എങ്ങോട്ടും പോകാനില്ല, ഒന്നും കാര്യമായി ചെയ്യാനില്ല, ആരും വരാനുമില്ല. പിന്നെ വീട്ടിലിരുന്ന് സിനിമ കാണുകയല്ലാതെ എന്തുചെയ്യും?

അങ്ങനെയാണ് ആയുഷ്‌മാൻ ഖുറാന അഭിനയിച്ച ‘ബാല’ എന്ന സിനിമ കണ്ടത്. ബാൽ  എന്നാൽ മുടി എന്നാണ് ഹിന്ദിയിൽ അർത്ഥം. സിനിമയിൽ ആയുഷ്‌മാൻ ഖുറാന അവതരിപ്പിക്കുന്നത് ബാല എന്ന് വിളിപ്പേരുള്ള കഷണ്ടിത്തലയനായ ‘ബാൽ മുകുന്ദ്’ നെയാണ്.

ബാല എന്ന വിളിപ്പേര്  ബാൽമുകുന്ദിനെ  സംബന്ധിച്ച് കടുത്ത  പരിഹാസമായിരുന്നു. മുടിയില്ല എന്ന കാരണം കൊണ്ട് തന്നെ അയാളെ വിവാഹം കഴിക്കാക്കാൻ പോലും ആരും മുതിർന്നില്ല. മുടിയില്ലായ്‌മയുടെ അപകർഷതാ ബോധം കൊണ്ട് തലയിലുള്ള  പത്തിരുപത് നാരുകളെ വിഗ്ഗ് വെച്ച് മറയ്ക്കാൻ ശ്രമിക്കുന്നു ബാൽ മുകുന്ദ്. വിഗ്ഗ് വെച്ചതോടെ അയാൾക്ക് ആത്‌മവിശ്വാസമുണ്ടാവുന്നു.

ഭൂമി പട്‌നേക്കർ അവതരിപ്പിച്ച ലതിക എന്ന കഥാപാത്രമാണ് ഈ സിനിമയിൽ ഏറ്റവും ശ്രദ്ധേയം. അവരുടെ നിറം കറുപ്പാണ്. സ്‌കൂൾ കാലം മുതൽ ലതികയും ബാൽ മുകുന്ദും പരസ്‌പര ശത്രുക്കളായിരുന്നു. ലതികയുടെ നിറം കാരണം  ബാല അവളെ പരിഹസിക്കുന്നു, അവഗണിക്കുന്നു. ബാലയുടെ തലമുടിയുടെ സമൃദ്ധിയും ഭംഗിയും അവനെ സ്‌കൂളിലെ സൂപ്പർ ഹീറോ ആക്കിയിരുന്നു. എന്നാൽ ഭാവി അയാൾക്ക് കരുതി വെച്ചതാകട്ടെ ഒരു ജോക്കറിൻ്റെ പരിവേഷവും.

ലതിക നിറമില്ലാത്തതിൻ്റെ പേരിൽ പലപ്പോഴും  അംഗീകരിക്കപ്പെടുന്നില്ലെങ്കിലും അവളുടെ വ്യക്‌തിത്വം തിളക്കമാർന്നതാണ്. തന്നെക്കുറിച്ചുള്ള പരിഹാസങ്ങൾ ലതികയെ അലട്ടുന്നില്ല. അഭിഭാഷക കൂടിയായ അവൾ തികഞ്ഞ ആത്‌മബോധമുള്ളവളാണ്. നിറത്തിൻ്റെ പേരിൽ അവൾക്ക് അപകർഷതയില്ല. ബാഹ്യസൗന്ദര്യമല്ല, മനസ്സാണ് ഏറ്റവും മനോഹരമെന്ന് വാദിക്കുന്ന ഒരാൾ കൂടിയാണ് ലതിക.

ബാൽ മുകുന്ദിൻ്റെ  സൗന്ദര്യം,  അഭിനയമികവ്, സ്‌മാർട്‌നെസ് ഇവ കാരണം അയാളെ സ്‌നേഹിക്കുന്ന പെൺകുട്ടിയാണ് പിയ. അയാളെ പിയ വളരെയധികം ഇഷ്‌ടപ്പെടുന്നു. അയാൾ വിഗ്ഗുവെച്ചിട്ടാണ് അവളോടിടപഴകിയത്. തനിക്ക് കഷണ്ടിയുണ്ടെന്ന കാര്യം വിവാഹത്തിനു മുൻപ് അവളെ അറിയിക്കാനുള്ള ശ്രമം പാഴായിപ്പോകുകയും ചെയ്‍തു.

വിവാഹ പിറ്റേന്ന്  ബാൽ മുകുന്ദിന് മുടിയില്ല എന്നറിയുന്ന പിയ അയാളെ ഉപേക്ഷിക്കുകയാണ്. സൗന്ദര്യത്തിൽ മാത്രമാണ് പിയ സ്‌നേഹം കണ്ടെത്തുന്നത്. ഇന്നത്തെ സൗന്ദര്യ സംസ്‌കാരവും അതിൻ്റെ പ്രദർശനങ്ങളിലും മാത്രം വിശ്വസിച്ച് സാമൂഹിക-മാനുഷിക മൂല്യങ്ങളെ മറന്നു പോകുന്ന മനുഷ്യരുടെ പ്രതിനിധിയാണ് പിയ. സ്വന്തം രൂപം മറച്ചുവെച്ച് അവളെ വഞ്ചിച്ച ബാൽ മുകുന്ദും ഇക്കാര്യത്തിൽ കുറ്റവാളിയാണ്.

ഓരോ മനുഷ്യൻ്റെയും സൗന്ദര്യം ആരെങ്കിലും വിലയിരുത്തുന്നതല്ല. ബാഹ്യമായ സൗന്ദര്യമാനദണ്ഡങ്ങളുമല്ല പ്രധാനം. മനസിൻ്റെ വലുപ്പ ചെറുപ്പങ്ങളാണ് മനുഷ്യൻ്റെ സൗന്ദര്യത്തിനടിസ്ഥാനം. അതിൻ്റെ ഓർമ്മപ്പെടുത്തലാണ് ‘ബാല.’

അമർ കൗശിക്കാണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ. മലയാള ചലച്ചിത്രമായ തമാശയെ ഈ സിനിമ ഓർമ്മപ്പെടുത്തുന്നുണ്ട്. .  അപകർഷതാബോധങ്ങളിൽ നിന്നുള്ള അതിജീവനങ്ങൾ തന്നെയാണ് ഈ രണ്ട് സിനിമയുടെയും പ്രമേയം. മുടി കുറവായ ശ്രീനിവാസനും തടി കൂടിയ ചിന്നുവുമാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. ബോഡി ഷെയിമിങ്ങായിരുന്നു സിനിമയുടെ പ്രമേയം.

സ്വന്തം വ്യക്‌തിത്വത്തെ തിരിച്ചറിഞ്ഞാണ് നമ്മൾ ജീവിക്കേണ്ടത്. ഇപ്പോൾ വീട്ടിലിരിക്കുന്നതു കൊണ്ട് പലരും കണ്ണാടിയുടെ മുന്നിൽ ഏറെ നേരം ചെലവഴിക്കുന്നുണ്ടാവും. നമ്മുടെ വൈരൂപ്യങ്ങളല്ല, കണ്ണാടിയിൽ നമ്മൾ കണ്ടെത്തേണ്ടത്. പകരം നമ്മുടെ കഴിവുകളാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account