തുറന്നു സമ്മതിച്ചാലും ഇല്ലെങ്കിലും, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ സെക്കുലർ സമൂഹത്തിൽ ദൈവത്തിന്ഇടമുണ്ടാകില്ല. മറ്റു പാർട്ടിക്കാരുടെ സെക്കുലറിസത്തിലാവട്ടെ, ഒന്നോ ഒന്നിൽക്കൂടുതലോ ദൈവങ്ങൾ കാണുകയും ചെയ്യും. അതുകൊണ്ട്, ഒരാൾ സെക്കുലറാണ് എന്ന് പറയുമ്പോൾ, ഏതു സെക്കുലറിസം എന്നൊരു ചോദ്യം തിരിച്ചു ചോദിക്കേണ്ടിവരും. ദൈവത്തിന് ഇടമുള്ളതും ഇടമില്ലാത്തതുമായി സെക്കുലറിസം വേർപിരിയുകയാണ്. ദൈവത്തിന് ഇടമുള്ള സെക്കുലറിസത്തെ പോസ്റ്റ് സെക്കുലറിസം എന്ന് വിളിക്കാനും ചിലർ തെയ്യാറാവുന്നുണ്ട്. നിങ്ങളിപ്പോഴും സെക്കുലരാണോ എന്ന ചോദ്യം പ്രസക്തമാകുന്നതും ഇതു കൊണ്ടാണ്.  പീറ്റർ നൈനാസും മിക്കാ ലാസ്സന്ററും മറ്റും എഡിറ്റ് ചെയ്ത, “പോസ്റ്റ് സെക്കുലർ സൊസൈറ്റി” എന്ന പുസ്തകത്തിൽ ജോസ് കാസനോവയുടെ ഒരു ഗവേഷണ പ്രബന്ധമുണ്ട്. നമ്മളിപ്പോഴും സെക്കുലറാണോ? (Are We Still Seccular) എന്ന പേരിൽ.

നമ്മളിപ്പോഴും സെക്കുലറാണോ എന്ന ചോദ്യത്തിന്റെ മറ്റൊരർത്ഥം, നമ്മുടെ സെക്കുലറിസത്തിൽ ദൈവത്തിന് സ്ഥാനമുണ്ടോ എന്നുകൂടിയാണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാർട്ടികൾ ഇത്തരമൊരു ചോദ്യം ചോദിക്കേണ്ട സമയമായിരിക്കുന്നു. കാരണം, പുതിയ കാലത്ത് മതവിശ്വാസവും സെക്കുലറിസവും അതിന്റെ നിർവചനത്തിലും സ്വഭാവരീതികളിലും അടിമുടി മാറിയിട്ടുണ്ട്. അവ തമ്മിലുള്ള അതിർവരമ്പ് നേർത്തുപോയിരിക്കുന്നു. ഇന്നലെവരെ മതവിശ്വാസത്തിന്റേതുമാത്രം എന്ന് കരുതിയ പല ജീവിതസന്ദർഭങ്ങളിലും സെക്കുലറിസം പ്രസക്തമായതുപോലെ സെക്കുലറിസത്തിന്റേതുമാത്രം എന്ന് ചങ്ങലവലിച്ചു കുറ്റിയടിച്ച ഇടങ്ങളിലേക്ക് പലപ്പോഴും മതവിശ്വാസവും കടന്നുകയറുകയാണ്. ആഗോളീകരണവും, നവലിബറൽ നയങ്ങളും ആശയവിനിമയ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റവുമടക്കം നിരവധി കാരണങ്ങളുണ്ട് ഈ പ്രവണതയ്ക്ക്. ഈ പുതിയ അവസ്ഥയെ കുറിക്കാൻ പോസ്റ്റ് സെക്കുലർ എന്ന പദമാണ് ഹേബർമാസ് എന്ന ജർമ്മൻ തത്വചിന്തകൻ ഉപയോഗിക്കുന്നത്. സെക്കുലറിസത്തിന്റെ നിരാകരണം എന്ന നിലയ്‌ക്കല്ല, സെക്കുലറിസത്തിന്റെ ഒരു പുതിയ വികാസഘട്ടം എന്ന നിലയ്ക്കാണ് പോസ്റ്റ് സെക്കുലറിസം പ്രസക്തമാകുന്നത്.

വിവിധ ചരിത്ര ഘട്ടങ്ങളിൽ സെക്കുലർ എന്ന പദത്തിന് പലതരം അർത്ഥങ്ങൾ രൂപപ്പെട്ടു വന്നതായി കാണാം. ” സാക്കുളം ” എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രെ സെക്കുലർ എന്ന വാക്ക് ഉടലെടുത്തത്. നിശ്ചിതമായ കാലത്തെ കുറിക്കാനാണ് ഈ പദം ആദ്യം ഉപയോഗിച്ചിരുന്നത് . മധ്യ കാല യൂറോപ്പിൽ ക്രിസ്ത്യൻ സമൂഹം റിലീജിയസ് എന്നും സെക്കുലർ എന്നും രണ്ടായി പിരിഞ്ഞതായി കാണാം . റിലീജിയസ് അഥവാ സ്പിരിച്വൽ എന്നത് മോക്ഷത്തിനും ആത്മീയതക്കും പ്രാധാന്യം കൊടുത്തു ഭൗതിക സുഖ സൗകര്യങ്ങൾ പാടെ ത്യജിച്ച പാതിരി മാരെയും കന്യാസ്ത്രീകളെയും കുറിക്കുന്ന പദമായിരുന്നു . വിവാഹം കഴിച്ചു കുടുംബ ജീവിതം നയിച്ചിരുന്ന സാധാരണ മനുഷ്യരെ കുറിക്കാനാണ് സെക്കുലർ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് . ഒരു പുരോഹിതൻ തന്റെ സന്യാസ ജീവിതം ഉപേക്ഷിച്ചു സാധാരണ ജീവിതം നയിക്കാൻ തുടങ്ങുമ്പോൾ അയാൾ ദൈവവിശ്വാസി ആയും മതവിശ്വാസി ആയും തുടരുമ്പോഴും സെക്കുലർ ആയി മാറിയിരുന്നു എന്നർത്ഥം . പ്രൊട്ടസ്റ്റന്റ് റെവല്യൂഷൻ അടക്കം, ക്രിസ്തുമതത്തിൽ മാധ്യ കാലത്തു നടന്ന പലതരം പരിഷ്കരണപ്രവർത്തനങ്ങളിലൂടെയാണ് യൂറോപ്യൻ സമൂഹത്തിൽ , ഈ തരത്തിൽ ഉള്ള സെക്യൂലറിസഷൻ യാഥാർഥ്യമായത് . ഈ വിശാലമായ അർത്ഥത്തിൽ ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റി ഒമ്പതു ശതമാനം മനുഷ്യരും സെക്കുലർ ആണ് എന്ന് പറയേണ്ടി വരും .

രണ്ടാമത്തെ അർത്ഥം രൂപപ്പെട്ടു വന്നത് യൂറോപ്യൻ നവോത്‌ഥാനത്തിന്റെ കാലത്താണ് . ശാസ്ത്രീയ ചിന്തകൾക്കും യുക്തി ചിന്തകൾക്കും പ്രചാരം സിദധിച്ച ഈ കാലം മതരഹിതമായ സെക്കുലറിസത്തിന്റെ കാലവും ആയിരുന്നു . മനുഷ്യൻ മതവിശ്വാസികൾ ആണോ
മത നിഷേധികൾ ആണോ എന്നതായിരുന്നു പ്രധാന പ്രശ്‌നം . വ്യക്തിയെ മതത്തിൽ നിന്നും ഒരു പരിധി വരെ ദൈവത്തിൽ നിന്നും പൂർണമായി വേര്പെടുത്തുന്ന പ്രക്രിയ ആയി ഇക്കാലത്തു യൂറോപ്യൻസെക്യൂലറിസം മാറി . യൂറോപ്പിലെ ക്രിസ്ത്യൻ പള്ളികളുടെയും മതമേലധ്യക്ഷന്മാരുടെയും ഭീകര വാഴ്ചക്ക് അറുതി വരുത്തുക എന്ന സാമൂഹ്യ ലക്‌ഷ്യം കൂടി ഈ സ്‌ക്കുലറിസഷൻ പ്രക്രിയക്ക് ഉണ്ടായിരുന്നു. പ്രാപഞ്ചികവും സാമൂഹ്യവും ധാർമ്മികവുമായ എല്ലാ ഇടങ്ങളിൽ നിന്നും ദൈവത്തെ മാറ്റിനിർത്തുന്നതായിരുന്നു യൂറോപ്യൻ സെക്കുലറിസം. പ്രപഞ്ചത്തിന്റെ ആവിർഭാവവും പരിണാമവും എങ്ങിനെ ആണ് സംഭവിച്ചത്? മനുഷ്യ സമൂഹം എങ്ങിനെ ആണ് ആവിർഭവിച്ചത്? എങ്ങിനെ ആണ് വികാസം പ്രാപിച്ചു ഇന്നത്തെ നിലയിൽ എത്തിയത് ? മനുഷ്യ ജീവിതത്തിലെ ധാർമികതയുടെ അടിസ്ഥാനം എന്താണ്? എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് ദൈവത്തിന്റെ സഹായം ഇല്ലാതെ ശാസ്ത്ര യുക്തി കൊണ്ട് മറുപടി പറയാനും , ഇത്തരം ചുമതലകളിൽനിന്നു ദൈവത്തെ മുക്തനാക്കാനും ഈ രണ്ടാം തലമുറയിലെ സെക്കുലറിസ്റ്റുകൾ ശ്രമിച്ചു . പ്രധാനപ്പെട്ട എല്ലാ പ്രശനങ്ങൾക്കും വിശദീകരണം നല്കാൻ ശാസ്ത്രത്തിനു കഴിഞ്ഞു എന്നതാണ് ആ കാലത്തെ സെക്യൂലറിസത്തിന്റെ അവസ്ഥ . സമൂഹം കൂടുതൽ ആധുനികമാവുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ശാസ്ത്രീയമായ അറിവ് നേടുകയും ഒക്കെ ചെയ്യുമ്പോൾ , കൂടുതൽ കൂടുതൽ സെക്കുലർ ആകും എന്ന വിശ്വാസം ഉറച്ചു . യൂറോപ്യൻ രാജ്യങ്ങളിൽ മതത്തിനു, പ്രത്യേകിച്ചും ക്രിസ്തുമതത്തിനും കാത്തലിക് പള്ളിക്കും ഉണ്ടായിരുന്ന അപ്രമാദിത്യം നഷ്ടപ്പെട്ടു . എന്നാൽ, ഈ സെക്കുലർ യുക്തി അമേരിക്കയിലും, ലോകത്തിലെ മറ്റു ചില രാജ്യങ്ങളിലും തകിടം മറഞ്ഞു പോയപ്പോഴാണ് , എന്താണ് എന്താണ് സെക്കുലറിസം എന്നതിനെ കുറിച്ച് പുതിയ പഠനങ്ങളും ചിന്തകളും നിർവചനങ്ങളും ആവശ്യമായി വന്നത് .

ഡെൻമാർക്ക്, നോർവെ, സ്വീഡൻ, തുടങ്ങിയ സ്കാന്റിനേവിയൻ രാജ്യങ്ങളിലും, ബ്രിട്ടനും ജർമനിയും ഫ്രാൻസും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും സാമ്പത്തികപുരോഗതിയും ശാസ്ത്രപുരോഗതിയും ഉണ്ടായതോടെ മതവിശ്വാസം പ്രത്യേകിച്ചും സ്ഥാപനവൽക്കരിക്കപ്പെട്ട
മതവിശ്വാസം കുറഞ്ഞുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. തൊള്ളായിരത്തി അമ്പതുകൾക്കു ശേഷം യൂറോപ്പിൽ പള്ളിയിൽ പോകുന്നവരുടെ എണ്ണത്തിൽ വമ്പിച്ച ഇടിവാണ് ഉണ്ടായത്. ശാസ്ത്രജ്ഞാനത്തിലൂടെ സമൂഹം മുന്നോട്ട് കുതിക്കുമ്പോൾ മതവും ദൈവവും അടക്കമുള്ള എല്ലാ അന്ധവിശ്വാസങ്ങളും കുറഞ്ഞുവന്ന് പാടേ ഇല്ലാതെയായിക്കൊള്ളും എന്നു വാദിച്ച പാരമ്പര്യ സെക്കുലറിസ്റ്റുകൾക്ക് യൂറോപ്പിലെ ഇടിവ് ചൂണ്ടിക്കാണിച്ചുകൊണ്ട് ആശ്വസിക്കാവുന്ന അവസ്ഥയുണ്ട്. എന്നാൽ, അമേരിക്കയിലെ യാഥാർഥ്യം മറിച്ചാണ്.ശാസ്ത്രീയമായ ജ്ഞാനമേഖലകളുടെ പുരോഗതിയും സാമ്പത്തികപുരോഗതിയും കൈവരിച്ചിട്ടും വടക്കേ അമേരിക്കയിൽ മതവിശ്വാസം മുമ്പുണ്ടായിരുന്നതിലും കുറയുകയല്ല, കൂടുകയാണ്‌ ചെയ്തത്. അവിടെ, ക്രിസ്തുമതത്തിലെ റോമൻ കത്തോലിക്കാ വിഭാഗം മാത്രമല്ല, പ്രൊട്ടസ്റ്റന്റ് വിഭാഗവും, ജൂതന്മാരും, മുസ്ലിം, ഹിന്ദു, ബുദ്ധവിഭാഗങ്ങളും മതവിശ്വാസത്തിന്റെ കാര്യത്തിൽ കൂടുതൽ സജീവമാകുകയാണ് ചെയ്തത്. ചൈനയടക്കം മറ്റു ചില രാജ്യങ്ങളാകട്ടെ, സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ യൂറോപ്പിന്റെ പിന്നിലായിട്ടും മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും നിരാകരിക്കുന്ന കാര്യത്തിൽ മുൻപന്തിയിലെത്തുകയും ചെയ്തു.

ഒരു രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയോ, ശാസ്ത്രമേഖലയിൽ കൈവരിച്ച നേട്ടങ്ങളോ മാത്രമല്ല, ആ രാജ്യം പിന്നിട്ട വഴികളുടെ ചരിത്രവും, വ്യത്യസ്‌ത മതവിഭാഗങ്ങളോടും വിശ്വാസപ്രണാമങ്ങളോടും കൈക്കൊണ്ട നിലപാടുകളും കൂടിയാണ് മതവിശ്വാസത്തിന്റെയും ദൈവവിശ്വാസത്തിന്റെയും കാര്യത്തിൽ നിർണായകമാകുന്നത് എന്ന നിഗമനത്തിലാണ് ഈ രംഗത്തെ പുതിയ പഠനങ്ങൾ എത്തിനിൽക്കുന്നത്. യൂറോപ്പിലെ ക്രിസ്തുമതവിശ്വാസവും അതിന്റെ അധികാരകേന്ദ്രമായിരുന്ന റോമൻകാത്തലിക് പള്ളിയും തങ്ങളുടെ വിശ്വാസത്തിനും ദൈവത്തിനും മതത്തിനും അപ്പുറത്തുള്ള ഒന്നിനോടും ഒരിക്കലും സഹിഷ്‌ണുത കാണിച്ചിട്ടില്ല. ഈ പ്രവണത യൂറോപ്യൻ എക്സപ്ഷനിസം എന്നുകൂടി അറിയപ്പെടുന്നു. യൂറോപ്യൻ നവോത്ഥാനകാലം വരെയുള്ള ഏകദേശം ആയിരത്തി അഞ്ഞൂറ് വർഷക്കാലം അവിടെ, കത്തോലിക്കാ പള്ളിക്കായിരുന്നു മോക്ഷത്തിന്റെ കുത്തകാവകാശം. വ്യത്യസ്‌ത മതവിഭാഗങ്ങൾക്കു മാത്രമല്ല, ക്രിസ്തുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് പോലും കത്തോലിക്കാ മതത്തിലേയ്ക്ക് പരിവർത്തനപ്പെടുകയോ, രാജ്യംവിട്ടു പോവുകയോ മാത്രമേ കരണീയമായിട്ടുണ്ടായിരുന്നുള്ളു. ജൂതന്മാരെയും മുസ്ലീങ്ങളെയും സ്പെയിനിൽനിന്നു പുറത്താക്കിയാണ് കത്തോലിക്കർ മാത്രമുള്ള രാജ്യം അവിടെ സ്ഥാപിച്ചത്.

ശാസ്ത്രസത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ അഗ്നിയിലെരിഞ്ഞ ബ്രൂണോയും ജയിലിൽ ജീവിതം ഹോമിക്കേണ്ടിവന്ന ഗലീലിയോയും അറിഞ്ഞ കാര്യങ്ങൾ പോലും പുറത്തുപറയാൻ ഭയന്ന കോപ്പർനിക്കസ്സും യൂറോപ്യൻ മതഫാസിസത്തിന്റെ ഇരകൾതന്നെ. ഡോസ്റ്റോയെവ്സ്കിയുടെ കാരമസോവ് സഹോദരന്മാർ എന്ന നോവലിലെ ഗ്രാന്റ് ഇൻക്വിസിറ്റർ അഥവാ മതദ്രോഹവിചാരകനെപ്പോലെ, പള്ളിക്കെതിരെ സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്താൽ യേശുവിനെപ്പോലും മതദ്രോഹി എന്ന് മുദ്രകുത്തി തീയിലെറിഞ്ഞു കൊല്ലാൻ കെല്പുള്ള സ്ഥാപനമാണ് കത്തോലിക്കാമതവും അതിന്റെ അധികാരരൂപമായ പള്ളിയും ആയിരത്തിഅഞ്ഞൂറു വര്ഷം യൂറോപ്പിനെ അടക്കിഭരിച്ചത്. അതുകൊണ്ട്, ശാസ്ത്രയുക്തിയും സാമൂഹ്യനീതിയും ജനാധിപത്യബോധവും വിജയം കൈവരിച്ച നവോത്ഥാന കാലഘട്ടത്തിൽ പള്ളിയുടെ അധികാരത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമവും യൂറോപ്പിൽ വ്യാപകമായി നടന്നു. ഈ ശ്രമത്തിന്റെ ഫലമായാണ് പ്രാപഞ്ചികവും സാമൂഹ്യവും ധാർമികവുമായ എല്ലാ മേഘലകളിൽനിന്നും ദൈവത്തെയും മതത്തേയും പള്ളിയേയും പുറത്താക്കി യൂറോപ്യൻ സെക്കുലറിസം വെന്നിക്കൊടി പാറിച്ചത്‌. സാമ്പത്തിക പുരോഗതിയും ശാസ്ത്രപുരോഗതിയും കൈവരിച്ചപ്പോൾ പടിഞ്ഞാറൻ യൂറോപ്പിലെയും സ്കാന്റിനേവിയൻ രാജ്യങ്ങളിലെയും ജനങ്ങൾ മതത്തേയും അതിന്റെ അധികാരകേന്ദ്രമായ പള്ളിയേയും തള്ളിക്കളഞ്ഞതിനെ ഈ ചരിത്ര സാഹചര്യത്തിൽ വേണം വിലയിരുത്താൻ.

എന്നാൽ, അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം മറിച്ചായിരുന്നു. അവിടെ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചനം നേടുന്നതിനുവേണ്ടിയുള്ള സ്വാതന്ത്ര്യസമരം നടക്കുന്ന കാലംമുതൽ എല്ലാത്തരം മതവിശ്വാസങ്ങളും പരസ്‌പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നിലവിൽവന്ന ഭരണഘടനയിൽ എല്ലാ മതവിശ്വാസികൾക്കും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രത്തിന്റെ മതം എന്ന നിലയ്ക്ക് രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലും ഇടപെടാൻ ഒരു മതത്തിനും അവകാശം നൽകിയിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ, യൂറോപ്പിൽ സംഭവിച്ചതുപോലെ മതത്തോടും അതിന്റെ അധികാരസ്ഥാപനമായ പള്ളിയോടും അമേരിക്കയിൽ ശത്രുത വളർന്നുവന്നില്ല. അമേരിക്കണമതം ആധുനികതയ്ക്കു മുമ്പുള്ള സമൂഹത്തിന്റെ മതത്തിന്റെ തുടർച്ചയല്ല. അമേരിക്കൻ ആധുനികതയുടെ ഉൽപ്പന്നമാണ് എന്നർത്ഥം. അതുകൊണ്ടാണ്, ശാസ്ത്രീയ ചിന്തകൾക്കും യുക്തിബോധത്തിനും സാമ്പത്തിക പുരോഗതിക്കും ഒപ്പം അമേരിക്കയിൽ മതവിശ്വാസവും വളർന്നത്.

മതവിശ്വാസത്തിന്റെ കാര്യത്തിലുള്ള ഈ പ്ലൂറലിസം അഥവാ പലമയാണ്, നാനാത്വത്തിൽ ഏകത്വം എന്ന് ഇന്ത്യൻ സംസ്കാരം ആയിരക്കണക്കിന് വർഷങ്ങളായി ആചരിച്ചുപോരുന്നത്. ഏതു മതക്കാർക്കും, ഒരു മതത്തിലും വിശ്വസിക്കാത്ത നിരീശ്വരവാദികൾക്കും ഈ നാട്ടിൽ ജീവിക്കാനും അവരുടെ വിശ്വാസത്തിനനുസരിച്ചു ഈശ്വരനെ ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ തങ്ങളുടെ മതം പ്രചരിപ്പിക്കുകയോ ആരാധനാലയങ്ങൾ നിർമ്മിക്കുകയോ ഒക്കെ ചെയ്യാനും ഇന്ത്യ എന്ന വലിയ സാംസ്കാരികഭൂമികയിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. ബുദ്ധമതക്കാർക്കെതിരെ വൈദികമതക്കാരുടെ ക്രൂരതയും വൈഷ്ണവരും ശൈവരും പരസ്പരം നടത്തിയ കലാപങ്ങളും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. എന്നാൽ യൂറോപ്പിലെപ്പോലെ രാജാവിന്റെ മതം ജനങ്ങൾക്കാകെ എന്ന അവസ്ഥയിലേക്ക് ഇന്ത്യയിൽ ഈ വൈരുദ്ധ്യം വളർന്നിരുന്നില്ല. ഒറ്റപ്പെട്ട ചില അനുഭവങ്ങൾ മറിച്ചു കണ്ടേക്കാമെങ്കിലും മുഗൾ സാമ്രാജ്യത്തിന്റെ കാലത്തുപോലും സൗഹാർദ്ദത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. യൂറോപ്യൻ സെക്കുലറിസം എന്ന മതനിരാസമായിരുന്നില്ല, ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്നർത്ഥം. ഇന്ത്യയിൽ ഈ പലമ മതത്തിന്റെയും ദൈവത്തിന്റെയും കാര്യത്തിൽ മാത്രമായി പരിമിതപ്പെട്ടിരുന്നുമില്ല. ഭാഷയിലും വേഷത്തിലും അടക്കം സംസ്കാരത്തിന്റെ മുഴുവൻ രംഗങ്ങളിലും ഈ വൈരുദ്ധ്യം പ്രകടമായിരുന്നു.

വൈവിധ്യത്തെ അംഗീകരിക്കാൻ ഇന്ത്യ കാണിച്ച ഈ വിശാല സമീപനത്തിന് പിറകിൽ ഉപനിഷത് ദർശനങ്ങളുടെ പിൻബലം കാണാം. അതുപൂർണം, ഇതും പൂർണം. പൂർണത്തിൽനിന്നു പൂർണം ജനിക്കുന്നു. പൂർണത്തിൽനിന്ന് പൂർണമെടുത്താൽ പൂർണം തന്നെ അവശേഷിക്കുന്നു എന്ന നിലപാടിൽനിന്ന്, നിങ്ങളുടെ മതവും ശരിയാണ് എന്റെ മതവും ശരിയാണ് എന്ന നിലപാടിലേയ്ക്ക് ഒട്ടും ദൂരമില്ല. അഹം ബ്രഹ്മാസ്മി എന്ന്  ആശയതലത്തിലെങ്കിലും സ്വീകരിക്കുന്ന ഒരു ദർശനത്തിന് എങ്ങനെയാണ് അന്യം എന്ന സങ്കൽപം സാധ്യമാകുക? ഇന്ത്യൻ നിരപേക്ഷത ദൈവത്തെയും മതത്തെയും നിരാകരിക്കുകയല്ല, അതിന്റെ ബഹുസ്വരതയെ സ്വീകരിച്ചുകൊണ്ട്, പലമതസാരവും
ഒന്നെന്നു തിരിച്ചറിയുകയാണ് ചെയ്തത്. എന്നാൽ, പ്രപഞ്ചത്തോളം വിശാലമായ ഈ ഉപനിഷദ് ദർശനങ്ങൾക്ക് ഘടകവിരുദ്ധമായി, ചാതുർവർണവ്യവസ്ഥയും ജാതിചിന്തയും അടക്കം അങ്ങേയറ്റം ബാലിശമായ പ്രയോഗികജീവിത മാതൃകകളും ഇന്ത്യൻ സമൂഹത്തിൽ
വളർന്നുവന്നു. ഹിന്ദുമതത്തിലെ താഴ്ന്ന ജാതിക്കാരുടെ ജീവിതം നരകതുല്യമായിരുന്നപ്പോഴും മറ്റു മതക്കാരോട് ഈ രാജ്യം സഹിഷ്ണുത പുലർത്തിപ്പോന്നിരുന്നു. മതനിരപേക്ഷതയുടെ ഈ ദേശീയ മാതൃക സ്വീകരിക്കുന്നതിനുപകരം യൂറോപ്യൻ സെക്കുലറിസത്തിന്റെ
ഭാഗമായ ദൈവനിഷേധത്തിലും മതനിഷേധത്തിലും കൂടുതൽക്കൂടുതൽ അഭിരമിക്കാനാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശ്രമിച്ചത്. തങ്ങൾ മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും എതിരല്ല എന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും, യൂറോപ്യൻ സെക്കുലറിസത്തിന്റെ മാതൃക പിന്തുടർന്നുകൊണ്ട്, യുക്തിവാദത്തോടാണ് ഇടതുസെക്കുലറിസം കൂടുതൽ ചേർന്നുനിൽക്കുന്നത്. ഈശ്വരവിശ്വാസിയായ
ഒരു ഇടതുപക്ഷപ്രവർത്തകന് രണ്ടാം തരം പൗരനായി മാത്രമേ അവിടെ നില്ക്കാൻ കഴിയൂ. ഡയലറ്റിക്കൽ മെറ്റീരിയലിസം ഫലത്തിൽ, യുക്തിവാദത്തെക്കൂടി വഹിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.

ആഗോളീകരണത്തിന്റെ പുതിയ കാലത്ത്, സെക്കുലറിസം മാത്രമല്ല മതവിശ്വാസവും വല്ലാതെ മാറിയിട്ടുണ്ട്. 1990-ലെ വേൾഡ് വാല്യൂ സർവ്വേ, മതവിശ്വാസത്തിന്റെ കാര്യത്തിൽ അമേരിക്കയിൽ പ്രത്യേകിച്ചും, താരതമ്യേന ലോകത്താകെയും വന്നുചേർന്ന മാറ്റങ്ങളെ
അടയാളപ്പെടുത്തുന്നുണ്ട്. പലതിൽനിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പലതിനെയും സമന്വയിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് (Electicism and syncretism) ഇതിലൊന്ന്. എന്റെ മതം മാത്രമാണ് ഒരേയൊരു ശരി എന്ന നിലപാടിൽനിന്ന് പരിഷ്കൃത സമൂഹങ്ങൾ വ്യതിചലിക്കുകയാണ് എന്നർത്ഥം. ആഗോളീകരണത്തിന്റെ കാലത്ത് പല സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഒന്നിച്ചു കാണാനും തമ്മിൽ കലരാനുമുള്ള സാധ്യത കൈവന്നിരിക്കുന്നു. സിദ്ധാന്തങ്ങൾക്കും ദർശനങ്ങൾക്കും പകരം വ്യക്തിപരമായ അനുഭവങ്ങൾക്ക് കൂടുതൽ
പ്രാധാന്യം കൈവരുന്നുണ്ട്. ഈ അവസരം മുതലെടുക്കുകയാണ് യഥാർത്ഥത്തിൽ ആൾദൈവങ്ങൾ ചെയ്യുന്നത്. മതസ്ഥാപനങ്ങൾക്ക് വിശ്വാസികളിലുള്ള അധികാരം കുറയുന്നതാണ് (Non Institutionalism) മറ്റൊരു കാര്യം.

Radical Egaliterianism അഥവാ, സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ശക്തമായ ആഗ്രഹവും പ്രവർത്തനവും മതവിശ്വാസത്തിന്റെ അജണ്ടയിൽ വരികയാണ്. സമൂഹത്തിലെ മനുഷ്യരുടെ ആത്‌മീയ ജീവിതവും മോക്ഷവും മാത്രമല്ല, അവരുടെ സാമ്പത്തികജീവിതം
മെച്ചപ്പെടുത്താനും മതങ്ങളും മതസംഘടനകളും ഇന്നു പ്രവർത്തിച്ചുവരുന്നുണ്ട്. വൈയക്തികമായ ഒരുതരം ആത്മീയത വളരുകയാണ്. Self spirituality, shift from good to human being എന്നൊക്കെയാണ് ഈ പ്രവണതയെ പറഞ്ഞുപോരുന്നത്. മതവിശ്വാസികൾക്കിടയിൽപ്പോലും, മരണാനന്തര ജീവിതത്തേക്കാൾ കൂടുതൽ ഈ ലോകത്തെ ജീവിതത്തിനു പ്രാധാന്യം ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഈയർത്ഥത്തിൽ, മതവിശ്വാസം കൂടുതൽ സെക്കുലറാവുകയും, സെക്കുലാരിറ്റി കുറച്ചൊക്കെ വിശ്വാസത്തോട് ചേർന്നു വരികയും ചെയ്യുന്ന കാലമാണിത്. അമേരിക്കയിലടക്കം ലോകത്തു പലയിടത്തും സമൂഹം കൂടുതൽ മതാധിഷ്ഠിതവും കൂടുതൽക്കൂടുതൽ മതനിരപേക്ഷവും ആയിവരുന്നു എന്നും പറയാം.

ഈ അവസ്ഥയിൽ ഇന്ത്യയിലെ ഇടതുപക്ഷവും ജനാധിപത്യവിശ്വാസികളും മാതൃകയാക്കേണ്ടത് യുക്തിവാദത്തോട് ചേർന്നു നിൽക്കുന്ന യൂറോപ്യൻ സെക്കുലറിസമല്ല, പലമതസാരവും ഒന്നുതന്നെ എന്നു പ്രചരിപ്പിച്ച ശ്രീ നാരായണഗുരുവിനെപ്പോലെയുള്ള ഇന്ത്യൻ സെക്കുലറിസത്തിന്റെയും കേരളീയ നവോത്ഥാനത്തിന്റെയും ചിന്തകളെയാണ്. വിവിധ മതക്കാർക്ക് പരസ്പരം കലഹിക്കാതെയും വെറുക്കാതെയും ജീവിക്കാൻ കഴിയുന്ന അവസ്ഥയാണ് ഇന്ത്യൻ പശ്ചാത്തലത്തിൽ സെക്കുലറിസം എന്നർത്ഥം. അങ്ങനെ വരുമ്പോൾ, മറ്റു മതക്കാരോട് ദേഷ്യം വച്ചു പുലർത്താത്ത മതവിശ്വാസികളെയും, സെക്കുലർ എന്ന പട്ടികയിലേക്ക് ചേർക്കേണ്ടിവരും. എല്ലാ മതങ്ങളും തുല്യമായ അവകാശങ്ങളോടെയും പരസ്പരം കലഹിക്കാതെയും വർത്തിക്കുന്ന ഒരു സമൂഹത്തിൽ എല്ലാ മതക്കാർക്കും അംഗീകരിക്കാവുന്ന ഭരണകൂടനിയമങ്ങളും പൊതുസമൂഹവും കൂടിയേ കഴിയൂ. എന്നുവെച്ചാൽ, രാഷ്ട്രീയവും ഭരണപരവുമായ പൊതുഇടങ്ങളിൽ ഏതെങ്കിലും ഒരു മതത്തിന്റെമാത്രമായ അപ്രമാദിത്തം അനുവദിച്ചുകൊടുക്കാൻ കഴിയില്ല. മതങ്ങൾക്ക്, സ്വാഭാവികമായും അത്തരം പൊതു ഇടങ്ങളിൽനിന്ന് മാറി നിൽക്കേണ്ടിവരും. ഈ അർത്ഥത്തിൽ, മതം വ്യക്തികളുടെ വിശ്വാസത്തിന്റെ മാത്രം കാര്യമായി പരിമിതപ്പെടുകയും ചെയ്യും.

1 Comment
  1. Nikhil Raj 4 years ago

    Very Interesting and informative article. Thank you sir.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account