സംസ്ഥാനത്ത് വീണ്ടും കൊവിഡ് – 19 സ്ഥിരീകരിച്ചു. ഇതുവരെ 14 പേരിലാണ് പോസിറ്റീവ് ആയിട്ടുള്ളത്. വിവിധ ജില്ലകളിലായി ആയിരത്തി അഞ്ഞൂറോളം പേർ വീടുകളിലും ആശുപത്രികളിലുമായി നീരീക്ഷണത്തിലുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്നുപേരിൽ രോഗം സ്ഥിരീകരിച്ചുവെങ്കിലും കൃത്യമായ ചികിത്‌സ തേടിയതു മൂലം രോഗവിമുക്‌തരാവുകയും, കൃത്യമായ നടപടികൾ മൂലം രോഗം പടരാതിരിക്കുകയും ചെയ്‌തു.

പക്ഷേ, കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേർ വിദേശത്തു നിന്നു വന്നവരാന്നെന്ന് അറിയിക്കാതെ പലയിടങ്ങളിലും യാത്ര ചെയ്‌തതിനെ തുടർന്ന് രോഗം പടരുകയും കൊവിഡ് – 19 കേരളത്തിൽ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്‌തിരിക്കുകയാണ്.

വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നേരിട്ടും, രോഗിയുടെ സമീപത്തെ വസ്‌തുക്കളിൽ വീണ സ്രവങ്ങളിൽ സ്‌പർശിക്കുന്നതിൽ നിന്നും രോഗം പകരും.

കൈകളിലെ വൈറസ് ഇല്ലാതാക്കാൻ ഉള്ളം കൈയ്യിലും പുറം കൈയ്യിലും വിരലുകൾക്കിടയിലും 20 സെക്കന്റ് നേരം സോപ്പുപയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. വൃത്തിയാക്കാത്ത കൈകൾ ഉപയോഗിച്ച് മുഖത്ത് സ്‌പർശിക്കാതിരിക്കുകയും വേണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചിച്ച് വായും മൂക്കും മറയ്ക്കുക, ഷെയ്ക്ക് ഹാൻഡ്, ആലിംഗനം എന്നിവയും ഒഴിവാക്കുക, ആവശ്യമില്ലാതെ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗബാധിത പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാതിരിക്കുക, സ്വയം ചികിത്‌സ നടത്താതെയിരിക്കുക, എന്നിവയു പാലിയ്‌ക്കേണ്ടതുണ്ട്.

കൊവിഡ് – 19ന് പ്രതിരോധ മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.

വയോജനങ്ങളിലും, ഹൃദ്രോഗം, കാൻസർ, പ്രമേഹം, ഉയർന്ന രക്‌തസമ്മർദ്ദം അനുഭവിക്കുന്നവരിലും കൊവിഡ് – 19 ഗുരുതരമായേക്കാനിടയുണ്ട്.

അയൽപക്കക്കാരോ, പരിചയത്തിലുള്ള ആരെങ്കിലുമോ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടും സഹായം തേടാത്തത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ വകുപ്പിന്റെ 1056 ദിശ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കുക. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണത്.

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട് നൂറിലേറെ രാജ്യങ്ങളിൽ കൊവിഡ് – 19 വ്യാപിക്കുകയും മരണം നാലായിരത്തിനു മേലെ  എത്തിക്കഴിയുകയും ചെയ്‌തിരിക്കുന്നു. ഈ സമയത്ത് നാം അതീവ ജാഗരൂകരായിരിക്കണം.

സംസ്ഥാന സർക്കാർ കൊവിഡ് – 19നെതിരെ ഏർപ്പെടുത്തിയ മുൻകരുതലിന്റെ ഭാഗമായാണ് ആഘോഷങ്ങളും ഉത്‌സവങ്ങളും കലാപരിപാടികളും സിനിമ തുടങ്ങിയവയും ഒഴിവാക്കാനാവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാറിന്റെ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. അംഗനവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്കു വരെ ഇതു ബാധകമാണെങ്കിലും 8, 9, 10, +2 ക്ലാസ്സുകളുടെ പരീക്ഷകൾക്കു മാറ്റമില്ല. 7-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാക്കി പരീക്ഷകൾ നടത്തേണ്ടതില്ല എന്നും തീരുമാനിച്ചിട്ടുണ്ട്. CBSE, ICSE എന്നിവയ്ക്കും ഇതു ബാധകമാണ്. സ്‌പെഷ്യൽ ക്ലാസ്സുകൾ, ട്യൂഷൻ ക്ലാസ്സുകൾ, മദ്രസ എന്നിവിടങ്ങളും പ്രവർത്തനം നിർത്തിവയ്ക്കണം.

എന്നാൽ,ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുന്നില്ല. കാരണം അവരും അത്യാവശ്യ ഘട്ടത്തിൽ ഇറങ്ങേണ്ടിവരുന്നവരാണ്.

അംഗനവാടികളിലെ കുഞ്ഞുങ്ങൾക്ക് ആഹാരം വീടുകളിൽ എത്തിക്കും. അതേ പോലെ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യമെങ്കിൽ ആഹാരം വീട്ടിലെത്തിക്കും.

ആരോഗ്യ പ്രവർത്തകരും സുരക്ഷാ നടപടികൾ കൈക്കൊള്ളണം.

വിദേശത്തു നിന്നുമെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെ ഹെൽത്ത് കൗണ്ടറിൽ പരിശോധനയ്ക്ക് വിധേയരായിരിക്കണം. കൊവിഡ് – 19 ഗ്ലോബൽ എമർജൻസിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞ ഈ സന്ദർഭത്തിൽ, രോഗം ചെറുക്കാനും, പടരാതിരിക്കാനും പാലിക്കേണ്ട നിർദ്ദേശങ്ങളിൽ മനപൂർവ്വമായി വീഴ്ച്ച  വരുത്തിയാൽ ശക്‌തമായ നിയമനടപടികൾ എടുക്കുന്നതായിരിക്കും.

അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തലാക്കി, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

അശ്രദ്ധ എന്നു പറയുന്നതു വലിയൊരു വൈറസ് ആണ്. ആ വൈറസ് ബാധിച്ചു കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയുമില്ല. അതുകൊണ്ട് അശ്രദ്ധയ്ക്ക് പിടികൊടുക്കാതെ കൊവിഡ് – 19നെതിരെയുള്ള മുൻകരുതലുകൾ പാലിക്കുക.

പ്രളയവും നിപ്പയും അതിജീവിച്ച പോലെ കൊറോണയും നാം അതിജീവിക്കും.

ആശങ്ക വേണ്ട, ജാഗ്രത മതി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account