വീട്ടിലിരുന്ന് ദിവസങ്ങൾ കൊഴിഞ്ഞ് പോകുന്നത് ഒരു തരം തണുപ്പൻ മട്ടിലാണ്. പഴയതുപോലെ ടി.വി.യിലൊന്നും തന്നെ പുതുതായ്‌ ഒന്നും കാണാനില്ല. ഇടക്ക് വാർത്താ ചാനലുകളിലൂടെ വെറുതേ കണ്ണ് പായിക്കും. കോവിഡിനെക്കുറിച്ചുള്ള വാർത്തകളാണ് സകലതിലും. ദിനംതോറും രോഗികളുടെ എണ്ണം കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. ഈ ഒരവസ്ഥയിൽ നമ്മുടെ സുരക്ഷാ പാലകരായ് ധാരാളം പോലിസുകാർ പകലും രാത്രിയുമെന്നില്ലാതെ കഷ്‌ടപ്പെട്ട് ജോലി ചെയ്യുകയാണ്. അവരാണ് യഥാർത്ഥ സൂപ്പർ ഹീറോസ്.

പണ്ട് കമ്മീഷണറും, ഭാരത് ചന്ദ്രൻ ഐ.പി.എസും. ബാബാ കല്ല്യാണിയുമൊക്കെ കണ്ട് ത്രില്ലടിച്ച്, വലുതാകുമ്പോൾ പോലീസുകാരനാകാനായിരുന്നു ആഗ്രഹം. പിന്നെ എപ്പോഴോ അത് മനസിൽ നിന്നും വാണം വിട്ടതു പോലെ പോയി. സേവനത്തിനിടയിൽ ജീവൻ നഷ്‌ടപ്പെടുന്ന, ഓരോരോ മിഷനുകൾ വളരെ ബുദ്ധിപൂർവ്വവും കായികാധ്വാനത്തോടെയും ചെയ്‌ത്‌ സ്വന്തം ജീവൻ കൈയിൽ പിടിച്ച് നടക്കുന്ന ആ ഒരവസ്ഥ, ഭാരത് ചന്ദ്രനും നരേന്ദ്രനുമല്ല പോലിസ് എന്നെനിക്ക് ബോധ്യപ്പെടുത്തി തന്നു. ജനങ്ങളുടെ കാവലാളാണ് പോലീസുകാർ. അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും നമ്മൾ ബാധ്യസ്ഥരാണ്.

ഇതുവരെ ലോക്‌ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങിയ ആയിരത്തിലേറെ വാഹനങ്ങളുടെ ലൈസൻസാണ് കേരളത്തിൽ പോലിസ് റദ്ദ് ചെയ്‌തത്. പലരും ലോക്ക് ഡൌൺ കാഴ്ച്ചകൾ കാണാൻ നാട്ടിലിറങ്ങുന്നവരാണ്. ചെന്നൈയിലെ ട്രാഫിക് പോലിസുകാർക്ക് കൈകൂപ്പി നിൽക്കേണ്ടി വന്നു, തിരിച്ച് പോകാനാവശ്യപ്പെട്ട് യാത്രക്കാർക്ക് മുന്നിൽ. ആ ചിത്രം വൈറലായിരുന്നു.

കണ്ണൂരിലും സ്ഥിതിഗതികൾ ഗൗരവമാണ്. കോവിഡ് കാലത്ത് കണ്ണൂരിൽ ചുറ്റിക്കറങ്ങി നടന്ന ആളുകളെ ഏ.ഡി.ജി.പി.യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചതും വലിയ വാർത്തയായിരുന്നല്ലോ. ജനങ്ങളുടെ സുരക്ഷക്കാണ് പോലീസ് എന്നും മുൻഗണന നൽകുന്നത്. ഈ ഇരുപത്തൊന്ന് ദിവസങ്ങൾ രാഷ്‌ട്രീയവും മതവും മാറ്റി വെച്ച് അധികാരികളെ അനുസരിച്ച് കൊണ്ട് അച്ചടക്കത്തോടെ നമ്മുടെ വീടുകളിൽ നമ്മൾ ഒതുങ്ങി നിന്നേ പറ്റൂ.

ഓൺലൈനിലായാലും ഓഫ് ലൈനിലായാലും കേരള പോലീസ് എപ്പോഴും ലൈവാണ്. കൊറോണ കാലത്തെ കൈകഴുകൽ എങ്ങനെയായിരിക്കണം എന്നത് പ്രതിപാദിക്കുന്ന കലക്കാത്ത ഡാൻസ് വീഡിയോ വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ നേടിയത്. കേരള പോലിസിൻ്റെ ഓൺലൈൻ ഒഫിഷ്യൽ പേജുകളിൽ

പലതരം വിമർശനങ്ങളും ചോദ്യങ്ങളുമായ് എത്തുന്ന നമ്മുടെ ബ്രോസിന് കിണ്ണം കിടുക്കാച്ചി (സൂപ്പർ) കമൻ്റുകകളാണ് K.P യുടെ ഓൺലൈൻ ഡെസ്ക്കും നൽകുന്നത്. എല്ലാം നമുക്ക് വേണ്ടിയാണ് എന്ന് മലയാളി തിരിച്ചറിയണം. ഈ ഇരുപത്തൊന്ന് ദിവസങ്ങളെ നമ്മുടെ പോലീസുകാരെയും ആരോഗ്യ പ്രവർത്തകരെയും ഓർമിച്ച് കൊണ്ട് അവർക്കുള്ള നന്ദി സൂചകമായ് നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account