ഇരുപത് ലക്ഷം കോടിയുടെ കനം തൂങ്ങുന്നൊരു തുലാസ്സിലേയ്ക്ക് കോവിഡ് ബാധിത ഇന്ത്യയെ എടുത്ത് വച്ചിരിക്കുന്നു.

പൊതു എന്നതിൽ നിന്നും ജീവിതം സ്വകാര്യം എന്നൊരു താളിലേക്ക് മാറ്റി എഴുതപ്പെടുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ആത്‌മ നിർഭർ’ പാക്കേജ് എന്ന ഈ കോടികളുടെ പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചപ്പോൾ അതിൽ പറഞ്ഞൊരു പ്രധാന വിഷയം നയ ലഘൂകരണം എന്നതായിരുന്നു.

നിക്ഷേപ സൗഹാർദ്ദ രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഈ നയ ലഘൂകരണം എന്നത് കൊണ്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.

നിക്ഷേപ സൗഹൃദ രാജ്യമാകുമ്പോൾ ഇന്ത്യയിൽ തഴയപ്പെടേണ്ടവർ ഇവിടുത്തെ താഴെക്കിടയിലുള്ള സാധാരണക്കാരും സംരക്ഷിക്കപ്പെവേണ്ടവർ ഇവിടുത്തെ ധനികരുമാണെന്നു പറയാതെ പറയുന്നുണ്ട് ധനമന്ത്രി തന്റെ പ്രഖ്യാപനങ്ങൾക്കിടയിൽ.

വൈദ്യുതി വിതരണം, പ്രതിരോധ രംഗം, കൽക്കരി ഖനനം, ആണവോർജം, വ്യോമായനം തുടങ്ങി രാജ്യത്തിന്റെ തന്ത്ര പ്രധാനമായ എല്ലാ മേഖലകളും സ്വകാര്യ വത്‌കരണത്തിന്റെ ഭാഗം ആവുകയാണ് മുൻപോട്ടുള്ള കാലങ്ങളിൽ.

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം മുൻപുണ്ടായിരുന്ന 49% ത്തിൽ നിന്നും 74% മായി പുതിയ പ്രഖ്യാപനത്തിൽ ഉയർത്തിയിരിക്കുന്നു . ഇനി മുതൽ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് ആയുധ നിർമാണ ശാലകൾ തുടങ്ങാൻ ഇതുമൂലം സാധിക്കും.

രാജ്യത്ത് ആകെയുള്ള എഴുപത്തി ഒന്ന് കൽക്കരി ഖനികളിൽ അൻപത് ഖനികൾ സ്വകാര്യ മേഖലയ്ക്ക് ആയിരിക്കും പങ്കാളിത്തം ഉണ്ടാവുക. ഖനികളുടെ ലേലത്തിൽ മുൻ പരിചയം ഇല്ലാത്തവർക്കും പങ്കെടുക്കാം എന്ന പുതിയ ഇളവും ഇനി മേലിൽ ഉണ്ടാവും.

ധാതു ഖനികളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉണ്ടാവും. അഞ്ഞൂറ് ധാതു ഖനികളാണ് ലേലത്തിൽ ഉണ്ടാവുക. പങ്കാളിത്തം ലഭിക്കുന്ന കമ്പനിക്ക് ഉൽപാദനത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിക്കാനുള്ള അനുവാദം കൂടി പുതുതായി ലഭിക്കുന്നു.

രാജ്യത്തെ ആറു വിമാന താവളങ്ങൾ സ്വകാര്യ വത്‌കരിക്കപ്പെടും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദുതി വിതരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും.

ഇതിനെല്ലാം പുറമെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെയും നയ ലഘൂകരണ പദ്ധതിയുടെ ഭാഗമായി സ്വകര്യ മേഖലയ്ക്ക് കടന്ന് വരാൻ പാകത്തിൽ ഒരുക്കി വെക്കുന്നുണ്ട് ധനമന്ത്രി. ISRO യുടെ സേവനം സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം എന്നതാണ് വാഗ്‌ദാനം.

പൂജ്യം എണ്ണി തീർക്കാൻ അറിയാത്ത മനുഷ്യരുടെ മുൻപിലേക്ക് കോടികൾ നിങ്ങൾക്കായി എന്നു വാഗ്‌ദാനം നൽകി മയക്കി കിടത്തിയ ശേഷമാണ് ഈ വിൽപ്പനയുടെ കണക്ക് പുസ്‌തകം നിർമലാ സീതാരാമൻ വായിച്ചു തീർത്തത് .

അപ്പോഴും ജീവിതം മെച്ചപ്പെടുമെന്ന് തെറ്റിദ്ധരിച്ചു ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയ മനുഷ്യർ, കയറി കിടന്നിരുന്ന വാടക വീടുകളും നഷ്‌ടപ്പെട്ട് തെരുവിലൂടെ നടക്കുന്നുണ്ട്. കിലോമീറ്ററുകൾ താണ്ടി, ഭാഗ്യം സഹായിച്ചാൽ മാത്രം ഗ്രാമങ്ങളിൽ തിരിച്ചെത്തിയേക്കാൻ സാധ്യതയുള്ള ഇന്ത്യയുടെ ആത്‌മാക്കളാണ് അവർ.

നയങ്ങൾ ലഘൂകരിക്കപ്പെടുമ്പോൾ പണിയിടങ്ങളിൽ കൂടുതൽ മണിക്കൂറുകൾ നടുവൊടിച്ചു അതിന് സഹായിക്കേണ്ടവരാണ് അവർ.

പിരിച്ചു വിടപ്പെട്ടാൽ എന്തിനെന്ന് ചോദിക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടവരാണ് അവർ.

കാരണം, ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണ് ഇപ്പോൾ. ഇന്ത്യ അതിന്റെ ജനങ്ങളോട് സൗഹൃദം പുലർത്താൻ ബാധ്യതപ്പെട്ടൊരു രാജ്യമല്ല ഇപ്പോൾ.

2 Comments
  1. Alex J Joseph 6 days ago

    ഇതൊക്കെ ഒരു പ്രഖ്യാപനം അല്ലേ ? ‘നിക്ഷേപ സൗഹൃദ’ പ്രഖ്യാപനം !

  2. Vijay Nambiar 4 days ago

    Nothing to be expected for the under privileged…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account