കൌമാര സ്വപ്‌നങ്ങളുടെ ശബളിമയില്‍ മയങ്ങി ഉണര്‍ന്ന് തുടങ്ങുന്ന കാലത്ത് ആരാണ് സ്വന്തം പത്താം തരം പരീക്ഷ സ്വപ്‌നം കാണാത്തത്? സ്വപ്‌നത്തിലെങ്കിലും ഒന്നാമതെത്തി അഭിനന്ദനങ്ങളുടെ ഇക്കിളിപ്പെടുത്തലില്‍ മുഖം കുനിക്കാത്തത്?

നാടറിയുന്ന സിനിമാ നടനും നടിയുമൊക്കെയായി നടന്നെങ്കിലെന്ന് സ്വപ്‌നം കാണുംപോലെ ആരോടും പറയാതെ, ആവണമെന്ന് വാശികള്‍ അത്രയൊന്നും തീണ്ടാത്ത ലക്ഷങ്ങളോളം മോഹങ്ങളാണ് ഓരോ വര്‍ഷവും പതിനഞ്ചാം വയസ്സു തികച്ചും പരീക്ഷ എഴുതിയും എഴുതാതെയും ആകാംക്ഷയുടെ ചങ്കിടിപ്പും ചുമന്ന് പത്താം തരം ഫലം കാത്തിരിക്കാറുള്ളത്.

ഇത്തവണയും കാലം തെറ്റിയെങ്കിലും കണക്ക് കൂട്ടല്‍ തെറ്റിക്കാതെ ആ സ്വപ്‌ന രുചി അവര്‍ നുണഞ്ഞു.

തോറ്റെന്നു കണക്ക് കൂട്ടി അടിവരയിട്ട കടലാസ്സ് കണ്ടു കണ്ണു തുളുമ്പിയവരും ആ സ്വപ്‌നത്തെ തഴഞ്ഞിട്ടുണ്ടാവില്ല, പക്ഷേ ആരോടും പറഞ്ഞിട്ടുണ്ടാവില്ല താന്‍ അങ്ങിനെ ഒരു സ്വപ്‌നം കണ്ടെന്ന്. എങ്ങിനെ ആയാലും ജയിക്കണം എന്നൊരു നെടുവീര്‍പ്പില്‍ അവര്‍ അതിനെ പൂഴ്ത്തിയിട്ടുണ്ടാവും.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോല്‍വിക്കുള്ള സാധ്യത കൂടുതല്‍ ആയിരുന്ന ഒരു ഫലപ്രഖ്യാപന ദിവസം പരിചയത്തിലൊരാളോട് ജയിച്ചോ എന്നു ചോദിച്ചപ്പോള്‍ ‘അടുത്ത വര്ഷം’ എന്നു അനായാസേന മറുപടി പറഞ്ഞിട്ട് നടന്നു പോകുന്നത് കണ്ടപ്പോള്‍ ആണ് തോല്‍ക്കാമെന്നും തോറ്റാല്‍ പറയാന്‍ തോല്‍വി മണക്കാത്ത ഒരു ഉത്തരം അവശേഷിക്കുന്നുണ്ട് എന്നും തിരിച്ചറിഞ്ഞത്.

പിന്നെ പിന്നെ തോല്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു.പരീക്ഷകള്‍ തോറ്റവരുടെ എണ്ണമെടുക്കാനുള്ള പരീക്ഷണങ്ങള്‍ ആവാതെ ആകുന്നു ഇപ്പോള്‍.

ഇക്കൊല്ലം സ്വപ്‌നകാലം കടന്നു കിട്ടിയ കുഞ്ഞുങ്ങളോളം കരുത്തുള്ള ഒരു തലമുറയെ മനുഷ്യ രാശി മുൻപ് കണ്ടിട്ടുണ്ടാവില്ല. ലോകം വിറങ്ങലിച്ചു നിന്ന്‍ മരണ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ പുസ്‌തകങ്ങള്‍ക്ക് മുന്‍പിലിരുന്നു പഠിച്ചും കിനാവ് കണ്ടുമിരുന്നപ്പോള്‍ എത്ര വട്ടം അവര്‍ അനിശ്ചിതത്വത്തിന്റെ തണുപ്പില്‍ കിലുകിലുത്തിട്ടുണ്ടാവും, എത്ര വട്ടം ആഗ്രഹങ്ങള്‍ കൈയ്യൂര്‍ന്ന് പോകുമോ എന്നു കണ്ണു നിറച്ചിട്ടുണ്ടാവും? എത്രയോ വട്ടം പരീക്ഷാ വഴികളില്‍നിന്ന്‍ മരണത്തിന്‍റെ അണുക്കള്‍ തന്‍റെ ഒപ്പം യാത്ര ചേരുമോ എന്നും താന്‍ മരിച്ചു പോകുമോ എന്നും ഉറക്കം കളഞ്ഞിട്ടുണ്ടാവും..? എന്നിട്ടും അവര്‍ പഠിച്ചു, പരീക്ഷകള്‍ക്ക് വേണ്ടി മുഖങ്ങള്‍ മൂടികെട്ടി, കൈയ്യുകള്‍ പൊതിഞ്ഞു വച്ച് അവര്‍ പുറത്തേയ്ക്ക് ഇറങ്ങി. ആശങ്കയുടെ നെഞ്ചിടിപ്പുകള്‍ക്ക് മേല്‍ ഓര്മ്മ വന്ന അക്ഷരങ്ങള്‍ ഉത്തരങ്ങളായി എഴുതി വച്ചു.

പരീക്ഷ എഴുതിയ ഓരോ കുട്ടിയും അതുകൊണ്ടു തന്നെ കരിക്കുലങ്ങള്‍ അച്ച് നിരത്തിയ പരീക്ഷകളല്ല എഴുതിയതും ജയിച്ചതും. അവര്‍ ജയിച്ചത് കാലത്തിന്‍റെ വെല്ലുവിളികളെയാണ്. തങ്ങള്‍ പഠന ലോകത്തിന് പുറത്തു നിന്നു പോകുമോ എന്ന ആശങ്കകളെ ജയിച്ചവരാണ് അവര്‍. സര്‍ട്ടിഫിക്കറ്റുകളല്ല ജീവിതം തീരുമാനിക്കുന്നത് എന്ന ആവർത്തിച്ചു വിരസമാക്കിയ ശൈലിയെ അതിന്റെ അക്ഷരാര്‍ഥത്തിൽ ഈ പനിക്കാല പരീക്ഷകള്‍ നേരിട്ട കുഞ്ഞുങ്ങളോട് ആണോ പറയേണ്ടത്, അതോ മറിച്ച് അവര്‍ അത് അവരുടെ മുതിര്‍ന്നവരോടു ആണോ പറയേണ്ടത് എന്നു മാത്രമാണു ഇപ്പോള്‍ അവശേഷിക്കുന്ന സന്ദേഹം.

പരീക്ഷണങ്ങളെ എങ്ങിനെ നേരിട്ടു എന്നതാണു വിജയത്തിന്‍റെ മാനദണ്ഡം എങ്കില്‍ ഇക്കൊല്ലത്തെ പഠനത്തെ പരീക്ഷകള്‍ കൊണ്ട് അടയാളപ്പെടുത്തിയ ഓരോ കുട്ടിയും കാലത്തെ ജയിച്ചവരാണ്. ഇനിയൊരു പരീക്ഷയിലും തളരാത്ത കരുത്ത് അവർ ആര്‍ജിച്ചിരിക്കുന്നു. അവര്‍ ഇനി ലോകത്തിന് എക്കാലത്തെയും ഉദാഹരണങ്ങളായി പുഞ്ചിരിച്ചു നിൽക്കും. അച്ചടിച്ചു വരുന്ന കടലാസ്സിലെ പല അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്ന ഗ്രേഡുകള്‍ പോലും അവരുടെ മുൻപിൽ തലകുനിക്കും.

പത്താം തരം പരീക്ഷയെ നേരിട്ട ഓരോ കുഞ്ഞുങ്ങൾക്കും സ്‌നേഹം ചാലിച്ച ആശംസകള്‍.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account