ലോകത്തിന് മുൻപിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒരു മാതൃക ആണോ?

ആണെന്നും അല്ലെന്നുമുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടനയാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു. മാതൃകാ പരമായ ഒന്നുമില്ലെങ്കില്‍ എന്താവും ലോകാരോഗ്യ സംഘടനയെ ഇതിന് പ്രേരിപ്പച്ചത്?

ലോകത്ത് ആകെ 206 ഓളം രാജ്യങ്ങളാണ് നിലവില്‍ കോവിഡ് വൈറസ് ആക്രമണത്തില്‍ അനിശ്ചിത ജീവിതങ്ങളിലേയ്ക്ക് കൂപ്പ് കുത്തിയിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ട ആദ്യ രാജ്യങ്ങള്‍ ചൈന, ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നിവയാണ് (ഇന്ത്യ ഈ പട്ടികയിലേക്കുള്ള യാത്രയിലാണ് ഇപ്പോള്‍).

സ്‌പെയിനും ഇറ്റലിക്കുമൊപ്പം ഇന്ത്യയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട് ചെയ്‌തത് കേരളത്തിലാണ്, 2020 ജനുവരി 30 ന്. അതിനും ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് മുൻപ് അമേരിക്കയില്‍ രോഗം റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ രാജ്യങ്ങളില്‍ എത്ര വേഗം രോഗ വ്യാപനം ഉണ്ടായി എന്ന കണക്ക് പരിശോധിക്കുമ്പോള്‍ ആണ് താരതമ്യേന ജനസാന്ദ്രത കൂടിയ കേരളം അതിനെ അതിജീവിച്ച രീതി ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ജനസാന്ദ്രതയുടെ കണക്ക് നോക്കിയാല്‍ കേരളത്തിലെ ജനസാന്ദ്രത അമേരിക്കയുടെതില്‍ നിന്നും ഇരുപതു മടങ്ങ് കൂടുതല്‍ ആണ് എന്നു മനസ്സിലാക്കാം. അതില്‍ നിന്ന്‍ തന്നെ കേരളത്തില്‍ രോഗ വ്യാപനത്തിനുള്ള സാധ്യത എത്ര മടങ്ങ് വലുതാണ് എന്നു ഊഹിക്കാവുന്നതേയുള്ളൂ.

വികസിത രാജ്യമെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന അമേരിക്കയുടെ പൌരന്മാരില്‍ സാധാരണക്കാരും തൊഴില്‍ ചെയ്‌തു ജീവിക്കുന്നവരുമായ വലിയൊരു ജനവിഭാഗം സര്‍ക്കാരിന്റെ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താണുള്ളത്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് വൈറസ് ടെസ്റ്റിന് പോലും ഭീമമായ തുക അടയ്‌ക്കേണ്ടി വരുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാ ജനങ്ങളും സര്‍ക്കാരിന്റെ ആരോഗ്യ രക്ഷാ പദ്ധതികള്‍ക്ക് അര്‍ഹരാണ്.

നമ്മള്‍ മികച്ചതെന്ന് കരുതിയിരുന്ന രാജ്യങ്ങളില്‍ കോവിഡ് ചികിത്‌സയ്ക്ക് ഏകദേശം 55 ലക്ഷത്തോളം രൂപ ചെലവിടേണ്ടി വരുമ്പോള്‍ കേരളത്തില്‍ കോവിഡ് ടെസ്റ്റും ചികിത്‌സയും സൌചന്യമാണ്.

ഇത് നമുക്ക് സാധ്യമാവുന്നതു തലമുറകളായി നമ്മുടെ നാട്ടില്‍ പരിപാലിച്ചു പോരുന്ന ആരോഗ്യ രക്ഷാ സംവിധാന രീതികള്‍ കൊണ്ട് മാത്രമാണു എന്നതില്‍ സംശയമില്ല. ലോകത്തിന് തന്നെ നഴ്‌സുമാരെ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് നമ്മുടെ സംസ്‌ഥാനം ആണ് എന്ന വസ്‌തുതയും ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

അമേരിക്കയില്‍ ആയിരം രോഗികള്‍ക്കു 2.6 ഡോക്റ്ററും 8.6 നഴ്‌സും എന്നതാണു അനുപാതം. എന്നാല്‍ കേരളത്തില്‍ അത് 1.5 ഉം 7.5 ഉം ആണ്. ഈ പരിമിതിയില്‍ നിന്നുകൊണ്ടാണ് കേരളത്തിന് ഈ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞത് എന്നതും അതിന്റെ മാറ്റ് കൂട്ടുന്നു.

രോഗത്തെ പ്രതിരോധിക്കാനും ഫലപ്രദമായി നേരിടാനുമുള്ള ശ്രമങ്ങള്‍ക്ക് ഒപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞു എന്നതും പ്രധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്.

രാജ്യത്തു ആകമാനം രോഗം പടരുന്ന സാഹചര്യത്തിലേക്ക് വന്നപ്പോള്‍ ഒരു കേസ് പോലും റിപ്പോര്ട്ട് ചെയ്യാത്ത ദിവസങ്ങളും നമുക്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ആളുകൾ ഗൾഫുപോലെയുള്ള അന്യ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. അവരെ ഫലപ്രതമായി നാട്ടില്‍ തിരിച്ചെത്തിച്ചു ചകിത്‌സയ്ക്ക് വിധേയരാക്കുന്നതിലും ഇപ്പോള്‍ നമ്മുടെ ആരോഗ്യ മേഖല പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം 72000 ന് അടുത്ത് ആളുകള്‍ നാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു.

ശ്രമങ്ങളെ ഓരോന്നിനെയും വിജയമാക്കുന്നതിന് വേണ്ടി സ്‌ട്രാറ്റജികള്‍ മാറ്റി പരീക്ഷിച്ചു നാടിനെ രക്ഷിക്കാന്‍ അക്ഷീണ പ്രവര്‍ത്തനം നടത്തുന്ന നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കിട്ടുന്ന ഓരോ അംഗീകാരവും ലോകത്തിന് തന്നെ പ്രചോദനമാകുകയാണ് ചെയ്യുന്നത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account