നാം നമ്മളിലേക്ക് ഒതുങ്ങിത്തുടങ്ങിയിട്ട് ആഴ്‌ചകൾ പലത് ആയെന്നു വിശ്വസിക്കാൻ പ്രയാസം… വൈകുന്നേരങ്ങളിൽ ബാൽക്കണിയിലെ ഊഞ്ഞാൽ കസേരയിൽ ഇരിക്കുമ്പോളാണ് ഇപ്പോൾ ‘തിങ്കിങ് സ്‌കിൽ’ വരാറുള്ളത്. ആദ്യമൊക്കെ പുസ്‌തകങ്ങൾ നോക്കിയിരിക്കാൻ ശ്രമിക്കുമായിരുന്നെങ്കിലും, ഇപ്പോൾ ചുറ്റുമുള്ള ബാൽക്കണികളിൽ നിറഞ്ഞു തുളുമ്പി പുറത്തേക്കു ചാടാൻ വെമ്പുന്ന ജീവിതങ്ങളാണ് സമയം കൊല്ലികൾ. ഇടതു വശത്തുള്ള ടവറിൽ നാലാം നിലയിലാണ് ആ ഉത്തരേന്ത്യൻ ഓസാര (സ്വന്തം വാക്കല്ല, കഴിഞ്ഞ ഒരു ദിവസം പഠിച്ചതാണ് – ഒസാരേ മേം ഉള്ള തുളസി ക പൗധ ക്ക് വെള്ളം ഒഴിക്കുന്നത് അനൗൻസ് ചെയ്‌തപ്പോൾ കിട്ടിയതാണ്). ബാൽക്കണി എന്ന് തന്നെ ആയിരിക്കും അർത്ഥം; അല്ലാതെ തരമില്ല.

എന്തുമാകട്ടെ രാഹൂൽ അഗ്ഗർവാൾന്റെ വീടാണ് എന്ന് അപ്പാർട്ട്‌മെന്റ് ഡയറക്റ്ററി പറയുന്നു. ഇന്ന് ശ്രദ്ധിച്ചത് ‘ജബ് കോയി ബാത് ബിഗഡ് ജായെ’ എന്നുറക്കെ പാടി കേട്ടപ്പോഴാണ്. കുമാർ സാനുവിന്റെ ശബ്‌ദത്തിൽ ഒഴുകിവരുന്ന മീനാക്ഷി ശേഷാദ്രിയെ കാണാൻ നോക്കിയപ്പോൾ ഒരു ഭോജ്‌പുരി ഗ്രാമം തന്നെ കാട്ടിത്തന്നു ഭവാൻ. ചായയും കുടിച്ചു റൊമാന്റിക് നൊസ്റ്റാൾജിയ ആസ്വദിക്കുന്ന അങ്കിൾജിയും ആന്റിജിയും, ഈ ഏരിയായിൽ വരുന്ന കോറോണയെ നിരന്തരം ഓടിക്കാൻ പാത്രം മുട്ടുന്ന ബച്ചേ ലോഗ് , കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാരും കേൾക്കാൻ കുമാർ സാനുവിന്റെയും മുകളിലുള്ള ശബ്‌ദത്തിൽ മാസ്‌കിൽ കൂടി ഫോണിനോട് അടിപിടി കൂടുന്ന അഗർവാളത്തി! സൂരജ് ബർജാത്യയുടെ ഒരു സിനിമ പോലെ ഇപ്പോൾ ‘ധീരോദാത്തൻ അതിപ്രതാപ ഗുണവാൻ’ നായകൻ പാട്ടും പാടി വരട്ടെ എന്ന് നോക്കി ഇരിക്കാൻ തോന്നി. വാട്‌സ്ആപ്പിൽ കൊറോണ ലോകമഹായുദ്ധത്തിൽ നാസയെ കൂട്ടുപിടിച്ച് ലോകം ഉണ്ടായ കാലം മുതൽ നാം ട്രഡീഷണൽ ആയി സ്വായത്തമാക്കിയിട്ടുള്ള എല്ലാ അറിവുകളും തിരഞ്ഞു കണ്ടുപിടിച്ചു എല്ലാവരെയും അറിയിക്കുന്ന ആ മഹാനുഭാവലു ഇപ്പോൾ എൻട്രി ആകും എന്ന് നോക്കിയിരുന്നപ്പോൾ ആണ് അത് സംഭവിച്ചത് – ബേബി ഒസാരയിൽ നിന്നും താഴേക്കു ചാടി !

കഴുത്തിൽ കെട്ടിയിട്ടുള്ള തുടലിൽ തൂങ്ങിയാടി കൊണ്ടിരിക്കുന്ന ബേബി കുളിച്ചിട്ടു മിനിമം ഒരു വർഷമെങ്കിലും ആയിട്ടുള്ള ഒരു ശുനകനാണ്. ഞെട്ടി പൊട്ടിത്തെറിച്ച അഗർവാളത്തി ഒരു കയ്യിൽ ഫോണും മറുകയ്യിൽ മാസ്ക്കും പിടിച്ചു അലറിവിളിക്കുമ്പോൾ ബച്ചേ ലോഗ് ധ്രുവത്തിന്റെ ക്ലൈമാക്‌സിലെ മമ്മൂട്ടിയെ പോലെ തുടൽ വലിച്ചുമുറുക്കാൻ ശ്രമിക്കുന്നുണ്ട്. ബേബിയുടെ പൂർവികസുകൃതം – തൊട്ടു താഴത്തെ ബാൽക്കണിയിൽ ആളുണ്ടായിരുന്നതിനാൽ അവർക്ക് എത്തിപ്പിടിക്കാൻ പറ്റി! പക്ഷെ മന്നാഡിയാർ കുട്ടികളെ തുടലിൽ നിന്നും പിടി വിടുവിക്കാൻ അൽപ്പം കൂടി സമയം എടുത്തു. ബേബിയെ പോലുള്ള സബാരോൺ കി സിന്ദഗി ഖതം ഹോ ജാത്താനുള്ള സമയം ആയിട്ടില്ല… ഭാഗ്യം!

ചുറ്റുമുള്ള എല്ലാ വീടിന്റെയും ബാൽക്കണികളിൽ നിന്നുമുള്ള കരഘോഷത്തിൽ അഗർവാളത്തി കൈവീശി നന്ദിപ്രകടനം നടത്തുന്നു… ബച്ചേ ലോഗ് താഴെയെത്തി ബേബിയെ കൈപ്പറ്റുന്നു … താഴത്തെ ബാൽക്കണിയിലെ കപ്പിൾസിനെ മാത്രം കാണാനില്ല …. ഇരുപതു സെക്കന്റ് വീതം മാറിമാറി കൈ കഴുകുകയായിരിക്കും എന്ന് ആരോ വിളിച്ചു പറയുന്നു…. തന്നെ – കൊറോണയെക്കാൾ ഭീകരനാണവൻ! അടുത്തു കൂടി പോയാൽ മാസ്‌ക് വയ്‌ക്കേണ്ടി വരും! ശേഷം ചിന്ത്യം!

എന്നാലും എന്തിനായിരിക്കും അവൻ ഒസാരയിൽ നിന്നും എണീറ്റ് ചാടി സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയത്! ആരായിരിക്കും ആ പ്രേരണ? എന്തായാലും കുമാർ സാനു ആയിരിക്കില്ല എന്ന് സ്വയം സമാധാനിച്ച് ഞാൻ അകത്തേക്ക് കയറി !

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account