ഇന്നു തീരും നാളെ തീരും എന്നു കാത്തു കാത്തിരുന്ന ലോക്ക് ഡൗൺ മെയ് മൂന്നു വരെ നീട്ടിയിരിക്കുകയാണല്ലോ. വീട്ടിലിരുന്ന് മടുത്തു. ഇതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള മാഹിയിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതും വലിയ ആശങ്കയാണ് കണ്ണൂരും കോഴിക്കോടുമെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ഈ ടെൻഷനുകളിൽ നിന്നെല്ലാം വിമുക്തരാവാൻ ധാരാളം കാര്യങ്ങൾ വീട്ടിലിരുന്ന് നമുക്ക് ചെയ്യാം.
അങ്ങനെയാണ് ഓൺലൈനിൽ ചക്കക്കുരു ഷേക്കിനെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടത്. ചക്കക്കുരു എന്നത് എനിക്ക് ഇത്രയും കാലം രുചികരമായ ചക്കപ്പഴം കഴിക്കുന്നതിനിടയിൽ എടുത്തുകളയാനുള്ള ഒരു തടസ്സക്കാരൻ മാത്രമായിരുന്നു. ചക്കക്കുരു കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട്. കോവിഡ് കാലത്തെ വീടുകളിലെ സൂപ്പർ ഹീറോ ചക്കക്കുരുവാണെന്നു തോന്നുന്നു.
പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ കൊണ്ടും സിങ്ക്, അയൺ, പൊട്ടാസ്യം, കോപ്പർ എന്നിവയാലും സമ്പുഷ്ടമാണത്രേ ചക്കപ്പഴത്തിൽ നിന്നും അടർത്തി വലിച്ചെറിയുന്ന ചക്കക്കുരു. അനീമിയയെ പ്രതിരോധിക്കാൻ ചക്കക്കുരുവിന് സാധിക്കും. പ്രതിരോധ ശക്തി വർധിപ്പിക്കാനും ചക്കക്കുരുവിന് സാധിക്കും. രാജീവ് ഗാന്ധി ബയോടെക്നോളജി നടത്തിയ പഠനങ്ങളിൽ കാൻസറിനുള്ള ഒരു പ്രധാന ഔഷധമാണ് ചക്കക്കുരു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചക്കക്കുരു ഒരു നിസാരക്കാരനല്ല. അല്ലെങ്കിലും നമ്മൾ ചെറുതെന്ന് വിശ്വസിക്കുന്ന ഓരോ സാധനങ്ങൾക്കുമാണല്ലോ ഏറ്റവും വിലപിടിപ്പുള്ളത്. ചക്കക്കുരു മെഴുക്ക് പുരട്ടിയും ചക്കക്കുരു ഉൾപ്പെട്ട കറികളായ ചക്കക്കുരു മാങ്ങാ കറി, ചക്കക്കുരു മുരിങ്ങ കറി എന്നിവ മലയാളികൾക്ക് പ്രിയങ്കരമായ നാടൻ കറികളാണ്. ചക്കക്കുരു ചെമ്മീൻ കറിയും വളരെ ഹിറ്റായ വിഭവമാണ്.
ചക്കക്കുരു പണ്ട് ക്ഷാമകാലങ്ങളിൽ വറുത്തും ചുടും കഴിക്കാറുണ്ടെന്ന് വായിച്ചു കേട്ടിട്ടുണ്ട്. വറുത്ത ചക്കക്കുരു ശർക്കരയും തേങ്ങയും ചേർത്ത് ഉരലിലിടിച്ച് ഉണ്ടയാക്കുന്നത് പഴയ കാലത്തെ ലഡ്ഡുവായിരുന്നു. കൂടാതെ ചക്കക്കുരു പായസവും ചക്കക്കുരു ഹൽവയും പ്രചാരത്തിലുണ്ട്. ഇത്രയധികം ചക്കക്കുരു വിഭവങ്ങൾ ഉണ്ടാവാൻ കാരണം ചക്കയും കുരുവും സുലഭമായതു കൊണ്ടാവും. വീട്ടിൽത്തന്നെ ലഭ്യമായ വൻസമ്പത്താണത്.
ചക്കക്കുരു കൊണ്ട് ഇത്രയും രുചികരമായ ഷേക്ക് ഉണ്ടാക്കാമെന്നത് വളരെ സന്തോഷമായിരുന്നു. അത് പുതുമയുള്ള വിഭവവുമാണല്ലോ. സത്യം പറഞ്ഞാൽ വീട്ടിലിരിപ്പു കാലത്ത് എനിക്ക് ഏറ്റവും മിസ് ചെയ്യുന്ന രണ്ടു കാര്യങ്ങളായിരുന്നു തലശ്ശേരിയിൽ കിട്ടുന്ന മിക്സ്ഡ് ഫ്രൂട് ഷേക്കും ഇളനീർ ഷേക്കും. ആ സങ്കടം ഇപ്പോ കുറച്ചു മാറി.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറയുന്നത് വലിയ ഒരു ആശ്വാസം തന്നെയാണ്. വീട്ടിലൊരു തൊടിയുണ്ടെന്നും അവിടെ ചക്കയുണ്ടെന്നും അതിൻ്റെ കുരു ഉപയോഗിച്ച് ഷേക്കും മറ്റനവധി വിഭവങ്ങളും ഉണ്ടാക്കാനാവുമെന്നൊക്കെയുള്ള വിചിത്ര ജ്ഞാനപ്രവാഹങ്ങൾ മലയാളികൾക്ക് ഇപ്പോഴാണുണ്ടായത് പോലും. ശരിക്കും പുതിയ അറിവുകളിലേക്കുള്ള വെളിച്ചം പകരൽ കൂടിയാണ് ഈ കോവിഡ് ലോക്ക് ഡൗൺ കാലം.
കോവിഡിനെ നമുക്കൊറ്റക്കെട്ടായ് അതിജീവിക്കാം. ഒറ്റ മനസായ് വീട്ടിലിരുന്നാൽ മതി. പ്രകൃതിയുടെ നിശബ്ദ സംഗീതം ഇപ്പോഴാണ് ശരിക്കും ആസ്വദിക്കുന്നത്. ഈകോവിഡിനെയും നമ്മൾ ശക്തമായ് നേരിടും.
Let’s Break The Chain.