കോവിഡ്-19ൻ്റെ സാമൂഹിക വ്യാപനം കാരണം നിയന്ത്രണങ്ങൾ ഒരുപാട് കർശനമാക്കിയിരിക്കുകയാണല്ലോ! വീട്ടിനടുത്തുള്ള മെയിൻ റോഡിലേക്ക് ഇറങ്ങിയിട്ട് ഒരു മാസത്തോളമായി. കോവിഡിനെ ചെറുക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുകയാണ്. എന്നാലും ഇരുപത്തിനാല് മണിക്കൂറും വീട്ടിനുള്ളിൽ തന്നെ ഇരുന്ന് ശരിക്കും മടുത്തു. ഇതിൻ്റെ ബോറടികൾ മാറ്റാനാണ് ചില സിനിമകൾ തിരഞ്ഞ് കാണാൻ തുടങ്ങിയത്.

മുൻപ് ആയുഷ്‌മാൻ ഖുറാന അഭിനയിച്ച ‘ബാല’ സിനിമയെക്കുറിച്ച് എഴുതിയിരുന്നല്ലോ? അതിനു ശേഷവും ഞാനൊരുപാട് ഖുറാന സിനിമകൾ കണ്ടു. വിക്കി ഡോണർ, ബദായ് ഹോ, ബരേലി കി ബർഫി, ആർട്ടിക്കിൾ 15, അന്ധാദൂൻ, അങ്ങനെ ഒരുപാട് സിനിമകൾ . ആദ്യമായിട്ടാണ് ഒരു നടൻ്റെ തന്നെ സിനിമകൾ അടുപ്പിച്ച് കാണുന്നത്. ജാതി-മത വിവേചനത്തിനെതിരെ ശക്‌തമായ് തുറന്നടിക്കുന്ന ആർട്ടിക്കിൾ-15  ആണ് എനിക്കേറ്റവും ഇഷ്‌ടപ്പെട്ടത്. ആർട്ടിക്കിൾ 15ൻ്റെ സംരക്ഷണവും ഉറപ്പുവരുത്തലും ജാതിയുടെയും മതത്തിൻ്റെയും രാഷ്‌ട്രീയങ്ങൾക്കുള്ളിൽ നിന്ന് വിഘടനവാദവും വിവേചന നയവും അതിൻ്റെ അടിച്ചേൽപ്പിക്കലുകളുമൊക്കെ സമകാലീന ഇന്ത്യയിലെ വലിയ വിഷയമാണ്. ഇതിനെതിരെ ഒറ്റക്കെട്ടായ് പോരാടേണ്ടതിൻ്റെ ആവശ്യകത വിളിച്ചോതുന്നു ആർട്ടിക്കിൾ 15.

ആയുഷ്‌മാൻ ഖുറാന സിനിമകളുടെ ക്വോട്ട കഴിഞ്ഞപ്പോൾ അമ്മയാണ് തമിഴ് സിനിമയായ കെ.ഡി. യെക്കുറിച്ച് പറഞ്ഞത്. പണ്ട് ആലാഹയുടെ പെണ്മക്കൾ എന്ന നോവലിലാണ് കെ.ഡി.എന്ന പദം ആദ്യം കേട്ടത്. സാറാ ജോസഫും കോക്കാഞ്ചിറ ഗ്രാമവും മനസിലൂടെ എക്‌സ്‌പ്രസ്സിൻ്റെ ഇരമ്പൽ വേഗത്തോടെ കുതിച്ചു. പുസ്‌തകത്തിൽ കോക്കാഞ്ചിറ ഗ്രാമത്തിലെ കൊള്ളപ്പലിശയുടെ നികുതി പിരിവുകാരും സർവ്വോപരി തെമ്മാടികളുമായാണ് കേ.ഡി. സംഘക്കാരെ വിവരിക്കുന്നത്. പിന്നെ തലച്ചോറിൽ  മിന്നിമറഞ്ഞത് കണ്ടിട്ടുള്ള അധോലോക സിനിമകളായ  സാമ്രാജ്യത്തിലെ അലക്‌സാണ്ടറും പ്രജയിലെ സക്കീർ അലി ഹുസൈനുമൊക്കെയായിരുന്നു. ഗൂഗിളിൽ ഒന്ന് വിരലോടിച്ചപ്പോഴാണ് കറുപ്പ് ദുരൈ എന്ന വൃദ്ധൻ്റെ ഷോർട്ട്  നെയിമാണ് കേ.ഡി. എന്നറിഞ്ഞത്.

മധുമിത സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ കറുപ്പ് ദുരൈ എന്ന വൃദ്ധനെ അവതരിപ്പിക്കുന്നത് മൂ. രാമസ്വാമിയാണ്. തമിഴ്‌നാട്ടിലെ ഒരു ദരിദ്രകുടുംബത്തിലെ മൂത്തയാളാണ് കറുപ്പ് ദുരൈ. സ്വന്തം മക്കളെ കഷ്‌ടപ്പെട്ട് വളർത്തിയ അയാളെ മക്കൾ തിരിച്ചറിയുന്നില്ല. ഒരായുസ്സ് മുഴുവൻ അയാൾ സഹിച്ചും ക്ഷമിച്ചും ജീവിച്ചു.

കോമയിൽ കിടക്കുന്ന കറുപ്പിൻ്റെ സ്വത്ത് എല്ലാം കൈമുദ്ര പതിപ്പിച്ച് എഴുതി വാങ്ങാനാണ് മക്കളും മരുമക്കളും ആഗ്രഹിക്കുന്നത്. വൃദ്ധരെ കൊന്ന് കളയുന്ന പ്രാകൃതമായ രീതി തമിഴ്‌നാട്ടിലുണ്ടെന്ന് പണ്ടെപ്പഴോ പറഞ്ഞ് കേട്ടിട്ടുണ്ട്. ശരീരത്തിലാകെ എള്ളെണ്ണ തേച്ചു പിടിപ്പിച്ച് ഒരുപാട് ഇളനീര് കുടിപ്പിച്ച് അവരെ പൊരിവെയിലത്ത് ഇരുത്തും. വൃക്ക മുതലായ ആന്തരികാവയവങ്ങൾ അപ്പോൾ തകരാറിലാകുകയും പൊടുന്നനെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇന്നും തമിഴ്‌നാട്ടിൽ പലയിടങ്ങളിലും നിലനിൽക്കുന്ന ക്രൂരമായൊരു ആചാരമാണിത്. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് മേൽ നിയമം ശക്‌തമായ് തട ഇടേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുകയാണ്.

പെട്ടെന്നൊരു ദിവസം കറുപ്പ് ദുരൈക്ക് ചലനശേഷി തിരികെ കിട്ടുന്നു. കുടുംബക്കാർ തയാറാക്കി വെച്ചിരിക്കുന്ന മരണക്കെണി തിരിച്ചറിഞ്ഞ കറുപ്പ് ആവശ്യ സാധനങ്ങൾ കൈയിൽ കരുതി വീടുവിട്ട് ഇറങ്ങുന്നു. അവിടം തൊട്ട് കറുപ്പ് ദുരൈ നടത്തുന്ന യാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം.

യാത്രക്കിടെ കുട്ടി എന്ന് പേരുള്ള അനാഥാനായ ഒരു ബാലനെ കറുപ്പ് ദുരൈ കാണുന്നു. അവിടെ നിന്ന് സിനിമ അവർക്കിടയിലെ ആത്‌മബന്ധത്തിലേക്ക് ഊളിയിടുകയാണ്. കോമയിൽ ഒരുപാട് കാലം കിടന്ന വൃദ്ധൻ അവനിലൂടെ ലോകത്തെ അറിയുന്നു. കുട്ടിയാണ് കറുപ്പ് ദുരൈയുടെ പേര് ഫ്രീക്ക് സ്റ്റൈലിൽ കെ.ഡി.എന്നാക്കുന്നത്. കെ.ഡി. തൻ്റെ ആഗ്രഹങ്ങൾ അവനോട് പറയുന്നു. അത് നിവർത്തിച്ച് കൊടുക്കുകയാണ് കുട്ടി.

ഇഷ്‌ടംപോലെ ബിരിയാണി കഴിക്കുക, ബൈക്കോടിക്കുക, സിനിമയിൽ അഭിനയിക്കുക, പഴയ സുഹൃത്തും സഹപാഠിയുമായിരുന്ന വല്ലിയെകാണുക മുതലയാവയാണ് എൺപതുകാരനായ കെ.ഡി.യുടെ ആഗ്രഹങ്ങൾ. ഇതെല്ലാം വളരെ രസകരമായ് തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

കറുപ്പ് ദുരൈയെ അന്വേഷിച്ച് ചെല്ലുന്ന അന്വേഷകനായാണ് യോഗ്ജാപ്പീ എത്തുന്നത്. ഹിറ്റ്ലറിൻ്റെ ബുദ്ധിപരമായ അന്വേഷണവും കണ്ടെത്തലുകളുമെല്ലാം കാഴ്ച്ചക്കാരെയും ത്രില്ലടിപ്പിക്കുന്നതാണ്.

മു. രാമസ്വാമി അവതരിപ്പിച്ച കെ.ഡി.യും ബാലതാരമായ നാഗവിശാലിൻ്റെ കുട്ടിയും മനസിൽ നിന്നും മായില്ല. സ്വന്തം മക്കളിൽ നിന്നും ലഭിക്കുന്ന അവഗണനക്കപ്പുറം അയാൾക്ക്  സുഹൃത്ത് എന്ന നിലയിലുള്ളപരിഗണനയും സ്‌നേഹവും കുട്ടിയിൽ നിന്നും ലഭിക്കുന്നു. കെ.ഡി.യും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധം കാണിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. അനാഥനായ കുട്ടിക്കും ഒരാശ്രയം/സന്തോഷമാകുന്നു കെ.ഡി.

കെ.ഡി. സിനിമക്ക് മികച്ച ഒരു ക്ളൈമാക്‌സുണ്ട്. സിനിമ കണ്ട് കഴിഞ്ഞാൽ ശരിക്കും ഒരു സംതൃപ്‌ത ഫീലിങ്ങാണുണ്ടാകുക. സൂപ്പർസ്റ്റാർ ഫിലിമുകളാണ് പലപ്പോഴും തമിഴിൽ കാണാറുള്ളത്. ഈ സിനിമയിൽ ഒരു വൃദ്ധനാണ് ഹീറോ. കെ.ഡി.യായ് അയാൾ കുട്ടിയോടൊപ്പം നടത്തുന്ന യാത്രകളാണ് യതാർത്ഥത്തിൽ അയാളുടെ ഹീറോയിസം.

തീർച്ചയായും കാണേണ്ട ചിത്രം തന്നെയാണ് കെ.ഡി. ഇത്തരമൊരു കഥപറച്ചിൽ മുൻപെങ്ങും കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ശരിക്കും സൂപ്പർ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account