന്നു.  ഖൊ ഖൊയാണ് എന്നെ രക്ഷിച്ചത്.

കളി ആവേശിച്ചിരുന്നില്ലെങ്കിൽ, അങ്ങനെയൊരു വിളി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ തൃച്ചിയിൽ തുടർന്നേനേ. അധ്യാപന വഴി എന്നന്നേക്കും അടയുകയും ചെയ്‌തേനേ. ബി.എഡ് കഴിഞ്ഞയുടനെ വെറുതെയിരിക്കുകയാണെന്ന് സൂചിപ്പിച്ച് ഞാൻ തൃച്ചിയിലേക്ക് കത്തെഴുതിയിരുന്നു.  ടെലിഗ്രാമിലാണ് മറുപടി വന്നത്. “Start immediately to Trichy”. അപ്പോഴേക്കും  എംപ്ലോയ്‌മെന്റ് എക്സേഞ്ച് വഴി നിയമനം ലഭിക്കാനുള്ള ഇന്റർവ്യൂവിനുള്ള അറിയിപ്പും കിട്ടിയിരുന്നു.  പെരുവള്ളൂർ ഗവ. സ്‌കൂളിലാണ് ആദ്യ നിയമനം ലഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഒഴുകൂർ ജി.യു.പിയിലും തടത്തിൽപ്പറമ്പ് ജി.എച്ച്.എസ്.സിലും. കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ സ്ഥിര നിയമനം ലഭിക്കുന്നതിന് മുമ്പ്  വളാഞ്ചേരിയിലെയും വെളിമുക്കിലേയും അൺ എയ്‌ഡഡ്‌ സ്‌കൂളിലും സാഗർ കോളേജിലും ഇർഷാദിയാ കോളേജിലും. കാലിക്കറ്റ് ഗേൾസിൽ ചേർന്ന ശേഷം മുമ്പെഴുതിയ പി.എസ്.സി ഫലങ്ങൾ വന്നു തുടങ്ങി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ  പത്തമ്പതോളം തസ്‌തികകളിൽ  നിയമന അറിയിപ്പുകൾ കൈപ്പറ്റി. കൂട്ടത്തിൽ ഒന്നു മാത്രം സ്വീകരിച്ചു.

ഇതിനകം മെല്ലെ മെല്ലെ കരപറ്റാൻ തുടങ്ങിയിരുന്നു.  ചുമരുള്ള വീട് പൊക്കി, സ്വന്തം കൈക്കൊണ്ട്. നഷ്‌ടപ്പെടുമായിരുന്ന പഠനവും വായനയും ഒരിക്കലും പിടിവിടാത്ത വിധം മുറുകെ പിടിച്ചു.  താൽപര്യം തോന്നിയതെന്തും പഠിക്കാൻ ശ്രമിച്ചു. സാധ്യതകളെക്കുറിച്ച് ആകുലപ്പെടാതെ തന്നെ. ആളുകൾ കളിയാക്കും വിധം പരസ്‌പരം യോജിക്കാത്ത നിരവധി വിഷയങ്ങളിൽ അനായാസമായും ആസ്വദിച്ചും ആണ്ടിറങ്ങിയും ബിരുദാനന്തര ബിരുദങ്ങളും യു.ജി.സി നെറ്റുകളും എടുത്തു.  ഭാഷയും സാഹിത്യവും മുതൽ കമ്പ്യൂട്ടർ ശാസ്‌ത്രം വരെ. കുറച്ച് ദിവസത്തേക്കാണെങ്കിലും കരുവാട് മണ്ടിയിലെ തമിഴും ഉർദുവും കലർന്ന ബഹുഭാഷാകാറ്റേറ്റതുകൊണ്ടാകണം ഭാഷാശാസ്‌ത്ര താൽപര്യം ഉള്ളിലുറച്ചത്.

എങ്കിലും കുറേയേറെക്കാലം ഉണക്കമീൻ കൂട്ടാതായി. ഉണക്കമീനോർമ്മകൾ നേർത്തു തുടങ്ങിയതുകൊണ്ടാകാം ഇടയ്‌ക്കെപ്പോഴോ വീണ്ടും രുചിച്ചു നോക്കാൻ തുടങ്ങിയത്. ഈ കൊറോണക്കാലത്ത് ഓർമ്മകൾക്കെന്ത് പ്രസക്‌തി? കിട്ടുന്നത് ഉണക്കമീനാണെങ്കിലും കഴിക്കുക തന്നെ.

ആ വയോധികരിപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ… ഒന്നുരണ്ട് കത്തിനു ശേഷം ബന്ധം നിലച്ചു. പിന്നീട്  ഒന്നന്വേഷിക്കാൻ ശ്രദ്ധിക്കാതിരുന്ന് എന്റെ നന്ദിയില്ലായ്‌മയാകാം. ജീവിതം അങ്ങനെയാണല്ലോ… പുതിയ കയറ്റിറക്കങ്ങളിൽ പഴയ കുണ്ടും കുഴികളും നിരന്ന് മായുന്നത് സ്വഭാവികം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account