പുതിയകാല കഫേകളുടെ അകമൊരുക്കൽ വളരെ ആകർഷണീയങ്ങളാണ്. പല കഫേകളും കലാസൃഷ്ടികൾ കൂടി സമന്വയിപ്പിച്ച ആർട്ട് കഫേകളാണ്. ആഡംബര ഇരിപ്പിടങ്ങളുടെ സുഖകരമായ ഡിസൈനും കണ്ണിനിമ്പമേകുന്ന, എന്നാൽ മിതമായ കളർ ടോണുകളുള്ള ചുവരകളുമുള്ള കഫേകൾ മണിക്കൂറുകളിരുന്നാലും മടുക്കാത്തിടങ്ങൾ. കൂടെയുള്ള കൂട്ടോ കയ്യിലുള്ള പുസ്തകമോ ഏറെയിഷ്ടമുള്ളതെങ്കിൽ പറയാനുമില്ല.
ഇത്തരം കഫേകളിൽ ആദ്യമെത്തുന്നവർക്ക് അവിടത്തെ മെനു കാർഡുകൾ അത്ര എളുപ്പപ്പുസ്തകങ്ങളല്ല.
എത്രതരം കാപ്പികളാണ്! അടുത്തിടെ വരെ കാപ്പി, കട്ടൻ കാപ്പി എന്നിവയിലൊതുങ്ങിയിരുന്ന, മറുനാട്ടിൽ പോയിട്ടില്ലാത്ത മലയാളിയും എസ്പ്രസോ, ലാറ്റേ, കപ്പുച്ചിനോ എന്നു പറഞ്ഞു തുടങ്ങിയതിൽ ഇത്തരം കഫേകൾക്ക് ഏറെ പങ്കുണ്ട്.
എസ്പ്രസോ, പേരുപോലെ തന്ന (espresso- pressed out) അമർത്തി നിറച്ച പൊടിയിലൂടെ ഊർന്നിറങ്ങിയ കട്ടിക്കട്ടൻ കാപ്പി. ഏറ്റവുമധികം കഫീനുള്ള, ഉണർവേകുന്ന ചവർപ്പൻകാപ്പി. ലാറ്റേയെന്ന പാൽ കാപ്പി, ചോക്ലേറ്റ് രുചി കൂടെയുള്ള മോക്ക അല്ലെങ്കിൽ മോക്കചിനോ, ഐറിഷ് വിസ്കി ചേർക്കാതെയാണെങ്കിലും ആ പേരിൽ കിട്ടുന്ന ഐറിഷ് കോഫി… അങ്ങനെ നീളും ആ മെനു കാർഡ്.
കാപ്പികുടി എന്നതും എത്ര തരത്തിലാകാം. ഓരോരുത്തർക്ക് ഓരോ അനുഭവമാകുന്ന കാപ്പി കുടി.
രാവിലെ ബെഡ് സൈഡ് ടേബിളിൽ ഭാര്യ കൊണ്ടു വയ്ക്കുന്നതോ, അല്ലെങ്കിൽ ആദ്യം ഉണരുന്നയാൾ മറുപാതിക്കു കൂടെയായി ഉണ്ടാക്കുന്നതോ ആയ സ്നേഹക്കാപ്പി.
ഓഫീസിലേക്കോടാൻ, വീട്ടുജോലികൾ തുടങ്ങാൻ ഒക്കെ ഊർജ്ജം പകരുന്ന, പ്രാതലിനൊപ്പമുള്ള കാപ്പി.
ജോലിക്കിടയിൽ ഒന്ന് ബ്രേക്കെടുക്കുമ്പോൾ സെറ്റിയിലിരുന്ന് അല്ലെങ്കിൽ ഓഫീസിൽ കൂട്ടുകാരൊത്ത് കുടിക്കുന്ന ഇടവേളക്കാപ്പി.
നാലു മണിക്കാപ്പി.
മഴയാസ്വദിക്കാനൊരു കാപ്പി.
മഞ്ഞത്തൊരു ചൂടു കാപ്പി.
പഠിക്കുമ്പോൾ, വായിക്കുമ്പോൾ , എഴുതുമ്പോൾ ഇടക്കൊരു കാപ്പി.
ലോംഗ് ഡ്രൈവിൽ മിഴിയിലുറക്കം കനം വയ്ക്കുമ്പോൾ റോഡരികിലെ തട്ടുകടയിൽ നിന്നൊരു കാപ്പി.
ഏറെ പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഇരുന്ന് പ്രണയ മധുരം ചേർത്ത് കുടിക്കുന്ന കാപ്പി.
പനിച്ചൂടിനെ വിയർപ്പിച്ചൊഴിവാക്കുന്ന ചുക്കുകാപ്പി.
ഗൃഹാതുരത്വമുണർത്തുന്ന ഡിക്കോക്ഷൻ കാപ്പി അഥവാ ഫിൽട്ടർ കോഫി .
ഒരു ഡെസ്കിനപ്പുറം ഇരുന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, ചന്തയിലെ അന്നത്തെ വില നിലവാരത്തെ കുറിച്ചും, നഷ്ടത്തിലായ കൃഷിയേക്കുറിച്ചും, എന്തിന്, അതിലെ അപ്പോൾ നടന്നു പോയ സ്ത്രീയുടെ ദുർന്നടപ്പിനെക്കുറിച്ച് വരെ ചർച്ച നടക്കുന്ന നാട്ടുമ്പുറങ്ങളിലെ ചായക്കടകളിലെ കട്ടൻ കാപ്പിക്കും എത്ര ഉശിരാണ്!
കാപ്പിപ്പൊടികൾ വാങ്ങുന്നതിൽപ്പോലും എത്ര തരം തിരഞ്ഞെടുക്കലാണ്. ഇൻസ്റ്റന്റ് കോഫി, ചിക്കറി ഉള്ളതും ഇല്ലാത്തതുമായ കാപ്പിപ്പൊടികൾ, കടുപ്പമനുസരിച്ച് ഗ്രീൻ റോസ്റ്റഡ്, ബ്രൗൺ റോസ്റ്റഡ്, ഡാർക് റോസ്റ്റഡ് എന്നിങ്ങനെ പല തരം കാപ്പിപ്പൊടികൾ. അതിൽത്തന്നെ തരിയായി പൊടിച്ചത്, നന്നായി പൊടിച്ചത് എന്നിങ്ങനെ…
നാടൻ കാപ്പി മുതൽ കോപ്പി ലുവാക് എന്ന വിലയേറിയ കാപ്പി വരെ. മലയണ്ണാനെപ്പോലെയുള്ളൊരു ജീവിയുടെ വിസർജ്യത്തിൽ നിന്നു ലഭിക്കുന്ന കാപ്പി കുരുക്കൾ എടുത്ത് സംസ്കരിച്ചാണത്രേ ഈ വിശിഷ്ട കാപ്പിയുണ്ടാക്കുന്നത്. ഇപ്പോൾ കൊച്ചിയിലും കിട്ടുന്ന ഈ കാപ്പിക്ക് ആവശ്യക്കാരേറെയാണ്. ഒരു കാപ്പിക്ക് ആയിരത്തിലധികം രൂപ എന്നത് കൊച്ചിക്കാർക്ക് വാർത്തയല്ലാതായിരിക്കുന്നു.
അറബിക്കയും റോബസ്റ്റയുമാണ് രണ്ട് വ്യത്യസ്തയിനം കാപ്പികൾ. റോബസ്റ്റയിൽ കഫീൻ കൂടുതലാണ്, ചവർപ്പും. അറബിക്കയാണ് ലോകത്ത് കൂടുതലായി കൃഷി ചെയ്യപ്പെടുന്ന കാപ്പി.
കാപ്പി എന്നൊരൊറ്റ വാക്കിൽ പറഞ്ഞൊതുക്കാവുന്ന ചില്ലറക്കാരനല്ലാത്ത കാപ്പി.
കാപ്പിയെക്കുറിച്ച് മനുഷ്യന് ഏറെ പറയാനുണ്ടെങ്കിൽ കാപ്പിമേശകൾക്ക് അവ കേട്ട എത്ര കഥകൾ പറയാനുണ്ടാകും!
ആണവ കരാർ തുടങ്ങി തൊട്ടടുത്ത പറമ്പിലെ അതിരു തർക്കം വരെ ചർച്ച ചെയ്യപ്പെടുന്ന കാപ്പി മേശകൾ!!