നായകനും നായികയും നാടകകൃത്തും ഹീറോ ആകുന്ന നാടകവും ജീവിതവും ചേർന്നൊരു ദുരന്തകാവ്യമെങ്ങനെയിരിക്കും?

ഹീറോ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ചിത്രം സുന്ദരനായ ഒരു നായകന്റെതാവാം. എന്നാൽ ഈ കഥയിൽ അത് നായികയുടെ പേരാണ്. അഭൗമ സൗന്ദര്യമുള്ള കന്യകയായ നായിക.  പ്രണയത്തിന്റെ ദേവതയായ വീനസിന്റെ സേവികയായ ഹീറോ.

സെസ്റ്റോ തീരത്താണ് ഹീറോയുടെ വാസം. സെസ്റ്റോയോട് ചേർന്നുള്ള കടലിടുക്കിന് അപ്പുറം അബിഡോസിൽ വസിക്കുന്നവൻ അതിസുന്ദരനായ ലിയാൻഡർ. വീനസിനെ പ്രണയിക്കുന്ന, പുരുഷ സൗന്ദര്യത്തിന്റെ മൂർത്തീഭാവമായ, അഡോണിസിന്റെ തിരുനാളിൽ ലിയാൻഡറും ഹീറോയും തമ്മിൽ കാണുകയും അനുരാഗബദ്ധരാകുകയും ചെയ്യുന്നു. പിന്നീട്  പ്രണയം പൂക്കുന്ന രാവിൽ നീലജലാശയം നീന്തി കടന്നു ലിയാൻഡർ അവന്റെ പ്രണയിനിക്ക് സമീപം എത്തി. പക്ഷെ വീസസിന്റെ ദാസിയായി കന്യകയായി കഴിയുന്ന ഹീറോ ലിയാൻഡറുമായി ചേരാൻ വിസമ്മതിക്കുന്നു.

നിരാശനായി മടങ്ങിയെത്തുന്ന ലിയാൻഡറിനെ കാണുന്ന പിതാവിന് അവന്റെ മുഖത്തെ പ്രണയാർദ്രത വായിച്ചെടുക്കാനാകുന്നു.  ഹീറോയോടുള്ള പ്രണയതൽപരതയിൽനിന്നും മകനെ വിലക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എങ്കിലും പ്രണയ വിവശനായ ലിയാൻഡർക്ക് ഹീറോയെക്കുറിച്ചുള്ള ചിന്തകൾക്കു കടിഞ്ഞാൺ ഇടാനായില്ല. അത് തന്നെ തന്റെ നിയോഗം എന്നുറപ്പിച്ചു വസ്‌ത്രങ്ങളൊക്കെ കരയ്ക്ക് ഊരിവച്ച് വീണ്ടും അക്കരയ്ക്കു നീന്താൻ തുടങ്ങി ലിയാൻഡർ.

സമുദ്ര ദേവനായ നെപ്ട്യൂൺ, താനാഗ്രഹിച്ചിട്ടും സിയൂസ് ദേവൻ സ്വന്തമാക്കിയ ഗാനിമീഡ്  ആണെന്ന് തെറ്റിദ്ധരിച്ച് ആഴങ്ങളിലേക്ക് ലിയാൻഡറെ വലിച്ചുകൊണ്ടുപോകുന്നു. തെറ്റിദ്ധാരണയകറ്റി വീണ്ടും നീന്തി കരപറ്റിയ ലിയാൻഡറെ കരയിലെത്തുന്നതു വരെ നെപ്ട്യൂൺ പിന്തുടർന്നു. അപ്പോഴേക്കും ലിയാൻഡറിൽ ആകൃഷ്‌ടനായ നെപ്ട്യൂൺ കോപിതനായിട്ടാണ് പിന്മാറുന്നത്.

ലിയാൻഡറിന്റെ പ്രണയത്തെ ഇനി തനിക്കു നിരാകരിക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ ഹീറോയും ലിയാൻഡറും അന്ന് രാത്രി ഒന്നാകുന്നു.

നേരം വെളുക്കുന്നു. തിരിച്ചു നീന്തുന്ന ലിയാൻഡറിനെ കാത്തു കോപാകുലനായിരിക്കുകയാണ് നെപ്ട്യൂൺ. കവിത മുഴുമിക്കാതെ അവസാനിക്കുന്നു.

അതെ, നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുമിക്കാതെ പോയ ഒരു കാവ്യത്തെ കുറിച്ചാണ്. ഗ്രീക്ക് പുരാണങ്ങളിലുള്ള ലിയാൻഡറിന്റെയും ഹീറോയുടെയും കഥ ബൃഹത് കാവ്യമായി എഴുതുകയായിരുന്നു ക്രിസ്റ്റഫർ മാർലോ. ഇത്രയും എഴുതാനേ മാർലോയ്ക്ക് കഴിഞ്ഞുള്ളു. മരണമത്രയേ അനുവദിച്ചുള്ളു.

ഗ്രീക്ക് പുരാണങ്ങളിൽ ഈ കഥ ഇവിടെ തീരുന്നില്ല. രാവിലെ നീന്തി മടങ്ങുന്ന ലിയാൻഡർ നെപ്ട്യൂണിന്റെ കോപത്തിനിരയായി മുങ്ങി മരിക്കുകയും അതിൽ മനംനൊന്തു ഹീറോ ആത്‌മഹത്യചെയ്യുകയും ചെയ്യുന്നു.

മാർലോവിന്റെ മരണശേഷം ജോർജ് ചാപ്‌മാൻ ഇങ്ങനെയൊരു അന്ത്യം കൂടെ എഴുതിച്ചേർത്ത് കാവ്യം പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. ദുരന്ത പര്യവസായി ആയ ഒരു കാവ്യം അങ്ങനെയല്ലാതെ തീർന്നിരുന്നേനെ ആ കൂട്ടിച്ചേർക്കൽ ഇല്ലായിരുന്നെങ്കിൽ.

ദുരന്ത പര്യവസായി അല്ല മാർലോ എഴുതി നിർത്തിയ ഇടം വരെയുള്ള കാവ്യം എന്നാകിലും മറ്റൊരു ദുരന്തം ആ അവസരത്തിൽ സംഭവിച്ചു. മാർലോയുടെ മരണം. മാർലോ കൂട്ടുകാരുമൊത്തു ദിവസം മുഴുവൻ മദ്യലഹരിയിൽ മുഴുകുകയും വൈകിട്ടു ആ ലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റു മരിക്കുകയും ആയിരുന്നുവത്രേ.

ജീവിച്ചിരുന്നുവെങ്കിൽ ഇനിയുമേറെ നാടകങ്ങൾ എഴുതി ഷേക്‌സ്‌പിയറിനു പോലും വെല്ലുവിളി ആയി മാറാനിടയുണ്ടായിരുന്ന മാർലോയുടെ മരണത്തിലും നാടകീയതക്ക് കുറവില്ല. മദ്യശാലയിൽ നിന്ന് അന്നു വൈകുന്നേരം ഉണ്ടായ കത്തിക്കുത്ത് വെറും വാക്കേറ്റത്തിന്റെ പുറത്തുണ്ടായതാണ് എന്നും അതല്ല അന്നത്തെ എലിസബത്ത് മഹാറാണിയുടെ ആജ്ഞ പ്രകാരം അനുചരൻമാർ ചെയ്‌തതാണെന്നും പല കഥകൾ പ്രചാരത്തിലുണ്ട്. അവിശ്വാസിയായ മാർലോയെ വച്ചുപൊറുപ്പിക്കാനാവില്ല എന്ന് റാണിയ്ക്ക് തോന്നിയത്രേ. ബാറിൽ അടിയുണ്ടാക്കി കൊല്ലപ്പെട്ടു എന്ന് വരുത്തി തനിക്കെതിരെ വാറന്റുള്ള ആ നാട്ടിൽ ജീവിക്കാതിരിക്കാൻ മരണമഭിനയിച്ചിട്ട് നാടുവിട്ടു പോയതാണെന്നടക്കമുളള കഥകളുമുണ്ട്‌.

അറിവുകൾ ഏറെ നേടി വളർന്ന്, പല അരുതായ്‌മകളും ചെയ്‌ത്‌ കൂടുതൽ വളരാൻ ആഗ്രഹിച്ച് ഒടുവിൽ അനിവാര്യ ദുരന്തത്തിലെത്തുന്ന കഥാപാത്രമാണ് മാർലോയുടെ ഡോക്റ്റർ ഫോസ്റ്റസ്. തന്റെ കഥാപാത്രത്തെപ്പോലെ ഏറെ അറിവുള്ളവനായിരുന്നു മാർലോയും. ഒഴിവാക്കാമായിരുന്ന ദുശ്ശീലം മാർലോയുടെ ജീവിതത്തെയും ദുരന്തത്തിലേക്കെത്തിച്ചു.

അതെന്തുമാകട്ടെ, നാടക രചനയുടെതായ അനന്ത സമുദ്രത്തിൽ നീന്താനിറങ്ങിയ മാർലോയുടെ കഴിവ് ഏതൊക്കെയോ ദേവന്മാരെ അസൂയാലുക്കൾ ആക്കിയെന്നു വേണം കരുതാൻ. ഇനിയുമിവിടെ നീന്തി പുതിയ കരകളിൽ വിജയം നേടാൻ അനുവദിക്കാതെ ഈ ലോകത്തു നിന്നു തിരിച്ചു വിളിക്കുക തന്നെ ചെയ്‌തതാവും മാർലോയെ, മുഴുമിക്കാത്ത കഥയും ജീവിതവുമായി.

– Vinitha Vellimana

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account