ആവശ്യത്തിലധികമോ അനാവശ്യമായോ സാധനങ്ങൾ വാങ്ങിക്കൂട്ടുക, വാങ്ങാതിരിക്കുവാൻ കഴിയാതിരിക്കുക എന്നത് ഒരു രോഗമാണ്. വളരെയധികം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു രോഗം. മദ്യത്തിനോടും ഇന്റെർനെറ്റിനോടും ഉണ്ടാകുന്ന ആസക്‌തി പോലെ ഇതും ഒരു ആസക്‌തി രോഗമാണ്. വാങ്ങാതിരിക്കുവാൻ കഴിയാതാകുക, വാങ്ങുന്നതിൽ നിന്നും ലഹരിയുണ്ടാകുക എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

തലച്ചോറിലെ ചില രാസവസ്‌തുക്കൾ തന്നെയാണ് ഇതിന്റെയും പുറകിൽ. ഇത്തരക്കാരിൽ അനാവശ്യമാണെങ്കിലും സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ എൻഡോർഫിൻ, ഡോപ്പാമിൻ തുടങ്ങിയ രാസവസ്‌തുക്കളുടെ ഉൽപാദനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് അവരെ ഒരു പ്രത്യേക ആനന്ദത്തിലേക്ക് കൊണ്ടുപോകുമത്രേ. ഏതു പ്രായക്കാരെയും ഇത് ബാധിക്കുമെങ്കിലും, ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. അതേപോലെ നല്ലൊരു ശതമാനം പുരുഷന്മാരിലും ഈ രോഗം കാണാറുണ്ടെങ്കിലും സ്‌ത്രീകൾ തന്നെയാണ് മുഖ്യ ഇരകൾ. ആകാംക്ഷാരോഗങ്ങളോടും വിഷാദ രോഗത്തോടും ചേർന്നും ഈ രോഗവും ചിലരിൽ കാണാറുണ്ട്.

വൈകാരിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരക്കാർ കൂടുതലായും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. ദേഷ്യമോ സങ്കടമോ തീർക്കുന്നതിനുള്ള ഒരുപാധിയായി പലരും ഇതിനെ കാണാറുണ്ട്. ഭർത്താവിനോടുള്ള ദേഷ്യത്തിന് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാറുള്ള ഒരു സ്‌ത്രീയെ എനിക്ക് പരിചയമുണ്ട്.

ആർഭാടത്തിന് വേണ്ടിയുള്ള  വാങ്ങലുകളുമുണ്ട്. വിലപിടിപ്പുള്ള ബ്രാൻഡുകൾ മാത്രം വാങ്ങുന്നവർ. ഒരു ആപ്പിൾ ഐ ഫോൺ ആണെന്നിരിക്കട്ടെ, പുതിയ മോഡൽ ഇറങ്ങുവാൻ വേണ്ടി കാത്തിരിക്കുന്നവർ. വസ്‌ത്രങ്ങൾ, ചെരുപ്പുകൾ, വാച്ചുകൾ, കാറുകൾ തുടങ്ങി എന്തും ഉയർന്ന ബ്രാൻഡുകൾ മാത്രം വാങ്ങുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. ഉയർന്ന വരുമാനമുള്ളവരായിരിക്കും ഇവരെങ്കിലും മിക്കവാറും പേരും അതികഠിനമായ കടക്കെണിയിലുമായിരിക്കും.

ഒരു ധാരാളിയാണ് താൻ എന്ന തോന്നലുണ്ടാക്കുവാൻ മാത്രം വാങ്ങിക്കൂട്ടുന്നവരുമുണ്ട്. അത്തരക്കാർക്കു പ്രത്യേക ബ്രാൻഡുകളിലൊന്നും താൽപ്പര്യമില്ല. എന്ത് വസ്‌തുക്കളും, ഉപയോഗമില്ലാത്തതും വിൽക്കാൻ പറ്റാത്തതുമായ വസ്‌തുക്കൾ പോലും വാങ്ങിക്കൂട്ടുന്നവരാണിക്കൂട്ടർ. ധാരാളിത്തമാണ് സമൂഹത്തിലെ അംഗീകാരത്തിന്റെ അളവുകോൽ എന്ന മിഥ്യാ സങ്കൽപ്പമുള്ളവർ.

വിലക്കുറവുണ്ട് എന്ന് കണ്ടാൽ എന്തും വാങ്ങിക്കൂട്ടുന്നവരാണ് മറ്റൊരു കൂട്ടർ. വിലപേശി വാങ്ങുന്നതിലും സൗജന്യ നിരക്കെന്ന പേരിൽ കിട്ടുന്നത് വാങ്ങുന്നതിലും ഹരം കണ്ടെത്തുന്നവർ. അവർക്കാവശ്യമില്ലാത്ത സാധനങ്ങൾ പോലും കിഴിവിന്റെ പേരിൽ ഇവർ വാങ്ങിക്കൂട്ടും. ഓൺലൈൻ വ്യാപാരികളുടെ മുഖ്യ ഇരകളും ഇവർ തന്നെ. ഇത്തരക്കാരെ പ്രലോഭിപ്പിക്കുന്ന തരത്തിലാണ് അവർ സൗജന്യ നിരക്കുകൾ അവതരിപ്പിക്കുക. എന്തെങ്കിലും സാധനം ഇപ്പോൾ വാങ്ങിയാൽ അടുത്ത തവണ വാങ്ങുന്ന സമയം വിലക്കുറച്ചുകിട്ടും എന്ന വാഗ്‌ദാനങ്ങളിൽ വീഴുന്നവരുമാണിവർ. രണ്ടാമത്തെ സൗജന്യത്തിനുവേണ്ടി അവർക്കാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർ. സൗജന്യത്തെ കരുതി രണ്ടാമത്തെ സാധനവും ആവശ്യമില്ലാതെ വാങ്ങേണ്ടിവരുന്നവർ. അതേപോലെ തന്നെ ചില സാധനങ്ങൾ വാങ്ങുമ്പോൾ തിരിച്ചുകിട്ടുന്ന നിസ്സാരമായ പണത്തിനോടുപോലും ആകർഷണം തോന്നി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഇക്കൂട്ടർ യാതൊരുവിധ മടിയും കാണിക്കുകയില്ല.

ശേഖരണത്തിന് വേണ്ടി മാത്രം സാധനങ്ങൾ വാങ്ങുന്ന മറ്റൊരു കൂട്ടരുണ്ട്. ഒരു ഉദാഹരണത്തിന് ഒരു ബ്രാൻഡ് ഷർട്ടിന്റെ എല്ലാ കളറുകളും വാങ്ങിക്കൂട്ടുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഘടകങ്ങളുടെ പേരിൽ അനാവശ്യമായി വാങ്ങുക തുടങ്ങി എന്തുമാകാം. അവർ ഇത്തരം സാധനങ്ങൾ ഉപയോഗിക്കണമെന്ന് തന്നെ നിർബന്ധമില്ല.

ഈ രോഗത്തിന് ചില ലക്ഷണങ്ങളുണ്ട്. ഒരാൾക്ക് സാധ്യമാകുന്നതിൽ കൂടുതൽ സാധനങ്ങൾ വാങ്ങുക, ദേഷ്യമോ സങ്കടമോ അടക്കുന്നതിനുള്ള ഉപാധിയായി സാധനങ്ങൾ വാങ്ങുക, സാധനങ്ങൾ വാങ്ങി കടം കയറുന്നതിനെക്കുറിച്ചു ആധിയോ കുറ്റബോധമോ ഇല്ലാതിരിക്കുക, സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് വഴി ബന്ധങ്ങൾ തകരാറിലാകുക, അനിയന്ത്രിതമായി സാധനങ്ങൾ വാങ്ങണമെന്ന തോന്നൽ ഉണ്ടാകുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

സാമ്പത്തിക നഷ്‌ടം, കടക്കെണി, തുടർന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ, വിഷാദം, ആത്‌മഹത്യ തുടങ്ങി കൊലപാതകങ്ങൾക്കുവരെ ഈ രോഗം കാരണമാകാറുണ്ട്. ഇത് പൂർണ്ണമായി പരിഹരിക്കുവാൻ കഴിയുന്ന മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. കൗൺസിലിംഗിനും സൈക്കോതെറാപ്പികൾക്കും ഇതിൽ നല്ലൊരു പങ്കു വഹിക്കുവാൻ കഴിയും.

ഇത്തരം രോഗികളെ സൃഷ്‌ടിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ് ഇന്ന് നമുക്കുള്ളത്. മിക്ക ബാങ്കുകളും ഇത്തരം സാധനങ്ങൾ വാങ്ങുന്നതിനു പണം കടം കൊടുക്കുകയും പലിശയിനത്തിൽ ഭീമമായ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത് നമ്മൾ തിരിച്ചറിയുകയും അത്തരം പ്രലോഭനങ്ങളിൽ വശംവദരാകാതിരിക്കുവാൻ ശ്രമിക്കുകയും വേണം.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

1 Comment
  1. ഡോ.ബിജു.കെ.പി. 11 months ago

    സാമൂഹിക പ്രാധാന്യമുള്ള ലേഖനം അതിലൂടെ ഹോമിയോപ്പതിയുടെ അനന്തസാധ്യതകളെയും തുറന്നു കാട്ടുന്നു,,
    നന്നായിരിക്കുന്നു

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account