കേരളവും കോളയും തമ്മിലുള്ള ബന്ധം അവസാനിച്ചു. ലോകസാമ്രാജ്യത്വകമ്പനി ചരിത്രത്തിലാദ്യമായി ഒരു കൊച്ചു സംസ്ഥാനത്തിലെ നീതിപ്പോരാട്ടത്തിനു മുന്നിൽ കീഴടങ്ങി. പ്ലാച്ചിമടക്കമ്പനി ഇനി തുറക്കില്ലെന്ന് കമ്പനി സുപ്രീംകോടതിയിൽ അറിയിച്ചു.

2000 മാർച്ച് മാസത്തിലാണ് പാലക്കാട്ടെ പ്ലാച്ചിമടയിൽ കോക്കകോളഫാക്ടറി പ്രവർത്തനം തുടങ്ങിയത്. ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തതിനാൽ പ്ലാന്റിനെതിരെ 2002-ൽ പ്രദേശവാസികൾ സമരം തുടങ്ങി. അന്വേഷണം നടന്നു. അമിതമായ ജലചൂഷണമുണ്ടെന്ന് വിലയിരുത്തിയ പഞ്ചായത്ത്, കമ്പനിയുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് 2003 ഏപ്രിൽ 7ന് പ്രമേയത്തിലൂടെ ധീരമായ നിലപാടെടുത്തു. 2003 മെയ് 12 ന് ലൈസൻസ് റദ്ദാക്കി. അന്ന് തുടങ്ങിയ നിയമയുദ്ധമാണ് ജൂലൈ 13ന് അവസാനിച്ചത്. ഇതോടെ പതിറ്റാണ്ട് നീണ്ട  നിയമനടപടികളും ജലസമരവും പരിസമാപ്തിയിലെത്തിയതായി പറയാം.

മയിലമ്മയായിരുന്നു പ്ലാച്ചിമടയിലെ സമരനായിക. അവരുടെ നേതൃത്വത്തിലാണ് 2002-ൽ പ്ലാച്ചിമടവിരുദ്ധസമരം തുടങ്ങിയത്. ലോകം അതോടെ പാലക്കാട്ടെ ഈ പടിഞ്ഞാറൻഗ്രാമത്തെ ഉറ്റുനോക്കി. ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് പ്ലാച്ചിമട. ആദ്യമൊക്കെ കമ്പനി സമരത്തെ പലവഴിക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ശാസ്ത്രീയ പരീക്ഷണങ്ങളിൽ അമിതമായ ഭൂഗർഭജലചൂഷണം തെളിഞ്ഞു. ട്രൈബ്യൂണൽബിൽ അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമിതി നേതാക്കൾ പറയുന്നത്.

ലോകജലസമ്മേളനത്തിനും പെരുമാട്ടി വേദിയായി. പുതുശ്ശേരിയിൽ പ്ലാച്ചിമട പ്രഖ്യാപനം നടന്നു. പെരുമാട്ടി പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, കോളക്കമ്പനി എന്നിവരുടെ 8 കേസുകളാണ് സുപ്രീംകോടതിയിലുണ്ടായിരുന്നത്. കുറ്റം സമ്മതിച്ച് കീഴടങ്ങിയ മട്ടിലാണ് കോളക്കമ്പനി.

ഇരുളർഗോത്രത്തിൽപ്പിറന്ന മയിലമ്മ കമ്പനിയ്ക്ക് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങിയതാണ് സമരത്തെ പുതിയ ദിശയിലെത്തിച്ചത്. പിന്നീട് മയിലമ്മ പ്ലാച്ചിമടസമരത്തിന്റെ മുഖമായി മാറി. മുംബൈയിൽ നടന്ന ലോകപരിസ്ഥിതികൂട്ടായ്‌മയിൽ പ്ലാച്ചിമടദുരന്തം വിവരിച്ച് മയിലമ്മ ശ്രദ്ധ നേടി. ഔട്ട്ലുക്ക് മാസികയുടെ സ്പീകൗട്ട് പുരസ്കാരം അവരെ തേടിയെത്തി.

കോളക്കമ്പനി പൂട്ടിപ്പോയത് കാണാൻ മയിലമ്മ ഇല്ല. 2017 ജനുവരി 7 ന് അവർ മരണത്തിനു കീഴടങ്ങി. എങ്കിലും മയിലമ്മയുടെ ആത്മാവ് അകംനിറഞ്ഞ് ആഹ്ലാദിക്കുന്നുണ്ടാവും.

കോളക്കമ്പനി പോയി. മയിലമ്മയും പോയി. പക്ഷെ, മലയാളിയുടെ കോളശീലം എന്നാണവസാനിക്കുക? ശരീരത്തിനു ഹാനികരമെന്നറിഞ്ഞിട്ടും പാനീയലഹരിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ രുചിശീലം മാറുവാൻ അവന്റെ മനസ്സെന്ന ബഹുരാഷ്ട്രകുത്തകക്കമ്പനി തന്നെ തീരുമാനമെടുക്കണം. അത് സാധ്യമോ?

അതിനാവട്ടെ നമ്മുടെ സമരം.

3 Comments
  1. Haridasan 4 years ago

    അതിനാവട്ടെ നമ്മുടെ സമരം. നല്ല കുറിപ്പ്

  2. Sunil 4 years ago

    Very relevant article.

  3. Anil 4 years ago

    Good article.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account