ആദ്യ തവണ ‘ജ്വലന’ത്തിനായി കൊവിഡ് 19 കുറിപ്പ് തയ്യാറാക്കുമ്പോൾ എന്റെ മനസ്സിൽ ആശങ്കയുണ്ടായിരുന്നില്ല, ജാഗ്രത മാത്രം.

പിന്നീട് കടുത്ത കരുതലുണ്ടായെങ്കിലും ആശങ്കയുണ്ടായില്ല. പക്ഷേ ഇതെഴുതുമ്പോൾ ജാഗ്രതയ്‌ക്കൊപ്പം കടുത്ത ആശങ്കയിലാണ്. ദിനങ്ങൾ കൊഴിയുന്തോറും രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ സംഖ്യയും വർദ്ധിക്കുകയാണ്.

ലോകത്ത് കൊവിഡ് മൂലം മരണം 18,000 കടന്നു.ഇന്ത്യയിൽ മരണം  പതിനൊന്നിലേക്കെത്തുകയും, രോഗികൾ 500  നു മുകളിൽ ആയിരിക്കുകയും ചെയ്‌തിരിക്കുകയാണ്. കേരളത്തിലാവട്ടെ, 108 രോഗികളും. അതിലൊരാൾ ആരോഗ്യ പ്രവർത്തകയാണ്.

സാമൂഹ്യ അകലം മാത്രമാണ് പരിഹാരം. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിക്കരുത്.

24ാം തീയതി രാത്രി 8 മണിക്ക് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌, 21 ദിവസത്തേയ്ക്കു രാജ്യം സമ്പൂർണ്ണമായി അടച്ചതായി പ്രഖ്യാപിച്ചു. ഒപ്പം,15000 കോടി കൊവിഡ് ചികിത്സയ്ക്കായി പ്രഖ്യാപിയ്ക്കുകയും ചെയ്‌തു.

പൗരന്മാർ വീടിനു മുൻവശം ലക്ഷ്‌മണ രേഖയായി കരുതി, അത് കടന്നു യാത്രകൾ പാടില്ല എന്ന് പ്രധാനമന്ത്രി അറിയിച്ചു.

രാഷ്‌ട്രീയ വിനോദ കായിക പരിപാടികൾ പാടില്ല. എന്നാൽ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കും. പെട്രോൾ പമ്പ്, ഗ്യാസ് എന്നിവ മുടങ്ങില്ല. ബാങ്കുകൾ, എ ടി എം എന്നിവ തുറന്നു പ്രവർത്തിക്കും.

അവശ്യസർവ്വീസ് ഒഴികെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. ഓരോ പൗരനും വേണ്ടിയാണ് ആ നിർദ്ദേശങ്ങൾ എന്നു തിരിച്ചറിയുക.

23-ാം തീയതി സായാഹ്നത്തിൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചു. എന്നിട്ടും, ഇന്നലെ 24-ാം തീയതി റോഡുകളിൽ പലയിടത്തും ആളുകൾ സ്വന്തം വാഹനങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ബന്ധുഗൃഹ സന്ദർശനങ്ങളും സൗഹൃദ സന്ദർശനങ്ങളും നടത്തുകയായിരുന്നു പലരും. അവശ്യവസ്‌തുക്കളുടെ കടകൾ ഒഴിച്ച് മറ്റെല്ലാം അടച്ചിരിക്കണമെന്നറിയിച്ചിട്ടും ബേക്കറി, പെയിന്റ്, സ്വർണ്ണം,തുണി തുടങ്ങിയ കടകൾ തുറന്നു വച്ചിരിന്നവരുമുണ്ട്.

എന്തിനു വേണ്ടിയാണീ നിർദ്ദേശങ്ങൾ? ആർക്കുവേണ്ടിയാണവ? എന്തുകൊണ്ടാണവയുടെ പ്രാധാന്യം ചിലർക്ക് മനസ്സിലാകാത്തത്?

സാമൂഹ്യ അകലത്തെക്കുറിച്ച് എത്ര തവണ പറഞ്ഞു കഴിഞ്ഞു! എന്നിട്ടും ചിലർ നിരുത്തരവാദിത്തപരമായി പെരുമാറിയതു കൊണ്ടു മാത്രം സംഭവിച്ചതാണ് ചില കേസുകൾ.

രാജ്യം ലോക്ക് ഡൗൺ ആയിട്ടും ജനങ്ങൾക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നവരാണ് ഡോക്റ്റർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ. അവരുടെ ജീവനും വിലപ്പെട്ടതാണ്. അവർക്കുമുണ്ട് കുടുംബം. എന്നിട്ടും ജനനന്മയ്ക്കായി പ്രവർത്തിക്കുന്ന അവരെ, സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി നടക്കുന്നവർ ഒന്നോർമ്മിക്കുക.

ഇന്നത്തെ ഈ അവസ്ഥയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തികച്ചും അനുയോജ്യമാണ്. ഈ ഇരുപത്തി ഒന്ന് ദിവസങ്ങൾ പൂർണ്ണമായും അനുസരിക്കേണ്ടതുണ്ട്.

പക്ഷേ,അന്നന്ന് ജോലി ചെയ്‌ത്‌ കൂലി പറ്റുന്നവർക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

ഈ ദിവസങ്ങളിൽ തൊഴിൽ ചെയ്യാനാവാത്തവർക്കു വേണ്ടി കേന്ദ്രം  അതിവേഗം പദ്ധതി തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിൽ ആഹാരത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന കുടുംബങ്ങൾക്ക് അതിനാവശ്യമായവ ഉൾപ്പെട്ട കിറ്റ് നൽകുകയും അതല്ല പാചകം ചെയ്യാൻ ആരുമില്ലാത്തതുമായ കുടുംബമാണെങ്കിൽ പാചകം ചെയ്‌ത ആഹാരമെത്തിക്കാനുള്ള ഏർപ്പാടുകൾ കേരള സർക്കാർ ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിലെ ഓരോ കുടുംബവും അടുത്തുള്ള കുടുംബങ്ങളിൽ വിശക്കുന്നവരുണ്ടോ എന്നു കൂടി അന്വേഷിക്കുക.

നമ്മുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. അതുകൊണ്ട് സേഫ് ആയി ഇരിക്കുക, സേഫ് ആയി ഇരിക്കാൻ അനുവദിക്കുക.

സർക്കാരും ആരോഗ്യ വകുപ്പും രോഗം തുരത്താനായി ചെയ്യേണ്ടത് എല്ലാം ചെയ്യുന്നുണ്ട്. ആ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് നമ്മുടെ ചുമതല.

ഈ മഹാമാരിയെ തുരത്താൻ കരുതലോടെ  പോരാടാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account