സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒട്ടേറെ പ്രഗത്‌ഭരെ മലയാളക്കരക്ക് സമ്മാനിച്ചിട്ടുള്ള ഒരു കലാലയം ആണ്‌ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളേജ് എന്ന് ഇന്ന് അറിയപ്പെടുന്ന അന്നത്തെ ശാസ്‌താംകോട്ട ഡി.ബി കോളേജ്.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കുന്നിന്‍ പ്രദേശം. അക്വേഷ്യാ, കാറ്റാടി മരങ്ങളാല്‍ ഇടതൂര്‍ന്ന കുന്നിന്‍ചെരിവുകള്‍ ചെന്നിറങ്ങന്നുന്നത് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന് പേരു കേട്ട ശാസ്‌താംകോട്ട കായലിലേക്കാണ്‌. ഇടക്കിടെ കാണപ്പെടുന്ന പറങ്കിമാം മരങ്ങളില്‍ ഉച്ചയുറക്കം നടത്തുന്ന വിരുതന്മാര്‍ ഇവിടെ വിരളമല്ല. ചിലയിടങ്ങളില്‍ ചെവിയിലും, കഴുത്തിലും എന്തിനേറെ തലയിലും കുണുക്കുകള്‍ വച്ച് ഗുലാന്‍ പെരിശ് കളിക്കുന്ന ചില സാധു ജനങ്ങളെ കാണാം. ഈ ഇടങ്ങള്‍ ഗുലാന്‍ നഗര്‍ എന്നറിയപ്പെടുന്നു.

കുന്നിനുമുകളിലുള്ള കലാലയത്തിലേക്ക് ചെന്നാല്‍, പരസ്യവും രഹസ്യവും നിശബ്‌ദവുമായ പ്രണയങ്ങളും, തമാശയും, പരിഭവങ്ങളും, രാഷ്‌ട്രീയ അടിപിടികളും നിറഞ്ഞ വര്‍ണ്ണശബളമായ ഒരു അന്തരീക്ഷം. ഇവിടെ ഒന്നിനും ഒരു കുറവും ഇല്ല. ഉച്ച നേരത്ത് വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറിന്റെ ഗന്ധം അവിടമാകെ തങ്ങി നില്‍ക്കുമായിരുന്നു,.

നീണ്ട അഞ്ചു വര്‍ഷങ്ങള്‍. ഇവിടെ പഠിക്കുവാനും, കലാലയ ജീവിതത്തിന്റെ മാധുര്യം നുകരുവാനും സാധിച്ചത്, എന്റെ ജീവിതത്തിലെ ഒരു സുക്ര്യതമായി ഞാന്‍ കണക്കാക്കുന്നു. ഈ കലാലയത്തിലെ ഡിഗ്രി പഠന കാലയളവില്‍ ഉണ്ടായ ഒരു ചെറിയ അനുഭവം…

ഉച്ചഭക്ഷണം കഴിഞ്ഞ് വെറുതെ പ്രീഡിഗ്രി ക്ലാസ്സുകളില്‍ ഒരു സന്ദര്‍ശനം നടത്തിയാല്‍ കൊള്ളാമെന്ന് ഗോപന്‍. അങ്ങനെതന്നെ ആകട്ടെ എന്ന് ഞാനും. അന്ന് ഗോപന്റെ സഹോദരി ശാന്തി അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ശാന്തിയുടെ ക്ലാസ്സിനു മുന്നിൽ എത്തിയെപ്പോള്‍, അവിടെ നിന്നും ഗുണ്ടകള്‍ കണക്കെ നാലഞ്ച് പേര്‍ ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. ശാന്തി അകത്ത് ഇരുന്ന് കരയുന്നതും കാണാം. ഞാനൊന്നന്ധാളിച്ചു. ഇവിടെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? ഞങ്ങള്‍ അവളുടെ അരികിലേക്ക് ഓടി.

‘ശാന്തീ… എന്ത് പറ്റി?’ ഗോപന്റെ ഉഗ്ര ശബ്‌ദം.

‘ചേട്ടാ.. അവര്‍ എന്റെ കുടയുടെ മണ്ട ഊരിക്കോണ്ട് പോയി’

‘ആഹാ! അത്രേ ഉള്ളോ’ എനിക്ക് ശ്വാസം ഒന്ന് നേരെ വീണത് അപ്പൊഴാണ്‌.

ഗോപന്‍ എന്റെ മുഖത്തേക്ക് ദഹിപ്പിച്ച് ഒന്ന് നോക്കി. ജ്വലിക്കുന്ന സൂര്യന്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്നപോലെ.

‘എന്റെ പെങ്ങടെ കുടയുടെ മണ്ടയെടുക്കാന്‍ ഇവിടെ ആര്‍ക്കാടാ ഇത്ര ധൈര്യം?’ അവന്‌ അപ്പോള്‍ തന്നെ അവരെ കാണണം.

അല്ലെങ്കിലും അവന്‍ അങ്ങനെയാ. ഞങ്ങളുടെ ഇടയിലെ ഒരു ദുര്‍വ്വാസാവാണ്‌ ഗോപന്‍. പറഞ്ഞനുനയിപ്പിക്കുക മാത്രമേ ഒരു വഴിയുള്ളു.

‘എടാ ഇത് ഒരു ചെറിയ കുടയുടെ കാര്യമല്ലേ.. വിട്ടേരെ’ അങ്ങനെ കുറെ ശമനവാക്കുകളോതി ഇടനാഴിതിയിലൂടെ ഓടുന്ന ഗോപന്റെ പിന്നാലെ ഞാനും.

‘നിനക്കെന്റെ കൂടെ വരാൻ പേടിയാണെങ്കിൽ നീ ക്ലാസ്സിലേക്ക് പൊയ്ക്കൊള്ളൂ.. ഞാൻ എന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടേ അങ്ങോട്ട് വരുകയുള്ളു…’ വാക്കുകളവസാനിപ്പിക്കും മുന്നേ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുംപോലെ അതാ വരുന്നു അവർ. ഞാനും ഗോപനും സഡൻ ബ്രേയ്ക്കിട്ട KSRTC ബസ്സ് പോലെ അവിടെ നിന്നു. എന്നാൽ അവർ ഞങ്ങളെ ഗൗനിക്കാതെ ഞങ്ങൾക്ക് നേരെ നടന്ന് വരുന്നുണ്ടായിരുന്നു. എൻ്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നുകൊണ്ടുമിരുന്നു.

‘ഗോപാ.. വേണ്ടാ, ഗോപാ.. വേണ്ടാ..’ എന്ന് പിറകില്‍ നിന്നും ഞാൻ മന്ത്രിക്കുന്നുണ്ടായിരുന്നു.  കുത്താൻ തുനിഞ്ഞ പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം.

അവർ അടുത്ത് വന്നതും അവരിൽ ഒരുവന്റെ ഉടുപ്പിൽ ബലമായി പിടിച്ച്കൊണ്ട് ഗോപൻ അലറി, ‘നിനക്കെന്റെ പെങ്ങടെ കുടയുടെ മണ്ട എടുക്കണം അല്ലേടാ..’ ഉടുപ്പിന്റെ ബട്ടൺ പൊട്ടി നാലെണ്ണം നിലത്ത്. പിന്നെ അവിടെ നടന്നത് എന്തെന്ന് മനസ്സിലാക്കാൻ ഒരു അഞ്ച് നിമിഷം എടുത്തു. ഞങ്ങൾ രണ്ടും; അവർ അഞ്ചോ ആറോ. എനിക്കും കിട്ടി. ഞാനും കൊടുത്തു. അടിയോടടി…

ഏകദേശം ഒരു അഞ്ച് നിമിഷം കഴിഞ്ഞപ്പോൾ, വെട്ടാൻ കൊണ്ടുപോകുന്ന ആട്ടിൻ പറ്റങ്ങളിൽ നിന്നും കുതറിയോടിയ ആട്ടിൻ കുട്ടിയെപ്പോലെ നമ്മുടെ വീരയോദ്ധാവ് ദയനീയ സ്വരത്തിൽ ‘അശോകേ.. രക്ഷിക്കെടാ..’ എന്ന് അലമുറയിട്ട് ഞങ്ങടെ ക്ലാസ് റൂം ലക്ഷ്യമാക്കി ഓടുന്നു. ആരുടേയോ കൈമടക്കിലമർന്ന് കൈകാലിട്ടച്ച് കൊണ്ടിരുന്ന എന്നെ വിട്ടിട്ട് അവർ അവന്റെ പിന്നാലെ ഓടി.

ഞാനേതോ മൂലയിലൂടെ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഗോപൻ അശോകിന്റെ ഷൂ വാങ്ങിയിട്ട് (അവര്‍ വന്നാല്‍ കൊടുക്കാനുള്ള ചവിട്ടിന്‌ ശക്‌തി കൂടിക്കോട്ടേ എന്ന് കരുതി) ക്യാന്റീനിലേക്ക് പോയിക്കഴിഞ്ഞിരുന്നു.  അവിടെ അദ്ധ്യാപർ ആരോ ഉണ്ടായിരുന്നതിനാൽ പിന്തുടർന്ന് വന്നവർ എങ്ങോട്ടോ ഓടി മറഞ്ഞിരുന്നു.

ക്ലാസ്സിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുവാൻ ഞാനും ഗിരീഷും ബിനുവും കൂടി കോളേജിന് വെളിയിലേക്ക്. പതിവിന് വിപരീതമായി അങ്ങകലെ അരമതിലിന് വെളിയിൽ കുറെ തലകൾ പൊങ്ങി നിൽക്കുന്നതായി കാണപ്പെട്ടു. രംഗം പന്തിയല്ലെന്ന് കണ്ട് എന്ത് ചെയ്യണമെന്ന് ഞങ്ങൾ ഒന്ന് കൂടിയാലോചിച്ചു.

‘എനിക്കറിയാവുന്ന ആരേലും അതിൽ കാണും.. നീ വാടാ..’ ബിനുവിന്റെ വാക്കുകൾ ആശ്വാസമേകി.

വെളിയിൽ വന്നതും, ഒരുത്തൻ വന്ന് എന്റെ തോളിൽ കയ്യിട്ട് വളരെ സഭ്യമായ ഭാഷയിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് മുന്നോട്ട് ആനയിച്ച് കൊണ്ടേയിരുന്നു. ബിനുവിൽ നിന്നും ലഭിച്ച ആശ്വാസത്തിലേറെ അപ്പോൾ ആശ്വാസം തോന്നുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൻ ‘സന്തോഷേ..’ എന്ന് പിറകോട്ട് നോക്കി ഉച്ചത്തിൽ വിളിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.. ഞാനും തിരിഞ്ഞൊന്ന് നോക്കി. ദൂരെ നിന്നും ഒരു മല ഇളകി വരുന്നപോലെ എനിക്ക് തോന്നി. രണ്ട് കൈകളും രണ്ട് കാലുകളും ഉള്ള ഒരു മല. ആ മല അടുത്തെത്തിയതും വന്ന ഊക്കിന് എന്റെ ചെകിടത്ത് ഒരടി. ഈ പൊന്നീച്ച പറക്കുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ശരിക്കും കണ്ടു. അപ്പോഴേക്കും മതിലിന് ചുറ്റും നിന്നിരുന്ന ഏഴെട്ട് പേർ ഓടിക്കൂട്ടിയിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല. അവർ അവശരാപ്പോഴായിരിക്കും എന്നെ ഓടയിൽ തള്ളിയിട്ട് പോയിരുന്നു.

കൂടെ വന്നവർ ചേർന്ന് എന്നെ കായലിൽ കൊണ്ട് പോയി. ശരീരവും വസ്‌ത്രങ്ങളും കഴുകി ഉണക്കി വീട്ടിലേക്ക്.

വീട്ടിൽ ആരെയും ഒന്നും അറിയിക്കാതെ ആ രാത്രി കഴിച്ച് കൂട്ടി. പിറ്റേ ദിവസം കോളേജിലേക്ക്.

ക്ലാസ്സിൽ ഞാൻ തേടിയ ആ വീരനായകന്റെ മുഖം മാത്രം കാണാനില്ല. ആരോടും ഒന്നും മിണ്ടാനും തോന്നിയില്ല.

അവസാനം വിനയൻ തലേദിവസം നടന്ന സംഭവം വിവരിച്ചു.

എന്നെ ഓടയിൽ ഇട്ടിട്ട് അവർ നേരെ പോയത് ഞങ്ങടെ ക്ലാസ് റൂമിലേക്കായിരിന്നു. അപ്പോഴേക്കും ഗോപൻ ക്യാന്റീനിൽ നിന്ന് തിരികെ ക്ലാസ്സിൽ എത്തിയിരുന്നു. ഗോപനെ തേടി അവർ വരുമെന്ന് അറിയാമായിരുന്ന അശോകും കൂട്ടരും ഒരു രക്ഷാകവചം ഒരുക്കിയിരുന്നു. അങ്ങനെ കുറേ നേരം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവിൽ അനുരഞ്ജന തീരുമാനമായി. എങ്കിലും അവർക്ക് ഗോപനെ കാണണമെന്ന തീരുമാനം അംഗീകരിച്ചു. അങ്ങനെ ഗോപൻ ക്ലാസ് റൂമിൽ നിന്നും വെളിയിൽ വന്നു.

കൂട്ടത്തിലൊരുവൻ ‘ഇനി മേലാൽ ഇതൊന്നും ആവർത്തിക്കരുത് കേട്ടോടാ..’

ഗോപൻ അടക്കമുള്ള ഒരു കുഞ്ഞാടിനെ പോലെ തലയാട്ടി.

‘ശരി എന്നാൽ ഞങ്ങൾ തൽക്കാലം പോകുന്നു’ എന്ന് പറഞ്ഞ് ഗോപന്റെ തുടയിൽ മെല്ലെ ഒന്ന് തട്ടി.

തട്ടിയവന്റെ മുഖം പൊടുന്നനെ മാറി. ഗോപന്റെ മുഖം വിളറി. ‘എന്താടാ നിന്റെ പോക്കറ്റിൽ?’ അവൻ ഗോപന്റെ പോക്കറ്റിൽ കയ്യിട്ട് ക്യാന്റീനിൽ നിന്നും സ്വയരക്ഷക്ക് കരുതിയിരുന്ന സോഡാ കുപ്പി പുറത്തെടുത്ത്‌ ‘ആഹാ നീ ഞങ്ങളെ ഇടിക്കാൻ സോഡാക്കുപ്പിയുമായി വന്നേക്കുന്നോ?’

ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നേ കുപ്പിയുടെ  മൂട് വച്ച് മൂക്കും വായും ലക്ഷ്യമാക്കി ആഞ്ഞ് രണ്ടിടി.

വിനയൻ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ എനിക്ക് ചിരിയടക്കാനായില്ല.

ഒരാഴ്ച്ചത്തെ ആശുപത്രിവാസവും പിന്നെ ഒരാഴ്ച്ച വിശ്രമവും കഴിഞ്ഞ് ഗോപൻ തിരികെ ക്ലാസ്സിൽ എത്തുമ്പോൾ കൊടുക്കണമെന്നുണ്ടായിരുന്നു അവന്റെ ചെകിട്ടത്ത് എനിക്ക് കിട്ടിയപോലെ ഒന്ന്. പക്ഷെ കഴുത്തില്‍ കെട്ടിത്തൂക്കിയ ഒടിഞ്ഞ കയ്യുമായി നില്‍ക്കുന്ന അവനെ എന്ത് ചെയ്യാന്‍. അടുത്ത് വന്ന് അവന്‍ ആ സത്യം എന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞപ്പോള്‍ അറിയാതെ തന്നെ ഞാന്‍ ഉറക്കെ ചിരിക്കുകയായിരുന്നു.

‘എടാ.. ആ കുടയുടെ മണ്ട ശാന്തിയുടെ ബാഗില്‍ ഉണ്ടായിരുന്നു. അവള്‍ക്ക് ഒരു അബദ്ധം പറ്റിയതാ…’

തിരികെ അവൻ സമ്മാനിച്ച ആ ഓട്ടപ്പല്ലൻ ചിരിയിൽ അവന്റെ എടുത്ത് ചാട്ടത്തിൽ എനിക്ക് വാങ്ങിത്തന്ന അടികൾക്കുള്ള ക്ഷമാപണമുണ്ടായിരുന്നു എന്ന് നിശബ്‌ദമായി ഞാൻ മനസ്സിലാക്കി.

– മനോജ് മുരളി

2 Comments
 1. Risha Sreejith 2 years ago

  ഇതൊക്കെ ഒരു വെറും തുടക്കം മാത്രം അല്ലെ …കലാശ കൊട്ടൊക്കെ പിന്നീട് അല്ലാരുന്നോ 😀

  • Author
   Manoj M 2 years ago

   അതെ…എഴുതാൻ ഒരുപാട് ഉണ്ട്… പക്ഷെ എല്ലാം എഴുതിക്കഴിഞ്ഞാൽ ഓർമകളുടെ വിങ്ങലുകൾ കൊണ്ടുള്ള ആ ഒരു സുഖമുണ്ടല്ലോ അത് ഇല്ലാതെ ആയേക്കാം; പിന്നെ കൂടെക്കൂടെ ഓർത്ത് ചിരിക്കാനും പറഞ്ഞു സന്തോഷിക്കാനും പറ്റിയില്ലെന്നു വരും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account