കഥകളിയെ പരിഷ്കരിച്ച് പരിഷ്കരിച്ച് ഒരു അരുക്കാക്കുക എന്നതായിരുന്നു ഉന്നം. അതിനുവേണ്ടി കന്നിമാസത്തിൽ ഒരു ഇംഗ്ലീഷ് നാടകം കഥകളിരൂപത്തിൽ അവതരിപ്പിച്ചു. പദങ്ങളെല്ലാം കടിച്ചാൽ പൊട്ടാത്ത ആംഗ്ലേയത്തിലായിരുന്നു പാടിയത്. തനി മലയാളത്തിൽ പാടി, തോടി, കല്യാണി, കളവാണി രാഗങ്ങളിൽ പ്രധാനവേഷങ്ങൾ കെട്ടി ആടിയ ആശാൻമാർ ഇംഗ്ലീഷ് പദങ്ങൾക്കനുസരിച്ച് ഭരതമുനി പറഞ്ഞുവെച്ച മുദ്രകൾ കാണിച്ചു. കലാശം തകർത്തു. കന്നിക്കളി കാണാൻ വന്നവരിൽ നല്ലൊരു വിഭാഗം സായിപ്പന്മാരും മദാമ്മമാരുമായിരുന്നു. അത്യാവശ്യത്തിന് തുഞ്ചത്തുനിന്നു വന്ന ചില ഏഴ്ശ്ശന്മാരും കിള്ളിക്കുറിശ്ശിമംഗലം – ചെറുതുരുത്തി ബസിൽ വന്നിറങ്ങിയ നമ്പ്യാന്മാരുമുണ്ടായിരുന്നു. നാട്ടിലെ പ്രമാണി എന്നു പറയുവാനായിക്കൊണ്ട്, വലിയ നായർ ജീവിച്ചിരിക്കുന്നതിനാൽ ഇനിയും മൂപ്പുകിട്ടാത്ത, മൂത്തുപഴുക്കാത്ത ഇളയനായർ മാത്രം.
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ മുദ്രാരാക്ഷസം എന്ന കഥയുടെ തുടക്കമിങ്ങനെയാണ്. പതിനെട്ട് വർഷംമുമ്പ് എച്ച് ആന്റ് സി സമാഹരിച്ച ‘തുടക്കം നന്നായി’ എന്ന സമാഹാരത്തിലാണിതുൾപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഈ പുസ്തകം ഔട്ട് ഓഫ് സ്റ്റോക്കായിരിക്കാനാണിട. ഇക്കഥ കൂടാതെ വ്യാസന്റെ ചിരി, ഹെർണിയ ഓ ഹെർണിയ, പരാശരന്റെ പലായനം, മതംമാറ്റം, ഗുരുസന്നിദ്ധിയിൽ, യാരപ്പാ ഒറിജിനൽ പാരഡി!, നാരായണപ്പാടിയുടെ വിൽപത്രം, കേളീവിലാസങ്ങളിൽ എന്നിവ കൂടാതെ തുടക്കം നന്നായി എന്ന ഒരു കഥയുമുണ്ട്.
കേരളീയതനതുകലയായ കഥകളി എങ്ങനെയാണ് സായ്പ്പന്മാരാൽ കൈയ്യേറ്റം ചെയ്ത് കടത്തിക്കൊണ്ടുപോയത് എന്നതിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന തരക്കേടില്ലാത്ത ഒരു കഥയാണ് മുദ്രാരാക്ഷസം. എഴുതിയത് ചൊവ്വല്ലൂരായതിനാൽ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയതാവാം. ചൊവ്വല്ലൂരിന്റെ പല കഥകളും ബിലോ ആവറേജോ ആവറേജോ ആണ് എന്ന് തോന്നിയിട്ടുണ്ട്. ആവർത്തനങ്ങൾ ഒരു വലിയ പ്രശ്നമായിരുന്നു. ഒരു ഇംഗ്ലീഷ് നാടകത്തിന്റെ കഥകളിരൂപാന്തരം പൊതുസദസ്സിൽ അനുഷ്ഠാനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്നതും ആദ്യഭാഗത്ത് സൂചിപ്പിക്കപ്പെട്ടതുപോലെ വിശേഷാൽ അതിഥികളുടെ മുമ്പാകെ കഥകളിയെ നഗ്നമാക്കുന്നതുമാണ് കഥാപ്രമേയം.
ആശാൻ അടുത്ത കളിക്കുവേണ്ടി തിരക്കുകൂട്ടുമ്പോൾ സംഘാടകർ വീണ്ടും ഒത്തുകൂടി അതിനുള്ള ചർച്ച കൊഴുപ്പിക്കുന്നു. ഒരാൾ ഇങ്ങനെ ചോദിക്കുന്നു:
“വില്യം തെർമോഫ്ലാസ്ക്ക് എഴുതിയ ‘ദ ഡത്ത് ഓഫ് എ പിക്ച്ചർ’ ആയാലോ?”
ഉടനെ ആശാന്റെ മറുചോദ്യം:
“ച്ചാലോ”
(ഇംഗ്ലീഷ് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത ആശാന്റെ സംശയം എന്നാണ് കഥാകൃത്തിന്റെ അഭിപ്രായം)
മലയാളത്തിൽ ചിത്രവധം എന്നു പറയുമെന്ന് വിശദീകരിച്ചുകൊടുത്ത ഒരു സംഘാടകനോട് അതുവേണ്ടെന്നും, ‘ബകവധം’ പോലെയിരിക്കുന്നെന്നുമാണ് ആശാന്റെ മറുപടി. പിന്നീട് റിച്ചാർഡ് ഇസനോഫീലിയ എഴുതിയ നാടകവും റോബർട്ട് അപ്പന്റിസൈറ്റിസിന്റെ ‘ദ വുമൺ ആന്റ് ഡെവിൾ’ എന്ന നാടകവും മറ്റും ഇങ്ങനെ കഥകളിയായി രൂപമാറ്റം ചെയ്ത് അവതരിപ്പിച്ചാലോ എന്ന ചർച്ചയ്ക്കൊടുവിൽ ഷെയ്ക്സ്പിയറിന്റെ ഒഥല്ലോയിലെക്കെത്തുന്നു. ആശാന് അതിലെ കഥയെന്താണ് എന്ന് മാത്രമറിയില്ല. പ്രേമവും പ്രേമഭംഗവും വില്ലത്തരവും അടിയും ഇടിയും സെക്സും എല്ലാം ചേർന്ന കോമ്പിനേഷനാണെന്ന് വന്നതോടെ ഒഥല്ലോയെ പച്ചയിൽ വേഷമുറപ്പിക്കുന്നു. മഹാസുന്ദരിയും സുശീലയും നനമയയുഗമെട്ടിൽ തട്ടുന്ന മാലിനിയും ഉന്നത നതോന്നതയുമായ ഡസ്നിമോണയ്ക്ക് മോഹിനിയാട്ടവേഷം ചാർത്തിക്കൊടുക്കുന്നതാണ് പിന്നെക്കണ്ടത്. സാക്ഷാൽ ഇയ്യഗോ വില്ലൻ കഥാപാത്രമായതിനാൽ താടിയും, അതും ചുവന്ന താടി തന്നെ തീരുമാനിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ തൂവാലയെപ്പറ്റി പറഞ്ഞപ്പോൾ വെറുമൊരു തൂവാലയാണോ മുഖ്യകഥാപാത്രമെന്ന മട്ടിൽ ആശാൻ നിന്നു ചിരിക്കുകയാണ്. പക്ഷേ തൂവാലയ്ക്ക് പ്രത്യേകം വേഷം വേണ്ട, ഒരൊറ്റ മുദ്രയിലൊതുക്കാമെന്നും ശഠിക്കുന്നുണ്ട് ആശാൻ. പക്ഷേ സംഘാടകരുണ്ടോ വിടുന്നു! ഒടുവിൽ അതിലൊരു തീർപ്പുകൽപ്പിക്കപ്പെടുന്നുണ്ട്. കളരിയിലെ കുട്ടികളെയല്ല, മുതിർന്ന ആരെയെങ്കിലും തന്നെ കണ്ടെത്തണം എന്ന അഭിപ്രായം ആശാൻ മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാലിതുവരെ പറഞ്ഞതിലൊന്നുമല്ല കഥയിരിക്കുന്നത് എന്ന് ബോധ്യമാകണമെങ്കിൽ കഥയുടെ അവസാനഭാഗത്തേക്ക് വായനക്കാരെത്തേണ്ടതുണ്ട്. പ്രധാന കഥാപാത്രമേത് എന്ന് മനസ്സിലാക്കിയ ആശാൻ അത് താൻ തന്നെ ആയിരിക്കണമെന്ന് ശഠിച്ചതും പോരാഞ്ഞ് ഒഥല്ലോ മദ്യപിക്കുന്ന രംഗമുണ്ടാക്കുകയും, അതുപക്ഷേ പൂർണ്ണതയിലെത്തണമെങ്കിൽ മുദ്രകാണിച്ച് അഭിനയിച്ചാൽ പോരാ അനുഭവം വരണമെങ്കിൽ അസാരം സേവിക്കണമെന്നും അതും അരങ്ങത്തുവച്ച് തത്സമയമെന്നും തീരുമാനിച്ചുറപ്പിക്കുന്നു. അണിയറയിൽ ആരുംകാണാതെ അൽപ്പം മോര് കൊണ്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. കളരിയിലെത്തിയ ആശാനെ നിരാശയിലാക്കിക്കൊണ്ട് നാലോ അഞ്ചോ കുട്ടികളെ മാത്രമേ അവിടെ കാണുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം മോര് കൊണ്ടുവരാൻ പോയിരിക്കുകയാണ് എന്ന് കൂട്ടത്തിലൊരാൾ പറയുന്നിടത്ത് ആശാൻ സംശയം പ്രകടിപ്പിക്കുന്നതിങ്ങനെ:
“കളി തൊടങ്ങ്യോ”
മറുപടി:
“ഞങ്ങൾ നേരത്തേ തുടങ്ങി…”
മോര് ആശാനുവേണ്ടിയും കരുതിയിട്ടുണ്ടാവും അല്ലേ എന്ന ചോദ്യത്തിലാണ് കഥ അവസാനിക്കുന്നത്.
ഇക്കഥയുടെ ആഖ്യാനശൈലി ഒരു വായനക്കാരനെന്ന നിലയിൽ അംഗീകരിക്കാനായിട്ടില്ലെങ്കിലും പ്രമേയം ശക്തവും എഴുതിയകാലത്ത് പുതുമയുള്ളതുമായിരുന്നു എന്നതാണിതിനെ വ്യത്യസ്തമാക്കുന്നത്.
കഥ വായനയ്ക്ക് കിട്ടാൻ പ്രയാസമാകുമെന്നറിയുന്നതുകൊണ്ടാണ് കഥയുടെ ഏകദേശരൂപം വായനക്കാർക്കു തന്നത്. കഥകളി എന്നതിനെ ഇംഗ്ലിഷിലേക്ക് നേരിട്ട് മൊഴിമാറ്റം നടത്തിയാൽ Story Play എന്ന് കിട്ടും. ഇതൊരർത്ഥത്തിൽ വേണമെങ്കിൽ നാടകം എന്ന നിലയിലുമെടുക്കാം. പതിനേഴാം നൂറ്റാണ്ടിൽ വികസിച്ചുവന്ന കഥകളി ക്ഷേത്രകലയായാണ് കണക്കാക്കേണ്ടത്. സംഗീതം, ശബ്ദം, ആംഗ്യം എന്നിവയ്ക്ക് തതുല്യമായ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന കലാരൂപത്തിന് സവർണ്ണതയുടെ ആരോപണം നേരിടേണ്ടിവന്നതിനാലാവണം വേണ്ടത്ര പ്രചാരമോ സ്വീകാര്യതയോ ഇന്നില്ല. അതല്ലെങ്കിൽ ബോധപൂർവ്വമായ തമസ്കരണത്തെ അഭിമുഖീകരിക്കേണ്ടതായിവരുന്നു. ഈയടുത്തകാലത്ത് വടക്കിന്റെ ആത്മീയതയും ദൈവികതയും ആവാഹിച്ചുവച്ചിട്ടുള്ള പാരമ്പര്യ കോലധാരികൾ പലരും തെയ്യത്തെ പൊതു ഇടത്തിലേക്ക് കൊണ്ടുവന്ന് വൈകൃതമാക്കുന്ന ദയനീയ കാഴ്ചകൾക്ക് മൂകസാക്ഷിത്വം വഹിക്കേണ്ടതായിവന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന തവനൃത്തത്തിന്റെ സിദ്ധാന്തം, റാസയുടെ സിദ്ധാന്തം, ഭവ, ആവിഷ്കാരം, ആംഗ്യങ്ങൾ, അഭിനയരീതികൾ, അടിസ്ഥാനഘട്ടങ്ങൾ, നിലകൊള്ളുന്ന ഭാവങ്ങൾ – ഇവയെല്ലാം പൊതുവിൽ ഭാരതീയനൃത്തപാരമ്പര്യത്തിലധിഷ്ഠിതവും കഥകളിപോലുള്ളവ അതിന്റെ അനുരണനവും തന്നെയാണെന്ന് കാണാനാകുന്നുണ്ട്.
കോഴിക്കോട് ആകാശവാണിയിൽ ഉറൂബ് പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്ന കാലത്ത് സ്റ്റാഫ് ആർട്ടിസ്റ്റ് എന്ന നിലയിൽ ചൊവ്വല്ലൂർ അവിടെയുണ്ടായിരുന്നെന്നും അക്കാലത്ത് മനസ്സിനിണങ്ങിയ കൂട്ടുകാരെ കിട്ടിയാൽ രസകരമായ വെടിവട്ടത്തിന് വട്ടംകൂട്ടുന്ന അദ്ദേഹം ഒരു കൗതുകമായിരുന്നു എന്നും ‘തുടക്കം നന്നായി’ എന്ന സമാഹാരകഥകൾക്കുള്ള ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നുണ്ട്. തിക്കോടിയൻ, അക്കിത്തം, എൻ.എൻ കക്കാട്, കെ.എ കൊടുങ്ങല്ലൂർ തുടങ്ങിയവരൊക്കെ അക്കാലത്ത് ഇത്തരം അനൗപചാരിക സദസ്സുകളുടെ ഭാഗമായിരുന്നു. ഒരുപക്ഷേ സംസാരത്തിൽ അന്ന് കടന്നുവന്ന പല വിഷയങ്ങളും കഥാകൃത്തെന്ന നിലയിൽ തന്റെ കഥകൾക്കുവേണ്ടി ചൊവ്വല്ലൂർ മാറ്റിവച്ചതാകാനാണ് വഴി.
കഥാകൃത്തിനെപ്പറ്റി:
തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ചൊവ്വല്ലൂർ വാരിയത്ത് ജനനം. അമ്മ: പാറുക്കുട്ടി വാരസ്യാർ. അച്ഛൻ: കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണി വാരിയർ. നവജീവനിൽ സഹപത്രാധിപരായിക്കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് ചൊവ്വല്ലൂർ തുടക്കമിടുന്നത്. ഗുരുവായൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന സ്വതന്ത്രമണ്ഡപം സായാഹ്നപത്രത്തിൽ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് കോഴിക്കോട് മലയാള മനോരമയിലെത്തി.2002 ൽ തുടക്കം നന്നായി എന്ന സമാഹാരം പുറത്തിറങ്ങുമ്പോൾ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മനോരമയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. 2004 ൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. നാല് വർഷം മുമ്പ് ‘എല്ലാമാണ് ചൊവ്വല്ലൂർ’ എന്ന ശീർഷകത്തിൽ മനോരമ പ്രസിദ്ധീകരിച്ച ഞായറാഴ്ചപ്പതിപ്പിലെ ലേഖനം ഈ ലേഖകൻ ഭദ്രമായി എടുത്തുവച്ചിട്ടുണ്ട്. തികഞ്ഞ ഇടതുപക്ഷബോധം അദ്ദേഹത്തെ നയിക്കുന്നു. അദ്ദേഹത്തിന് അത് മാനവികതയുടെ തികഞ്ഞ ബോധ്യമാണ് എങ്കിലും വിശ്വാസത്തെ തള്ളിപ്പറയുന്നില്ല. ഗുരുവായൂരപ്പനെ വിളക്കുപിടിച്ച് പുറത്തേക്ക് എഴുന്നള്ളിക്കുന്ന കഴകക്കാരനാണ് ചൊവ്വല്ലൂർ എന്ന് ഉണ്ണി കെ. വാര്യരെഴുതിയ ലേഖനത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ക്ഷേത്രകലകളുമായും വിശ്വാസധുമായും ഇഴചേർന്നുകിടക്കുന്ന ജീവിതം നയിച്ചതുകൊണ്ടുതന്നെ പുരോഗമനം എന്നത് തനതുകലകളെ വൈകൃതമാക്കലല്ല എന്ന ശക്തമായ നിലപാട് പുലർത്തിപ്പോന്ന എഴുത്തുകാരനാണ് ഇദ്ദേഹം. കഥാകൃത്ത് എന്ന നിലയിലല്ല നമുക്ക് ചൊവ്വല്ലൂരിനെ പരിചയവും. എണ്ണമറ്റ ഭക്തിഗാനങ്ങളാണ് ആ തൂലികയിൽ നിന്ന് പിറന്നുവീണത്. ഈ വരുന്ന സെപ്റ്റംബർ പത്തിന് എൺപത്തിനാല് വയസ്സ് തികയുന്ന വേളയിൽ മുൻകൂറായി ജന്മദിനാശംസകൾ നേരുക കൂടി ചെയ്യട്ടെ.