ദിവസം പോകുന്തോറും കൊവിഡ് 19 വാശിയോടെ മുന്നേറുകയാണ്. ലോകത്താകെ എട്ടരലക്ഷത്തോളം കേസുകളും നാൽപ്പത്തിമൂവായിരത്തോളം മരണങ്ങളും റിപ്പോർട്ടു ചെയ്തിരിക്കുന്നു.
അമേരിക്കയാണ് മുൻപന്തിയിൽ. തൊട്ടുപിന്നാലെ ഇറ്റലിയും സ്പെയിനും.
ഇന്ത്യയിലാവട്ടെ, 1400 കേസുകളും 35 മരണങ്ങളും. കേരളത്തിൽ 215 കേസുകളും 2 മരണങ്ങളും. മറ്റു രണ്ട് മലയാളികൾ ഇന്ന് അമേരിക്കയിൽ മരണപ്പെട്ടു.
ഡൽഹിയിൽ നിസാമുദ്ദീൻ മത സമ്മേളത്തിൽ പങ്കെടുത്തവരിൽ 45 മലയാളികളുമുണ്ട്. ആശങ്കകൾ തുടരുമ്പോൾ കരുതലു മാത്രമാണ് പ്രതീക്ഷ.
നമ്മുടെ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് ജാഗ്രത ലക്ഷ്യമിട്ടു കൊണ്ടാണ്. പക്ഷേ പലർക്കും അതിന്റെ ഗൗരവം മനസ്സിലായാട്ടില്ലെന്നതാണ് വാസ്തവം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആവർത്തിച്ചു പറഞ്ഞിട്ടും മനസ്സിലാക്കാതെ പച്ചക്കറിയും മീനും മരുന്നും വാങ്ങാനെന്ന വ്യാജേനയും ഇല്ലാത്ത മരണത്തിന്റെ പേരിലും പോലീസിന്റെ കണ്ണുവെട്ടിച്ച് യാത്ര ചെയ്യുന്നവർ അവരവരോടും കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്നത് വലിയ തെറ്റാണ്. കുറച്ചു കൂടി കടുത്ത ഭാഷയിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരമാണ്.
ഭക്ഷണം വരെ മുറ്റത്ത് എത്തിച്ചു തന്നിട്ട് വീട്ടിലിരിക്കാൻ പറയുന്നത് അതീവ കരുതൽ വേണ്ടതു കൊണ്ടാണ്.
പൊള്ളുന്ന ചൂടിൽ നിന്ന് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും, പരിചരിക്കാൻ മുന്നിട്ടു നിൽക്കുന്ന ആരോഗ്യ പ്രവർത്തകരും മറ്റു സേവനങ്ങൾ ചെയ്യുന്നവരുമൊക്കെ അവരുടെ ജീവനു വിലയില്ലാത്തതു കൊണ്ടല്ല, മറിച്ച് കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിലേർപ്പെട്ട് സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ്.
നമുക്കുമുണ്ട് ഉത്തരവാദിത്തം. അതാണ് സാമൂഹിക അകലം പാലിക്കുന്നതിനായി വീട്ടിലിരിക്കുകയെന്നത്. ഈ വൈറസിനെ തുരത്താൻ സാമൂഹിക അകലം പാലിക്കുകയാണ് പ്രധാനം.
പല വീടുകളിലും വീട്ടു ജോലികൾ സ്ത്രീകളാണ് ചെയ്യുന്നത്. വീട്ടിലെ ജോലികൾ സ്ത്രീകൾക്കു മാത്രമായി എവിടെയും വിഭജിച്ചിട്ടില്ല. പുരുഷനും കൂടിയുള്ളതാണ് വീട്ടുജോലികൾ. ഒരു വീട്ടിൽ സ്ത്രീയും പുരുഷനും താമസിക്കുമ്പോൾ, ആ വീട് അവരുടേതെന്ന പോലെ ആ വീട്ടിലെ ജോലിയടക്കം എല്ലാ ഉത്തരവാദിത്തങ്ങളും പുരുഷന്റെയും സ്ത്രീയുടേതുമാണ്. അതൊന്നും മനസ്സിലാക്കാതെ പോയവരുണ്ടെങ്കിൽ ഈ ലോക് ഡൗൺ കാലത്തെങ്കിലും മനസ്സിലാക്കി തിരുത്തുക.
കൊവിഡ് 19 മുന്നേറുമ്പോൾ ആ രോഗത്തിൽ നിന്നും ചിലർ മുക്തി നേടിയെന്നത് നമുക്ക് ആശ്വാസം പകരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളുടെ രോഗമുക്തി വളരെയധികം സന്തോഷം തന്ന ഒന്നാണ്.
നാമിപ്പോൾ പോരാട്ടത്തിലാണ്. ജാഗ്രതയും കരുതലുമാണ് നമ്മുടെ ആയുധം. നമുക്ക് ജയിച്ചേ മതിയാവൂ. അതുകൊണ്ട് സർക്കാറും ആരോഗ്യ പ്രവർത്തകരും തരുന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിലിരിക്കാം. അതിജീവിക്കാം.