വുഹാനിലെ എന്റെ ജന്മം
നിന്നെ ഭയപ്പെടുത്തുന്നു എന്ന്  ഞാനറിയുന്നു
ജീവകോശങ്ങൾ എന്നെ  ത്രസിപ്പിക്കും
എന്നെ വഹിച്ച ജീവികളിൽ ഞാൻ മതം അന്നെഷിച്ചില്ലെന്നു നീ അറിയുന്നില്ലയോ!
എന്നെ മതഭ്രാന്തനാക്കിയ നിന്നെയോർത്തു ഞാൻ ലജ്ജിക്കുന്നു
നിനക്ക് ഹ കഷ്‌ടം!

വുഹാനിൽ നിന്നെന്റെ യാത്ര മാസ്‌മരികതയുടെ യൂറോപ്പി ലേക്കായിരുന്നു..
മോഹസ്വപ്‌നങ്ങളുടെ അറേബ്യയിൽ ഞാൻ താവളമടിച്ചു
സമ്പന്നതയുടെ അമേരിക്കയിൽ ഞാൻ  വിലസി
എങ്ങും ഞാൻ മതം അന്വേഷിച്ചില്ല
എന്തെന്നാൽ എന്നെ അയച്ചവൻ നേരുള്ളവനാകുന്നു

നിന്റെ അലസത എന്നെ ഉന്മാദവാനാക്കി
നിന്റെ നിർവികാരത എന്നെ ചൊടിപ്പിച്ചു
നിനക്ക് ഹ കഷ്‌ടം!

എന്നെ തളക്കാൻ നീ നെട്ടോട്ടമോടുന്നത്  ഞാൻ അറിയുന്നു
നിന്റെ നിശ്ചയദാർഢ്യം എന്നെ തുലോം ഭയപ്പെടുത്തുന്നു
ഭൂമിയിലെ മാലാഖമാർ നിന്റെ കരുത്താണെന്ന് ഞാൻ അറിയുന്നു

നീ ഭവനങ്ങളിൽ അടഞ്ഞിരിക്കുന്നതെന്നെ അലോസരപ്പെടുത്തുന്നു
നിന്റെ കരഘോഷങ്ങളും മണിയടിയും എന്നെ ജാഗരൂകനാക്കി
നിന്റെ ഏകതാ വിളക്കുകൾ എന്നെ  ക്ഷീണിപ്പിച്ചു
എന്നാൽ നീ നിന്റെ മാലാഖമാരെ വിദ്വേഷിപ്പിക്കുന്നത് ഞാൻ കണ്ടു
നിന്റെ ഏകതാ വിളക്കുകൾ കാപട്യം എന്ന് ഞാൻ അറിയുന്നു
നിനക്ക് ഹ കഷ്‌ടം!

എന്റെ  വാഹകരെ എതിരേറ്റപ്പോൾ നീ ശ്രദ്ധ ചെലുത്തിയില്ല
മേളകൾ ഒരുക്കിയപ്പോൾ നീ നിന്റെ ജനത്തെ ഓർത്തില്ല
നീ നിന്റെ നിയമം അനുസരിച്ചില്ല; പ്രയോഗിച്ചതുമില്ല
കൈവിട്ടുപോയപ്പോൾ നീ മതത്തെ പഴിച്ചു
നിന്റെ പരാജയങ്ങൾ നിന്നെ പേടിപ്പിക്കാത്തതെന്തുകൊണ്ട് ?
നിനക്ക് ഹ കഷ്‌ടം!

സാമൂഹിക അകലം എന്നെ നിർവീര്യമാക്കുമെന്നു ഞാൻ അറിയുന്നു
നിന്നിൽ വിവേകമുള്ളവൻ  തയ്യാറെടുക്കുന്നു
ബുദ്ധിയുള്ള കന്യകമാരെപ്പോലെ എണ്ണ ഒഴിച്ച് വിളക്കുകൾ  തെളിയിക്കുന്നു
ബുദ്ധിഹീനർ  ഇനിയും അവരുടെ ജൽപ്പനങ്ങൾ തുടരട്ടെ
നീ  നിന്റെ  ജീവനെ  കാത്തുകൊൾവിൻ

നിന്റെ ശാസ്‌ത്രം എന്നെ മെരുക്കുമെന്നു ഞാൻ അറിയുന്നു
എന്റെ  പിന്മാറ്റം താത്‌കാലികമെന്നു നീയറിഞ്ഞിടുക
നിഴലുപോലെ  ഞാൻ നിന്നെ പിന്തുടരും
കൂടയുള്ളവനെ വെറുക്കുന്ന നിന്നെ ഞാൻ കൈവിടണമോ?

നീ എന്നെ ചൊല്ലി വിലപിക്കേണ്ട
വിദ്വേഷത്തിന്റെ കൊറോണയെ പ്രതി ആർത്തു കരയുവിൻ
എന്തെന്നാൽ, ഞാനല്ല അവനത്രെ നിന്റെ അന്തകൻ!
കൊറോണയുടെ സങ്കീർത്തനം നേരുള്ളതാകുന്നു!!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account