രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് കോവിഡ് പോസിറ്റീവ് എന്ന വാർത്തയുമായാണ് പുതിയ വാരവും പുതിയ മാസവും ആരംഭിച്ചത് തന്നെ. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിതർ ആയവരുടെ എണ്ണം 18,00,000 നും മുകളിൽ ആണ് . മരണപ്പെട്ടവർ 38,000നും മുകളിലും. ലോക് ഡൗൺ ജീവിതത്തിന്റെ തുടക്ക ദിവസങ്ങളിൽ നിരയായി നടന്നു നീങ്ങിയ നിസ്സഹായരായ മനുഷ്യരെ ഇന്ന് ആ വഴികളിൽ കാണാനില്ല. അവർ വീടെത്തിയും തളർന്നും മരിച്ചും വീണും കൊറോണ കഥകളിൽ നിന്ന്  അപ്രത്യക്ഷരായി. രോഗം പരത്തിയവരോ, രോഗം വന്നവരോ ആയി അവർ കൊറോണ കാലത്തിന്റെ ഭാഗമായില്ല.

എന്നാൽ, തുടക്കകാലത്ത് വീടുകളിൽ ഇരുന്നവർ, പൊതുവായി രാജ്യം നേരിട്ട വെല്ലുവിളികളെ നേരിട്ടു എന്നല്ലാതെ വിശപ്പിന്റെ ചൂട് വയറ്റിൽ അനുഭവിക്കാതെ ഇരുന്നവർ, ഇന്ന് പുറം ലോകത്തേയ്ക്ക് ആയാസമോ ഭയമോ ഇല്ലാതെ ഒത്ത് കൂടുന്നു. ഇപ്പോൾ ഇവരാണ് രോഗ വാഹകരും രോഗികളും. ഇതിൽ തൊഴിലിന് വേണ്ടി  പുറത്ത് ഇറങ്ങുന്നവരുണ്ട് , പുറത്തിറങ്ങാതെ ഇരുന്നാൽ ജീവിതം വഴിമുട്ടും എന്ന വാസ്‌തവം തള്ളിക്കളയാൻ കഴിയില്ല. എന്നാൽ തൊഴിൽ ചെയ്യാൻ പുറത്ത് പോകുന്നവരിൽ എത്ര ആളുകൾ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ട് എന്നതാണ് ഇപ്പോഴുള്ള വിഷയം. എത്ര പേർ തൊഴിലിടത്ത് നിന്നും സമ്പർക്ക സാധ്യതകൾ ഒഴിവാക്കി വീട്ടിൽ മടങ്ങി എത്തുന്നുണ്ട് എന്നതിനാണ് പ്രാധാന്യം.

ലോക് ഡൗൺ ലിസ്റ്റിൽ പെടുന്ന എത്രയോ ഇന്ത്യൻ നഗരങ്ങളിൽ അതിന്റെ ലാഞ്ചന പോലുമില്ലാതെ ജനങ്ങൾ നിറഞ്ഞൊഴുകുന്നു. മാസ്‌ക് ധരിക്കാതെ, അകലം പാലിക്കാതെ, അവർ കൊണ്ടും കൊടുത്തും മുൻപത്തെ എന്നപോലെ ജീവിക്കുമ്പോൾ എത്ര ശക്‌തമായ ഭരണ സംവിധാനവും നിസ്സഹായം ആകും.

ഇൻഡ്യയിൽ അതാണ് സംഭവിക്കുന്നത്. രോഗി ആവാതെ ഇരിക്കാനുള്ള മുൻകരുതലിൽ നിന്നും രോഗം വന്നു പോകട്ടെ എന്ന അലംഭാവത്തിലേയ്ക്ക് ജനങ്ങൾ മാറുന്നു.

ആ ചിന്ത ഉണ്ടാക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ നമ്മുടെ കണക്ക് കൂട്ടലുകൾക്ക് അപ്പുറത്താണ്. രോഗികൾ നിറഞ്ഞു കവിഞ്ഞേക്കാവുന്ന ആശുപത്രികൾ അതോടെ മരണ വാർഡുകളായി മാറും.

ഓരോ മനുഷ്യനും അറിയുന്ന  ഒരാൾ എങ്കിലും കോവിഡ് പോസിറ്റീവ് ആണ് എന്നൊരു സ്ഥിതിയിൽ ഇപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ എത്തിയിട്ടുണ്ട്. അത് , ഓരോ കുടുംബങ്ങളിലേക്കും എന്ന കണക്കിന് എത്താൻ താമസമില്ല, ഇങ്ങനെ പോയാൽ.

പ്രായമുള്ളവരും കുഞ്ഞുങ്ങളും ചേർന്ന കുടുംബങ്ങൾ ഏറ്റവും ആദ്യം നിസ്സഹായമാകുമെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഭേദപ്പെടാൻ ഉള്ള സാധ്യത കുറയുമെന്നും ഇന്ന് ഓരോരുത്തർക്കും വ്യക്‌തമായി അറിയാം.

ഇരുട്ടിനെ ശീലിച്ചു വെളിച്ചമാക്കുന്നത്ര പോലും എളുപ്പമല്ല ഒരു രോഗത്തെ ശീലിച്ചു വരുതിയിൽ ആക്കുക എന്നത്.

മുൻപേ തന്നെ മികച്ച ആരോഗ്യ സംരക്ഷണ സാധ്യതകളുമായി ജീവിക്കുന്ന  ഭരണ, രാഷ്‌ട്രീയ നേതാക്കളോ ചലച്ചിത്ര താരങ്ങളോ ആരും തന്നെ ചികിൽസ തേടാതെ സ്വാഭാവിക പ്രതിരോധ ശക്‌തികൊണ്ട് ഈ രോഗത്തെ നേരിട്ടില്ല എന്നത് നമ്മൾ ഓർക്കണം.

ഇത് ചികിത്‌സ വേണ്ടതും, ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആകേണ്ട സാഹചര്യം കൂടുതൽ ഉള്ളതും , ഇത്രയൊക്കെ ചെയ്‌താലും മരണപ്പെടാൻ സാധ്യത ഉള്ളതുമായ ഒരു രോഗമാണ് എന്ന അറിവിനെ ഉൾക്കൊണ്ട് ഓരോ മനുഷ്യനും അവന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാതെ മറ്റൊരു പ്രതിവിധി നിലവിൽവരും വരെ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല.

നമ്മുടെ വീടിനുള്ളിലേയ്ക്ക് കൊറോണ എത്താതെ ഇരിക്കാനുള്ള ഉത്തരവാദിത്തം നമ്മളുടേത് മാത്രമാണ്. രോഗികളായ ഓരോ മനുഷ്യരും മുക്‌തിതേടി എത്തുമ്പോൾ അവർക്ക് കുറച്ചു കൂടി ആരോഗ്യ സുരക്ഷയുള്ള നാട് ഒരുക്കി നൽകേണ്ടതും നമ്മുടെ ഉത്തരവാദിത്തം ആണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account