ലോകം മുഴുവൻ കൊവിഡ് 19 ഭീതിയിലാണ്. 1,95,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, 7800ലേറെ മരണങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. ചൈനയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ.
ഇന്ത്യയിൽ മൂന്നു മരണങ്ങളുൾപ്പെടെ 143 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിലെ റേഡിയോളജി വിഭാഗം സീനിയർ ഡോക്റ്ററുൾപ്പെടെ 25 പേർ കേരളത്തിൽ നിന്നുമുള്ളവരാണ്.
മാഹിയിലും പശ്ചിമ ബംഗാളിലും ഓരോ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒപ്പം ലഡാക്കിൽ ഒരു ജവാനും രോഗം ബാധിച്ചിരിക്കുന്നു.
കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 4353 പേർക്ക് രോഗബാധയില്ലന്ന് കണ്ടെത്തിയിട്ടുണ്ട്. 18011 പേർ നിരീക്ഷണത്തിലുണ്ട്. പത്തനംതിട്ട ജില്ലയിലെ വനിത ഡോക്റ്ററും നിരീക്ഷണത്തിലുൾപ്പെട്ടിട്ടുണ്ട്.
കൊവിഡ് 19നെ ചെറുക്കുന്നതിനായി ലോകരാജ്യങ്ങൾ ശക്തമായ കരുതലോടെയാണ് നീങ്ങുന്നത്. വൈറസിനെതിരെ പോരാടാനുള്ള മരുന്ന് കണ്ടു പിടിക്കാത്തിടത്തോളം പ്രതിരോധമാണ് പ്രതിവിധി.
വിമാന കമ്പനികൾ കൂടുതൽ സർവ്വീസുകൾ നിർത്തലാക്കാൻ തീരുമാനിക്കുകയും യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര വിലക്കുകയും ചെയ്തു. അനാവശ്യ യാത്രകൾ, പൊതുജന സാന്നിധ്യം കൂടുതലുള്ള പരിപാടികൾ എന്നിവ തീർച്ചയായും ഒഴിവാക്കുക.
സോപ്പുപയോഗിച്ചുള്ള കൈകഴുകൽ നിർബന്ധമായും പാലിക്കുക.
യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ രാജ്യങ്ങളിൽ നിന്നുമെത്തുന്നവർക്ക് രണ്ടാഴ്ച്ച നിർബന്ധിത ക്വാറന്റീൻ.
സാമൂഹികമായ അകലം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവർ സമുഹമായോ കുടുംബാംഗങ്ങളുമായോ ഇടപഴുകാതെ അറ്റാച്ഡ് ബാത്തോടു കൂടിയ ഒരു മുറിയിൽ പതിന്നാലു ദിവസം ഒതുങ്ങുക.
കൊവിഡ് 19 ബാധയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമെത്തി രണ്ടാഴ്ച്ചക്കുള്ളിൽ പനിയ്ക്കൊപ്പം ചുമ, ശ്വാസതടസ്സം,വയറിളക്കം എന്നിവയുള്ളവരും, രോഗം സ്ഥിരീകരിച്ചവർക്കൊപ്പം രണ്ടാഴ്ച്ചക്കുള്ളിൽ സമ്പർക്കം പുലർത്തിയ മേൽ പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരും ദിശ ഹെൽപ് ലൈനിൽ (1056) ബന്ധപ്പെടുക. ഒരു കാരണവശാലും ആശുപത്രികളിൽ നേരിട്ട് എത്തരുത്.
കൊവിഡ് 19 പരക്കുന്നതിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപടിയാണ് ‘ബ്രേക്ക് ദി ചെയിൻ’. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ നന്നായി കഴുകി രോഗം പ്രതിരോധിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റിങ് കേന്ദ്രങ്ങളും ഡിജിറ്റൽ കൺസൾട്ടേഷനും ആരംഭിക്കാൻ തീരുമാനമായി.
പൊതുജനങ്ങൾക്ക് വീടുകളിലെത്തി ബോധവത്ക്കരണം നൽകുന്നതിനായി മെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ സ്റ്റാഫ്, ആയുഷ് വകുപ്പ് എന്നിവരെ ഏർപ്പെടുത്തും. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരെയും മറ്റു രോഗങ്ങൾ ബാധിച്ചവരെയും പ്രത്യേകം നീരീക്ഷിക്കും. ഐ.എം.എയുടെ സഹായവും ഉപയോഗിക്കും.
കൊവിഡ് 19 തടയുന്നതിനായി കേരളം സ്വീകരിച്ച നടപടികൾക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം.
സാർക്ക് മേഖലയിൽ കൊവിഡ് 19 വ്യാപനം തടയുന്നതിനായി രൂപീകരിച്ച അടിയന്തര നിധിയിലേക്ക് ഇന്ത്യയുടെ വിഹിതമായി ഒരു കോടി ഡോളർ പ്രധാനമന്ത്രി ഉറപ്പുനൽകി.
രോഗാണു മികച്ച ഓട്ടക്കാരനെ പോലെ അതിവേഗം മുന്നേറുകയാണ്. നമുക്കതിനെ പിന്നിലാക്കി മുന്നേറിയേ പറ്റു.
അതീവ ജാഗ്രതയോടെ നമുക്ക് മുന്നേറാം.