Lock down ദിവസങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. വല്ലാത്ത ബോറടിയാണ്.  കോവിഡ്-19ൻ്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ കാലത്ത് ചില  അവശ്യസർവ്വീസുകൾ മാത്രം ലഭ്യമാക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നല്ലോ? പത്രങ്ങൾ അവശ്യ സർവീസിലുൾപ്പെട്ടവയാണ്.

പത്രങ്ങളിലൂടെ കോവിഡ് പകരും എന്നൊരു കിംവദന്തിയുമുണ്ടായിരുന്നു. പല ആളുകളും പത്രംവാങ്ങൽ തന്നെ നിർത്തിക്കളഞ്ഞു. പക്ഷേ പൂർണമായും അണുവിമുക്‌തമാക്കി കരസ്‌പർശമേൽക്കാതെയാണ് പത്രങ്ങൾ അച്ചടിക്കുന്നതും പായ്ക്കു ചെയ്യുന്നതും വിതരണം ചെയ്യുന്നതും. തികച്ചും സുരക്ഷിതമായാണ് പത്രം നമ്മുടെ വീട്ടിലെത്തുന്നത്. വസ്‌തുതകളെ കൃത്യമായ്‌ ഗ്രഹിക്കാൻ പത്രം മാത്രമാണ് ഇന്നുള്ള പോംവഴി. ഒരുപാടു ഊഹങ്ങളും വ്യാജ പരാതികളും പ്രചരിക്കുന്ന ഈ ദിവസങ്ങളിൽ പത്രങ്ങളില്ലെങ്കിൽ എന്തായേനെ അവസ്ഥ!

പത്രങ്ങൾക്ക് ഇപ്പോൾ പരസ്യങ്ങളില്ല. സാധാരണ ഉത്‌സവകാലങ്ങളിൽ വാർത്തകളേക്കാളേറെ പത്രങ്ങളെ അലങ്കരിച്ചിരുന്നത് മൂന്ന് നാല് പേജ് പരസ്യങ്ങളായിരുന്നു. ഇപ്പോൾ പത്രങ്ങൾക്ക് താരതമ്യേന പേജുകൾ കുറവാണ്. ക്ലാസിഫൈഡ് പേജുകളൊന്നും തന്നെ കാണാനുമില്ല.

പത്രമാധ്യമങ്ങൾ ഇന്ന് സത്യസന്ധ്യമായ വാർത്താവിതരണ ഉപാധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കാലത്തെ പത്രവിതരണത്തെക്കുറിച്ച് ടി വി യിൽ കണ്ടിരുന്നു. എല്ലാ മാധ്യമങ്ങളും മറ്റെല്ലാം മാറ്റിവെച്ച് ഇപ്പോൾ സുതാര്യമായ വാർത്തകൾക്കാണ് പ്രാധാന്യം നൽകുന്നത്. മതമോ രാഷ്‌ട്രീയമോ അല്ല പത്രങ്ങളുടെ ഇപ്പോഴത്തെ തലക്കെട്ടുകൾ. പല മാധ്യമങ്ങളും അതിൻ്റെ പാപ്പരാസി സംസ്‌കാരത്തിൽ നിന്നും മാറി സാധാരണക്കാരൻ്റേതായതും ഇപ്പോഴാണ്.

ഓൺലൈൻ മാധ്യമങ്ങൾ നവമലയാളിയിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും അന്നുമിന്നും മലയാളി വിശ്വസിക്കുന്നത് പത്രങ്ങളെ മാത്രമാണ്. ലോകത്ത് പലയിടങ്ങളിലും വൻകിട മാധ്യമസ്ഥാപനങ്ങൾ പൂട്ടിപ്പോയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നും എല്ലാത്തരം മാധ്യമ സ്ഥാപനങ്ങളും ഇന്നും നിലനിൽക്കുന്നത് സൈബർ സാക്ഷരത കുറവായതു കൊണ്ടു മാത്രമല്ല, നഗരങ്ങളിലും ഗ്രാമങ്ങളിലും ഏറ്റവും കൂടുതൽ വിശ്വാസ്യതയും അംഗീകാരവും പത്രങ്ങൾക്ക് കിട്ടുന്നതുകൊണ്ടാണ്.

ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ ആദ്യത്തെ ജോലി പത്രം മറിച്ചു നോക്കുകയാണ്. മുൻപ് ഒന്ന് ഓടിച്ചു നോക്കി വിട്ടു കളയുകയായിരുന്നു പതിവ്. ആദ്യമൊക്കെ സിനിമാ പേജുകളായിരുന്നു പ്രിയം. പക്ഷേ ഇപ്പോഴത്തെ പത്രങ്ങളിൽ സിനിമാ വാർത്തകളൊന്നുമില്ല.

പക്ഷേ അതിലും രസകരമായി പത്രങ്ങളിൽ കോവിഡ് സംബന്ധിയായ മുൻകരുതലുകളെക്കുറിച്ചും അവധിക്കാലത്ത് വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വാർത്തകളുണ്ട്. യഥാർത്ഥത്തിൽ ഇപ്പോഴാണ് പത്രങ്ങൾ കൂടുതൽ ആസ്വാദ്യകരമായത്. ഈ ഇരുപത്തിയൊന്ന് ദിവസങ്ങൾ കേരളീയരുടെ പത്രവായനാരീതിയെ തീർച്ചയായും തകിടം മറിക്കും എന്ന് തീർച്ച.

കോവിഡ് കാലത്ത് നിരവധി വ്യാജ വാർത്തകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി കോവിഡ് സംബന്ധിയായ വ്യാജന്മാർ ലോകമാകെ ചുറ്റിക്കറങ്ങി നടക്കുകയാണ്. മലയാള മനോരമയിൽ VIREAL എന്ന പംക്‌തിയിലൂടെ  അത്തരം വ്യാജന്മാരുടെ ഉറവിടം  തേടുകയാണ് കെ.ടോണി ജോസ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന കേന്ദ്ര നിർദേശവുമുണ്ട്. അതുകൊണ്ട്  സെൻ്റ് ചെയ്യുന്നത് സത്യം തന്നെയാണെന്ന് ഉറപ്പു വരുത്തണം. ജയിലിലേക്ക് പോകാനുള്ള അപേക്ഷാഫോറമാകാം ചിലപ്പോൾ അത്. സത്യമായ വാർത്തകൾ മാത്രം  ഷെയർ ചെയ്യുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

വീട്ടിലിരിക്കുന്നവർക്ക് ആസ്വാദ്യമായ ഒരുപാടു വിഭവങ്ങൾ ഇപ്പോൾ പത്രങ്ങളിലുണ്ട്. വി.എച്ച്. നിഷാദ് മലയാളമനോരമയിൽ എഴുതുന്ന ട്ടുട്ടു ദ ജേണലിസ്റ്റ് എന്ന ഡിറ്റക്റ്റീവ്‌ നോവലിൻ്റെ കട്ട ഫാനാണ് ഞാൻ. ഓരോ ദിവസവും എന്തായി എന്നറിയാനുള്ള ആകാംക്ഷയോടെയാണ് പത്രം തുറക്കുന്നതു തന്നെ. വി.എച്ച്. നിഷാദിൻ്റെ ഫാനായിക്കഴിഞ്ഞു ഞാൻ. ഈ കോവിഡവധിക്കാലം രസകരവും വിജ്ഞാനപ്രദവുമാക്കുകയാണ് പത്രമാധ്യമങ്ങൾ.

കോവിഡിനെ മറിക്കടക്കാൻ നാമൊറ്റക്കെട്ടായ് നിൽക്കണം. നമുക്ക് വേണ്ടി രാവും പകലുമെന്നില്ലാതെ വിവരങ്ങളും വാർത്തകളുമറിയിക്കാൻ സുസജ്ജമായ് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കും അതിൻ്റെ പ്രവർത്തകർക്കും ഒരായിരം  അഭിവാദ്യങ്ങൾ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account